ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 March 2019

വിഷ്ണുമൂർത്തി തെയ്യം

വിഷ്ണുമൂർത്തി തെയ്യം

വടക്കേ മലബാറിലെ കാവുകളിലും, സ്ഥാനങ്ങളിലും കെട്ടിയാടുന്ന ഒരു തെയ്യമാണ് പരദേവത എന്നുകൂടി അറിയപ്പെടുന്ന വിഷ്ണുമൂർത്തി. വൈഷ്ണവ സങ്കൽപം പിൽക്കാലത്ത് ചാർത്തിക്കൊടുത്ത നായാട്ടുദേവനാണ് വിഷ്ണുമൂർത്തി. മേലേരി ചാടുന്നതാണ് ഈ തെയ്യത്തിന്റെ പ്രധാന കാഴ്ച. തെയ്യത്തിനോ വെളിച്ചപ്പാടിനൊ തീയിൽ ചാടുന്നതിനോ മറ്റു രീതിയിൽ തീയിൽ പ്രവേശിക്കുന്നതിനോ വേണ്ടി ഉണ്ടാക്കുന്ന കനൽകൂമ്പാരമാണ് മേലേരി.

ആദ്യമായി വിഷ്ണുമൂർത്തി തെയ്യം കെട്ടിയത് പാലായി പെരെപ്പേൻ എന്ന മലയനാണ് എന്നാണ് വിശ്വാസം. ഒറ്റക്കോലം എന്ന പേരിൽ വയൽ തെയ്യമായും വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടാറുണ്ട്. തീപ്രവേശമാണ് അവിടെ മുഖ്യം. വീടുകളിൽ കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യത്തിന് തീപ്രവേശത്തേക്കാൾ ഉഗ്രമൂർത്തിയായ നരസിംഹരൂപിക്കാണു മുഖ്യം. വീടുകളിൽ ഹിരണ്യകശ്യപുവിന്റെ രക്തപാനവും നരസിഹമൂർത്തിയുടെ പൊയ്മുഖവും പിന്നെ പേരിനു മാത്രം ചെറിയതോതിൽ തീപ്രവേശവുമായി തെയ്യം അവസാനിക്കും. മലയരാണ് വിഷ്ണുമൂർത്തിയെ കെട്ടിയാടുന്നത്. ഈ തെയ്യത്തിന് വെളിച്ചപ്പാടുകൾ നിർബന്ധമാണ്. തെയ്യം കെട്ടുന്നയാൾ അധികം മുഖത്തെഴുത്തോ അത്യധികമായ വേഷഭൂഷകളോ ഇല്ലാതെ തോറ്റം ചൊല്ലി ഉറഞ്ഞാടുന്ന കുളിച്ചാറ്റം എന്ന ചടങ്ങും തെയ്യത്തിന്റെ പുറപ്പാടിനു വളരെ മുമ്പേ ആയിട്ടുണ്ടാവും. ഇത് തോറ്റം എന്നും അറിയപ്പെടുന്നു.

വിഷ്ണുമൂർത്തിയുടെ ചരിതം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പിന്റെ വീട്ടിലെ വേലക്കാരനായിരുന്നു കണ്ണൻ. ഒരിക്കൽ പറമ്പിൽ നിന്നും മാങ്ങ പറിചു തിന്നുകയായിരുന്ന കണ്ണന്റെ കയ്യിൽ നിന്നും മാങ്ങ കുറുപ്പിന്റെ അനന്തരവളുടെ മാറിൽ‌വീഴാനിടയായി. വിവരമറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്നു പാട്ടകൊട്ടി വിളംബരം ചെയ്തു. ഇതറിഞ്ഞ കണ്ണൻ നാടുവിട്ടു മംഗലാപുരത്തേക്ക് നാടു കടക്കുന്നു.

കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ 
കരുമം പലതും പലരോടും ചെയ്തതുകൊണ്ട് 
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി 
തറവാടും നാടും വിട്ടു വടക്കു നടന്നു 
എന്ന് വിഷ്ണുമൂർത്തിയുടെ തോറ്റം പാട്ടിൽ പരാമർശമുണ്ട്.

പാലന്തായി കണ്ണൻ മംഗലാപുരത്ത് ഒരു തിയ്യത്തറവാട്ടിൽ അഭയം പ്രാപിച്ചു. വിഷ്ണുമൂർത്തിയായിരുന്നു ആ വീട്ടിലെ പരദേവത. പള്ളിയറയിൽ വിളക്കുവെച്ചും മറ്റും കണ്ണൻ പരദേവതയുടെ ഭക്തനായി മാറി. അങ്ങനെ പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു, ഒരു ദിവസം സ്വപ്നത്തിൽ പ്രത്യക്ഷമായ പരദേവത, അവനോട് തന്റെ ചുരികയുമെടുത്ത്, നാട്ടിലേക്കു മടങ്ങി പോവാനവശ്യപ്പെട്ടു. ഉണർന്നു നോക്കിയ കണ്ണൻ ചുരിക വിറച്ചുതുള്ളുന്നതാണു കണ്ടത്. ചുരികയുമായി യാത്രപുറപ്പെട്ട അവന് ആ വീട്ടിലെ അമ്മ ഒരു കന്നികുട നൽകി. നീലേശ്വരത്ത് തിരിച്ചെത്തിയ കണ്ണൻ തന്റെ ബല്യകാലസഖാവായ കനത്താടൻ മണിയാണിയുടെ വീട്ടിലെത്തി, അവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി കുളത്തിലെത്തിയ കണ്ണനെ കുറുവാടൻ വെട്ടിക്കൊലപ്പെടുത്തി. തന്റെ വീട്ടിൽ തിരിച്ചെത്തിയ കുറുപ്പിന് സർ‌വത്ര അനർത്ഥങ്ങളാണ് കാണാൻ കഴിഞ്ഞത്. പരിഹാരമായി പരദേവതയേയും കണ്ണനേയും തെയ്യങ്ങളായി കെട്ടിയാടിക്കാൻ തുടങ്ങി.

വിഷ്ണുമൂർത്തി മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ്. ഈ തെയ്യത്തിന്റെ മൂലസ്ഥാനം മംഗലപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്കുടിപാടി എന്ന തറവാടാണ്. നീലേശ്വരത്ത കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം മറ്റൊരു പ്രധാനസ്ഥാനമാണ്.

No comments:

Post a Comment