ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2019

ദണ്ഡകാരണ്യം

അയോധ്യ മുതല്‍ ലങ്ക വരെ...

ഭാഗം - 04

ദണ്ഡകാരണ്യം

ചിത്രകൂട പര്‍വതത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് ഇനിയും ആളുകള്‍ വരുമെന്നതിനാല്‍ മാറ്റോരു സ്ഥലത്തേക്ക് മാറാന്‍ രാമന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം ഏതെന്നറിയാന്‍ സീതാരാമ ലക്ഷ്മണന്മാര്‍ ഭരദ്വാജമുനിയുടെ ആശ്രമത്തിലാണ് എത്തിയത്. ഭരദ്വാജ മുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദണ്ഡകാരണൃത്തിലേക്ക് പുറപ്പെട്ടത്.

അന്നുരാത്രി പഴങ്ങള്‍ കൊണ്ടുള്ള അത്താഴം കഴിച്ച് രാമന്‍ പറഞ്ഞു.' നമ്മള്‍ ഇനി ചിത്രകൂടത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് വല്ലവരുമൊക്കെ കാണാന്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മാറി താമസിക്കാം. വനവാസത്തിനാണല്ലോ പുറപ്പെട്ടത്. വിജനവും ഏകാന്തവും വൃക്ഷനിബിഡവും കാട്ടുമൃഗങ്ങളുടേയും രാക്ഷസന്മാരുടേയും താമസസ്ഥലവുമായ ദണ്ഡകാരണ്യത്തിലേക്ക് പോകാം. താമസിക്കാന്‍ പറ്റിയ സ്ഥലം ഏതെന്ന് ചോദിക്കാന്‍ ഭരദ്വാജമുനിയുടെ അടുത്തേക്ക് ഉടന്‍ പോകാം''

മൂവരും ഭരദ്വാജ ആശ്രമത്തിലെത്തി. ദണ്ഡകാരണ്യത്തെക്കുറിച്ച് രാമന്‍ ചോദിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു.' ചിത്രകൂടം പോലെ നിര്‍ഭയമായി വസിക്കാനുതകിയ സ്ഥലമല്ല ദണ്ഡകാരണ്യം. ഗോദാവരീ തീരത്ത് ജനസ്ഥാനം എന്ന പ്രദേശമുണ്ട്. അവിടെ കുറെ മുനിമാര്‍ ആശ്രമം കെട്ടി താമസിക്കുന്നുണ്ട്. പല ഋഷിമാരേയും രാക്ഷസന്മാര്‍ പിടിച്ചു തിന്നിട്ടുള്ളതിനാല്‍ കുറെ ആശ്രമങ്ങള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. അതിനാല്‍ പര്‍ണശാല പണിയാതെ അതിലൊന്നി്ല്‍ താമസമുറപ്പിക്കാം. എപ്പോഴും രാക്ഷസരുടെ ഉപദ്രവം കാത്ത് ഒതുങ്ങിയിരിക്കണമെന്നുമാത്രം. രാവണന്റെ ചെറിയച്ഛന്റെ മക്കളായ ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്നിവരുടെ നിയന്ത്രണത്തിലാണ് ജനസ്ഥാനം. മഹാബലന്മാരായ അവരെ സകലര്‍ക്കും പേടിയാണ്. എല്ലാം മനസ്സിലാക്കിയിട്ടുമതി അവിടേയ്ക്ക് യാത്ര'
ഭരദ്വാജമുനി പറഞ്ഞതു കേട്ടിട്ടും രാമന്‍ ല്ക്ഷ്മണനോടും സീതയോടും ഒന്നിച്ച് ദണ്ഡകാരണ്യത്തിലേക്ക് പുറപ്പെട്ടു
ലോകത്തില്‍ തന്നെ ഏറ്റവുമധികം ധാതു സമ്പത്തുള്ള പ്രദേശങ്ങളാണ് ദണ്ഡകാരണ്യമേഖല. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ഒറീസയുടെയും ബംഗാളിന്റെയും പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ മേഖലയിലെ ചില ഗ്രാമങ്ങളുമൊക്കെ ഉള്‍പ്പെട്ട പ്രദേശം. പഴയ ബസ്തര്‍ ജില്ലയും സമീപപ്രദേശങ്ങളുമാണ് ദണ്ഡകാരണ്യം എന്നറിയപ്പെടുന്നത്. ഛത്തീസ്ഗഢ് സംസ്ഥാനമാകുന്നതിനു മുമ്പ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന ബസ്തര്‍ ജില്ല വിഭജിച്ചാണ് ദന്തേവാഡ, കാങ്കര്‍ എന്നീ പുതിയ ജില്ലകള്‍ കൂടി ഉണ്ടാക്കിയത്. ബസ്തര്‍ മാവോവാദികളുടെ ആസ്ഥാനങ്ങളിലൊന്നായിട്ട് നാലു പതിറ്റാണ്ടായി. ആയിരക്കണക്കിനു വര്‍ഷങ്ങളായി സമ്രാട്ടുകളുടെയൊന്നും കണ്ണെത്താതെ കിടന്ന വിശാല വനമേഖലയാണ് ബസ്തര്‍.  വനങ്ങളും വനങ്ങള്‍ക്കു പുറത്ത് ആദിവാസി ഗോത്രജനവിഭാഗങ്ങളുടെ ചെറിയ ഗ്രാമങ്ങളും വിശാലമായ നെല്‍പ്പാടങ്ങളും.
ചരിത്രത്തിലിടം നേടിയ വലിയ പടയോട്ടങ്ങളോ നഗരനിര്‍മാണങ്ങളോ ജനപദരൂപീകരണങ്ങളോ ഒന്നും ഉണ്ടായിട്ടില്ലാത്ത വിശാലപ്രദേശങ്ങള്‍. ബസ്തര്‍ ജില്ലയുടെ ആസ്ഥാനമായ ജഗദാല്‍പൂരിലേക്ക് ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 12 മണിക്കൂര്‍ ബസില്‍ സഞ്ചരിക്കണം.
ജടായുവിന്റെ രാജധാനിയായിരുന്നു പോലും ഈ സ്ഥലം. രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ അപഹരിച്ചു കൊണ്ട് പോയപ്പോള്‍ ഇവിടെ നിന്നാണ് രാവണനെ നേരിടാന്‍ ജടായു പറന്നുയരുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ചിറകറ്റു ഭൂമിയില്‍ പതിച്ചതും. നാസിക്കിനടുത്ത് എവിടെയോ ആണത്രേ ജടായു വീണത്. കേരളത്തില്‍ ചടയമംഗലത്താണെന്ന വിശ്വാസവുമുണ്ട്.
ബസ്തറിലെ ഏറ്റവും മികച്ച കാഴ്ച ചിത്രകൂടം വെള്ളച്ചാട്ടമാണ്. ഇന്ദ്രാവതി നദിയിലെ ഈ വെള്ളച്ചാട്ടം സൗന്ദര്യത്തിന്റെ കാര്യത്തില്‍ ലോകത്തുതന്നെ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ചിത്രകൂട് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമാണിത്.  ഇടതൂര്‍ന്ന വനങ്ങള്‍ ചുറ്റുമുള്ള പ്രകൃതി മനോഹരമായ സ്ഥലത്താണ് വെള്ളച്ചാട്ടം  95 അടി മുകളില്‍ നിന്നാണ് നദിയിലെ വെള്ളം താഴേക്ക്  പതിക്കുന്നത്. . വിവിധ കാലങ്ങള്‍ക്കനുസരിച്ച് വെള്ളച്ചാട്ടത്തിന്റെ വീതി വ്യത്യാസപ്പെടാറുണ്ട്.. നദിയിലെ വെള്ളം ഇരുകരകളും നിറഞ്ഞൊഴുകുന്ന വര്‍ഷകാലമാണ് ചിത്രകൂട വെള്ളച്ചാട്ടം കാണാന്‍ ഏറ്റവും മനോഹരം ഒരു ശിവക്ഷേത്രവും  അവിടെയുണ്ട്. അടുത്തുതന്നെ സീതാദേവി കുളിച്ചിരുന്നു എന്നു കരുതുന്ന സീതാകുണ്ഡ്. കാണാനാകും. കോട്ടി മഹേശ്വര്‍ ഗുഹകളാണ് മറ്റൊരു മനോഹരകാഴ്ച. പ്രകൃതി സ്വയം സൃഷ്ടിച്ച നിരവധി ശിവരൂപങ്ങല്‍ കാണാന്‍ കഴിയും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാട്ടിനുള്ളിലെ ഈ ഗുഹകളില്‍ രാമന്‍ എത്തിയിരുന്നു. ബസ്തറിനു സമീപ ജില്ലയായ കാങ്കറില്‍ രാമന്‍ പൂജചെയ്തിരുന്നത് എന്നു കരുതുന്ന ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവും കാണാനാകും. ചുറ്റും  കല്ലുപാകിയ കുഴിയില്‍ ശിവലിംഗമാണ് പ്രതിഷ്ഠ. ഇവിടെ വച്ചാണ് രാമന്‍ ഗര്‍ഗ മുനിയെ കണ്ടത്. റായിപൂരിലാണ് ഗര്‍ഗമുനിയുടെ ആശ്രമം. എതിരാളികളുടെ ആയുധങ്ങള്‍ നിഷ്പ്രഭമാക്കാന്‍ രാമനെ മുനി പഠിപ്പിച്ചത് ഇവിടെ വെച്ചാണ്. രാമന്‍ മഹാനദി മറികടന്നതും ഇവിടെയാണ്.

ഛത്തീസ്ഗഢിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ദന്തേശ്വരി. സീതാദേവിയുടെ പല്ല് പൊഴിഞ്ഞുവീണിടത്താണ് ദന്തേശ്വരീ ക്ഷേത്രം. അമ്പലത്തിലേക്കുള്ള നടവഴിയിലൊരിടത്ത് പാറയില്‍ പതിഞ്ഞ സീതാദേവിയുടെ കാല്‍പ്പാദം കാണാം. മരപ്പട്ടകള്‍ കൊണ്ട് ചുവരുകള്‍ തീര്‍ത്ത് ചെറിയൊരെടുപ്പ്. അതിനുള്ളിലെ സാമാന്യം വലിയ ഒരു ഹാള്‍. അത്രയേയുള്ളൂ ക്ഷേത്രം.  ദന്തേശ്വരീ ക്ഷേത്രമുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് ദന്തേവാഡ എന്നു പേരു വന്നത്. മാവോവാദികളുടെ ആക്രമണങ്ങളും ചെറുത്തു നില്പുകളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധി നേടിയ ദന്തേവാഡ മലനിരകളും മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമുള്ള ഭംഗിയുള്ള നഗരമാണ് . ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഭൂതകാലത്തെ കുറിച്ച് പറയുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്.

റായ്പൂരിലെ നാഗറിലുള്ള സപ്ത ഋഷി ആശ്രമവും രാമയാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരവധി മഹര്‍ഷിമാരുമായി ബന്ധപ്പെട്ട ഇവിടെ രാമന്‍ എത്തിയിരുന്നു.. സീതാദേവി ശിവപൂജ നടത്തിയിരുന്നത് എന്നു വിശ്വസിക്കുന്ന കുലേശ്വര്‍ നാഥക്ഷേത്രം, ശ്രീരാമന്‍ മഹാവിഷ്ണുവിനെ പൂജിച്ചിരുന്ന രാജീവ്‌ലോചനന്‍ ക്ഷേത്രം, ആയുധങ്ങള്‍ കഴുകിയ സാരംഗി അരുവി, മാണ്ഡവ്യമുനിയെ കണ്ട ആശ്രമം തുടങ്ങി രാമയണവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങള്‍ റായിപൂരിലുണ്ട്. ഗിഥോരിയിലുള്ള വലിയ ആല്‍മരത്തിന്റെ കീഴില്‍ സീതാ രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നു. വിശ്രമ വട് (വട്- ആല്‍) എന്നാണിത് അറിയപ്പെടുന്നത്.

കൊരിയ ജില്ലയില്‍ നേര്‍ രേഖയില്‍ എന്നതുപോലെ സ്ഥിതിചെയ്യുന്ന മൂന്ന് ക്ഷേത്രങ്ങള്‍ സീതാദേവിയുമായി ബന്ധപ്പെട്ടതാണ്. ജനകപൂരില്‍ മംബായി നദീതീരം, ഛട്ടോര നെരൂര്‍ നദിക്കര എന്നിവിടങ്ങളില്‍ സീത ഭക്ഷണം പാകം ചെയ്തിരുന്നിടത്തും റാപ നദിക്കരിയില്‍ സീത ശിവപൂജ നടത്തിയ സ്ഥലത്തും ആണ് ഈ ക്ഷേത്രങ്ങള്‍.

രായിഘട്ട് ജില്ലയിലെ സിംഗ്പൂരിലെ രാംധാര പ്രസിദ്ധമാണ്. സീതാ രാമ ലക്ഷ്മണന്മാര്‍ ഇവിടെ സ്‌നാനം ചെയ്തിരുന്നു. എല്ലാക്കാലാത്തും ജലനിരപ്പ് ഒരേ നിലയിലായിരിക്കും എന്നതാണ് രാംധാരയുടെ പ്രത്യേകത.

ഒറീസയിലെ ഏറ്റവും പ്രധാന രാമായണ ചിഹ്നം  മല്‍ഖാന്‍ ഗിരി ഗുപ്‌തേശ്വരമാണ്. ഇവിടെ ഉള്‍വനത്തിലെ വലിയ ഗുഹകാണാന്‍ നല്ല തിരക്കാണ്. ശിവ സാന്നിധ്യം എപ്പോഴും ഉണ്ട് എന്നു കരുതുന്ന ഇവിടെ രാമന്‍ പൂജ നടത്താനെത്തിയിരുന്നു. തൊട്ടടുത്തുതന്നെ രാമഗിരി മലയുണ്ട്. അതിനടിവാരത്താണ് സീത കുളിച്ചിരുന്ന അമ്മ കുണ്ഡ്. പ്രത്യേക തരം മീനുകള്‍ കുളത്തിലെ പ്രത്യേകതയാണ്. സീത പരിപാലിച്ചിരുന്ന മീനുകള്‍ എന്നതാണ് വിശ്വാസം. ഇവിടെ നിന്ന്  കുറച്ചകലെ ഖൈയാര്‍ പുടിലും സീത കുളിച്ചിരുന്നത് എന്നു കരുതുന്ന കുളമുണ്ട്. സീത ഉപയോഗിച്ചിരുന്നത് എന്ന സങ്കല്‍പത്തില്‍ ഒരു വാളും ഇവിടെ ആരാധിക്കുന്നു.
 യഥാര്‍ത്ഥ കിഷ്‌കിന്ഡ എന്ന് ഒറിയക്കാര്‍ വിശേഷിപ്പിക്കുന്ന സ്ഥലമാണ് മല്‍ഖാന്‍ ഗിരി. ശ്രീരാമന്‍ പൂജിച്ചത് എന്നു കരുതുന്ന പടുകൂറ്റന്‍ ശിവലിംഗമാണ് ആകര്‍ഷകം. അടുത്ത് മോട്ടു എന്ന സ്ഥലത്ത് സ്വയംഭൂവായ സീത, രാമന്‍ , ലക്ഷ്മണന്‍, ശിവന്‍, ഗണപതി എന്നീ വിഗ്രഹങ്ങള്‍ കാണാം. ഇവിടെ ക്ഷേത്രം പണിയാന്‍ ശ്രമിച്ചപ്പോഴൊക്കെ ചുമന്ന സര്‍പ്പങ്ങലെ കണ്ടാതിനാല്‍ പിന്‍തിരിയുകയായിരുന്നു.
ശബരി, ഗോദാവരി നദികളുടെ സംഗമസ്ഥാനമായ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ കോണവാരത്ത്  രാമന്‍ താമസിച്ചിരുന്നു. പര്‍ണശാല ഇപ്പോഴും കാണാനാകും. നിസാമബാദിലെ ബസര്‍ ശ്രീരാമക്ഷേത്രവും കരിം നഗരിലെ ഇലേന്ദകുന്ത രാമക്ഷേത്രവും ആന്ധ്രപ്രദേശിലെ രാമയാണ സ്പര്‍ശമുള്ള ക്ഷേത്രങ്ങളാണ്.

No comments:

Post a Comment