ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2021

വിഗ്രഹങ്ങളുടെ രൂപകൽപ്പനകൾ

വിഗ്രഹങ്ങളുടെ രൂപകൽപ്പനകൾ

കർമ്മം ഭക്തി ജ്ഞാനം അതിൽ കർമ്മികൾക്ക് കർമ്മം തന്നെയാണ് പ്രധാനം,  കർമ്മത്തിനപ്പുറം മറ്റൊരു ദേവതയെ അവർ സമ്മതിക്കുന്നില്ല.  ജ്ഞാനവാദികളുടെ ജ്ഞാനം   ജ്ഞേയവസ്തുവിന്  വസ്തുവിന് വ്യക്തതയില്ലാത്തതിനാൽ പ്രത്യേകം ഒരവലംബവുമില്ല. അതിനാൽ അവർക്കും ദേവതകളുടെ ആവിശ്യമില്ല.  ഈ രണ്ടും പോലെയല്ല ഭക്തി പ്രസ്ഥാനം ,.  ഭക്തിക്ക് -  ഭജനീയനായ ഈശ്വരൻ പ്രത്യേകിച്ച് ആകൃതി ഉണ്ടോ ഇല്ലയോ എന്നതാണ്  വാദം , സർവ്വജ്ഞനും സർവ്വശക്തനും സർവ്വഗുണസമ്പനനും  ആയി സർവ്വ വ്യാപിയുമായ ഈശ്വരന്  പ്രത്യേകിച്ച് ഒരു രൂപം നിശ്ചയിക്കുക സാദ്ധ്യമല്ല.  ഏതെങ്കിലും നിശ്ചയിക്കേണ്ട തരമില്ലാതെ വന്നപ്പോൾ  വേദദ്രാഷ്ടാക്കളായ മഹർഷിമാർ  പ്രത്യക്ഷത്തിൽ കാണുന്ന അഗ്നി  വായു സൂര്യൻ തുടങ്ങിയ  അസാധാരമായ ശക്തിയെ ദേവതകളായി ആരാധിച്ചു തുടങ്ങി . അവിടെയും മഹത്തായ ഒരു  ശക്തി രൂപത്തിൽ  വ്യാപിയായി  ഒരു തേജോരൂപമ്യി ഗ്രഹിക്കാമെന്നാല്ലാതെ  സാമാന്യ ജനങ്ങൾക്ക് പറ്റിപ്പിടിക്കാനുള്ള വ്യക്തമായ രൂപം കിട്ടുന്നില്ല.  അതിനാൽ ഉപനിഷത്ത് കാലം മുതൽ മേൽപോട്ടുള്ള ഗ്രന്ഥങ്ങളിൽ ബുദ്ധിമാന്മാരായ മഹർഷിമാർ ( യോഗികൾ)  ലോകാനുഗ്രഹത്തിനായി വിഗ്രഹങ്ങളെ കൽപ്പിച്ചുതുടങ്ങി.  വിശേഷരൂപത്തിൽ ഗ്രഹിക്കുവാൻ സൗകര്യമുള്ളതുകൊണ്ട്   വിഗ്രഹം എന്ന പേരുണ്ടായത്.  ഛാന്ദോഗ്യോപനിഷത്ത്  മുതലായ ശ്രുതികളിൽ  നഖം മുതൽ ശിഖവരെ സുവർണ്ണമായ അവയവങ്ങളോട് കൂടിയവനായി  ആരാധ്യനായ  ഈശ്വരനെ  ആകൃതിപ്പെടുത്തിയിരിക്കുന്നു.  ഇന്ദ്രൻ ആദിത്യൻ മുതലായ ദേവതകൾക്ക്  അവയവങ്ങളും ആയുധങ്ങളും വാഹനങ്ങളും ഉള്ളതായി ഋഗ്വേദത്തിൽ തന്നെ പലയിടത്തും  ഘോഷിച്ചിട്ടുണ്ട്.    അതിനാൽ ദേവതകളുടെ വിഗ്രഹം ഇന്നും ഇന്നലെയും കൽപ്പിച്ചിട്ടുള്ളതല്ലെന്ന് നിശ്ചയം.  പരമാർത്ഥം ചിന്തിക്കുമ്പോൾ പുറ കാണാൻ ഉദ്യമിക്കുന്നവന്  ഉന്നതമായ  ശാഖാഗ്രം പോലെയും ,  അരുദ്ധതിദർശനത്തിനാഗ്രഹിക്കുന്നവന് സ്ഥൂലാരുദ്ധതി പോലെയും  ഈ വിഗ്രഹങ്ങൾ സർവ്വപരിപൂർണ്ണനായി  പരമാത്മാസ്വരൂപിയായ ഏകനായകനെ  ദർശിക്കുവാൻ കേവലം ഉപലക്ഷണമായി തോന്നാം .  എന്നാൽ വസ്തുത അങ്ങനെയല്ല.  ശാഖാഗ്രഹവും പുറവും വാസ്തവത്തിൽ രണ്ടാണ് സ്ഥൂലാരുദ്ധതിയും സക്ഷാൽ അരുദ്ധതിയും ഒന്നല്ല.  അതുപോലെയല്ല വിഗ്രഹങ്ങൾ മാനസികമായ പ്രാണിധാനവും  ആത്മാനുധാനവും കൊണ്ട് ചൈതന്യപ്രകാശം ആപാദചൂഡം  പ്രസരിക്കുന്ന  വിഗ്രഹവും ഈശ്വരനും ഒന്നു തന്നെ  സർവ്വവ്യാപിയായി സർവ്വാത്മികമായി ഒരു തേജസ്സിന് ഏതുരൂപം കൊടുത്താലും  അത് വസ്തുവിൽ നിന്ന് ഭിന്നമല്ലല്ലോ. എന്നാൽ ഉപാസ്യനായ ഈശ്വരനിൽ ഉപാസകനായ ഭക്തന് ശ്രേഷ്ടതയും പൂജ്യതയും  കാണ്മാനായി  അസാധാരണത്വം സമ്പാദിക്കേണ്ട ഒരാവിശ്യം മാത്രമാണ്. വിഗ്രഹ നിർമ്മിതിയിൽ മഹർഷിമാർ പ്രത്യേകം സ്വന്തമായി  കൽപന ചെയ്തു വന്നീട്ടുള്ളത് . അതുനിമിത്തം ബ്രഹ്മാവ് ചതുർമുഖനായും , വിഷ്ണു ചതുർബാഹുവായും, മഹേശ്വരൻ അഷ്ടബാഹുവായും , സുബ്രമണ്യൻ ഷണ്മുഖനായും  മറ്റും വിശിഷ്ടങ്ങളായ  രൂപങ്ങളോട് കൂടിയവരായി,  കൊച്ചുകുട്ടികൾ കളിക്കാനാരംഭിക്കുമ്പോൾ കളിപ്പവകൾക്ക്  കൽപിച്ച് കൂട്ടും പോലെയുള്ള  അർത്ഥമല്ലാത്ത കൽപനകളല്ലാ ഈ രൂപത്തിൽ അന്തർഭവിച്ചിരിക്കുന്നത് .. ശിഷ്ടരക്ഷക്കും  ദുഷ്ടശിക്ഷക്കും ആയി സമുചിതങ്ങളായ സന്നിവേശങ്ങളെ സത്ത്വരജസ്തമോഗുണങ്ങളുടെ സങ്കലങ്ങളാകുന്ന കരുക്കളിൽ വാർത്തു ചേർത്തിരിക്കുന്ന ഈ മൂർത്തികൾ തത്ത്വചിന്തകന്മാർക്കും  എത്രയും സാരവത്താണെന്ന്  കാണുവാൻ കഴിയും. ഇപ്രകാരമുള്ള വിഗ്രഹങ്ങൾക്ക് സമയോചിതം പോലെ അനുരൂപങ്ങളായ അലങ്കാരങ്ങളും ആഭരണാദികളും   തത്ത്വദൃക്കുകളായ  മഹർഷിമാർ ഏർപ്പെടുത്തി മോടിപ്പിടിപ്പിച്ചിരിക്കുന്നു.

   ആദ്യമേ മഹനീയമായ ഒരു തേജസ്സും അതിനകമേ ശ്യാമസുന്ദരമായ  ശ്രീകൃഷ്ണ പരമാത്മാവിൻ്റെ ദിവ്യലീലാവിലാസലളിതമായ കോമളവിഗ്രഹവും കണ്ട്  പരമാനന്ദഭരിതനായി ചമഞ്ഞ ഭാഗവതോത്തമനും  മഹാകവിയുമായ മേൽപത്തൂർ ശ്രീ നാരയണ ഭട്ടത്തിരിപ്പടിൻ്റെ  നാരയണീയത്തിലെ

അഗ്രേ പശ്യാമി തേജോ   നിബിഡത

"കളായാവലീ ലോഭനീയം 
പിയൂഷാപ്ലാവിതോഽഹം തദനു തദുദരേ
ദിവ്യാകൈശോരവേഷം
താരുണ്യാരംഭരമ്യം  പരമസുഖരസാസ്വാദ
രോമാഞ്ചിതാംഗൈ 
ആവീതം നാരദാദൈഃ  വിലസദുപനിഷദ് 
സുന്ദരീ മണ്ഡലൈശ്ച"

(ഇതാ മുൻഭാഗത്തായി ഇടതിങ്ങിയ കയാമ്പൂനിന്നാൽ നിരപോലെ കമനീയമായ നീലനിറം കൊണ്ട് അതിയായി പരിശോഭിക്കുന്ന  ഒരു തേജസ്സിനെ ഞാൻ കാണുന്നു. ഞാൻ പരമാനന്ദമൃതത്താൽ മുഴുകിയിരിക്കുന്നു.  അതിനെ തുടർന്ന് ആ തേജസ്സിൻ്റെ മദ്ധ്യത്തിലായി  അതി ദിവ്യമായ ഒരു ബാലസ്വരൂപം തെളിഞ്ഞ് വരുന്നു.  യൗവനാരംഭംകൊണ്ടും അതിരമണീയവും പരമാനന്ദരസമനുഭവിച്ച് കോൾമയിർകൊള്ളിക്കുന്ന  അംഗങ്ങളോട് കൂടിയവരായ നാരദമഹർഷി മുതലായവരാലും  ഏറ്റവും പരിശോഭിക്കുന്നവവരായ  ഉപനിഷത്തുക്കളാകുന്ന സുന്ദരിമണ്ഡലങ്ങളെകൊണ്ടും ചൂഴപ്പെട്ടതുമായിരിക്കുന്നു.)  

ഇപ്രകാരമുള്ള ഭഗവദ് രൂപവർണനകൾ  വിഗ്രഹകൽപനകളുടെ  സ്വാരസ്യത്തിനും   പരമാർത്ഥതക്കും  ഉത്തമ സാക്ഷ്യം വഹിക്കുന്ന  ഉദാഹരണങ്ങളാകുന്നു.  ഇപ്രാകാരമുള്ള വിഗ്രഹങ്ങളെ ആരാധിച്ച്  അനുസ്മരിച്ച് അനുധ്യാനിച്ച്  തന്മയീഭവിക്കുന്ന  പരമഭക്ത്ന്മാരാകുന്ന  ശുകനാരദാദികളായ  മഹാനുഭാവന്മാർ  സ്വതേ യതൊരു കുറവും ഇല്ലാത്തതും സംഭാവന ചെയ്യുവാൻ പോലും തരമില്ലാത്തതുമായ  സർവ്വമംഗളസ്വരൂപനായ സർവ്വേശ്വരൻ്റെ  വിഗ്രഹം സങ്കൽപാതിതമായ കൽപനാസാരണികളിൽ കൂടി ചാടികയറി അനവരതം പരിശ്രമിച്ച് ക്ലേശിച്ചിട്ടും ഉദ്ദിഷ്ടം പരിപൂർണ്ണമാകാതെ  ശ്രുതികളും ശ്രുതിജ്ഞാന്മാരായ  മഹർഷിമാരും  പിറകോട്ട് വലിയുന്നതേയുള്ളൂ.  എങ്കിൽ മറ്റുള്ളവരുടെ കഥ എന്തായിരിക്കും.  ഇന്ന് അവനവൻ്റെ കുഞ്ഞുങ്ങളുടെയോ  ഫോട്ടോ എടുത്ത് നശ്വരമായ ആനന്ദശകലത്തിൻ്റെ സഹസ്രാംശം അനുഭവിക്കുവാൻ ഉദ്യമിക്കുന്ന ആളുകൾ ഫോട്ടോയിൽ പതിഞ്ഞീട്ടുള്ള രൂപത്തിൽ സ്വദൃഷ്ട്യാ വല്ല ന്യൂനതയും കണ്ടാൽ  അതു പരിഹരിച്ച് കൊണ്ട് വരാൻ  ഫോട്ടോഗ്രാഫറോട് ശട്ടം കെട്ടുക സഹജമായിരിക്കുന്നു.  നേരെ മറിച്ച്  എത്രതന്നെ ബുദ്ധിമാന്മാരായ  മഹർഷിമാർ കൽപ്പന ചെയ്താലും  സർവ്വേശ്വരനായ  പരമാത്മാവിൻ്റെ വിഗ്രഹം  യഥാർത്ഥത്തിൽ പൂർണ്ണമാകാതെ തന്നെ  വീണ്ടും  അവശേഷിക്കുന്നു.  ഇതാണ് ഈശ്വരരൂപത്തിനുള്ള മെച്ചം.

സപാര്യഹൃദയത്തിൽ ശ്രീ ശങ്കരാചാര്യർ  മാനസികമായും  ബാഹ്യമായും ഉള്ള ആരാധനകളിലെ തത്ത്വത്തെയും  സമർപ്പണത്തെയും  ഉപാദിഭേദം നിമിത്തം സംഭവിക്കുന്ന ഫലഭേദത്തെയും ഇതിനെല്ലം ആസ്പദമായ  പ്രകൃതിചേദനത്തെയും രത്നചുരുക്കത്തിൽ  സംഗ്രഹിച്ചിരിക്കുന്നു,

ഇത്രയുകൊണ്ട് സർവ്വ പരിപൂർണ്ണനായ അഖണ്ഡചൈതന്യത്തെ  അഭിന്നത്മബോധമായി  കണ്ട് അനുഭവരസികന്മാരായി  തീർന്നീട്ടുള്ള യോഗീശ്വരന്മാർ യഥാർത്ഥത്തിൽ  ജ്ഞാനവിഗ്രഹാരധകന്മാരാണ് , സേവ്യാസേവക്ഭാവം പ്രത്യേകിച്ച് ഉപാദിയായി കണ്ട്  ആ തരത്തിൽ സർവേശ്വരനെ  അഖണ്ഡമായതേജോരൂപത്തിൽ  ധ്യാനിച്ച് പ്രിയപ്പെടുന്നവരും  വിശിഷ്ട്മായ മൂർത്തീരൂപത്തിൽ സേവിച്ച് ധന്യരാകുന്നവരും  മറ്റൊരുതരം വിഗ്രഹാരാധകരും ആകുന്നു.  ചുരുക്കാത്തിൽ സർവവിദ്യാ സമ്പൂർണ്ണനായ ഗുരുമൂർത്തികളെ ഭജിക്കുന്നവരും , അവരവരുടെ പിതൃപിതാമഹാദി പരമ്പരകളെ നിത്യമായ രൂപത്തിൽ കണ്ട് വന്ദിക്കുന്ന സകല ജനങ്ങളും  വെറൊരുതരം വിഗ്രഹാരാധകന്മാരാകുന്നു.  അതിനാൽ ഇന്ന് ക്ലിപ്തങ്ങളായ ആലയാദികളിലെ ഈശ്വരപ്രതിമകളെ യഥാർഹം വേണ്ടപോലെ ആരാധിക്കുന്നത്  " ലോകാസങ്ഗ്രഹമേവാഥ സമ്പശ്യൻ കർത്തുമഹർസി"   എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞതുപോലെ  മറ്റുള്ളവർക്ക് താൻ മുഖാന്തരമായും ഉപദേശരൂപേണ ശ്രേയസ്സിന് കാരണമായി തീരുന്നു.

No comments:

Post a Comment