ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 September 2020

ഗർഭരക്ഷക്ക് കല്ലെടുപ്പ് വഴിപാട് നടത്തുന്ന ക്ഷേത്രം

ഗർഭരക്ഷക്ക് കല്ലെടുപ്പ് വഴിപാട് നടത്തുന്ന ക്ഷേത്രം

ഓരോ ക്ഷേത്രത്തിനും ഓരോ കഥകളാണ്... ശാസ്ത്രത്തെയും അതുവരെയുണ്ടായിരുന്ന വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും ഒക്കെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് മാവേലിക്കര കുറത്തിക്കാട് മാലിമേൽ ഭഗവതി ക്ഷേത്രവും അവിടുത്തെ അമ്മൂമ്മക്കാവും. ഗര്‍ഭ രക്ഷയ്ക്കും സുഖപ്രസവത്തിനും ഒക്കെയായി സ്ത്രീകൾ ഒരു പക്ഷേ, ആശുപത്രികളേക്കാൾ അധികം വിശ്വസിക്കുന്ന ഒരപൂർവ്വ ദേവസ്ഥാനത്തിന്റെ കഥയാണിത്. ഗര്‍ഭിണികൾക്കും അവരുടെ ഉദരത്തിലെ കുഞ്ഞിനും രക്ഷ നല്കുന്ന, വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ആളുകള്‍ എത്തിച്ചേരുന്ന അമ്മൂമ്മക്കാവിനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാം...

കേൾക്കുമ്പോൾ തന്നെ അതിശയം തോന്നിപ്പിക്കുന്ന മാലിമേൽ ഭഗവതി ക്ഷേത്രവും അമ്മൂമ്മക്കാവും ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് തെക്കേക്കര പഞ്ചായത്തിൽ കുറത്തിക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

900 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ ദേവി എങ്ങനെയാണ് എത്തിയത് എന്നതിനു പിന്നിൽ ഒരു കഥയുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി എന്നാണ് വിശ്വാസം

പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവരുടെ കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യത്തിനായി ഇനി ഇവിടെ കുടിയിരുന്നുകൊള്ളാം എന്നു പറഞ്ഞ് ദേവി അപ്രത്യക്ഷയായത്രെ. പിന്നീട് ആ കാരണവർ പശുക്കിടാവായി വന്ന ദേവിക്ക് ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ അവിടെ കുടിയിരുത്തി എന്നാണ് വിശ്വാസം.

മാലിമേൽ ഭഗവതീ ക്ഷേത്രത്തിൽ ഈ കാരണവരെ യോഗീശ്വര ഭാവത്തിൽ ഉപദേവതാ സങ്കല്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, മഹാദേവൻ, വല്യച്ചന്മാർ, യക്ഷിയമ്മ, സർപ്പ ദൈവങ്ങൾ എന്നീ ഉപദേവാലയങ്ങൾ കൂടാതെ അമ്മൂമ്മക്കാവ് എന്ന ഉപദേവതയും ഇവിടെ കുടികൊള്ളുന്നു. മീനത്തിലെ രേവതി നാളിലാണ് ഭഗവതിയുടെ തിരുന്നാള്‍ നടത്തുന്നത്.

കണ്ടിയൂരിൽ കൂത്ത് പറയാറില്ല എന്നു പറയുന്നതുപോലെ തന്നെ മാലിൽ ക്ഷേത്രത്തിനും ഒരു പ്രത്യേകതുണ്ട്. ഇവിടെ ധാരിക വധം കഥകളി നടത്താറില്ല എന്നതാണത്.ഉത്സവ സമയത്ത് മറ്റെല്ലാ കഥകളികളും ഇവിടെ നടത്താറുണ്ട്.

മാലിമേൽ ഭഗവതി ക്ഷേത്രത്തിലെ ഉപദേവാലയമായാണ് പ്രശസ്തമായ അമ്മൂമ്മക്കാവ് അറിയപ്പെടുന്നത്. പിടിച്ചാൽ എത്താത്തിടത്തോളം പുരോഗതി പ്രാപിച്ച വൈദ്യ ശാസ്ത്രത്തപ്പോലും അതിശയിപ്പിക്കുന്ന വിധത്തിലാണ് ഇവിടെ വിശ്വാസികൾ എത്തിച്ചേരുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് രക്ഷയേകുന്ന ക്ഷേത്രം എന്ന നിലയിലാണിത് പ്രശസ്തമായിരിക്കുന്നത്.

കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത ആചാരങ്ങളാണ് മാലിൽ ക്ഷേത്രത്തിലുള്ളത്. ഗർഭകാലത്ത് ഇവിടെ എത്തുന്ന സ്ത്രീകൾ ദേവിയ്ക്കും അമ്മൂമ്മയ്ക്കും വഴിപാടുകൾ സമർപ്പിക്കുകയാണ് ആദ്യം ചെയ്യുക, പിന്നീട് അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്ത് സൂക്ഷിക്കും. ഗർഭകാലം മുഴുവനും ഈ കല്ല് ഒരു സുരക്ഷാ കവചമായി കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഇത് സൂക്ഷിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്ക് പിന്നീട് സുഖപ്രസവത്തിനും സഹായിക്കും എന്നുമാണ് വിശ്വാസം. ഗർഭകാലം മുഴുവനും ഈ കല്ല് കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഗർഭകാലത്ത് ഏഴാം മാസത്തിനു മുന്‍പായി കല്ലെടുത്ത് വയ്ക്കണം എന്നാണ് വിശ്വാസം.

നാളുകൾക്കു മുൻപേ വരെ ഈ ക്ഷേത്ര കുടുംബത്തിലെ സ്ത്രീകളും സമീപ വാസികളും മാത്രമായിരുന്നു ഇവിടെ എത്തിയിരുന്നത്. എന്നാൽ ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിവിധ ജില്ലകളിൽ നിന്നു പോലും ആളുകൾ ഇവിടെ കല്ലെടുപ്പ് വഴിപാടിനും മറ്റുമായി എത്തിച്ചേരാറുണ്ട്.

രണ്ടു വഴിപാടുകൾ മാത്രമാണ് ഇവിടെയുള്ളത്. മോതിര സമർപ്പണം, പൂജാദ്രവ്യങ്ങൾ സമർപ്പണം എന്നിവ മാത്രമാണ് അമ്മൂമ്മക്കാവിലെ വഴിപാടുകൾ.

പ്രസവശേഷം കുട്ടിയുടെ ചോറൂണ് കഴിഞ്ഞ് അമ്മ കുട്ടിയുമായെത്തി അന്ന് ക്ഷേത്രത്തിൽ നിന്നെടുത്ത കല്ല് അമ്പലത്തിനു മുന്നിൽ തിരികെ നിക്ഷേപിക്കണമത്രെ. കൂടാത അമ്മൂമ്മക്കാവിലെ അമ്മൂമ്മയ്ക്ക് സ്വർണ്ണമോ വെള്ളിയോ കൊണ്ടുള്ള മോതിരം സമർപ്പിക്കുകയും ചെയ്ത് വഴിപാട് സമർപ്പണവും നടക്കുന്നതോടെ ഇത് പൂർത്തിയാവും. കല്ലെടുപ്പ് വഴിപാട് എന്നാണിതിനു പറയുന്നത്

വൃശ്ചിക മാസം മുതൽ ഉത്സവം വരെ എല്ലാ ഭരണി നാളിലും ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് നടക്കും. കുംഭമാസത്തിലെ ആയില്യത്തിലാണ് സർപ്പക്കാവിലെ പൂജ. ചിങ്ങമാസത്തിലെ ഉത്രാടത്തിൽ വല്യച്ഛൻമാരുടെയും യോഗീശ്വരന്റെയും നടയിൽ ഉത്രാടപൂജയും തിരുവോണത്തിന് അമ്മൂമ്മക്കാവിൽ വാർഷിക പൂജയും നടക്കും. മലയാള മാസത്തിലെ എല്ലാ ആദ്യ വെള്ളിയാഴ്ചയും യക്ഷിയമ്പലത്തിൽ പ്രത്യേക പൂജകളുണ്ട്.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് ഗ്രാമത്തിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കരയിൽ നിന്നും കറ്റാനത്തിനു പോകുന്ന റൂട്ടിൽ കുറത്തിക്കാട് ഹൈസ്കൂൾ ജംങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിൽ നിന്നും 50 കിലോ മീറ്ററും, പത്തനംതിട്ടയിൽനിന്നും 30 കിലോമീറ്ററും, കൊല്ലത്തുനിന്നും 48 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

No comments:

Post a Comment