ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 September 2020

യജുർവേദം

യജുർവേദം

യജ്ഞ പ്രധാനമായത് യജുർവേദം. കർമ്മകാണ്ഡ പ്രതിപാദകമായ ഇൗ വേദത്തിന്ന് കൃഷ്ണ യജുർവ്വേദമെന്നും ശുക്ല യജുർവ്വേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്,

ചരണവ്യൂഹ ഗ്രന്ഥത്തിൽ കൃഷ്ണ യജുർവ്വേദത്തിന്ന് 86 ശാഖകളുണ്ടെന്നു തിട്ടപ്പെടുത്തിയിരിക്കുന്നു. മഹാഭാഷ്യാകരന്റെ മതമനുസരിച്ച് നൂറ്റിയൊന്നും, മുക്തികോപനിഷത്തു പ്രകാരം നൂറ്റിയൊമ്പത്  ശാഖകളുണ്ടെന്നും കാണുന്നു. ഇപ്പോഴാകട്ടെ ചരകം, ആഹ്വരകം, കഠം, പ്രാച്യ കഠം, കപിഷ്ഠല കഠം, ഒൗപമന്യം, ആഠല കഠം, ചരായണീയം, വരായണീയം, വാർത്താന്തവേയം, ശ്വേതാശ്വതരം, മൈത്രായണീയം എന്നീ 12 ശാഖകളാണ് പ്രസിദ്ധമായവ.  മന്ത്ര ബ്രാഹ്മണാത്മകമായ കൃഷ്ണ യജുർവേദത്തിൽ 18000 മന്ത്രങ്ങളുണ്ട്. ഏഴ് അദ്ധ്യായങ്ങൾ വീതമുള്ള മന്ത്രസംഹിതകളുടെ ഏഴ് അഷ്ടകങ്ങളും, എല്ലാം കൂടി ആകെ 700 അനുവാകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ഇതിന്റെ ബ്രാഹ്മണത്തിന്നും ആരണ്യകത്തിന്നും 'തെത്തിരീയ'മെന്നു പറയുന്നു. അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം മുതലായ യജ്ഞങ്ങളെപ്പറ്റി ഇതിൽ വർണ്ണിച്ചിരിക്കുന്നു.

ശുക്ലയജുർവ്വേദം  വാജസനേയ സംഹിതയെന്നും അറിയപ്പെടുന്നു. യാജ്ഞവൽക്യനാണ് ഇതിന്റെ ഋഷി. ഇതിൽ 1900 മന്ത്രങ്ങളുണ്ട്. ജാബാലം, ഗോധേയം, കാണ്വം, മാദ്ധ്യന്ദിനം, ശാണീയം, വായനീയം, കാപാലം, പൗണ്ഡ്രം, വത്സം, ആവടികം, പരമാവടികം, പരാശരീയം, വൈരേയം,   വൈനേയം, ഒൗധേയം, മാവളം, കാത്യായനീയം എന്നിങ്ങനെ ഇതിന് 17 ശാഖകളുണ്ട്. സംഹിതകളുടെ 40 അദ്ധ്യായങ്ങളും 190 അനുവാകങ്ങളുമുള്ള ശുക്ല യജുർവ്വേദത്തിൽ ദർശം, പൗർണ്ണമാസം, ഷോഡശീ, അശ്വമേധം, പുരുഷമേധം മുതലായ യജ്ഞങ്ങളുടെ വിധിവിധാനങ്ങൾ അടങ്ങിയിരിക്കുന്നു. വൈദിക യുഗത്തിലെ സാമൂഹ്യജീവിത ക്രമങ്ങളെപ്പറ്റി വർണ്ണിച്ചിരിക്കുന്ന മന്ത്രങ്ങളുടെ ദ്രഷ്ടാവ് വിശ്വാമിത്ര മഹർഷിയാണ്. ശുക്ലയജുർവ്വേദത്തിന്റെ ബ്രാഹ്മണം രണ്ടുഭാഗവും 14 കാണ്ഡങ്ങളും 76000 മന്ത്രങ്ങളുമുള്ള ശതപഥ ബ്രാഹ്മണമാണ്. ഇതിന്റെ ശിക്ഷ യാജ്ഞവൽക്യവും, ഛന്ദോഗ്രന്ഥം ഛന്ദഃസൂത്രവും, ജ്യോതിഷം  'യാജൂഷകൽപ'വുമാണ്.

ധനുർവ്വേദമാണ് യജുർവ്വേദത്തിന്റെ ഉപവേദം.വ്യക്തിയുടെയും സമഷ്ടിയുടെയും മറ്റെല്ലാ സമ്പത്തിന്റെയും രാഷ്ട്രത്തിന്റെയും ഭദ്രതയും സംരക്ഷണവും സാധിക്കുമെന്നതിൽ ആയോധനാ രീതിക്കുള്ള സ്ഥാനം, വിവിധായോധനാ മുറകൾ, അസ്ത്ര ശസ്ത്രാദികളുടെ പ്രയോഗങ്ങൾ, ആയുധ നിർമ്മാണ വിധികൾ എന്നിവ വൈജ്ഞാനികവും ധാർമ്മികവുമായി പ്രതിപാദിക്കുന്നതാണ് ധനുർവ്വേദം.  ചതുർവിധ തത്ത്വസമ്പത്തി,  പരമാണു തത്വം, അസ്ത്രശാസ്ത്രാദികളുടെ ആവശ്യകത, ആയുധ നിർമ്മാണ വിധി, അസ്ത്ര നിർമ്മാണ വിധി, ശസ്ത്ര മന്ത്രങ്ങൾ, രാജ്യ സംരക്ഷണം, ആയുധ സംരക്ഷണം, ശത്രുക്കളുണ്ടാവുന്നതിനു കാരണം, യുദ്ധവിധി, സെനികവ്യവസ്ഥ ഇത്യാദി ആയോധന തന്ത്രത്തെപ്പറ്റി വിവരിക്കുന്ന 60000 ശ്ളോകങ്ങൾ ധനുർവ്വേദത്തിലുണ്ട്. ഇത് കൃത യുഗാരംഭത്തിൽ ശിവൻ നിർമ്മിച്ചതാണ്.

ധനുർവ്വേദത്തിനും ഉപ ഗ്രന്ഥങ്ങൾ ധാരാളമുണ്ട്, അവയിലാദ്യത്തേത് ദ്രോണാചാര്യ വിരചിതവും 7000 ശ്ളോകങ്ങളുള്ളതുമായ ധനുഷ് പ്രദീപവും, 12 പ്രകരണങ്ങളോട് കൂടിയ ധനുഷ് ചന്ദ്രോദയവുമാണ്.

No comments:

Post a Comment