ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2020

അഥർവ്വവേദം

അഥർവ്വവേദം

അഥർവ്വവേദത്തിൽ ഇൗശ്വരോപാസനക്കു പുറമേ എല്ലാ പ്രകാരത്തിലുമുള്ള ഭൂതപ്രേതാദി ബാധകൾക്കും പ്രകൃതി ക്ഷോഭങ്ങൾക്കും സമാധാനമുണ്ടാക്കുന്ന പ്രയോഗങ്ങൾ, വിപ്ലവത്തിന്നു ഉത്തേജകം നൽകുന്ന രീതികൾ, ശത്രുക്കളേയും ദുഷ്ടന്മാരേയും നീക്കം ചെയ്യുന്നതിന്നുള്ള മരണമാരണപ്രയോഗങ്ങൾ  മുതലായവ വിവരിച്ചിരിക്കുന്നു. ഇൗ വിഷയങ്ങളെ ശാന്തികം, പൗഷ്ടികം, ആഭിചാരികം എന്ന് മൂന്നായി വിഭജിച്ചിരിക്കുന്നു. വിപദ്ദൂരീകരണം, ആത്മരക്ഷ, ശത്രുനിവാരണം എെശ്വര്യ പ്രാപ്തി എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന വളരെ മന്ത്രങ്ങൾ ഇൗ വേദത്തിലൂണ്ട്.

പൈപ്പലം, ദാന്തം, പ്രദാന്തം, സ്നാതം, സൗത്രം, ബ്രഹ്മദാബലം, ശൗനകം, ദേവദർശിനി, ഒൗപചരണവിദ്യ എന്നീ ഒമ്പത് ശാഖകൾ അഥർവ്വവേദത്തിനുണ്ടെങ്കിലും  ഇപ്പോൾ പ്രചാരത്തിലുള്ളത് ശൗനക ശാഖമാത്രമാണ്.

അഥർവ്വവേദ മന്ത്ര ദ്രഷ്ടാക്കൾ അംഗിരസ്സ്, അഥർവ്വൻ, ഭൃഗുമുനിയുടെ വംശജർ എന്നീ ഋഷിമാരാണ് എന്ന് ഒരഭിപ്രായമുണ്ട്. സൂതസംഹിതയിലെ നിർണ്ണയപ്രകാരം വേദത്തെ നാലായി ഭാഗിച്ച വേദവ്യാസന്റെ നാമമാണ് മന്ത്രദ്രഷ്ടാവായി പറഞ്ഞു കാണുന്നത്.

അഥർവ്വവേദത്തിൽ 760 സൂക്തങ്ങളും 6000 മന്ത്രങ്ങളുമുണ്ട്. ഇതിന്റെ ബ്രാഹ്മണ ഗ്രന്ഥം, ഗോപഥ ബ്രാഹ്മണമാണ്. ഇതിലെ ജ്ഞാന കാണ്ഡത്തിൽ അനേകം ഉപനിഷത്തുക്കളുണ്ടായിരുന്നു. ലബ്ധമായിട്ടുള്ളവയിൽ ജാബാലം, കൈവല്യം, ആനന്ദവല്ലി, തേജോബിന്ദു, ധ്യാനബിന്ദു, അമൃതബിന്ദു, ഗുഹ്യബിന്ദു, നാദബിന്ദു, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം എന്നീ ഉപനിഷത്തുക്കൾ പ്രസിദ്ധമാണ്.

ഷഡംഗങ്ങൾ ശീക്ഷാഗ്രന്ഥം അഥർവ്വണീയമാണ്. പ്രാചീന ഭാർഗ്ഗവശിക്ഷ ഇപ്പോൾ ലഭ്യമല്ല. സ്ഥാപത്യവേദം അഥവാ ശില്പവേദം, അർഥോപവേദം എന്നിവ അഥർവ്വവേദത്തിന്റെ ഉപവേദങ്ങളാണ്.

വിശ്വകർമ്മാവുമായി ബന്ധപ്പെട്ട സ്ഥാപത്യവേദത്തെപ്പോലെ അർത്ഥോപവേദത്തിന്നും അനേകം ഗ്രന്ഥങ്ങളുണ്ട്. അർത്ഥശാസ്ത്രം, ദെനംദിന ജീവിതക്രമങ്ങൾ, സാമുദായിക ഘടന, രാഷ്ട്രനീതി മുതലായവ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.

അർത്ഥോപവേദത്തിൽ ഒരു ലക്ഷം ശ്ളോകങ്ങളും, അർത്ഥവാദത്തിൽ 30000 ശ്ളോകങ്ങളും, അർത്ഥചന്ദ്രോദയത്തിൽ 20000, ശ്ളോകങ്ങളും സമ്പത് ശാസ്ത്രത്തിൽ 12000 ശ്ളോകങ്ങളും, കാശ്യപ ഋഷി വിരചിതമായ നീതിപ്രഭയിൽ 27000 ശ്ളോകങ്ങളുമുണ്ട്. കൗടില്യന്റെ 15 അധികരണങ്ങളുള്ള അർത്ഥശാസ്ത്രമാണ് ഇന്നു പ്രചുരപ്രചാരമായിട്ടുള്ളത്.

വേദപഠനത്തിൽ വേദാംഗങ്ങളും ഉപവേദങ്ങളും അവയെ അവലംബിച്ചു നിൽക്കുന്ന മറ്റു ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. ഇങ്ങനെ അംഗോപാംഗ സഹിതമായ വേദപഠനത്താൽ ലൗകികവും പാരത്രികവുമായ സർവ്വവിജ്ഞാനത്തിന്റെയും മൂലതത്വങ്ങൾ അറിവാൻ കഴിയുന്നു. ഉപവേദങ്ങളോരോന്നും ആദിയിലുണ്ടായ ഒാരോ വിജ്ഞാനകോശം തന്നെയാണ്

No comments:

Post a Comment