ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 December 2021

കാരടയാന്‍ നോമ്പ് അഥവാ സാവിത്രി നോമ്പ്

കാരടയാന്‍ നോമ്പ് അഥവാ സാവിത്രി നോമ്പ്

തമിഴ് ബ്രാഹ്മണ സംസ്കാരത്തിലെ ഒരു   ശ്രേഷ്ഠമായ അനുഷ്ഠാനമാണ്   കുംഭമാസം (മാശി) അവസാനദിവസം  ആചരിക്കപ്പെടുന്ന “കാരടയാന്‍ നോമ്പ്”.  ഭാര്യാഭർതൃ ബന്ധത്തിന്റെ പവിത്രതയേയും   പ്രസക്തിയെയും ഉറക്കേ വെളിവാക്കുന്ന  ഈ അനുഷ്ഠാനം "സാവിത്രി നോമ്പ് "  എന്നും   അറിയപ്പെടുന്നു. ഇതു   സൂര്യന്റെ  കുംഭരാശിയില്‍ നിന്നും മീനരാശിയിലെക്കുള്ള   സംക്രമണത്തേയും സൂചിപ്പിക്കുന്നു. 

ഭാരതത്തിന്റെ പല ഭാഗങ്ങളിലും പല   പേരുകളിലും അറിയപ്പെടുന്നു ആചരിക്കപ്പെടുകയും ചെയ്യുന്ന വിശേഷ ആചാരമാണിത്. ഉദാഹരണത്തിന്   സൌഭാഗ്യ ഗൌരി വ്രതം എന്ന്   ആന്ധ്രയിലും കർണാാടകയിലും ഗംഗൂര്‍  വ്രത് എന്ന് രാജസ്ഥാനിലും   അറിയപ്പെടുന്നത് ഇതു   തന്നെയാണ്.

ഐതിഹ്യകഥ

അശ്വപതിരാജാവിന്റെയും രാജ്ഞി   മാലതിയുടെയും മകളായ സാവിത്രി  ആരെ വിവാഹം കഴിക്കേണമെന്ന അച്ഛന്റെ  ചോദ്യത്തിന് കാനനവാസിയായ   സത്യവാന്റെ പേരാണ് പറഞ്ഞത്. ഈ   സമയത്താണ് ദേവർഷി നാരദന്‍    രാജാവിനോട് ഒരു യാഥാർത്ഥ്യം വെളിപ്പെടുത്തിയത്. സത്യവാന്‍   സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവിന്റെ   മകനാണെന്നും അല്പായുസ്സായതുകൊണ്ട്‌   ഒരു വർഷത്തിനകം   മരിക്കുമെന്നുമായിരുന്നു ആ സത്യം.  ഇതറിഞ്ഞ രാജാവ്‌ സാവിത്രിയെ ഈ   വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാന്‍  ആവതും ശ്രമിച്ചുനോക്കിയെങ്കിലും   സാവിത്രി വഴങ്ങിയില്ല. ഗത്യന്തരമില്ലാതെ   രാജാവ്‌ സാവിത്രിയുടെ ദൃഡനിശ്ചയത്തിനു   വഴങ്ങി ഈ വിവാഹം  നടത്തിക്കൊടുത്തു. 

വിവാഹശേഷം ദമ്പതിമാര്‍ കാനനത്തീലെക്കു തിരിച്ചു. വിവാഹാനന്തരം ഒരു   വർഷം സാവിത്രിയും സത്യവാനും സുഖമായി ജീവിച്ചു. ഒരു  വർഷം വളരെ  വേഗം   കടന്നുപോയി. സാവിത്രിക്കു   ഭർത്താവിന്റെ മരണസമയം   അടുത്തിരിക്കുന്നുവെന്നു മനസ്സിലായി. സാവിത്രി ഉപവാസം അനുഷ്ഠിച്ചു  എവിടെയും സത്യവാനെ   അനുഗമിക്കുവാന്‍ തുടങ്ങി. ഭർത്താവിന്റെ    സംരക്ഷക്കായി അദ്ദേഹത്തെ നിഴല്‍   പോലെ പിന്തുടരുവാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം കാട്ടില്‍   വിറകു ശേഖരിച്ചുകൊണ്ടിരുന്ന   സത്യവാന്‍ ബോധരഹിതനായി വീഴുന്നു. ഇതു കണ്ട സാവിത്രിക്കു മനസ്സിലായി   ഇതാണ് ഭർത്താവിന്റെ മരണസമയം എന്ന്.  മാത്രമല്ല സത്യവാന്റെ ആത്മാവുമായി   മരണദേവനായ യമർമരാജന്‍   യാത്രയാവുന്നതും സാവിത്രി കാണുന്നു. സാവിത്രി തന്റെ ഭർത്താവിനെ   കൊണ്ടുപോകുന്ന യമന്റെ പിന്നാലെ    പോകുന്നു. യമന്‍ പല പ്രകാരത്തിലും   സാവിത്രിയേ പിന്തിരിപ്പിക്കാന്‍   നോക്കിയെങ്കിലും സാവിത്രി വഴങ്ങിയില്ല. മരണമെന്നത്‌ പ്രകൃതീ നിയമമാണെന്നും    അതിനെ അതിജീവിക്കാന്‍ ആർക്കും    കഴിയില്ലെന്നുമുള്ള യമന്റെ    വാദഗതികളൊന്നും സാവിത്രിയെ   പിന്തിരിപ്പിക്കുവാന്‍ പോന്നതായിരുന്നില്ല.

ഗത്യന്തരമില്ലാതെ ധർമരാജാവായ യമന്‍   സാവിത്രിയോടു മൂന്നു വരം ചോദിക്കാന്‍   ആവശ്യപ്പെടുന്നു. സാവിത്രി ഒന്നാമത്തെ   വരമായി തന്റെ പിതാവിന്   മകനുണ്ടാകണം എന്നും രണ്ടാമത്തെ   വരമായി തന്റെ ഭർതൃകുടുംബത്തിനു   നഷ്ടപ്പെട്ട രാജ്യം തിരിച്ചു കിട്ടണമെന്നും   ആവശ്യപ്പെടുന്നു. യമന്‍ ഇവയൊക്കെ   സമ്മതിക്കുന്നു. പെട്ടെന്ന് മൂന്നാമതായി   സാവിത്രി  “എനിക്ക് സന്താനങ്ങള്‍   ഉണ്ടാവണം “  എന്ന്   ആവശ്യപ്പെട്ടു. ഉടനെ   അധികം ആലോചിക്കാതെ  യമന്‍   അങ്ങനെ  തന്നെയാവട്ടെ  എന്ന്   അരുളിച്ചെയ്തു.  പിന്നെയാണ്   യമന്   തനിക്കു   പറ്റിയ   അമളി   മനസ്സിലായത്. എന്തിരുന്നാലും   കൊടുത്ത   വരത്തില്‍   നിന്നും   പിന്തിരിയാന്‍ ധർമരാജാവായ    യമന്‍ തയ്യാറായില്ല. സാവിത്രിയുടെ   ഭർതൃഭക്തിയിലും പ്രതിബദ്ധതയിലും   സംപ്രീതനായ യമന്‍ സത്യവാനെ   സാവിത്രിക്കു തിരിച്ചു നൽകുന്നു. ഒരു   വർഷക്കാലം മാത്രമാണ്   ആയുസ്സെന്നറിഞ്ഞിട്ടും   സത്യവാനെത്തന്നെ വിവാഹം ചെയ്ത,   ഭർത്താവിന്റെ മരണത്തെപ്പോലും തന്റെ   ദൃഡനിശ്ചയം കൊണ്ട് അതിജീവിച്ച, ഭർതൃഭക്തിയുടെ ആൾരൂപമായ   സാവിത്രിയെ യമന്‍ അഭിനന്ദിക്കുന്നു;  ആശീർവദിക്കുന്നു.

ഈ പുരാണ കഥയുടെ അനുസ്മരണമാണ്, ഭർത്താവിന്റെ സൗഖ്യത്തിനായി അനുഷ്ഠിക്കപ്പെടുന്ന സാവിത്രി നോമ്പ്

സാവിത്രി  ഉപവാസത്തിന്നുപയോഗിച്ച     ദ്രവ്യങ്ങള്‍   കൊണ്ടുതന്നെയാണ്   ഇന്നും   ഈ ദിനത്തില്‍ സുമംഗലികള്‍ ഈ നോമ്പ്   നോൽക്കുന്നത്. വിവാഹിതരല്ലാത്ത (കന്യക) വര്‍ ഈ ദിവസം ഉത്തമപുരുഷനെ ഭർത്താവായി കിട്ടാനായി ഈ നോമ്പ് നോല്ക്കുന്നു.

ഈ ദിവസം സുമംഗലികളും കന്യകമാരും ഗൌരിദേവിയെ പ്രാർത്ഥിച്ചു സാവിത്രിയെ മനസ്സില്‍ ധ്യാനിച്ച് മഞ്ഞ നിറത്തിലുള്ള ചരട് കഴുത്തിലണിയുന്നു. കാര അരിശി എന്നു തമിഴില്‍ പറയുന്ന വറുത്ത അരിയും   തുവരപ്പരിപ്പും കൊണ്ടുള്ള അടയാണ് അന്ന് നേദിക്കുന്നത്. അതിനാല്‍ അതു കാരട എന്നും ഇതു നേദിച്ചുകൊണ്ടുള്ള   നോമ്പ്  കാരടയാന്‍  നോമ്പ് എന്നും   അറിയപ്പെടുന്നു. പിന്നെ തമിഴില്‍ ഈ പ്രാര്ത്ഥാന ചൊല്ലുന്നു. 

“ഉരുകാത വെണ്ണയും ഒരടയും നാന്‍ നൂട്രേന്‍
ഒരുക്കാലും എന്‍ കണവര്‍ എന്നയി പിരിയാതിരുക്ക വേണ്ടും “
(ഉരുകാത്ത വെണ്ണയും ഒരു അടയും കൊണ്ട് ഞാന്‍ ഈ നോമ്പ് നോറ്റിരിക്കുന്നു. എന്റെ ഭർത്താവ് ഒരു കാലത്തും എന്നെ വിട്ടു പിരിയരുത്)

സ്ത്രീ അബല ആണെന്ന വാദം പൊളിച്ചെഴുതുന്നു ഈ പുരാണകഥ നൈസർഗ്ഗികമായി ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും നാമെല്ലാവരിലും അന്തർലീനമാണ്. അതു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവര്‍ വിജയം    വരിക്കുന്നു. സ്ത്രീക്ക് ആത്മവിശ്വാസവും പ്രതിബദ്ധതയും ഉണ്ടെങ്കില്‍ അസാദ്ധ്യമായി ഒന്നുമില്ല എന്ന് ഈ പുരാണകഥ സമർഥിക്കുന്നു. ഇതിനു കാലിക പ്രസക്തിയുണ്ട്. ഏതു കാലത്തും   സ്ത്രീ അബലയല്ലെന്നും  മനസ്സുണർത്തിയാല്‍ ഏതു ലക്ഷ്യവും   നേടാമെന്നും സത്യവാന്‍ സാവിത്രി കഥ നമ്മെ ഓർമിപ്പിക്കുന്നു.

ഏതു ആചാരത്തിലും അനുഷ്ഠാനത്തിലും അന്തർലീനമായ മാനുഷികതയേയും മനുഷ്യന്റെ ശ്രേഷ്ഠതയേയും മനസ്സിലാക്കാന്‍ നമുക്കു കഴിയട്ടെ.

No comments:

Post a Comment