ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 December 2021

ഹയഗ്രീവന്റെ ഉല്പത്തി

ഹയഗ്രീവന്റെ  ഉല്പത്തി

മഹാവിഷ്ണുവിന്റെ ഒരു പ്രധാന അവതാരമാണ് ഹയഗ്രീവൻ. ഹയഗ്രീവന്റെ ഉല്പത്തി ഇങ്ങനെയാണ്. അസുരനായ ഹയഗ്രീവൻ അതി കഠിനമായ തപസ്സിലൂടെ ദുർഗ്ഗ ദേവിയിൽ നിന്നും മറ്റൊരു ഹയഗ്രീവന് മാത്രമേ തന്നെ വധിക്കാൻ സാധിക്കൂ എന്ന ഒരു വരം നേടി. വര സാഫല്യത്തിൽ അഹങ്കാരിയായ ഹയഗ്രീവൻ ദേവന്മാരെയും, മുനിമാരെയും ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. അസുരന്റെ ഉപദ്രവങ്ങളിൽ പൊറുതി മുട്ടിയ അവർ ഭഗവാൻ വിഷ്ണുവിന്റെ ചരണങ്ങളിൽ അഭയം പ്രാപിച്ചു .

ഹയഗ്രീവനുമായി ഘോര യുദ്ധത്തിൽ വിഷ്ണു ഏർപ്പെട്ടു, എങ്കിലും ബലവാനായ ആ അസുരനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. തളർന്നവശനായ ഭഗവാൻ വൈകുണ്ഡം പൂകി പദ്മാസനത്തിൽ യോഗനിദ്ര ആരംഭിച്ചു. തന്റെ വില്ലിന്റെ അറ്റത്ത്‌ സ്വന്തം തല ചായ്ച്ചു വെച്ച് കൊണ്ടായിരുന്നു ഭഗവാന്റെ ഉറക്കം. ഭയ വിഹ്വലരായ ദേവന്മാർ വിഷ്ണുവിന്റെ അടുത്ത് വീണ്ടും വന്നു. എന്നാൽ അവരുടെ മുറവിളികൾക്ക് ഭഗവാനെ നിദ്രയിൽ നിന്നും ഉണർത്താൻ ആയില്ല. ഒടുവിൽ ദേവന്മാർ ബ്രഹ്മാവിനെ സമീപിച്ചു. അങ്ങനെ ബ്രഹ്മാവ് ചിതലുകളെ സൃഷ്ടിച്ചു. അവയോട് ഭഗവാന്റെ വില്ലിന്റെ ഞാൺ കടിച്ചു മുറിച്ചു നിദ്രയ്ക്കു ഭംഗം വരുത്താൻ ബ്രഹ്മാവ്‌ നിർദ്ദേശിച്ചു.

ചിതലരിച്ച്‌ ഒടുവിൽ ഞാൺ മുറിഞ്ഞു, ദിഗന്തങ്ങൾ പിളരുന്ന ശബ്ദത്തോടെ അതി ശക്തമായി പൊട്ടിയ ഞാണിന്റെ തലപ്പ്‌ ഭഗവാന്റെ ശിരസ്സും ഛേദിച്ചു. പരിഭ്രാന്തരായ ദേവന്മാർ പരാശക്തിയെ രക്ഷയ്ക്കായി അഭയം പ്രാപിച്ചു. അവരുടെ പ്രാർഥനയിൽ സന്തുഷ്ടയായ ദേവി ഇങ്ങനെ അരുളിച്ചെയ്തു "കാര്യ കാരണങ്ങൾ ഇല്ലാതെ ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ സംഭവിക്കില്ല. ഹയഗ്രീവന് ഞാൻ നൽകിയ വര പ്രകാരം മറ്റൊരു ഹയഗ്രീവന് മാത്രമേ അവനെ വധിക്കാൻ കഴിയൂ. ഇപ്പോൾ ആ മുഹൂർത്തം സമാഗമമായിരിക്കുന്നു. ഭഗവാന്റെ അറ്റ് പോയ ശിരസ്സിന്റെ സ്ഥാനത്ത് ഒരു ഹയത്തിന്റെ(കുതിരയുടെ) തല പിടിപ്പിക്കുക". ദേവന്മാർ അപ്രകാരം ഒരു വെള്ളക്കുതിരയുടെ തല (ഗ്രീവം) വിഷ്ണുവിന്റെ കഴുത്തിൽ പിടിപ്പിച്ചു, ബ്രഹ്മദേവൻ ജീവനും നൽകി. അങ്ങനെ സൃഷ്ടിക്കപ്പെട്ട 'ഭഗവാൻ ഹയഗ്രീവൻ' ഹയഗ്രീവൻ എന്ന അസുരനെ യുദ്ധത്തിൽ വധിച്ചു. മഹാവിഷ്ണു കണ്ട പരാശക്തിയെ അഗസ്ത്യമുനിയുടെ ആഗ്രഹപ്രകാരം ആയിരം നാമങ്ങളിലൂടെ പറഞ്ഞു കൊടുക്കുന്നതാണ് "ലളിതാ സഹസ്രനാമം".

ഹയഗ്രീവഗോപാല മന്ത്രം

മഹാവിഷ്ണു അവതാരമായ ഹയഗ്രീവൻ വിദ്യയുടെ അധിദേവാനായി കരുതിപോന്നു. അതിനാൽ ഈ ഹയഗ്രീവഗോപാല മന്ത്രം ജപിക്കുന്നത്‌ വിദ്യാവിജയത്തിന് നല്ലതാണത്രെ!

ഉൽഗിരൽ പ്രണവോൽഗീഥ
സർവ്വ വാഗീശ്വരേശ്വരാ
സർവ്വ വേദമയാചിന്ത്യ
സർവ്വം ബോധയ ബോധയ

No comments:

Post a Comment