ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2021

അറിവ്

അറിവ്

പണ്ടുള്ള മഹാത്മക്കൾ ഘോഷിച്ചതെല്ലാം പദാനുപദം ശരിയാണെന്നും സത്യമാണെന്നുമൊക്കെയാണോ പറയുന്നത് എന്ന സംശയം വരാം. അതെ, ശരിയാണ്, സത്യമാണ്, കാരണം, അതെല്ലാം പണ്ഡിതർ പഠനവിധേയമാക്കിയിട്ടുണ്ട്, വേദവിജ്ഞാനങ്ങളുമായി താരതമ്യം ചെയ്തിട്ടുമുണ്ട്, അവരൊന്നും വിയോജിപ്പുകളോ എതിർപ്പുകളോ രേഖപ്പെടുത്തിയിട്ടില്ല, മറിച്ച് അഭിനന്ദിച്ചിട്ടുണ്ടുതാനും. ആ പണ്ഡിതരൊക്കെ പറഞ്ഞത് ശരിയാണെന്ന് എങ്ങിനെ തീരുമാനിയ്ക്കാം. തീർച്ചയായും തീരുമാനിയ്ക്കാം, കാരണം അവർക്കൊക്കെ നമ്മെക്കാളൊക്കെ അധികം അറിവുണ്ടായിരുന്നു. അത്തരക്കാരുടെ ഇതര ഗ്രന്ഥങ്ങളിൽ നിന്ന് അവരുടെ വിനയവും സൗശീല്യവും ദയ, കാരുണ്യം, സമത്വഭാവന, ജ്ഞാനം, ഭക്തി, വൈരാഗ്യം ഇത്യാദികളെല്ലാം ദൃഷ്ട്മാണ്. അത്തരത്തിലുള്ള ഗ്രന്ഥങ്ങളൊന്നും പിൽക്കാലത്ത് മറ്റ് ആരാലും രചിയ്ക്കപ്പെട്ടില്ലാ എന്നതുതന്നെ അതിനെ സാധൂകരിയ്ക്കുകയും ചെയ്യുന്നു. മനുഷ്യൻ തലമുറയിലൂടെ മാറിമാറി വരുമ്പോൾ, അവൻ അറിവിൽ നിന്ന് അറിവില്ലായ്മയിലേയ്ക്കാണ് വളരുന്നത്. എന്നെക്കാൾ അറിവ് എന്റെ അച്ഛനുണ്ടായിരുന്നു. എന്റെ അച്ഛന്റെ അറിവിനേക്കാൾ അച്ഛന് അറിവുണ്ടായിരുന്നു. അതിനും അപ്പുറത്തേയ്ക്കുള്ള തലമുറയ്ക്ക് എത്ര അറിവുണ്ടായിരിരുന്നിട്ടുണ്ടാവും... ഇങ്ങനെ ചിന്തിയ്ക്കണം. എന്റെ മുൻ തലമുറയ്ക്ക് അറിവുണ്ടായിരുന്നു എന്ന് വാദിയ്ക്കുന്നതിന്റെ സാംഗത്യമെന്താണ്? ഇത് വാദമൊന്നുമല്ല, പരമാർത്ഥമാണ്. എന്റെ അച്ഛൻ ജീവിച്ചിരുന്നപ്പോൾ മുപ്പതും നാല്പ്പതും അംഗങ്ങൾ വീട്ടിലുണ്ടായിരുന്നു, ഏക്കർ കണക്കിന് കൃഷിയും കന്നുകാലികളും ആടും കോഴിയും പട്ടിയും പൂച്ചയും അതിഥികളും ഭിക്ഷക്കാരും, വീട്ടിലെ പണിക്കാരും, എല്ലാംകൂടി, അദ്ദേഹം നോക്കി നടത്തിയിരുന്നതും, എല്ലാ അംഗങ്ങളെയും ഒരേപോലെ കാണുകയും എല്ലാവരുടെയും സുഖസൗഖ്യാദികളിൽ ശ്രദ്ധിയ്ക്കുകയും, ആർക്കും ഒരു കുറവും വരാതെ നോക്കുകയും, യാതൊരു അടിപിടിയോ വാക്കേറ്റമോ ഒന്നുമില്ലാതെ, കുടുംബത്തിനെ മുന്നോട്ടുനയിയ്ക്കുകയും, ഒക്കെ ചെയ്തവനാണ്. അദ്ദേഹം നൂറാമത്തെ വയസ്സിൽ വളരെ ആരോഗ്യത്തോടും സമാധാനത്തോടും ശാന്തിയോടും കൂടി ജീവിയ്ക്കയും, യാതൊരു രോഗവുമില്ലാതെ നൂറുവയസ്സുവരെ ജീവിച്ച്, സന്തോഷത്തോടെ മരിച്ചുപോവുകയും ഒക്കെ ചെയ്തു. എങ്ങിനെ ജീവിയ്ക്കണമെന്ന് അവർ അറിഞ്ഞിരുന്നു. ആ അറിവ് അവർക്കുണ്ടായിരുന്നു. എനിയ്ക്ക് ആ അറിവില്ല്യ. വളരെ ചെറുപ്പത്തിൽ തന്നെ വാർദ്ധക്യജന്യങ്ങളായ രോഗങ്ങൾ പിടിപെടുകയും യുവാവസ്ഥയിൽത്തന്നെ പ്രമേഹവും രക്തസമ്മർദ്ധവും കിഡ്നിയ്ക്ക് തകരാറും, ആരോടും യോജിയ്ക്കാൻ പറ്റായ്കയും എന്നും വഴക്കും വക്കാണവും, പിടിച്ചുപറിയും കളവും ചതിയും ഭീകരവാദപ്രവർത്തനങ്ങളും തീവ്രവാദചെയ്തികളും ബോംബ് വെയ്ക്കലും പൊട്ടിയ്ക്കലും നശിപ്പിയ്ക്കലും കോഴയും കൈക്കൂലിയും നാടിനെ കാടാക്കുകയും കാടിനെ റോഡാക്കുകയും അച്ഛനമ്മമാരെ ചവിട്ടിപ്പുറത്താക്കുകയും പ്രസവിച്ച ചോരക്കുഞ്ഞിനെ അമ്മമ്മാർ തന്നെ ചവറ്റുകൂനയിലേയ്ക്ക് വലിച്ചെറിയുകയും ഒക്കെ ചെയ്യുന്നത് അറിവില്ലായ്മയല്ലാതെ മറ്റെന്താണ്. ബാഹ്യമായ സകലതിനെയും അഴിച്ച് അപഗ്രഥിച്ച് പഠിച്ചാലൊന്നും അറിവുണ്ടാവില്ല, അറിവില്ലായ്മ മാത്രമേ ഉണ്ടാകൂ.

No comments:

Post a Comment