ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2020

തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്ന ചിട്ടവട്ടങ്ങള്‍

തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്ന ചിട്ടവട്ടങ്ങള്‍

ഓണത്തിന് തൃക്കാക്കരയപ്പനെ കുടിവെക്കുന്ന ചടങ്ങ് പല നാട്ടിലും ഉണ്ട്. തൃക്കാക്കരയപ്പനെ വരവേല്‍ക്കുന്നു എന്ന സങ്കല്‍പ്പത്തോടെയാണ് ഓണത്തിന് പൂക്കളമിടുന്നത്. ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വരവേല്‍ക്കുന്നത്. ഓരോ നാടിന്റെ പ്രത്യേകതയനുസരിച്ച് തൃക്കാക്കരയപ്പന്റെ ആകൃതിയിലും വ്യത്യാസം വരാറുണ്ട്. തൃക്കാക്കരയപ്പന്‍ മാവേലിയാണ് എന്നാണ് പലരുടേയും ധാരണ. എന്നാല്‍ മഹാലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനനാണ് തൃക്കാക്കരയപ്പന്‍. ഓണത്തിന്റെ പ്രധാന ആചാരവും തൃക്കാക്കരയപ്പനെ പൂജിക്കലാണ്. തൃക്കാക്കരയപ്പനെ എങ്ങനെ പൂജിക്കണമെന്നും തൃക്കാക്കരയപ്പനെ എങ്ങനെ ഉണ്ടാക്കാം എന്നും നോക്കാം.

കളിമണ്ണ് കൊണ്ട്

കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ അടിച്ച് പരത്തി പതം വരുത്തും. നിറം നല്‍കാന്‍ ഇഷ്ടികപ്പൊടിയും ചേര്‍ക്കാം.

പിരമിഡ് കണക്ക്

തൃക്കാക്കരയപ്പന്റെ സാധാരണ ആകൃതി എന്ന് പറയുന്നത് പിരമിഡ് പോലെയാണ്. എന്നാല്‍ ഓരോ നാട്ടിലേയും സംസ്‌കാരമനുസരിച്ച് തൃക്കാക്കരയപ്പന്റെ ആകൃതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നു.

ഉത്രാടത്തിനു മുന്നേ

ഉത്രാടത്തിനു മുന്‍പേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നു. അഞ്ച് തൃക്കാക്കരയപ്പന്‍മാരെയാണ് ഉണ്ടാക്കുക. നടുവില്‍ വലുതും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക.

നാക്കിലയില്‍ വെക്കും

ഉണ്ടാക്കിയ തൃക്കാക്കരയപ്പനെ നാക്കിലയില്‍ വെക്കുന്നു. അതില്‍ അരിമാവ് കൊണ്ട്അണിയിച്ച് കൃഷ്ണ കിരീടം, ചെമ്പരത്തി, ചെണ്ടുമല്ലി എന്നിവ കൊണ്ട് അലങ്കരിക്കും. ചെമ്പരത്തി ഈര്‍ക്കിളില്‍ കോര്‍ത്ത് തൃക്കാക്കരയപ്പന് ചൂടിക്കൊടുക്കും.

നേദിക്കാൻ

തൃക്കാക്കരയപ്പന് നേദിക്കാന്‍ ശര്‍ക്കരയും പഴവും തേങ്ങയും വെച്ച് അടയുണ്ടാക്കുന്നു. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. എന്നും രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി പൂജിക്കും.

ഓണം കഴിഞ്ഞാല്‍

ഓണം കഴിഞ്ഞാലും തൃക്കാക്കരയപ്പനെ നിമജ്ജനം ചെയ്യണം. ഒഴുകുന്ന വെള്ളത്തിലാണ് തൃക്കാക്കരയപ്പനെ നിമജ്ജനം ചെയ്യുക. എന്നാല്‍ ഇന്ന് കോണ്‍ക്രീറ്റ്, പ്ലാസ്റ്റിക്, തടി എന്നിവ കൊണ്ടെല്ലാം എടുത്ത് വെക്കാവുന്ന രീതിയിലുള്ള തൃക്കാക്കരയപ്പനെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ കൊല്ലത്തെ ഓണത്തിനും ആ തൃക്കാക്കരയപ്പനെ തന്നെ പൂജിക്കാം.

No comments:

Post a Comment