ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 August 2017

ഹൈന്ദവ ദൈവങ്ങളിൽ അടങ്ങിയിരിക്കുന്ന ചില തത്ത്വം

ഹൈന്ദവ ദൈവങ്ങളിൽ അടങ്ങിയിരിക്കുന്ന ചില തത്ത്വം

വിഗ്രഹങ്ങളുടെ വകഭേദങ്ങള്‍ പലതാണ്. അവയില്‍
അരൂപം (അവ്യക്തം)
രൂപാരൂപം (വ്യക്താവ്യക്തം)
രൂപം (വ്യക്തം)
എന്നീ ത്രിവിധ കല്പനയ്ക്കാണ് പ്രാമുഖ്യം സിദ്ധിച്ചിട്ടുള്ളത്.

ബീജമായും മുട്ടയായും പക്ഷിയായും തീരുന്ന പ്രക്രിയ അരൂപവും രൂപാരൂപവും രൂപവുമായി പരിഗണിക്കാം.

ശിവതത്ത്വം

രൂപാരൂപസ്വരൂപമായ സദാശിവമാണ് ശിവലിംഗം അഥവാ നിരംഗമായ അവ്യക്തഗുണരൂപമാണ് ശിവലിംഗം. അജ്ഞത നിമിത്തം ശിവലിംഗാരാധനം കൂടുതല്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. ശിവപദം ഈശ്വരമംഗളവാചിയാണ്. ആത്മാക്കളും ലോകങ്ങളും ഉത്ഭവിക്കുന്നതിനും ലയിക്കുന്നതിനുമുള്ള സ്ഥാനമാണ് ലിംഗം. ശിവലിംഗത്തിന്റെ പീഠത്തില്‍ ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും നിഗൂഢഭാവത്തില്‍ വസിക്കുന്നതുകൊണ്ട് ശിവലിംഗം ത്രിമൂര്‍ത്തിസ്വരൂപമാണെന്നാണ് അഭിജ്ഞമതം.

ശിവശക്തിയാണ് പീഠം. ശക്തി ശിവനു വിധേയമായി നില്‍ക്കുന്നതിനെയാണ് ഇതു സ്പഷ്ടമാക്കുന്നത്. പ്രകൃതിയാകുന്ന കാരണത്തില്‍ പുരുഷനാകുന്ന ചൈതന്യം ചേര്‍ന്നു മേളിക്കുന്ന കല്പനയാണ് ശിവലിംഗരൂപമെന്ന് ആഗമജ്ഞര്‍ പറയുന്നു. ശിവം, ശക്തി ഇവയുടെ ലീലകളെ വിജ്ഞാനികള്‍ മാറ്റര്‍, എനര്‍ജി എന്നിവയോടാണ് താരതമ്യപ്പെടുത്തുന്നത്. പീഠത്തിന്റെ ഉപരിഭാഗത്ത് ഉന്തിനില്‍ക്കുന്ന ഗോമുഖി വഴിയായി പ്രവഹിക്കുന്ന തീര്‍ഥജലം കൃപാധാരയായി കരുതി ഭക്തസഞ്ചയം ശിരസ്സില്‍ അണിയുന്നു.

ശിവവാഹനം നന്ദി ശിവന്റെ വാഹനമായ ഋഷഭം ധര്‍മദേവതയുടെ പ്രതീകമാണെന്ന് ധര്‍മശാസ്ത്രം പറയുന്നു. അതിന്റെ വെളുപ്പുനിറം സാത്വികഗുണത്തിന്റെ പ്രതീകമാണ്. ഈശ്വരസാക്ഷാത്കാരത്തിന് വഴിതെളിക്കുന്ന, ശമം, ദമം, സന്തോഷം, സാധുസംഗം ഈ നാലു ഗുണങ്ങളെയാണ് നാലു കാലുകള്‍ ദ്യോതിപ്പിക്കുന്നത്. ഈ ഗുണങ്ങളില്ലാത്തവര്‍ക്ക് ഈശ്വരനെ ലിംഗാത്മകനായി ദര്‍ശിക്കുവാനോ ഈശ്വരസാക്ഷാത്കാരം ലഭിക്കുവാനോ സാധ്യമല്ലെന്നുള്ള വേദരഹസ്യമാണ് നന്ദിയുടെ അനുമതിയില്ലാതെ ശിവദര്‍ശനം ചെയ്യരുതെന്നു പറയുവാന്‍ കാരണം. രാപ്പകല്‍ ഭേദം കൂടാതെ ശിവനെ നോക്കി ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന നന്ദിയുടെ ഏകാഗ്രതയ്ക്കു ഭംഗം വരുത്താതിരിക്കുവാനാണ് പ്രദക്ഷിണവേളയില്‍ നന്ദിക്കും ശിവലിംഗത്തിനും ഇടയ്ക്കുകൂടി പോകാതെ നന്ദിയെ ചുറ്റി പോകണമെന്ന് പറഞ്ഞിരിക്കുന്നത്. പ്രതിഷ്ഠയേയും വാഹനത്തേയും ഉള്‍പ്പെടുത്തി വേണം വലം വെയ്ക്കുവാനെന്നുള്ള വിധിക്ക് വേറെയും ഉപപത്തിയുണ്ട്. മനുഷ്യര്‍ക്ക് സര്‍വാത്മൈക്യബോധം ജനിപ്പിക്കുവാന്‍ ഉള്ള ആദ്യ പടിയായിട്ടാണ് സ്ഥാവരജംഗമങ്ങളെ വന്ദിച്ചുപോകണമെന്ന ധര്‍മാനുശാസനം ഉണ്ടായിട്ടുള്ളത്. അതാണ് ആലിനേയും കാളയേയുമെല്ലാം വന്ദിക്കണമെന്ന് ഹിന്ദുമതം അനുശാസിക്കുന്നത്.

നടരാജവിഗ്രഹവും രൂപകല്പനയിലെ ചമത്കാരവും ലിംഗോത്ഭവം, ചന്ദ്രശേഖരം, കാലാന്തകം, കാലാരി, ചണ്ഡേശ്വരന്‍, അര്‍ധനാരീശ്വരന്‍, നടേശന്‍ എന്നിങ്ങനെ ശിവന് അനേക രൂപങ്ങളുണ്ട്.

നടരാജവിഗ്രഹത്തെക്കുറിച്ചു മാത്രം ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. അണുക്കള്‍ ചലിക്കുന്നതുകൊണ്ടാണ് അഖിലാണ്ഡങ്ങളും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെയാണ് ശിവന്‍ നടരാജരൂപത്തില്‍ ഉല്ലസിച്ച് ആനന്ദനൃത്തം ചെയ്യുന്നത്. ദുഃഖവിമുക്തനായി ആനന്ദം പ്രാപിക്കുന്നതിന് നിത്യാനന്ദസ്വരൂപനായ നടരാജനെ ആരാധിക്കണമെന്ന് ഇതു സൂചിപ്പിക്കുന്നു. ഉടുക്കില്‍നിന്ന് പുറപ്പെടുന്ന നാദതരംഗങ്ങളില്‍ നിന്നാണ് അഖിലാണ്ഡ ചരാചരങ്ങളും ഉത്ഭവിക്കുന്നതെന്ന തത്ത്വമാണ് ഉടുക്ക് സൂചിപ്പിക്കുന്നത്. ലോകം നാദത്തില്‍നിന്ന് ഉദിച്ച്, നാദത്തില്‍ത്തന്നെ നിഗൂഢമായി നില്‍ക്കുന്നു എന്ന വേദഘോഷത്തിന്റെ സാരവും ഇതുതന്നെയാണ്.

അഭയഹസ്തം ഈശ്വരന്റെ സ്തുതികൃത്യത്തെ അഥവാ ലോകസംരക്ഷണത്തെ ഓര്‍മപ്പെടുത്തുന്നതോടൊപ്പം അഭയം പ്രാപിക്കുന്നവരെ രക്ഷിക്കും എന്നു പ്രഖ്യാപിക്കുന്നതാണ്. ഇടതുകൈയിലെ അഗ്നി സമസ്തലോകങ്ങളേയും അന്ത്യകാലത്ത് സംഹരിക്കുന്ന സ്ഥിതിയെ ഉദ്‌ബോധിപ്പിക്കുന്നു. ചവിട്ടിനില്‍ക്കുന്ന വലത്തുകാല്‍ പുണ്യപാപങ്ങള്‍ക്ക് അനുരൂപമായ സുഖദുഃഖങ്ങള്‍ കൊടുക്കുന്നതിന്റെയും, അഗ്രാഹ്യമായ മായാശക്തിയുടെയും തിരോഭാവത്തിന്റെയും സൂചകമാണ്. ഉയര്‍ത്തിനില്‍ക്കുന്ന ഇടതുകാലും അതിലേക്കു ചൂണ്ടിക്കാണിക്കുന്ന കൈയും ഈശ്വരപാദമല്ലാതെ ജീവികള്‍ക്ക് ശരണമില്ലെന്നും ഈശ്വരൈക്യത്തിന് പ്രയത്‌നിക്കുവിന്‍ എന്നുമുള്ള അനുഗ്രഹശക്തിയെ ദ്യോതിപ്പിക്കുന്നു.

ത്രിശൂലം, സത്വരജസ്തമസ്സുകളുടെ പ്രതീകമാണ്. പാശം ജീവിതബന്ധത്തേയും അങ്കുശം വിവേകശക്തിയേയുമാണ് പ്രഖ്യാപിക്കുന്നത്. ഹാലാഹലം ഛിന്നഭിന്നമാക്കുന്ന ശക്തിയുടെയും, ശ്മശാനവാസിത്വം സര്‍വപാപനാശകത്വത്തിന്റെയും, ഭസ്മം ഇച്ഛാനാശത്തിന്റെയും അടയാളമാണ്. ജടാഭാരത്തില്‍ തങ്ങിനില്‍ക്കുന്ന ഗംഗയും ചന്ദ്രക്കലയും ലോകരക്ഷണവ്യഗ്രതയേയും അഭയാര്‍ഥിരക്ഷണത്തേയും സൂചിപ്പിക്കുന്നു. ഹിന്ദുക്കളുടെ മതപരമായ കാലഗണന ചന്ദ്രനെ അവലംബിച്ചാകയാല്‍ ശിവന്റെ ചന്ദ്രക്കലാധരത്വം കാലാത്മകാവസ്ഥയെ കൂടി സൂചിപ്പിക്കുന്നു. അര്‍ധനാരീശ്വരത്വം പ്രകൃതിപുരുഷയോഗത്തേയും സൂര്യചന്ദ്രാഗ്നിനേത്രങ്ങള്‍ ഇള, പിംഗള, സുഷുമ്‌നകളേയും കുറിക്കുന്നു. നാഗഭൂഷണത്വം കുണ്ഡലിനീ ശക്തിയേയും തിരോഭാവസ്വഭാവത്തേയും ദ്യോതിപ്പിക്കുന്നു. വിഷഫണാദികള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തേക്കെടുക്കുന്ന ജീവിയാണല്ലോ സര്‍പ്പം. അതുകൊണ്ട് വിധിയുടെ അലംഘ്യത കൂടി നാഗഭൂഷണത വ്യഞ്ജിപ്പിക്കുന്നുണ്ട്.
പ്രദോഷവും തിരുവാതിരയും ശിവരാത്രിയും ശിവനു പ്രധാനമാണ്. ശിവനെ ഉപാസിപ്പാനുള്ള മൂലമന്ത്രം 'ഓം നമഃ ശിവായ' എന്നാണ്. ഓരോ മന്ത്രം ചൊല്ലിക്കഴിയുമ്പോഴും മൂലമന്ത്രം ഉരുവിടേണ്ടതാണ്.

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗപ്രണേതാരം പ്രണതോസ്മി സദാശിവം.

വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം.

കരചരണകൃതം വാക്കായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വമേതത് ക്ഷമസ്വ
ജയ ജയ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ.

ശിവസൂക്തം, രുദ്രസൂക്തം, മൃത്യുഞ്ജയമന്ത്രം, ശിവാഷ്‌ടോത്തരശതനാമസ്‌തോത്രം തുടങ്ങിയവയാല്‍ ശിവനെ സേവിച്ചാല്‍ അഭീഷ്ടഫലസിദ്ധിയുണ്ടാകും.

ദേവീതത്ത്വം
ശക്ത്യുപാസനയുടെ പൊരുള്‍
ശക്ത്യുപാസന ലോകത്തിലെ പുരാതനമായ ആരാധനാസമ്പ്രദായമാണ്. ശക്തിയുടെ ബഹുവിധമായ ആവിഷ്‌കാരമാണ് ഈ പ്രപഞ്ചമെന്നു കണ്ടറിഞ്ഞ ഭാരതീയര്‍ ഈശ്വരനെ മാതൃഭാവത്തില്‍ ഉപാസിച്ചു പോന്നു. 5000 സംവത്സരത്തിലധികം പഴക്കമുള്ള സിന്ധുതടനിവാസികളുടെ ആരാധ്യദേവത ശിവനും ശക്തിയുമായിരുന്നു. ഈശ്വരസത്തയെ മാതൃഭാവത്തില്‍ ആരാധിക്കുന്ന മതവിശ്വാസങ്ങളേയും സംസ്‌കാരങ്ങളേയും ആര്യന്മാര്‍ പില്‍ക്കാലത്ത് സ്വമതഘടകങ്ങളാക്കിത്തീര്‍ക്കുകയാണ് ചെയ്തത്. ഹൈന്ദവ ജനത ബ്രഹ്മവിദ്യയെ സ്ത്രീലിംഗമായി ശ്രുതിഭഗവതി എന്നു വിളിക്കുകയും വിദ്യാധീശ്വരിയായി സരസ്വതിയെ ആരാധിക്കുകയും ചെയ്തുപോരുന്നു. ഋഗ്വേദം, തൈത്തിരീയാരണ്യകം, കേനോപനിഷത്ത്, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പരാശക്തിയുടെ ജഗന്മാതൃഭാവത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വിവിധ ദേവീസങ്കല്പത്തില്‍ നടക്കുന്ന സഗുണോപാസനകളെല്ലാം ശക്തിപൂജ എന്ന സാമാന്യത്തെയാണ് ലക്ഷ്യമാക്കുന്നത്. എല്ലാ ജീവജാലങ്ങളിലും വിളങ്ങുന്ന ശക്തിസ്വരൂപിണിയാണ് ജഗദംബ. ആ മഹാശക്തിയുടെ ബാഹ്യരൂപമാണ് പ്രപഞ്ചം. നിര്‍ഗുണബ്രഹ്മം സഗുണമായി മാറുമ്പോള്‍, മായാശക്തിയെ അവലംബിക്കുന്നു. ഈ പരാശക്തിയുടെ പ്രചോദനം മൂലമാണ് പ്രപഞ്ചവ്യാപാരങ്ങള്‍ നടക്കുന്നത്; അഥവാ ശക്തിയുടെ ആവിഷ്‌കാരമാണ് ഈ പ്രപഞ്ചം. ഐശ്വരമായ ഏകത്വത്തിന്റെ നാനാരൂപമായ പ്രതിഭാസമാണ് ഈ വിശ്വമെന്നാണ് അധ്യാത്മജ്ഞാനിയുടെ സിദ്ധാന്തം. ഭൗതികപ്രപഞ്ചം ശക്തിതരംഗങ്ങളുടെ അഥവാ ഊര്‍ജത്തിന്റെ വിളയാട്ടമാണെന്നും, മാറ്ററും എനര്‍ജിയും ഒരേ വസ്തുവിന്റെ തന്നെ വിഭിന്നരൂപങ്ങളാണെന്നുമുള്ള സിദ്ധാന്തത്തിലാണ് നവീനശാസ്ത്രവും എത്തിച്ചേര്‍ന്നിട്ടുള്ളത്.

നവരാത്രിയുടെ സന്ദേശം
സൃഷ്ടിയുടെ മഹച്ഛക്തിക്കാണു പരാശക്തിയെന്നു പറയുന്നത്. കാലദേശവിധേയമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ പശ്ചാത്തലം ഒന്നുതന്നെയാണ്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തേയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തേയുമാണ് അതു ലക്ഷ്യമാക്കുന്നത്. ലോകത്തിലെ സകലശക്തിക്കും അതീതമായ ആദിപരാശക്തി ഭക്തന്മാരുടെ നന്മയെ കരുതി സത്വരജസ്തമോഗുണങ്ങളായും, സൃഷ്ടിസ്ഥിതിസംഹാരവൃത്തികളായും ഇച്ഛാക്രിയാജ്ഞാനശക്തികളായും പ്രകടീഭവിക്കുന്നതാണ്, ദുര്‍ഗയും ലക്ഷ്മിയും സരസ്വതിയും. വിദ്യുച്ഛക്തി, ബള്‍ബില്‍ പ്രകാശമായും, ഫാനില്‍ കാറ്റായും, ഫോണില്‍ നാദവീചികളായും പ്രവര്‍ത്തിക്കുന്നതു പോലെ, ത്രിഗുണാത്മികയായ പരാശക്തിയും പല പേരുകളില്‍ നാനാശക്തികളായി പ്രവര്‍ത്തിക്കുന്നു. കാമക്രോധാദിദുര്‍ഗുണങ്ങളെ ആട്ടിപ്പായിക്കുവാനുള്ള കരുത്താര്‍ജിക്കുവാന്‍ വേണ്ടി ദുര്‍ഗാഷ്ടമിദിവസം സിംഹവാഹിനിയും സംഗ്രാമദേവതയുമായ ദുര്‍ഗാദേവിയുടെ ഉപാസനയ്ക്ക് പ്രത്യേകം പ്രാധാന്യം കല്പിച്ചിരിക്കുന്നു. സ്‌നേഹം, ദയ തുടങ്ങിയ ദൈവീകസമ്പത്ത് ആര്‍ജിച്ച് അന്തഃകരണശുദ്ധിയുണ്ടാക്കുവാന്‍ മഹാനവമി ദിവസം മഹാലക്ഷ്മിയെയാണ് ആരാധിക്കുന്നത്. കമലോത്ഭവയായ ലക്ഷ്മീദേവി ഐശ്വരത്തിന്റെ അധിദേവതയാണല്ലോ. ഹംസവാഹിനിയായ സരസ്വതി വിദ്യാസ്വരൂപിണിയായ വാഗീശ്വരിയാണ്. ഹൃദയവീണ മീട്ടി ആത്മഗാനമാലപിക്കുന്ന ബ്രഹ്മവിദ്യാഗുരു കൂടിയാണ് ശ്രുതമാതാവായ സരസ്വതി. 'സാര'മായ'സ്വ'ത്തെ-അതായത്-സ്വസ്വരൂപമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് സരസ്വതി. അതുകൊണ്ട് വിജയദശമി നാളിലെ സരസ്വതീപൂജ ജീവബ്രഹ്മൈക്യാനുഭൂതി കൈവരുത്തുന്നു. മനുഷ്യമനസ്സിലെ അജ്ഞാനജന്യമായ മാലിന്യങ്ങളകറ്റി, തല്‍സ്ഥാനത്ത് സദ്ഭാവനകളെ പ്രതിഷ്ഠിച്ച്, ഒരു പുതുജീവിതത്തിന് തുടക്കം കുറിക്കുവാനാണ് നവരാത്ര്യുത്സവം നമ്മോട് ആവശ്യപ്പെടുന്നത്.
ദുര്‍ഗാഭഗവതിക്ക് കാര്‍ത്തിക, പ്രത്യേകിച്ചും വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ദുര്‍ഗാഷ്ടമിയുമാണ് പ്രധാനം. മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി സരസ്വതിക്കും പ്രധാനമാണ്. ഭദ്രകാളിക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രധാനമാണ്. ഓരോ ദേവീരൂപത്തേയും ഉപാസിക്കുവാനുള്ള മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ഉണ്ട്. ചില ഉപാസനാമന്ത്രങ്ങള്‍ ചുവടെ ഉദ്ധരിക്കാം.

ദേവ്യുപാസന ദുര്‍ഗാഭഗവതി
സര്‍വമംഗളമംഗല്യേ ശിവേ സര്‍വാര്‍ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോƒസ്തു തേ

മഹാലക്ഷ്മി
ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം
ശ്രീമന്മന്ദകടാക്ഷലബ്ധവിഭവബ്രഹ്മേന്ദ്രഗംഗാധരാം
ത്വാം ത്രൈലോക്യകുടുംബിനിം സരസിജാം വന്ദേ മുകുന്ദപ്രിയാം

സരസ്വതി
യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ

ദേവീസൂക്തം, ദേവീസ്‌തോത്രം, കേശാദിപാദസ്തവം തുടങ്ങിയവ ജപിച്ചശേഷം ക്ഷമാപ്രാര്‍ഥന ചെയ്യണം.

ക്ഷമാപ്രാര്‍ഥന
അജ്ഞാനാദ്വിസ്മൃതേര്‍ ഭ്രാന്ത്യാ
യന്ന്യൂനമധികം കൃതം
തത്‌സര്‍വം ക്ഷമ്യതാം ദേവി
പ്രസീദ പരമേശ്വരി.

ഗണപതിതത്ത്വം
ഗണപതിവിഗ്രഹത്തിന്റെ ആന്തരാര്‍ഥം
പ്രതിബന്ധങ്ങളെ അകറ്റുന്ന ദൈവികശക്തിയാണ് ഗണപതി. ഹൈന്ദവമതാചാരപ്രകാരം നടത്തുന്ന കര്‍മങ്ങളെല്ലാം നിര്‍വിഘ്‌ന പരിസമാപ്തിക്കു വേണ്ടി വിഘ്‌നേശ്വര പൂജയോടുകൂടിയാണ് ആരംഭിക്കുന്നത്. പുരാണരചനയില്‍ വ്യാസനു നേരിട്ട ബുദ്ധിമാന്ദ്യം നീങ്ങിക്കിട്ടിയത് ഗണപത്യുപാസനയാലാണ്. ഈശ്വരനില്‍നിന്ന് ആദ്യമുണ്ടായത് പ്രണവം അഥവാ ഓങ്കാരമാകുന്നു. പ്രണവസ്വരൂപനായ ഗണപതി ശ്രീപരമേശ്വരന്റെ ആകാശാംശമാണ്. പ്രണവത്തിന്റെ ആന്തരികതത്ത്വത്തെ രൂപഭാവങ്ങളിലൂടെ പ്രതിനിധീകരിക്കുന്നതാണ് ഗണപതിയുടെ ആകാരം. ആനയുടെ ശബ്ദത്തില്‍ ഓംകാരധ്വനി കൂടുതല്‍ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ഗണപതിപൂജയ്ക്ക് പ്രഥമസ്ഥാനം കൊടുത്തിരിക്കുന്നത്. നില്‍ക്കുന്നതും ഇരിക്കുന്നതും നൃത്തംവെക്കുന്നതുമായ ഗണപതിവിഗ്രഹങ്ങളുണ്ട്. തുമ്പിക്കൈ ഇടത്തോട്ടുതിരിഞ്ഞും, വലത്തോട്ടുതിരിഞ്ഞും, ഇടംപിരി രൂപമായും വലംപിരി രൂപമായും കാണുന്നുണ്ട്. ബാലഗണപതി, ശക്തിഗണപതി, വിദ്യാഗണപതി, സിദ്ധിഗണപതി, വിഘ്‌നരാജഗണപതി, ഋണമോചകഗണപതി, പഞ്ചമുഖഗണപതി, മഹാഗണപതി എന്നിങ്ങനെ 51 രൂപങ്ങള്‍ ഗണപതിക്കു കല്പിക്കപ്പെട്ടിരിക്കുന്നു. ഈ രൂപഭാവങ്ങള്‍ക്കനുരൂപമായ നിറങ്ങളും പ്രത്യേക അടയാളങ്ങളും ഉണ്ട്.

ഗണേശന്റെ നാലു തൃക്കരങ്ങളില്‍ കാണുന്നത് പാശം (കുരുക്കിട്ട കയര്‍), അങ്കുശം (ആനത്തോട്ടി), ഒടിഞ്ഞ കൊമ്പ്, മോദകം എന്നിവയാണ്. നിയന്ത്രണവിധേയമല്ലാത്ത ആഗ്രഹങ്ങള്‍ മനസ്സിനെ മായാവലയത്തില്‍ കുരുക്കി അധഃപതിപ്പിക്കും. ആശയെ നിയന്ത്രിച്ചു പുരോഗതിയിലേക്കും ആത്മബോധത്തിലേക്കും ഭക്തന്മാരെ നയിക്കുവാനാണു പാശായുധം ധരിച്ചിട്ടുള്ളത്. മദയാനയെ അങ്കുശം പ്രയോഗിച്ചു നിയന്ത്രിക്കുന്നതുപോലെ ആപത്തുകളേയും ക്ഷോഭങ്ങളേയും അകറ്റി ആത്മീയ സ്വാതന്ത്ര്യം കൈവരുത്തുവാനാണ് അങ്കുശം ധരിച്ചിട്ടുള്ളത്. വിരുദ്ധങ്ങളായ ദ്വന്ദ്വങ്ങളുടെ പ്രതീകങ്ങളാണ് രണ്ടു കൊമ്പുകള്‍. ദ്വന്ദ്വാതീതമായ അവസ്ഥയാണ് ഒടിഞ്ഞ കൊമ്പ്. ആത്മാന്വേഷകര്‍ മാറ്റങ്ങള്‍ക്കതീതരായി സ്ഥിതപ്രജ്ഞരായിരിക്കണമെന്ന് ഇതു സൂചിപ്പിക്കുന്നു. മോദകപദത്തിന് മോദിപ്പിക്കുന്നത് ആനന്ദിപ്പിക്കുന്നത് എന്നര്‍ഥം.

ആത്മോന്നതിയിലേക്കുയരാന്‍ ശ്രമിക്കുന്നവര്‍ക്ക് ജീവിതാനന്ദം സിദ്ധിക്കുമെന്നു ഗണപതിയുടെ തൃക്കയ്യിലുള്ള മോദകം വ്യക്തമാക്കുന്നു. നിത്യനന്മ, നിത്യാനന്ദം മുതലായ ഗുണങ്ങള്‍ ഈശ്വരനില്‍ നിറഞ്ഞിരിക്കുന്നതിനേയും മോദകം പ്രകാശിപ്പിക്കുന്നുണ്ട്.
കൊമ്പിന്റെ മധ്യേയുള്ള തുമ്പിക്കൈ നന്മതിന്മകളെ വേര്‍തിരിച്ചറിയുവാനുള്ള കഴിവിനെ കാണിക്കുന്നു. ഒരു വലിയ മരം കടപുഴക്കാനും തറയിലുള്ള ഒരു ഇല നുള്ളിയെടുക്കുവാനും തുമ്പിക്കൈ കൊണ്ടു സാധിക്കും. ബാഹ്യലോകത്തിലെ സങ്കീര്‍ണപ്രശ്‌നങ്ങളും അന്തര്‍മണ്ഡലത്തിലെ സൂക്ഷ്മവൃത്തികളും ഒന്നുപോലെ കൈകാര്യം ചെയ്യുവാന്‍ സാധകനു കഴിയണമെന്നാണ് ഇതുകൊണ്ട് വെളിവാക്കുന്നത്. ജീവിതത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഘ്‌നങ്ങളെ അതിജീവിച്ചു മുന്നേറുമ്പോഴാണ് ജീവിതത്തിന് വികാസവും ശക്തിയും കൈവരുന്നത്. ഈ കരുത്ത് സിദ്ധിക്കുന്നത് ആന്തരികശക്തിയില്‍ നിന്നാണ്. ഈ ആന്തരികസത്തയുടെ രൂപാന്തരമാണ് ഗണേശന്‍. യോഗശാസ്ത്രപ്രകാരം നട്ടെല്ലിന്റെ ഏറ്റവും താഴെയുള്ള അടിസ്ഥാന ശക്തികേന്ദ്രമായ മൂലാധാരചക്രത്തിന്റെ അധിദേവത ഗണനാഥനാണ്.

ഓംകാരത്തില്‍ അഖിലാണ്ഡങ്ങളുമടങ്ങിയിരിക്കുന്നതിന്റെ സൂചനയാണ് കുടവയര്‍ നല്‍കുന്നത്. ബ്രഹ്മാണ്ഡസ്വരൂപനെങ്കിലും ഒരു മൂഷികനുപോലും വഹിക്കത്തക്കതാണ് താനെന്നു മൂഷികവാഹനത്വം വെളിവാക്കുന്നു. അണുവില്‍ അണുവും മഹത്തില്‍ മഹത്തുമാണല്ലോ ബ്രഹ്മസ്വരൂപം. ഏകദന്തന്‍ എന്നതിലെ ഏകശബ്ദം മായയേയും, ദന്തശബ്ദം അതിനെ ചലിപ്പിക്കുന്നവന്‍ എന്ന അര്‍ഥത്തേയും കുറിക്കുന്നു. തന്റെ മായാശക്തി ചലിപ്പിച്ചു പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പാലിക്കുകയും സംഹരിക്കുകയും ചെയ്യുന്നവന്‍ എന്നാണ് ഏകദന്തത്തിന്റെ അര്‍ഥം. ഗണപതി 'തത്ത്വമസി' എന്ന മഹാവാക്യത്തിന്റെ അര്‍ഥസ്വരൂപമാണ്. തത്പദവാച്യമായ ഗജരൂപം ഈശ്വരസ്വരൂപത്തേയും ത്വംപദവാച്യമായ നരരൂപം ജീവാത്മസ്വരൂപത്തേയും സൂചിപ്പിക്കുന്നു. ജീവാത്മാപരമാത്മാക്കളുടെ ശുദ്ധചൈതന്യഭാവത്തിലുള്ള ഐക്യത്തെ പ്രകാശിപ്പിച്ചു വിളങ്ങുന്ന ഗണേശന്‍ 'തത്ത്വമസ്യാത്മക'നാണ്. തപ്തകാഞ്ചനവര്‍ണമായ ശരീരം സര്‍വലോകത്തേയും പ്രേമബന്ധത്താല്‍ തന്നില്‍ ചേര്‍ത്തിരിക്കുന്നവന്‍ എന്ന അര്‍ഥം ബോധിപ്പിക്കുന്നു. സിദ്ധിയും ബുദ്ധിയുമാണ് ഗണേശപത്‌നിമാര്‍. ലാഭവും ക്ഷേമവുമാണ് സന്താനങ്ങള്‍. ഇതെല്ലാം പ്രത്യേക യോഗശക്തികളെ സൂചിപ്പിക്കുന്ന പ്രതീകാത്മക ഭാവനയാണെന്നു പറയേണ്ടതില്ലല്ലോ.

ഗണേശന് ഏത്തമിടുന്നതാണ് പതിവ്. പാപങ്ങളുരുണ്ടുകൂടി രൂപമെടുത്തതായി സങ്കല്‍പ്പിച്ചു വിനായകഭക്തിയാല്‍ അതുടഞ്ഞുപോകട്ടെ എന്ന ഭാവനയാണ് തേങ്ങയേറ്. ഭാദ്രപദമാസം വെളുത്ത പക്ഷത്തിലെ ചതുര്‍ഥിയാണ് ഇന്ത്യയൊട്ടുക്ക് ആഘോഷിക്കുന്ന വിനായകചതുര്‍ഥി. 'ഓം ഗണപതയേ നമഃ' ഇതാണ് ഗണപതിയെ ഉപാസിക്കുവാനുള്ള മന്ത്രം. ഋഗ്വേദസൂക്തങ്ങളിലുള്ള ഒരു ഗണപതിസ്തുതി ഇവിടെ ഉദ്ധരിക്കാം.

'ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ
കവിം കവീനാം ഉപമശ്രവസ്തമം
ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആ നഃ
ശൃണ്വനൂതിഭിഃ സീദ സാദനംഃ

'ഓം' എല്ലാ ഗണങ്ങളുടേയും, നാഥന്മാരുടേയും നാഥനായ അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. കവികളില്‍ കവിയും ശ്രേഷ്ഠന്മാരില്‍ ശ്രേഷ്ഠനും രാജാക്കന്മാരില്‍ അത്യുന്നതനും വേദങ്ങളുടെ പൊരുള്‍ അറിയുന്നവരില്‍ അഗ്രഗണ്യനുമായ ഭഗവാനേ, ഞങ്ങളുടെ പ്രാര്‍ഥനയില്‍ പ്രസാദിച്ച് അനുഗ്രഹസന്നദ്ധനായി ഈ വേദിയിലേക്ക് വരേണമേ.' ഈ മന്ത്രം ദിവസവും ഉരുവിടുന്നത് വളരെ ശ്രേയസ്‌കരമാണ്.

സുബ്രഹ്മണ്യതത്ത്വം

ശുദ്ധബ്രഹ്മത്തില്‍നിന്ന് ഉത്ഭവിച്ച മണിപോലുള്ള മഹാതേജസ്സോടു കൂടിയവന്‍ എന്നാണ്, സുബ്രഹ്മണ്യപദത്തിന്റെ അര്‍ഥം. ഗുരുവിനും ഗുരുവാകയാല്‍ - പിതാവായ ശിവന് ഓംകാരത്തിന്റെ അര്‍ഥം പറഞ്ഞുകൊടുത്തതിനാല്‍ - സ്വാമിനാഥന്‍ എന്നു പേരുണ്ടായി. നാലു ദിക്കുകളേയും കീഴ്‌മേലുള്ള വിദിക്കുകളേയും വീക്ഷിച്ചു രക്ഷിക്കുന്നതിനായി അറുമുഖനായിത്തീര്‍ന്നു. വള്ളി, ദേവയാന, വടിവേല്‍ എന്നിവ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി ഇവയെ സൂചിപ്പിക്കുന്നു.

അഹങ്കാരാദി ദുര്‍ഗുണങ്ങളെ നശിപ്പിക്കാത്തിടത്തോളം കാലം ജനന മരണങ്ങളില്‍ ഉഴന്നുകൊണ്ടിരിക്കും. ദുര്‍ഗുണങ്ങളായ തമസ്സില്‍നിന്ന് കാരുണ്യാതിരേകത്താല്‍, ആത്മാവിനെ മോചിപ്പിച്ചു മോക്ഷാര്‍ഹമാക്കിത്തീര്‍ത്തതിനെയാണ് ശൂരപത്മാസുരവധം കഥ സൂചിപ്പിക്കുന്നത്. മാതാപിതാക്കള്‍ വ്യാധിഗ്രസ്തരായ പുത്രന്മാരെ ശസ്ത്രക്രിയക്ക് വിധേയരാക്കുന്നത് പുത്രസ്‌നേഹത്താല്‍ പ്രേരിതരായിട്ടാണല്ലോ. മഹത്തായ മനുഷ്യജന്മം കിട്ടിയിട്ടും ഉപര്യുപരി തീരാപ്പാപത്തിന് അധീനരായിത്തീരാതിരിക്കുവാനാണ് ഭഗവാന്‍ ദുഷ്ടന്മാരെ നിഗ്രഹിക്കുന്നത്. അതോടൊപ്പം ആത്മമോചനം നല്‍കി അവരെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്.

പഞ്ചേന്ദ്രിയങ്ങളില്‍ മതിമയങ്ങി, മായാശക്തിയില്‍ മുങ്ങിക്കിടക്കുന്നവര്‍ സ്വന്തം നിലപാടിനെക്കുറിച്ച് യാഥാര്‍ഥ്യബോധമുള്ളവരല്ല. ജ്ഞാനോപദേശം സിദ്ധിച്ചാല്‍ മാത്രമേ ആത്മാവ് പഞ്ചേന്ദ്രിയങ്ങളില്‍ നിന്നു മുക്തമായിത്തീരൂ. ഇന്ദ്രിയമുക്തമായ ആത്മാവ് സായൂജ്യം കാംക്ഷിച്ച് ഈശ്വരസാന്നിധ്യം പ്രാപിക്കുമ്പോള്‍, ആത്മാവിനെ തന്നോട് ഐക്യപ്പെടുത്തുമെന്നാണ് വള്ളിസുബ്രഹ്മണ്യകഥയുടെയും രാധാമാധവകഥയുടേയുമെല്ലാം തത്ത്വം വെളിപ്പെടുത്തുന്നത്.

സുബ്രഹ്മണ്യന് വെളുത്ത ഷഷ്ഠിയും പൂയവുമാണ് പ്രധാനം. തുലാമാസത്തിലെ ഷഷ്ഠിയും തൈപൂയവും കൂടുതല്‍ പ്രധാനമാണ്. 'ഓം ഷണ്‍മുഖായ നമഃ' എന്നാണ് മൂലമന്ത്രം. ഒരു ധ്യാനശ്ലോകം താഴെ ചേര്‍ക്കുന്നു.

ധ്യായേത് ഷണ്‍മുഖമിന്ദുകോടി സദൃശം രത്‌നപ്രഭാശോഭിതം
ബാലാര്‍ക്കദ്യുതിഷട്കിരീടവിലസത്‌കേയൂരഹാരാന്വിതം
കര്‍ണാലംബിതകുണ്ഡലപ്രവിലസത്ഗണ്ഡസ്ഥലീശോഭിതം
കാഞ്ചീകങ്കണകിങ്കിണീരവയുതം ശൃംഗാരസാരോദയം.

അയ്യപ്പതത്ത്വം
ധര്‍മശാസ്താവും ശാസ്തൃതത്ത്വവും
അതിപുരാതനമാണ് ശബരിമലക്ഷേത്രം. പരശുരാമപ്രതിഷ്ഠിതമെന്നാണ് പരമ്പരാഗതമായ വിശ്വാസം. ശിവശക്ത്യാത്മകമായ ഈശ്വരഭാവനയാണ്, ധര്‍മശാസ്തൃസങ്കല്‍പ്പം. അതു വിഷ്ണുമഹേശശക്തിസംപുടിതമായ ഏകസന്താനമായി ചിത്രീകരിച്ചതായിക്കൂടെന്നില്ല. വിഷ്ണു വിശ്വരൂപനാണ്. ശിവന്‍ അഷ്ടമൂര്‍ത്തിയാണ്. ഹരിഹരന്മാരുടെ സാരം ഒന്നിച്ചുചേര്‍ന്ന ദേവനാണ് ശാസ്താവ്. മഹിഷീശാപമോചനത്തിനായി ശാസ്താവ് സ്വയംഭൂവായി അവതരിച്ചതാണ് അയ്യപ്പന്‍. ധര്‍മശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ യോഗിയും ബ്രഹ്മചാരിയും ആയിരുന്നു. ഭഗവാന്‍ അയ്യപ്പനാല്‍ ശുദ്ധീകരിക്കപ്പെട്ട മഹിഷി അല്ലെങ്കില്‍ വിഷ്ണുമോഹിനി മാളികപ്പുറത്തമ്മയിലും, അവതാരോദ്ദേശ്യമെല്ലാം സാധിച്ചശേഷം ഒരു തേജഃപുഞ്ജമായി അയ്യപ്പന്‍ ശാസ്താവിലും വിലയിച്ചുവെന്നു വിശ്വസിച്ചുപോരുന്നു.

വലതുകൈ കൊണ്ട് തള്ളവിരലും ചൂണ്ടാണിവിരലും ചേര്‍ത്തു ചിന്‍മുദ്ര കാണിച്ചുകൊണ്ട് വിരാജിക്കുന്ന രൂപത്തിലാണ് ധര്‍മശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. തള്ളവിരലിനെ ആത്മാവായും ചൂണ്ടാണിവിരലിനെ ജീവനായും കല്പിച്ചിരിക്കുന്നു. കോപാവേശത്തില്‍ ഉയര്‍ത്തിക്കാട്ടാറുള്ള ചൂണ്ടുവിരല്‍, അടങ്ങിമടങ്ങിയിരിക്കുന്നത് അജ്ഞാനാവരണം നീങ്ങിയ ജീവന്‍ സ്വരൂപാവസ്ഥയെ പ്രാപിക്കുന്നതിന്റെ ജ്ഞാപകമാണ്. ആത്മസാക്ഷാത്കാരം സിദ്ധിച്ചാല്‍ ആത്മാവും ജീവനും തമ്മിലുള്ള ദൂരം മായകൊണ്ടു തോന്നിക്കുന്നത് മാത്രമാണെന്നും, വാസ്തവത്തില്‍ ദൂരമില്ലെന്നുമുള്ളതിന്റെ സൂചനയാണ് വിരലുകള്‍ക്കിടയിലുള്ള ശൂന്യാവസ്ഥ.

ശബരിമല തീര്‍ഥാടനത്തിന്റെ സന്ദേശം - ക്ലേശസഹിഷ്ണുവായി ബ്രഹ്മചര്യബലത്തോടെ അധര്‍മം നശിപ്പിക്കുവാന്‍ കരുത്താര്‍ജിച്ച്, ധര്‍മം സ്ഥാപിക്കുകയാണ് തങ്ങളുടെ ഉന്നമെന്ന് മലയാത്രയിലെ ചടങ്ങുകള്‍ സൂചിപ്പിക്കുന്നു. അയ്യപ്പന്മാരുടെ ഇടയ്ക്ക് സ്ഥാനവലിപ്പത്തിനോ ജാതിശ്രേഷ്ഠതയ്‌ക്കോ സ്ഥാനമില്ല. എല്ലാ ജീവരാശികളിലും ഈശ്വരനെ കണ്ടെത്തുവാനാണ് ശബരിമല തീര്‍ഥാടനവും വ്രതാനുഷ്ഠാനങ്ങളും ഉദ്‌ബോധിപ്പിക്കുന്നത്.
ഒരു മതമൊരു ദൈവം ജാതിയൊന്നൊന്നില്‍ നിന്നാ-
ണുരുതിരിവിതു സര്‍വം ചെന്നുചേരുന്നതൊന്നില്‍
കരുതരുതൊരുഭേദം നമ്മളന്യോന്യമെല്ലാ-
വരുമൊരു മഹിമാവിന്‍ പൂര്‍ണതാദാത്മ്യമത്രേ
(ആര്യാമൃതം)

വൈരുധ്യങ്ങളും വൈവിധ്യങ്ങളും വെടിഞ്ഞ് അവിദ്യാവാസനയാലുള്ള മാലിന്യങ്ങളെ ശരണംവിളികൊണ്ട് ദൂരീകരിച്ച്, സമസൃഷ്ടങ്ങളെ ഭഗവദര്‍പ്പണബുദ്ധിയോടുകൂടി, അയ്യപ്പന്മാരായി കണ്ട്, ആകൃതിയിലും പ്രകൃതിയിലും സമാനരായി - സമദര്‍ശികളായിട്ടാണ് - അവരുടെ തീര്‍ഥയാത്ര. അനാര്‍ഭാടമായ കറുത്ത വേഷം ജീവിതവിരക്തിയേയും, പ്രാര്‍ഥനാനിരതത്വം ആത്മീയജീവിതചര്യയേയും. ഇരുമുടിക്കെട്ടിന്റെ മുന്‍ഭാഗം തീര്‍ഥാടനമാര്‍ഗത്തേയും, പിന്‍ഭാഗം ജീവിതപ്രാരാബ്ധങ്ങളേയും കാണിക്കുന്നു. സത്യധര്‍മങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, സന്നിധാനത്തെ മാത്രം ലക്ഷ്യമാക്കി, ഏകാഗ്രധ്യാനനിഷ്ഠയോടും, വ്രതാനുഷ്ഠാനത്തോടും പതറാത്ത മനസ്സോടും കൂടി മല ചവിട്ടുന്ന അയ്യപ്പന്മാര്‍ സമഭാവനയെ വളര്‍ത്തി, നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുവാന്‍ ശ്രമിക്കുകയാണ്.

പതിനെട്ടാംപടിയുടെ തത്ത്വരഹസ്യം- പുരാണങ്ങള്‍ 18 ആകുന്നു. ഭാരതത്തിന് 18 പര്‍വങ്ങളുണ്ട്. ഗീത 18 അധ്യായങ്ങളോടു കൂടിയതാണ്. ശബരിമല സന്നിധാനത്തിലെ തൃപ്പടികളും 18 ആണ്. സത്യധര്‍മങ്ങളാണ് തൃപ്പടിയിലെ അധിഷ്ഠാനദേവതകള്‍. 18 തൃപ്പടിയിലെ ആദ്യത്തെ 17 പടികള്‍ ശരീരത്തിന്റെ 17 ഘടകങ്ങളുടെ ഉദ്‌ബോധനങ്ങളാണ്. ഈ ശരീരഘടകങ്ങളും, അവയുടെ വൃത്തികളുമാണ് ജീവന്ന് ഈശ്വര തുല്യമാക്കുന്നത്.

No comments:

Post a Comment