ഗുരുവായൂരപ്പ സ്തോത്രം.
ചരണപങ്കജം തൊഴുന്നവർക്കെല്ലാം
സുരതരുപോലെയഭീഷ്ടമേകിയും
ചരാചരങ്ങളെ ബ്ഭരിച്ചുമെപ്പൊഴും
ഗുരുവായൂരെഴും ഭഗവാനേ കൃഷ്ണാ
പരമാത്മാവേ നിൻഹിതമറിയുവാ-
നൊരുവനുമിന്നു ജഗത്തിലില്ലല്ലോ
കരുണ ചെയ്യണേ ജനങ്ങളിലെല്ലാം
കരുണാവാരിധേ ഗുരുവായൂരപ്പാ.
പിഴച്ചബുദ്ധിയുള്ളവരെയൊക്കെ നേർ
വഴിക്കു നിത്യവും നടത്തിടേണമേ
പിഴകളൊക്കെയും പൊറുത്തു കൊണ്ടു നിൻ
കഴൽക്കുചേരാനുമനുഗ്രഹിയ്ക്കണേ.
വിപത്തും സമ്പത്തും വിചാരിച്ചു കണ്ടാൽ
വിധിമതമെന്നു വരുന്നതാകിലും
വിധിലിഖിതത്തെ വിലംഘിച്ചിടാനും
വിഭുവല്ലോ ഭവാൻ മരുൽപുരേശ്വരാ.
മരണകാലത്തു ഭവൽസ്വരൂപത്തെ
മരതകവർണ്ണാ തെളിഞ്ഞു കാണണേ
മുരളിനാദമാമമൃതുകൊണ്ടെന്റെ
മരണസങ്കടമകറ്റിടേണമേ
ജയ രമാപതേ ജയ കൃപാലയാ
ജയ ജഗത്ഗുരോ ജയ ജനാർദ്ദനാ
ജയ ജയ വിഷ്ണോ ജയ ജയാച്യുതാ
ജയ ജയ ഹരേ ജയ ജയ കൃഷ്ണാ
ജയ ജയ ജയ കമലലോചനാ
ജയ ജയ ജയ പരമപുരുഷാ
ജയ ജയ ജയ കിരീടിസാരഥേ
ജയ ജയ ജയ ഗുരുവായൂരപ്പാ.
ജഗത്തിനൊക്കെയും പതിയായുള്ള നീ
ജയിയ്ക്ക മേൽക്കുമേൽ ജയിയ്ക്ക മേൽക്കുമേൽ.
ചരാചരാത്മാവാം ഭവാനെല്ലാവർക്കും
അരുളിടേണമേ പരമ മംഗളം.
No comments:
Post a Comment