ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 December 2021

എങ്ങനെയാണ് നാം മന്ത്രസാധന തുടങ്ങേണ്ടത് ?

എങ്ങനെയാണ് നാം മന്ത്രസാധന തുടങ്ങേണ്ടത് ?

ഗായത്രീ സാധന ചെയ്യാനുള്ള ചില സംസ്കാരങ്ങൾ ഓരോരുത്തരും ആർജ്ജിക്കേണ്ടതായിട്ടുണ്ട്. ഇതിൽ ഒന്നാമത്തേത് ചതുർവേദങ്ങളിലുള്ള വിശ്വാസമാണ്. തുടർന്ന് ഗുരുനാഥനിലുള്ള വിശ്വാസം. മന്ത്രത്തിലുള്ള വിശ്വാസവും അർപ്പണഭാവവും ഓരോ സാധകനും ആർജ്ജിക്കേണ്ടതാണ്. മൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ ജന്മനാ കൂർമ്മബുദ്ധിയുണ്ട്. എന്നാൽ മനുഷ്യന് ശിക്ഷണം നന്നായി ലഭിച്ചാൽ മാത്രമേ ജ്ഞാനം, കർമ്മജ്ഞാനം എന്നിവ നേടാനാകൂ.  

കുട്ടിക്കാലത്ത് അച്ഛനമ്മമാർ കുട്ടികളെ പഠിപ്പിക്കുന്നത് ഇതുകൊണ്ടാണ്. പഠിപ്പിക്കാത്തപക്ഷം അവർ ഒന്നുമറിയാത്ത മണ്ടന്മാരായിത്തന്നെ വളരും. ഇനി ഈ ശിക്ഷണത്തിൽ തന്നെ സാധാരണമായ വിദ്യാഭ്യാസം പോലെയല്ല ഗായത്രീശിക്ഷണം. ഗായത്രിവിദ്യ ബ്രഹ്മവിദ്യ അഥവാ ആത്മവിദ്യയാണ്‌. അതുകൊണ്ടുതന്നെ ഗായത്രിയെ സാക്ഷാത്കരിക്കാൻ യമനിയമങ്ങളെ വിനയത്തോടെ,വിനാമൃതയോടെ അനുസരിക്കണം. യോഗശാസ്ത്രപ്രകാരം ധ്യാനം ഒരുപടി മാത്രമാണ്. യോഗസാധനയിൽ ഇതേ പ്രകാരത്തിൽ എട്ടു പടികളുണ്ട്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നിങ്ങനെ... ആദ്യപടിയായി യമനിയമങ്ങൾ പാലിക്കാതെ ഒരാൾക്ക് ധ്യാനത്തിൽ എത്തിച്ചേരുക സാധ്യമല്ല. യമം അഞ്ചാണ്. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിങ്ങനെ... നിയമവും അഞ്ചാണ്. ശൗചം, സന്തോഷം തപം, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിങ്ങനെ... ഇവയെല്ലാം നാം നേരാംവണ്ണം അനുസരിക്കുകയാണെങ്കിൽ ഗായത്രീ സാധനയ്ക്കു പാകമായെന്നു മനസിലാക്കാം. ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നൊന്നായി എഴുതാം:  

1 . ശ്രദ്ധ, ഭക്തി, ഈശ്വരപ്രേമം, ഗുരുപരിചരണം ഇവ കുറയുന്നവരെ കാമക്രോധമോഹലോഭങ്ങൾ ആക്രമിച്ച് ചഞ്ചലചിത്തനാക്കും. 

2 . ഇതില്ലാതാവാൻ ഈശ്വരനിൽ ശ്രദ്ധ, ഭക്തി, പ്രേമം, സത്‌സംഗം എന്നിവ വേണം.

3 . മുൻപ് ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുക. ഇനിയൊരിക്കലും  പാപം ചെയ്യുകയില്ലന്ന് വൃതമെടുക്കുക. അന്തഃകരണശുദ്ധിക്ക് ഇത് ഏറ്റവും നല്ലതാണ്.

4 . ഈശ്വരൻ നമുക്ക് തന്ന നന്മകളെക്കുറിച്ച് ബോധവാന്മാരായി ഈശ്വരന് നന്ദി പറയുക. 

5 . ഈശ്വരനാമം ജപിക്കുക, ധ്യാനിക്കുക, ദുഃഖിതരായ മാനുഷർക്ക് കഴിയുന്നത്ര സഹായം ചെയ്യുക. ന്യായമായ ധർമ്മവഴിയിൽ ധനം സമ്പാദിക്കുക. ശുദ്ധമായ ആഹാരം കഴിക്കുക. ആഹാര ശുദ്ധികൊണ്ട് അന്തഃകരണശുദ്ധിയുണ്ടാകും. 

6 . അന്യരെക്കുറിച്ചുള്ള പരദൂഷണം പറച്ചിൽ ഈശ്വരഭക്തി ഇല്ലാതാക്കും. അതിനാൽ സത്സംഗം ചെയ്യുക. 

7 . യാമത്തിന്റെ ആദ്യഘട്ടമാണ് അഹിംസ. അഹിംസ ആചരിക്കാതെ ഈശ്വരചൈതന്യം മനുഷ്യനിൽ ഉണ്ടാവില്ല. അതുകൊണ്ട് മാംസം, മദ്യം, മാദകദ്രവ്യങ്ങൾ തുടങ്ങിയവ ഉപയോഗിക്കൽ, കൈക്കൂലി, ചതി, സ്വാർത്ഥലാഭത്തിനുവേണ്ടി അന്യരെ ഉപദ്രവിക്കുക, മുതലായ ദുർഗുണങ്ങൾ ഉള്ളവർ എത്രതന്നെ ദാനികളായാലും അവർക്ക് ഉപാസനയുടെ ഫലം കിട്ടുകയില്ല. 

8 . സ്വാർത്ഥലാഭത്തിനുവേണ്ടി ജപിക്കുന്നവരാണ് വിശ്വാസമില്ലാത്തവരായി മാറുന്നത്. സ്വന്തം കാര്യലാഭത്തിനുവേണ്ടി ജപിക്കുന്നവർ കർമഫലം കാരണം ആഗ്രഹിച്ചത് കിട്ടാതെവരുമ്പോൾ അവർ നിരാശരായി വിമുഖരായിത്തീരുന്നു. അവർ ഗുരുവിനെ പഴിക്കുന്നു. ഈശ്വരപ്രാപ്തിയെ ലക്ഷ്യമാക്കി ജപം ചെയ്യുന്നവരാകട്ടെ ഫലം കൈവരിക്കും. അവർക്ക് സിദ്ധികളും ലഭിക്കും. എല്ലാം ഭഗവതിയിൽ സമർപ്പിക്കാനുള്ള ശക്തിയും മനസ്സും വേണം.

ജപം തുടങ്ങുമ്പോൾ ഗുരുനാഥനെ സ്മരിക്കുക. ഹൃദയത്തിൽ ഈശ്വരഭക്തികൊണ്ട് ആമോദം നിറയ്ക്കുക. തുടർന്ന് ഉപാസന കഴിഞ്ഞ് എഴുനേൽക്കുമ്പോഴും ഭക്തി നമ്മുടെ ഹൃദയത്തിൽ അണയാതെ നിക്കുകതന്നെ വേണം. ഈശ്വരഭക്തി നമ്മുടെ ഉള്ളിൽ നിസ്വാർത്ഥമായി  നിറഞ്ഞു കവിയണം. സകല സാധനകളും മനുഷ്യമനസ്സിനെ പരിപക്വമാക്കുകയാണ്. ആദ്യം ചെയ്യുന്നത്. 

മന ഏവ മനുഷ്യാണാം കാരണം 
ബന്ധമോക്ഷയോഃ (അമൃതബിന്ദുപനിഷത്ത് 2)  

സാരം: മനസ്സാണ് മനുഷ്യൻ മുക്തിനേടാനും ബന്ധനത്തിൽ തന്നെ ഇരിക്കാനുമുള്ള ശക്തിയുടെ കരണമെന്നർത്ഥം. ഭക്തിയെന്നാൽ സംബന്ധമാണ്. ഏതെങ്കിലും പ്രയോജനത്തിനുവേണ്ടിയാണല്ലോ ബന്ധം. ആ ബന്ധം സ്ഥിരമാകുന്നത് പ്രേമം കൊണ്ടാണ്. സത്യം - സ്വാർത്ഥത്യാഗം എന്നിവയുണ്ടങ്കിൽ മാത്രമേ ഈശ്വരനോടുള്ള പ്രേമം സഫലമാവുകയുള്ളൂ. ഈശ്വരനോടുള്ള പ്രേമമാണ് പോരാമഭക്തിയായി രൂപാന്തരം പ്രാപിക്കുന്നത്.

ഓം ശ്രീമഹാദേവ്യൈ നമഃ 

No comments:

Post a Comment