ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 August 2017

ബ്രഹ്മാണ്ഡം

ബ്രഹ്മാണ്ഡം

മധ്യത്തില്‍ ജാജ്ജ്വല്യമാനമായ ഒരു മഹാസൂര്യഗോളവും, ആ കേന്ദ്രഗോളത്തെ പല കക്ഷകളിലുമായി പ്രദക്ഷിണം വെക്കുന്ന സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ മറ്റനേകം തേജോഗോളങ്ങളും, അവയില്‍ ഓരോന്നിനുമുളള പല പല ഉപഗോളങ്ങളുമടങ്ങിയ ഒരു സൗരവ്യൂഹമാണ് ബ്രഹ്മാണ്ഡമെന്നു പറയപ്പെടുന്നത്. അതിനെ സമഗ്രമായി നോക്കികാണുന്ന യോഗീന്ദ്രന്മാരുടെ ജ്ഞാനദൃഷ്ടിയില്‍ അതിനു ഒരു പെരുന്താമരപ്പൂവിന്‍റെ ആകൃതിയുണ്ടത്രേ.

ഈ മഹത്തായ ബ്രഹ്മാണ്ഡത്തിലെ ഓരോ പരമാണുവും അണ്ഡാകൃതിയിലാണു. മഹത്ത്, അഹങ്കാരം, മനസ്സ്, ദശേന്ദ്രിയം, പഞ്ചതന്മാത്ര എന്നിങ്ങനെ അതിലെ ഓരോ തത്വവും ഓരോ ഗ്രഹവും ഓരോ ഉപഗ്രഹവും നക്ഷത്രവും മാത്രമല്ല, ഓരോ ജീവിയും ഓരോ ലഘുബ്രഹ്മാണ്ഡമാണെന്നു നിര്‍വ്വാണതന്ത്രം പഠിപ്പിക്കുന്നു.

ഇത്തരം ബ്രഹ്മാണ്ഡങ്ങളുടെ എണ്ണം ഇത്രയെന്നു കണക്കില്ല.

''ജഗദ്ഗുഞ്ജാസഹസ്രാണി യഥാസംഖ്യാന്യണാവണൗ അപരസ്പരലഗ്നാനി കാനനം ബ്രഹ്മനാമ തല്‍ ''⭐

(ഓരോ അണുവിലും ആയിരം ജഗത്തുക്കളാകുന്ന കുന്നിക്കുരുകള്‍ തമ്മില്‍ തൊടാതെ വര്‍ത്തിക്കുന്ന ഒരു കാനനമത്രേ ബ്രഹ്മം) എന്നു യോഗവാസ്ഷ്ഠത്തിലുണ്ട്. ആഥര്‍വ്വണനാരായണോപനിഷത്ത് ഇതിനെ ഇങ്ങനെ വിവരിക്കുന്നു.

''അസ്യ ബ്രഹ്മാണ്ഡസ്യ സമന്തതഃ ഏതാന്യേതാദൃശാന്യനന്തകോടി ബ്രഹ്മാണ്ഡനി ജ്വലന്തി ചതുര്‍മുഖ - പഞ്ചമുഖഷണ്‍മുഖസപ്തമുഖാദിസംഖ്യാക്രമേണ സഹസ്രാവധി മുഖാന്തൈര്‍ന്നാരായണാം ശൈഃ രജോഗുണപ്രധാനൈരേകൈക സ്ഥിതിസംഹാര കര്‍ത്തൃഭിരധിഷ്ഠിതാനി മഹാജലൗഘമത്സ്യബുദ്ബുദാനന്തസംഘവദ് ഭ്രമന്തി.
( ഈ ബ്രഹ്മത്തിനു ചുറ്റും ഇതുപോലെയുളള അനേകം കോടി ബ്രഹ്മാണ്ഡങ്ങള്‍ ജ്വലിച്ചു കൊണ്ടിരിക്കുന്നു. നാലു മുതല്‍ ക്രമേണ ആയിരം വരെ മുഖമുളളവരും രജോഗുണപ്രധാനരും നാരായണാം ശഭൂതരും ഓരോന്നിന്‍റെയും സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നവരുമായ അധിപതികളുള്‍പ്പെടെ അവ ജലപ്രവാഹത്തില്‍ എണ്ണമറ്റ മീന്‍പറ്റങ്ങളെപോലെ ചുറ്റിത്തിരിയുന്നു.) 

ലക്ഷോപലക്ഷം ബ്രഹ്മാണ്ഡങ്ങള്‍ ചിദാകാശത്തില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് താന്‍ കണ്ടറിഞ്ഞിട്ടുണ്ടെന്ന് ശ്രീരാമകൃഷ്ണപരമഹംസന്‍ പറയുന്നു.

No comments:

Post a Comment