ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2017

രാമായണത്തിൽ നിന്നും പഠിക്കേണ്ടതായ പാഠങ്ങൾ

രാമായണത്തിൽ നിന്നും പഠിക്കേണ്ടതായ പാഠങ്ങൾ

രാമായണത്തിൽ നിന്നും പഠിക്കേണ്ടതായ പാഠങ്ങൾ ധാരാളമുണ്ട്. ആത്മീയതയെ മാറ്റിവെച്ചു അന്വേഷണം നടത്തിയാൽ ഈ കാലഘട്ടത്തിനു ഏറ്റവും അനുയോജ്യമായ അത്യുജ്ജ്വല സന്ദേശങ്ങൾ അനവധി ലഭിക്കും.

കുറെ ഉദാഹരണങ്ങൾ ചുവടെ എഴുതട്ടെ. ദശരഥന് പറ്റിയ ആദ്യത്തെ അബദ്ധം ധര്മ ശാസ്ത്രവും നിയമവും ലംഘിച്ചു . ഒന്നാമതായി  സൂര്യാസ്തമയത്തിനു ശേഷം നായാട്ടിനു പോവരുത്  കാരണം     അതു അപകടകരമാണ് എന്നത് തന്നെ. രണ്ടാമതായി ഹിംസ്രജന്തുക്കളെയല്ലാതെ ആനയെ  അമ്പെയ്യാൻ ധര്മ ശാസ്ത്രം         അനുവാദം നൽകുന്നില്ല രാജാവ് വേട്ടക്ക് പോകുന്നത് ഹിംസ്രജന്തുക്കളെ പോലും കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിക്കാനാണ്. ഇതു യുദ്ധ ചങ്കൂറ്റത്തിന് പ്രയോജനപ്പെടും.  അങ്ങിനെ ചെയ്ത രണ്ടു തെറ്റുകൾ നമുക്കും ജീവിതത്തിൽ നിയമ ലംഘനത്തിലൂടെ  സംഭവിക്കരുത്. എപ്പോഴെല്ലാം നിയമ  ലംഘനം നടക്കുന്നുവോ, അപ്പോഴെല്ലാം പ്രശ്നങ്ങളുണ്ടാക്കും.

ശ്രവണ കുമാരന്റെ  ദശരഥാസ്ത്രമേറ്റ  മരണവും അതിന്റെ പരിണത ഫലവും ഇവിടെ പഠിക്കാം. തനിക്കും പുത്ര ദുഖത്തിലൂടെയുള്ള മരണം നിശ്ചയമാണെന്ന തീരാദുഖം ഈ  തെറ്റിലൂടെ വന്നു ചേർന്നു.
കാലം കുറെ കഴ്ഞ്ഞിട്ടും ആധിയുടെ  നടുക്കയത്തിൽ ജീവിക്കുമ്പോഴും കർത്തവ്യത്തിൽ നിന്നും വ്യതിചലിക്കാതെ  ഒരു യുദ്ധ യാത്രയിൽ കൈകേയീ കൂടെ വരുന്നു. ഭാര്യയെ എന്തിനു യുദ്ധത്തിന് കൊണ്ടു പോയീ ? ഈ ചോദ്യം അവശേഷിക്കുന്നു. യുദ്ധവിജയത്തിനു അതു കാരണമായി, നിർഭാഗ്യവശാൽ, സ്വന്തം ഭാര്യക്ക്, തന്നെ സഹായിച്ചതിന്, അത്യാഹ്ലാദത്താൽ രണ്ടു വരം കൊടുത്തു. അതു വേണ്ടിയിരുന്നൊ ? ആവശ്യമില്ലാത്ത വാഗ്ദാനം ! കൂടാതെ അതെപ്പോൾ വേണമെങ്കിലും സ്വീകരിച്ചു കൊള്ളുവാനുള്ള  അനുമതിയും ! 
എല്ലാ വരും എല്ലായിപ്പോഴും ഒരേ പോലെയാകണമെന്നില്ലല്ലോ. മാറ്റം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നറിയേണ്ടേ.  ആർക്കു എന്തു വാഗ്ദാനം ചെയ്യമ്പോഴും അതു പിന്നീട് എപ്പോൾ വേണമെങ്കിലും  സ്വീകരിക്കാൻ അനുമതി നൽകുമ്പോഴും വരും വരായ്കകൾ അറിയേണ്ടേ. ഭാവി കാര്യങ്ങളും മാറ്റങ്ങളെയും വിലയിരുത്താതെ മുന്നോട്ടു പോയാൽ സംഭിവിക്കുന്നതാണ് ദശരഥന് സംഭവിച്ചത്.
തനിക്കുള്ള ശാപവും  താൻ കൊടുത്ത വരങ്ങളും എന്നെന്നും ഓർത്തുകൊണ്ട് വേദനിച്ചു കൊണ്ടു ദിവസങ്ങൾ നീക്കേണ്ടിവന്നു. ഇന്നലെ ചെയ്തതും, പറഞ്ഞതും ഇന്നത്തെ ദുഖത്തിന് കാരണമാകരുത്  എന്നോർക്കണം. ഇതു നമുക്കും ബാധകമാണ്. 
കൈകേയീ വളരെ ബുദ്ധിമതിയാണ്, നല്ലവളും. മന്ഥരയുടെ കൂട്ടുകെട്ട് അവരിൽ മാറ്റമുണ്ടാക്കി . വ്യക്തികൾ എത്ര നല്ലവരാണെങ്കുലും കൂട്ടുകെട്ട് പലപ്പോഴും പ്രശ്നത്തിന് കാരണമായേക്കാം.

മന്ഥര കൈകേയിയെ ഉപദേശിക്കുന്നതും മനസ്സു മാറ്റുന്നതും ഒരു മാനേജ്മെന്റ് രീതി തന്നെയാണ് എന്നോർക്കണം. മനുഷ്യമനസ്സിൽ മാറ്റമുണ്ടാക്കേണ്ട രീതി ഇവിടെ നിന്നും മനസിലാക്കാം. എത്ര നല്ല വ്യക്തിയാണെങ്കിലും  പലപ്പോഴും മറ്റുള്ളവരുടെ ചതിയിൽ നാമിൽ പലരും വീഴുന്നതും ഇതുപോലെയാണ്. 
വളരെ ധൃതിയിലായിരുന്നു ദശരഥന്റെ തീരുമാങ്ങൾ.  പലതും ഭയന്നും പലരെയും  സംശയിച്ചും ചിന്തിക്കാതെയും മറ്റുള്ളവരുമായി ചർച്ച ചെയ്യാതെയും ഒറ്റക്കെടുത്ത തീരുമാനം വിനാശ കാലേ വിപരീത ബുദ്ധിയായി തീർന്നു. എത്ര പ്രശ്ന സങ്കീർണമായ കാര്യങ്ങളായാലും ധൃതിപിടിച്ചു തീരുമാനമെടുക്കരുത്.  അടുത്തുള്ളവരോട് ചോദിക്കാതെയും ചർച്ച ചെയ്യാതെയും വലുതോ ചെറുതോ ആയ കാര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ സങ്കീർണ മായ പ്രശ്നങ്ങളിൽ ചെന്നവസാനിക്കും. പലപ്പോഴും പരിഹരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക്  നമ്മെ ചെന്നെത്തിക്കും. പിന്നീട് തിരിച്ചു വരാനും തിരുത്താനും ബുദ്ധിമുട്ടാകും എന്നു നാമറിയണം. ഇതാണ് ദശരഥന്  സംഭവിച്ചത്.

ഏതു കാര്യം ചെയ്യുമ്പോഴും, അതിനുള്ള തീരുമാനങ്ങളെടുക്കുമ്പോഴും പലരുമായിട്ടു ചിന്തിക്കണം. ആരെയെങ്കിലും മറച്ചുവെക്കാനോ, ഒളിച്ചു വെക്കണോ ശ്രമിക്കുമ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. ഭരതനും കൂടി തീരുമാനമെടുക്കുന്ന വേളയിൽ അവിടെ ഉണ്ടായിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.  
ഇനിയും നമുക്ക് പഠിക്കാം! കൈകേയിയുടെ സ്വാർത്ഥത മൂന്നു സ്ത്രീകളെ വിധവകളാക്കി, നാലു മക്കൾക്ക് അച്ഛൻ നഷ്ടമായി, രാജ്യത്തിനും പ്രജകൾക്കും  രാജാവ് നഷ്ടപ്പെട്ടു, മറ്റു രാജാക്കന്മാർക്ക് ചക്രവർത്തി ഇല്ലാതായി. ഒരു വ്യക്തിയുടെ സ്വാർത്ഥത നമുക്കും പഠിക്കാനുള്ള പാഠമാകണം. 
രാമൻ കാട്ടിലേക്ക് പോകുന്നത്, ഭരതൻ വരുന്നത് വരെ നീട്ടിവെച്ചിരുന്നെങ്കിൽ രാമന്റെ യാത്ര ഉണ്ടാകില്ല, പക്ഷെ രാമായണവും ഉണ്ടാകില്ല. സീതാ ദേവിയെ രാജ്ഞിയാക്കി വാഴിക്കാൻ  വസിഷ്ഠൻ പറഞ്ഞു.  സീത തന്നെ അതു തിരസ്കരിച്ചു. രാമൻ അതു നിർബന്ധിച്ചുമില്ല. സീത രാമന്റെ കൂടെയില്ലായിരുന്നെങ്കിൽ  ഇതു  വെറും ഒരു കാനന  യാത്ര മാത്രമാകുമായിരുന്നു. സീത,  തന്റെ ഭാര്യാ ധർമം വിവരിച്ചുകൊണ്ട് പറഞ്ഞു ഭർത്താവ് എവിടെയുണ്ടോ അവിടെ ഭാര്യ ഉണ്ടാകണം. എനിക്കു രാജ്ഞിപട്ടത്തേക്കാൾ  വലുത് ഭർത്താവിന്റെ സാന്നിധ്യം. 
ലക്ഷ്മണൻ രാമനെ ഉപദേശിച്ചു, ധര്മശാസ്ത്രപ്രകാരം രാജാവിന്റെ മൂത്ത പുത്രനാണ് രാജാവാകേണ്ടത്. അതിനാൽ പിതാവ് പറയുന്നത് അനുസരിക്കാതെ തന്നെ സിംഹാസനത്തിൽ ഇരിക്കൂ.
ലക്ഷ്മണനെ രാമൻ ഭംഗിയായി ഉപദേശിക്കുന്നു. വികാരത്തെക്കാൾ മഹത്വം   വിചാരത്തിനാണ്, വിചാരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം. വികാരത്തിന്നടിമയാകരുതു. നടക്കേണ്ടതിൽ നിന്നു ഭിന്നമായി പലതും പെട്ടെന്ന് മാറി നടക്കുമ്പോൾ അതിനെയാണ് നിയതി എന്നും ഈശ്വരേച്ഛയെന്നും പറയുന്നത്. തന്റെ ദൗത്യം രാജ്യഭരിക്കലാകില്ല അതിലും വലുത് ചെയ്യാനുണ്ട്, അതിനാൽ താൻ യാത്രക്ക്പുറപ്പെടുന്നു  . 
ലക്ഷ്മണനും കൂടെ യാത്രയായി. ലക്ഷ്മണൻ  കൂടെ  ഇല്ലായിരുന്നെങ്കിൽ, രാമായണമില്ല.
13 വർഷം നീണ്ട വന വാസം. ബുദ്ധിമതിയായ  മന്ഥര      14 വര്ഷമാക്കിയത് ഒരുപക്ഷേ  ഭരതന്റെ കൈവശാവകാശം ചോദ്യം ചെയ്യപ്പെടാതിരിക്കാനാകും. തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലതു പ്രകൃതിക്കു വിട്ടുകൊടുത്തു, ചിലതു ശ്രദ്ധിച്ചുസ്വയം എടുത്തു. 
യാത്രാന്ത്യത്തിൽ, സീത രാമന് നഷ്ടപ്പെടുന്നു. കാരണം സീത ലക്ഷ്മണ രേഖ ലംഘിച്ചു. എല്ലാവർക്കുമുണ്ട്, ലക്ഷ്മണ  രേഖ . അതു ലംഘിക്കിച്ചാൽ സർവ നാശമാണ്  പരിണത ഫലം. 
ബാലി സുഗ്രീവന്മാർ യുദ്ധം ചെയ്തു, പുറത്തുനിന്നു വന്ന രാമൻ സുഗ്രീവസഹായത്തിനായി ബാലിയെ വധിച്ചു. ശ്രദ്ധിക്കുക, നമ്മുടെ ഗൃഹത്തിൽ ജ്യേഷ്ഠാനുജന്മാർ തമ്മിൽ യുദ്ധം ചെയ്താൽ, നഷ്ടം നമുക്കായിരിക്കും. 
ഒരു സ്ത്രീ ചെയ്ത ആ തെറ്റിനു ഒരു വലിയ ജനത യുദ്ധത്തിലൂടെ കടന്നു പോകേണ്ടി വന്നു.  ഒരു തിന്മയുടെ പ്രതീകം നശിക്കുകയും ചെയ്തു. സമൂഹത്തിനു നന്മയുണ്ടായി എങ്കിലും. കുറെ പേർക്ക് നഷ്ടം. 
എല്ലാം   ഓരോ സംഭവമായി പരിശോധിക്കുക, അതിലെല്ലാം നമുക്ക് പഠിക്കാനുള്ള പാഠങ്ങളുണ്ട്. മാനേജ്മെന്റ് പാഠങ്ങൾ.
തെറ്റുചെയ്തവനും കൂടെ നിന്നവരും മരിച്ചു. ശരി  ചെയ്തവർ കുറെ കാലം രാഷ്ട്രഭാരം നടത്തി. വിഭീഷണനും, ഭരതനും രാജ്യം ഭരിച്ചു. 
മനുഷ്യനായി ഈശ്വരൻ അവതരിച്ചാലും , മനുഷ്യനെ പോലെ ദുഃഖം ഈശ്വരന് അനുഭവിക്കണം എന്നു പഠിക്കണം. ജീവിതം സുഖവും ദുഖവും ചേർന്നതാണ്. 
ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്നതാണ്  ജീവിതം , ജീവിക്കാൻ വേണ്ടിയുള്ള  തയ്യാറെടുപ്പല്ല ജീവിതം എന്നും നാമറിയണം.
രാമായണം ദുഃഖപൂർണമാണ്, അതാണ് സത്യം. വായിക്കുന്നവർക്ക് അതു തോന്നില്ല. അതാണ് രാമായണത്തിന്റെ മഹത്വം. 
ബന്ധം വേണം ബന്ധനം വേണ്ട അതും നാമറിയണം. അതും രാമായണത്തിൽ നിന്നും പഠിക്കണം. 
ഇതു  രാമാനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 20 പേരുടെ ജീവിതാനുഭവങ്ങളാണ്. അതിൽ പല  സംഭവങ്ങളും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
രാമായണത്തിൽ ജീവിത ഗന്ധിയായ മാനേജ്മെന്റ് സന്ദേശങ്ങളാണ് ഓരോ അനുഭവത്തിലും,  വരിയിലും,  അധ്യായത്തിലുമുള്ളതു. അതു നമുക്ക് മാർഗ്ഗദര്ശകമായാലേ രാമായണ മാസം വിജയിക്കൂ, രാമായണ പഠന ഫലസിദ്ധി ഉണ്ടാകൂ.
ഇനിയും നമുക്ക് കുറെയേറെ പഠിക്കാനുണ്ട്. സ്വയം വിലയിരുത്തുക മറ്റുള്ളവർക് പറഞ്ഞുകൊടുക്കുക. ഇന്നത്തെ കാലഘട്ടത്തിൽ യോജിക്കുന്ന വിധത്തിൽ പഠിപ്പിക്കുക.

1 comment:

  1. വാല്മീകിരാമായണം അഞ്ചാം ദിവസം...പൂജ്യ അദ്ധ്യാത്മാനന്ദ സ്വാമിജി.(5.5.2018)

    പുത്രനെ സന്താനമായി ലഭിക്കാത്തതിൽ‍ ദശരഥൻ അതിയായി ദുഃഖിച്ചു. കുലഗുരുവായ വസിഷ്‍ഠമഹർ‍ഷി പുത്രകാമേഷ്ടിയാഗത്തെക്കുറിച്ച് വിസ്തരിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ യാഗം നടത്താൻ‍ തീരുമാനിച്ചു. യാഗം നടത്താൻ‍ ഋഷ്യശൃംഗമഹർ‍ഷിയെ വരുത്താൻ ഉപദേശിക്കുന്നതും കുലഗുരുവാണ്. അയോദ്ധ്യാ നഗരാതിർ‍ത്തിയിലുള്ള സരയൂനദീ തീരത്തുവെച്ചു യാഗം നടത്താമെന്നു സമ്മതിച്ചു ഋഷ്യശൃംഗൻ‍. (ദശരഥന്റെ പുത്രീഭർത്താവാണ് ഋഷ്യശൃംഗ മഹർഷി).യാഗസമയത് ദേവന്മാരും ബ്രഹ്‌മാവും മഹാവിഷ്ണുവും വന്നു അനുഗ്രഹിച്ചു.. യാഗാവസാനം യാഗകുണ്ഡത്തിൽ‍‍ നിന്നും അഗ്നിദേവൻ വെള്ളികൊണ്ടുമൂടിയ തങ്കപ്പാത്രത്തിൽ‍ വിശിഷ്ടമായൊരു പായസം ദശരഥനു സമ്മാനിച്ചു. ഈ പായസം ദശരഥ പത്നിമാർക്കായി അദ്ദേഹം പായസം ഭാര്യമാർക്ക് വീതിച്ചു കൊടുത്തു. . . തുടർന്ന് രാജ്ഞിമാർ‍ മൂവരും ഒരുപോലെ ഗർ‍ഭം ധരിച്ചു. യാഗഫലമായി കൗസല്യയിൽ രാമനും കൈകേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മണ-ശത്രുഘ്നന്മാരും ദശരഥനു ജനിച്ചു.കുട്ടികൾക്ക് നാമകരണം നടത്തി വേദ വിദ്യാഭ്യാസവും എല്ലാം വേണ്ടപോലെ നടത്തി.പതിനാറു വര്ഷം ആയി.

    ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി കൊട്ടാരത്തിലെത്തി . ബ്രഹ്മര്‍ഷി വിശ്വാമിത്രനെ ദശരഥമഹാരാജന്‍ ആദരിച്ച്, ആഗമനോദ്ദേശം ചോദിച്ചറിയുന്നു. ഞാൻ അങ്ങേക്ക് വേണ്ടി എന്തും ചെയ്യാമെന്ന് വാഗ്ദാനവും ചെയ്യുന്നു .മഹര്‍ഷി സന്തുഷ്ടനായി. അത്രമാത്രം ഹൃദ്യമായിരുന്നു ദശരഥന്റെ ആതിഥ്യ മര്യാദ. , യാഗരക്ഷയ്ക്ക് സുബാഹു, മാരീചന്‍ എന്നീ രണ്ടു രാക്ഷസന്മാര്‍ മാംസവും രക്തവും വര്‍ഷിച്ച്‌ യജ്ഞത്തിനു ഭംഗം വരുത്തുന്നെന്നും അവരെ കൊല്ലാനായി , രാമനെ അയയ്ക്കണം എന്ന അപേക്ഷ ദശരഥനെ തളര്‍ത്തി. .ഇതുകേട്ട് കോപിച്ച് പോകുവാനൊരുങ്ങുന്ന വിശ്വാമിത്രനെ കുലഗുരുവായ വസിഷ്ഠന്‍ തടഞ്ഞ്, സമാധാനിപ്പിക്കുന്നു. തുടര്‍ന്ന് വസിഷ്ഠനിര്‍ദ്ദേശാനുസ്സരണം ദശരഥന്‍ രാമലക്ഷ്മണന്മാരെ വിശ്വാമിത്രന്റെയൊപ്പം അയക്കുന്നു.
    യാത്രാമധ്യേ സന്ധ്യയായതിനാല്‍ അവര്‍ ആ രാത്രി സരയൂനദിയുടെ കരയില്‍ താങ്ങുവാനുറച്ചു. വിശ്വാമിത്ര മഹര്‍ഷി ഒരുക്കിയ പുല്ലുകൊണ്ടുള്ള ശയ്യയില്‍ രാമനും ലക്ഷ്‌മണനും വിശ്വാമിത്രന്റെ കഥകളും കേട്ടുറങ്ങി.
    അടുത്ത സുപ്രഭാതത്തില്‍ രാമലക്ഷ്‌മണന്മാരെ ഉണര്‍ത്തുവാന്‍ വിശ്വാമിത്രന്‍ അവരുടെ ശയ്യാ സമീപത്തെത്തി പാടി:
    "കൗസല്യാ സുപ്രജാ രാമാ പൂരവ്വാ സന്ധ്യാ പ്രവര്‍ത്തതേ
    ഉത്തിഷ്‌ഠ നരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാഹ്നികം:"
    (കൗസല്യ പുത്രനായ ശ്രീരാമാ ഉണരൂ മകനേ, നിനക്ക്‌ ദിനചര്യകള്‍ ചെയ്യേണ്ടതല്ലേ;
    നരസിംഹാവതാരമൂര്‍ത്തിയായ നാരായണാ; ഉണരൂ;).
    കുട്ടികൾക്ക് ഗുരുകുല വിദ്യഭ്യാസം മാത്രം പോരാ പല സ്ഥലങ്ങളിൽ യാത്ര ചെയ്തു ലോക വിജ്ഞാനം കൂടെ നേടുകയും വേണമെന്ന് മനസ്സിലാക്കണം.. നല്ല ശീലങ്ങള്‍ കുട്ടിക്കാലത്തു തന്നെ പരിശീലിപ്പിക്കണം എന്നാണ് ഇതിന്‍റെയൊക്കെ അര്‍ഥം. കുട്ടികളെ മിടുക്കരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ക്കു വ്യക്തമായ പങ്കുണ്ട്. സമൂഹത്തില്‍ അവര്‍ എങ്ങനെ ഇടപഴകണം. മറ്റുള്ളവരോടു എങ്ങനെപെരുമാറണം, എങ്ങനെ സംസാരിക്കണം എന്നിവ അവരെ കൃത്യമായി പഠിപ്പിക്കണം . കുട്ടികളെ ആരോഗ്യവും സന്തോഷവും ഉത്തരവാദിത്വവും ഉള്ളവരായി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കളെ സഹായിക്കുന്ന മാർഗനിർദേശങ്ങൾ എല്ലാം രാമായണത്തിലുണ്ട്.

    ReplyDelete