ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2021

കള്ളിയങ്കാട്ട് നീലി

കള്ളിയങ്കാട്ട് നീലി

തെക്കൻ പാട്ടുകളിലും വില്ലടിച്ചാൻപാട്ടുകളിലും തിരുവിതാംകൂറിലെ നാടോടിക്കഥകളിലും കാണുന്ന ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി എന്ന യക്ഷി. സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികയായ മാർത്താണ്ഡവർമ്മയിലും നീലി കടന്നു വരുന്നുണ്ട്. കാർത്യായനിയമ്മ എന്ന കഥാപാത്രം മകൾക്ക് കഥ പറഞ്ഞ് കൊടുക്കുന്ന രീതിയിലാണ് ഇത്. തെക്കൻപാട്ടിലേതിൽ നിന്ന് ചില വ്യത്യാസങ്ങൾ മാർത്താണ്ഡവർമ്മയിൽ കാണാം. യക്ഷിയാണെങ്കിലും പിന്നീട് മാതൃഭാവത്തിൽ നീലി ആരാധിക്കപ്പെട്ടു.

കൊല്ലവർഷം 30കളിൽ പഴകന്നൂർ ദേശത്ത് വാണിരുന്ന ഒരു ദേവദാസിയായ കാർവേണിയുടെ പുത്രിയാണ് അല്ലി. സുന്ദരിയായ അവൾ അവിടുള്ള ശിവൻ കോവിലിലെ പൂജാരിയുമായി പ്രണയത്തിലായി. പിന്നീട് അവരുടെ വിവാഹവും നടന്നു. എന്നാൽ ദുർന്നടപ്പുകാരനായ നമ്പി പണം മോഹിച്ചാണ് അവളെ വിവാഹം ചെയ്തത്. മരുമകന്റെ ദുർന്നടപ്പിലും ധൂർത്തിലും മനം നൊന്ത് കാർവേണി നമ്പിയെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി. ഇതറിഞ്ഞ അല്ലിയും അദ്ദേഹത്തോടൊപ്പം വീട് വിട്ടിറങ്ങി. വഴിമധ്യേ സ്വന്തം മടിയിൽ തലവെച്ചുറങ്ങിയ അല്ലിയെ ആഭരണങ്ങൾ മോഷ്ടിക്കാനായി നമ്പി തലയിൽ കല്ലുകൊണ്ടടിച്ചു കൊന്നു. അല്ലിയെ തിരക്കി വന്ന അനുജൻ അമ്പി ഈ രംഗം കണ്ട് തല തല്ലി മരിച്ചു.

ഇവർ രണ്ടു പേരും പുനർജന്മമായി ചോളരാജാവിന്റെ കുട്ടികളായി - നീലനും നീലിയും ജനിക്കുന്നു. തുടർന്ന് രാജ്യത്തിലുടനീളം ദുർനിമിത്തങ്ങൾ കാണപ്പെടുകയുണ്ടായി. പ്രധാനമായും കന്നുകാലികൾ രാത്രിയിൽ നഷ്ടപ്പെടുകയുണ്ടായി. ഇതിനു കാരണം കുട്ടികളാണെന്ന് മനസ്സിലാക്കിയ ചോളരാജാവ് കുട്ടികളെ ചോളരാജ്യത്തിന്റെ തെക്കേ അതിർത്തിയായ നാഗർകോവിലിനു സമീപമുള്ള പഞ്ചവങ്കാട്ടിൽ ഉപേക്ഷിച്ചു. അതിനു സമീപമായുള്ള പഴകന്നൂർ ഗ്രാമമായി പിന്നീട് കുട്ടികളുടെ വിഹാരകേന്ദ്രം. നാട്ടിലെ എഴുപത് ഊരാണ്മക്കാർ ചേർന്ന് മാന്ത്രികനായ നാഗർകോവിൽ നമ്പിയെ വരുത്തി നീലനെ ആവാഹിച്ചു തളച്ചു. എന്നാൽ അദ്ദേഹത്തിനു നീലിയെ തളയ്ക്കാൻ ആയില്ല. ഇതിനിടയിൽ നാഗർകോവിൽ നമ്പിയെ നീലി കൊലപ്പെടുത്തി. ഇതിനിടയിൽ പൂജാരി നമ്പിയുടെ പുനർജന്മമായ ആനന്ദൻ എന്ന കാവേരിപൂംപട്ടണം സ്വദേശി പഞ്ചവങ്കാട് വഴി മുസിരിസ്സിലേക്ക് വ്യാപാരത്തിനായി പോകാനൊരുങ്ങി. കയ്യിൽ മാന്ത്രികദണ്ഡുണ്ടായിരുന്ന ആനന്ദനെ തൊടാൻ നീലിക്ക് കഴിഞ്ഞില്ല. അയാൾ ഓടി പഴകന്നൂർ ഗ്രാമത്തിലെത്തി. ഇതിനിടയിൽ യക്ഷി മായ കാട്ടി കുട്ടിയോട് കൂടിയ ഒരു സ്ത്രീ രൂപം ധരിച്ച് തന്റെ ഭർത്താവ് താനുമായി വഴക്കിട്ട് ഓടിപ്പോവുകയാണെന്ന് ഗ്രാമവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അയാൽ യക്ഷിയാണ് അതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ലെന്നു മാത്രമല്ല, യക്ഷി അദ്ദേഹത്തെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ഉരാണ്മക്കാർ എഴുപതുപേരും അയാളോടൊപ്പം മരിക്കുമെന്നും സത്യം ചെയ്തു. നിവൃത്തിയില്ലാതെ അവിടെ കഴിഞ്ഞ ആനന്ദനെ രാത്രി തന്ത്രപൂർവ്വം നീലി വധിക്കുന്നു. പിറ്റേന്ന് രാവിലെ ആനന്ദൻ മരിച്ചുകിടക്കുന്നത് കണ്ട ഊരാണ്മക്കാർ വാക്കുപാലിക്കാനായി അഗ്നിപ്രവേശം ചെയ്തു. തന്റെയും തന്റെ സഹോദരന്റെയും മരണത്തിനു കാരണക്കാരനായ ആനന്ദനേയും എഴുപത് ഊരാണ്മക്കാരേയും വധിച്ചതിനാൽ നീലി ഒരു കള്ളിപ്പാലയുടെ ചുവട്ടിൽ കുടിയിരിക്കുകയും ക്രമേണ മാതൃദേവതയായി മാറുകയും ചെയ്തു.

No comments:

Post a Comment