ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 December 2018

ജീവിതമാകുന്ന പഞ്ചവടീപ്രവേശം

ജീവിതമാകുന്ന പഞ്ചവടീപ്രവേശം

എന്താണ്‌ പഞ്ചവടി...? പഞ്ചഭൂതത്താലാണ്‌ ഈ ശരീരം ഉണ്ടായിട്ടുള്ളത്‍. ബ്രഹ്മാണ്ഡരചന പഞ്ചഭൂതങ്ങളാലാണ്‌ ഉണ്ടായിട്ടുള്ളത്‍. അതേ പഞ്ചഭൂതങ്ങളാൽത്തന്നെയാണ്‌ ഈ ശരീരവും ഉണ്ടാക്കിയിട്ടുള്ളത്‍. ആകാശം വായു അഗ്നി ജലം പ്രഥ്വി, ഇതാണ്‌ പഞ്ചഭൂതങ്ങൾ.

സ്ഥൂലതയിൽ നിന്ന്‌ സൂക്ഷ്മതയിലേക്കുള്ള ക്രമത്തിലാണ്‌ പഞ്ച ഭൂതങ്ങളെ വിവരിക്കുന്നത്‌.

ഭൂമിയുടെ ഗുണം ഗന്ധമാണ്. ജലം ശീതസ്പർശമുള്ളതാണ്.
വായു രൂപരഹിതവും സ്പർശാധാരവുമാണ്. അഗ്നി ചൂടുളവാക്കുന്നതാണ്.
ആകാശം ഏകവും നിത്യവുമാണ്,
അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു.

ഭൂമിയാണ്‌ ഏറ്റവും സ്ഥൂലമായത്‌.
പഞ്ചഭൂതങ്ങളിൽ ഒന്നായ ഭൂമിക്ക്‌ അർത്ഥം ഭൂമിയിലുള്ള മറ്റു നാലു വിഭാഗത്തിലും പെടാത്ത എല്ലാ വസ്തുക്കളും എന്നാണ്‌. പൊതുവെ പറഞ്ഞാൽ എല്ലാ ഖര പദാർഥങ്ങളും ഇതിൽപെടുന്നു. ഭൂമിയെക്കുറിച്ച്‌ ഒരാൾക്ക്‌ അറിയണമെന്നുണ്ടെങ്കിൽ കേട്ടും, കണ്ടും, തൊട്ടും, രുചിച്ചും, മണത്തുനോക്കിയും അറിയാവുന്നതാണ്‌. ശരീരത്തിൽ‍ 12 ശതമാനമാണ്‌ ഭൂമി. ഭക്ഷണം എങ്ങിനെയാണ്‌ നിങ്ങളുടെ ഉള്ളിലേക്കു പോവുന്നത്‌, അത്‌ ആരുടെ കൈകളിൽ‍നിന്നാണ്‌ എത്തുന്നത്‌, എങ്ങിനെയാണ്‌ നിങ്ങൾ‍ അത്‌ ഭക്ഷിക്കുന്നത്‌, എങ്ങിനെയാണ്‌ നിങ്ങൾ‍ അതിനെ സമീപിക്കുന്നത്‌, ഈ ഘടകങ്ങളെല്ലാം പ്രാധാന്യമർഹിക്കുന്നവയാണ്. എല്ലാറ്റിനുമുപരി, നിങ്ങൾ‍ ആഹരിക്കുന്ന ഭക്ഷണം ജീവനാണ്‌ എന്ന കാര്യം ഓർമ്മിക്കുക.

ഭൂമിയെ അപേക്ഷിച്ച്‌ കുറച്ചുകൂടി സൂക്ഷ്മമാണ്‌ ജലം. എന്തെന്നാൽ ജലത്തെ മണത്തു അറിയുവാൻ കഴിയുന്നില്ല. ബാക്കി നാലു രീതിയിലും ജലത്തെക്കുറിച്ച്‌ അറിയുവാനും സാധിക്കും. പഞ്ചഭൂതങ്ങളി‍ൽവെച്ച്‌ ഏറ്റവും പ്രധാനം ജലമാണ്‌. ജലത്തിന്‌ കാര്യമായ ശ്രദ്ധ തന്നെ കൊടുക്കണം. കാരണം അതിന്റെ അനുപാതം 72% മാണ്‌, അതിന്‌ അപാരമായ ഓർ‍മശക്തിയുണ്ടുതാനും.

വായുവിനെ രുചിക്കുവാനോ, കാണുവാനോ, സ്പർശിച്ചുനോക്കുവാനോ, മണത്തുനോക്കുവാനോ കഴിയുകയില്ല. അതേ സമയം, കേട്ടറിയാവുന്നതാണ്‌. വേണമെങ്കിൽ മണത്തറിയാം. വായുവിന്റെ അനുപാതം 6% മാണ്‌. അതില്‍ 1% മാത്രമാണ്‌ നിങ്ങളുടെ ശ്വാസം. ബാക്കി മറ്റു പലരീതികളിൽ‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ശ്വസിക്കുന്ന വായുവല്ല, മറിച്ച്‌ ആ വായുവിനെ നിങ്ങ‍ൾ ഉള്ളി‍ൽ പിടിച്ചു നി‍ർത്തുന്ന രീതിയാണ്‌ നിങ്ങളിൽ‍ സ്വാധീനത ചെലുത്തുക.

അഗ്നിയെ കണ്ടും കേട്ടും സ്പർശിച്ചും മൂന്നു വിധത്തിൽ അറിയാൻ സാധിക്കുന്നു. അതുകൊണ്ട്‌ ഇതു മൂന്നാം സ്ഥാനത്തു നിൽക്കുന്നു. മറ്റുള്ള പഞ്ചഭൂതങ്ങളെ അപേക്ഷിച്ച് അഗ്നി ശുദ്ധീകരണവേളയിൽ സ്വയം അശുദ്ധമാകുന്നില്ല.
ഏതു തരം അഗ്നിയാണ്‌ നിങ്ങളുടെ ഉളളിലെരിയുന്നത്‌? ദുരാഗ്നി (fire of greed) യാണോ? ദോഷാഗ്നി (fire of hatred) യാണോ? കോപാഗ്നിയാണോ? സ്‌നേഹാഗ്നിയാണോ? അതോ കരുണാഗ്നിയാണോ? ആ കാര്യത്തി‍ൽ ശ്രദ്ധ കൊടുത്തു കഴിഞ്ഞാ‍ൽ സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷേമത്തെക്കുറിച്ച്‌ ബേജാറാവേണ്ടി വരില്ല. കാരണം, അത്‌ പരിഹരിക്കപ്പെടുകയായി.

ഈ ലോകത്തിൽ എന്തിനും സ്ഥിതി ചെയ്യാൻ സ്ഥലം വേണം. ഈ സ്ഥലമാണ്‌ ആകാശം. ആകാശത്തെക്കുറിച്ച്‌ ഒരാൾക്ക്‌ കേട്ടറിവു മാത്രമേയുള്ളൂ. മറ്റൊരു രീതിയിലും ഇതൊട്ട്‌ അറിയാനും കഴിയില്ല. അതിനാൽ പഞ്ചഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മം ആകാശമാകുന്നു.
സൃഷ്‌ടിയായിരിക്കുന്ന സംഗതിക്കും, സൃഷ്‌ടിസ്രോതസ്സായിരിക്കുന്ന സംഗതിക്കും ഇടയ്ക്ക്‌ വർത്തിക്കുന്ന തലമാണ്‌ ആകാശം. മറ്റു നാലു ഭൂതങ്ങളെ നന്നായി പരിപാലിച്ചാ‍ൽ, ആകാശം സ്വയം പരിപാലിച്ചുകൊള്ളും.

ഈ പഞ്ചഭൂതങ്ങളെയും ഒരു പ്രത്യേക അനുപാതത്തിൽ  സഞ്ചയിപ്പിച്ചിട്ടാണ്‌ ബ്രഹ്മാണ്ഡപിണ്ഡാണ്ഡാദികളുടെ നിർമ്മാണം. ബ്രഹ്മാണ്ഡത്തിനെ സമഷ്ടി എന്നും പിണ്ഡാണ്ഡത്തെ വ്യഷ്ടി എന്നും പേരിട്ടുവിളിയ്ക്കുന്നു. ഈ വിശേഷമായി സഞ്ചയിപ്പിച്ചിട്ടുള്ള പ്രക്രിയയെ പഞ്ചീകരണം എന്ന്‍ പറയുന്നു. 

മനുഷ്യശരീരം പഞ്ചകോശങ്ങളാൽ നിർമ്മിതമാണ്‌. ആന്നമയകോശം, പ്രാണമയകോശം മനോമയകോശം വിജ്ഞാനമയകോശം ആനന്ദമയകോശം, എന്നിങ്ങനെ അഞ്ച്‍ കോശങ്ങളാൽ നിർമ്മിതമാണ്‌. പ്രാണൻ അപാനൻ ഉദാനൻ സമാനൻ വ്യാനൻ എന്ന അഞ്ച്‍ പ്രാണനുകളാൽ നിയന്ത്രിതമാണ്‌. മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം എന്നീ നാല്‌ തത്ത്വങ്ങളും ഇതൊന്നുമല്ലാത്ത ആത്മാവും ചേരുന്ന തലമാണ്‌ പഞ്ചവടി.

പഞ്ച ശബ്ദത്തിന്‌ അഞ്ച്‌ എന്നർത്ഥം. വടി ശബ്ദത്തിന്‌ വൃക്ഷം എന്ന്‍ അർത്ഥം പറയുന്നു. ആൽ അരയാൽ പേരാൽ മഹാവില്വം   (കൂവളം) അംല. (നെല്ലി) ഈ അഞ്ച്‍ വൃക്ഷങ്ങളും ഉള്ളിടത്തെ പഞ്ചവടി എന്ന്‍ പറയുന്നു.

മാനവജീവിതത്തിൽ സാധകൻ അവന്റെ ജീവിതമാകുന്ന പഞ്ചവടിയിലേയ്ക്ക് കാലെടുത്തുവെയ്ക്കുമ്പോൾ, ഏതൊരുവനും നേരിടേണ്ടി വരുന്നത്‌ രാക്ഷസന്മാരെയാണ്‌. നമ്മുടെ പഞ്ചവടിയാകുന്ന, പഞ്ചഭൂതാത്മകവും പഞ്ചേന്ദ്രിയസഞ്ചിതവുമായ, ഈ ശരീരസംഘാതത്തിലെ, ശരീരിയാകുന്ന ആത്മചൈതന്യത്തെ അറിയാൻ, ജീവാത്മാവ്‍ ആദ്യപടികൾ വെയ്ക്കാൻ  തുടങ്ങുമ്പോൾ, ചിത്ത വൃത്തിനിരോധത്തിനായി തുനിയുമ്പോൾ, അതിനു വിഘ്നങ്ങളായി അവന്റെ വഴിയിൽ പർവ്വതസമാനമായി രാക്ഷസീയവിചാരങ്ങൾ ഓരോന്നോരോന്നായി വന്നു തുടങ്ങുന്നു.

ആ രാക്ഷസീയ വിചാരങ്ങളെ നശിപ്പിയ്ക്കുകതന്നെ വേണമെന്ന്‍ ശ്രീരാമൻ പറയുന്നു. അവയെ നശിപ്പിയ്ക്കാതെ ആത്യന്തികമായ പരമാത്മൈക്യം സാധ്യമല്ല. ശ്രീരാമൻ ജ്ഞാനം, സീത ഭക്തി, ലക്ഷ്മണൻ വിരാഗത. ഒരുത്തമ ജ്ഞാനിയ്ക്ക്‍, ഒരു വിരാഗിയ്ക്ക്‍, അവനിലുണ്ടായിരുന്ന ഭക്തിയ്ക്ക്‍ ക്ഷതം സംഭവിയ്ക്കുമ്പോൾ, അവനറിയാതെത്തനെ ക്രോധിതനായിത്തീരുന്നു എന്ന തത്ത്വവും ഇതിൽ കാണാം. ഉപനിഷദ്‍ സന്ദേശവും ഗീതാസന്ദേശവും എല്ലാം ഇതുതന്നെയല്ലേ. വേദസമ്മതമായ രാമായണം ചമയ്ക്കുന്നൂ എന്ന്‍ രാമായണകർത്താക്കൾ ഉദ്‍ഘോഷിയ്ക്കുന്നത്‍ ഇതുതന്നെയല്ലേ.. 

എന്നിലുള്ള രാക്ഷസീയ ചിന്തകൾ എന്റേതുതന്നെയാണോ, അതോ, അതിൽ ചിലതെങ്കിലും എന്റെ പിതാവിൽ നിന്നോ എന്റെ പിതാമഹന്മാരിൽനിന്നുമൊക്കെ കൈമാറ്റം ചെയ്തുകിട്ടിയതാണോ, പാരമ്പര്യമായി കൈവന്നിട്ടുള്ളതാണോ. എന്റെ കോശം, കോശഭാഗം, കോശഭാഗ അവയവം (സ്പേം അല്ലെങ്കിൽ അണ്ഡം, ക്രോമോസോം, ജീൻ)  ഇതെല്ലാം പരമ്പരയാ കൈമാറ്റം വന്നിട്ടുള്ളതല്ലേ. എങ്കിൽ ആ പാരമ്പര്യപ്രചോദിതമായ വസ്തുതകൾ എന്നിൽ ആവിർഭൂതമായ രാക്ഷസീയ ചിന്തകൾക്ക്‍ എന്റെ പഞ്ചവടീപ്രവേശം എന്ന ഉദ്യമത്തിൽ എന്തെങ്കിലും സാംഗത്യമുണ്ടോ എന്ന്‌ സാധകൻ പരിശോധിയ്ക്കേണ്ടതാണ്‌ എന്ന ഒരു സൂചനയുംകൂടി ഇതിലുണ്ട്.

ജീവിതത്തിലെ ഏതൊരു മേഖലയിലുമുള്ള മുന്നേറ്റത്തിൽ അമ്പത്‍ ശതമാനത്തോളം ആ വ്യക്തിയുടെ പൂർവ്വജന്മങ്ങളിലെ കർമ്മങ്ങളുടെ ഫലങ്ങൾ -കാർമിക്‌ എക്കൗണ്ട്‍- സ്വാധീനം ചെലുത്തുന്നു. ഭൗതികമായി എത്രതന്നെ യത്നിച്ചാലും ആധ്യാത്മികയിൽ മുന്നേറാൻ സാധ്യമല്ല. ആധ്യാത്മികതയോടുള്ള അഭിരുചിതന്നെ പാരമ്പര്യമായി കൈമാറിപ്പോന്ന സംസ്കാരത്തിന്‌ അനുഗുണമായിട്ടല്ലേ സംഭവിക്കൂ...

No comments:

Post a Comment