ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 March 2019

തെയ്യം ഭാഗം - 06

തെയ്യം

ഭാഗം - 06

തെയ്യത്തിന്റെ ചടങ്ങുകളും അനുഷ്ഠാനങ്ങളും

തെയ്യാട്ടവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളുമുണ്ട്. പ്രാദേശികഭേദം മാത്രമല്ല സ്ഥാനങ്ങളുടെ വ്യത്യാസങ്ങളും കെട്ടിയാടുന്ന സമുദായങ്ങളുടെ വ്യത്യാസങ്ങളും അവയിൽ വൈവിധ്യമുളവാക്കുന്ന ഘടകങ്ങളാണ്.

അടയാളം കൊടുക്കൽ

തെയ്യാട്ടത്തിന്റെ ആദ്യത്തെ ചടങ്ങാണിത്. തെയ്യത്തിന്റെ തീയതി നിശ്ചയിച്ച് കോലം (തെയ്യം) കെട്ടാൻ നിശ്ചിതകോലക്കാരനെ ഏൽപ്പിക്കലാണ്‌ ഈ ചടങ്ങ്. ദേവതാസ്ഥാനത്തിനു മുമ്പ് വെറ്റിലയും പഴുക്കയും പണവും കൂടി കോലക്കാരന്‌ സമ്മാനിച്ച് ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേര്‌ പറഞ്ഞേൽ‌പിക്കും.

ചില തെയ്യങ്ങൾക്ക് വ്രതമെടുക്കേണ്ടതായിട്ടുണ്ട്. വ്രതമെടുക്കേണ്ട കോലങ്ങളാണെങ്കിൽ വ്രതാനുഷ്ഠാനം അതോടെ ആരംഭിക്കും. സ്ഥാനികരും കോമരങ്ങളും കോലക്കാരനുമെല്ലാം വ്രതശുദ്ധിയോടെയിരിക്കണം. തെയ്യങ്ങൾക്കുമുന്നേ അനുഷ്ഠിക്കേണ്ട വ്രതത്തിന്‌ ദിവസവ്യത്യാസമുണ്ട്. മൂന്നു ദിവസം, അഞ്ചു ദിവസം, ഏഴു ദിവസം എന്നിങ്ങനെയാണ്‌ സാധാരണ വ്രതാനുഷ്ഠാനത്തിന്റെ ദിവസാക്രമം. ഒറ്റക്കോലം തുടങ്ങിയ തീക്കോലങ്ങൾക്കും മറ്റും ഇരുപത്തി ഒന്ന് ദിവസം വ്രതമനുഷ്ഠിക്കും. വ്രതാനുഷ്ഠാനസംമയത്ത് ഒരു പ്രത്യേക കുച്ചിലിൽ (പുരയിൽ) താമസിച്ച് ശുദ്ധമായി ഭക്ഷണം കഴിക്കണം. മത്സ്യമാംസാദികളെല്ലാം അക്കാലത്ത് നിഷിദ്ധമാണ്‌. മദ്യപിക്കുന്ന തെയ്യമാണെങ്കിൽ പോലും തെയ്യാട്ടത്തിന്റെ അംശമായിട്ടേ മദ്യം കഴിക്കാവൂ.

മുച്ചിലോട്ടുകാവുകളിലും മറ്റും ഇരുപത്തി ഒന്ന് ദിവസം മുമ്പേ കോലക്കാരനും കോമരങ്ങളും വ്രതാനുഷ്ഠാനം ആരംഭിക്കും. അതിന്റെ തുടക്കത്തില്‌ വരച്ചുവയ്ക്കൽ എന്നാണ്‌ പറയുക. വരച്ചുവെച്ചാൽ പിന്നെ കാവിന്റെ പരിസരത്ത് നിന്ന് അകലെപ്പോകുവാനോ അശുദ്ധിയേൽക്കുവാനോ പാടില്ലെന്നാണ്‌ നിയമം. വ്രതകാലത്ത് സാധാരണയായി തിനക്കഞ്ഞിയാണ്‌ ഭക്ഷിക്കുക.

സാധാരണയായി വണ്ണാൻ, കോപ്പാള, മലയ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ക്ഷേത്രപാലകൻ പോലുള്ള തെയ്യങ്ങൾ കെട്ടുന്നത് വണ്ണാന്മാരിലെ 'ചിങ്കം' സ്ഥാനം കിട്ടിയവരാണ്. മുച്ചിലോട്ട് ഭഗവതി പോലുള്ള തെയ്യങ്ങൾ കെട്ടുന്നത് അഞ്ഞൂറ്റാൻ, പുല്ലൂരാൻ വിഭാഗക്കാരാണ്. വിഷ്ണുമൂർത്തി, രക്തചാമുണ്ടി, തീച്ചാമൂണ്ടി ഇത്തരം തെയ്യങ്ങൾ മലയ സമുദായക്കാർ കെട്ടുമ്പോൾ കുറത്തി, കുണ്ടോർ ചാമുണ്ടി തെയ്യങ്ങൾ കെട്ടുന്നത് കോപ്പാള സമുദായക്കാരാണ്.

തെയ്യം കൂടൽ

തെയ്യാട്ടം ആരംഭിക്കുന്നതിന്‌ തലേന്നാൾ തന്നെ കോലക്കാരനും വാദ്യക്കാരുമെല്ലാം തെയ്യസ്ഥലത്തെത്തിയിരിക്കും. സന്ധ്യക്കുമുന്നേ വാദ്യങ്ങൾ കൊട്ടിയറിയിക്കും. തെയ്യാട്ടത്തിന്റെ ചടങ്ങുകൾ ആരംഭിക്കുന്ന ഈ ചടങ്ങിന്‌ തെയ്യം കൂടൽ എന്നാണ്‌ പറയുക.. സന്ധ്യയോടു കൂടിയോ അതിനു മുന്നിലോഉച്ചത്തോറ്റം ആരംഭിക്കും. പിന്നീട് വെള്ളാട്ടം ഉണ്ടാകും. ആതിനു ശേഷം കൊടിയിലത്തോറ്റം കാണും. തെയ്യം കെട്ടുന്ന കോലക്കാരൻ ദേവതാസ്ഥാനത്തു മുന്നിൽ ചെന്ന് നിന്ന് അരിയും തിരിയും വെച്ച നാക്കില ഏറ്റുവാങ്ങുന്ന ചടങ്ങാണിത്.. 'അന്തിത്തോറ്റം' സന്ധ്യയ്ക്കുശേഷമാണു മിക്ക ദിക്കിലും കണ്ടുവരുന്നത്. ചില ദേവതകൾക്കു 'വെള്ളാട്ട'മാണ്. അതും സന്ധ്യയ്ക്കു മുമ്പായോ രാത്രിയിലോ നടക്കും. ഉത്സവം തുടങ്ങുന്നതറിയിക്കാൻ ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളടങ്ങിയ ഒരു കൊടി ചെമ്പക മരത്തിലൊ കൊടിമരമുണ്ടെങ്കിൽ അതിലോ കയറ്റും. കാവ് അടിച്ചുവാരി ചാണകം തളിക്കും. പള്ളിയറയിൽ നിന്ന് ഒരു വിളക്കു കത്തിച്ച് അണിയറയിലെ അനുഷ്ഠാന കല്ലിൽ വെയ്ക്കുന്നതോടെ അണിയറ സജീവമാവും.

നട്ടത്തിറ

ചില പ്രദേശങ്ങളിൽ തെയ്യം നടത്തുന്നതിന്റെ രണ്ടു ദിവസം മുൻപേ “നട്ടത്തിറ“ എന്ന അനുഷ്ഠാനം നടത്താറുണ്ട്‌. പൂജകൾ, ഗുരുതി എന്നിവ ഇതിന്റെ ഭാഗമായി കണ്ടേക്കാം.

വെള്ളാട്ടം

തെയ്യത്തിനുമുമ്പായി നടത്തുന്ന ഒരു അനുഷ്ഠാനമാണു് വെള്ളാട്ടം. തെയ്യാട്ടത്തിനു തലേദിവസം കോലക്കാരൻ ലഘുവായ തോതിൽ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടുപാടുകയും അതിന്റെ അന്ത്യത്തിൽ ഉറഞ്ഞുതുള്ളി നർത്തനം ചെയ്യുകയും പതിവുണ്ട്. തോറ്റക്കാരനോടൊപ്പം മറ്റു പാട്ടുകാരും പാടും. തോറ്റം കെട്ടിയ കലാകാരനും മറ്റുള്ളവരുംകൂടി പാടുന്ന പാട്ടിനെ തോറ്റംപാട്ട് എന്നാണ് പറയുക. 'തോറ്റംപാട്ട്' പാടുന്ന വേഷം 'തോറ്റ'വും, തോറ്റമെന്ന വേഷം (തോറ്റക്കാരൻ) പാടുന്ന അനുഷ്ഠാനഗാനം 'തോറ്റംപാട്ടു'മാകുന്നു. തെയ്യത്തോറ്റങ്ങൾക്കു മാത്രമേ ഈ ലാക്ഷണികമായ അർഥമുള്ളൂ. 'തോറ്റ'മെന്ന പദത്തിന് 'സ്തോത്രം' എന്ന അർഥമുണ്ട്. എന്നാൽ തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർഥങ്ങളുള്ള ഒരു പഴയ ക്രിയാരൂപമത്രെ 'തോറ്റുക' എന്ന പദം. 'തോറ്റം' എന്ന നാമപദം അതിൽനിന്നുമുണ്ടായതായിരിക്കണം. തോറ്റക്കാരന്റെയോ തെയ്യക്കാരന്റെയോ ശരീരത്തിൽ ദേവത ആവേശിച്ച് വെളിപാടുകൊള്ളുവാനാണ് 'തോറ്റം' പാടുന്നത്. 'വരവിളി' തോറ്റത്തിലൂടെ ദേവതയെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്. 'തോറ്റ'ത്തിന് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്ന തരഭേദം കാണാം. സമയസൂചകങ്ങളാണ് ആ പദങ്ങളെങ്കിലും സമയനിഷ്ഠ പ്രായേണ പാലിച്ചുകാണാറില്ല. തെയ്യം കെട്ടുന്നവർ ചില ചമയങ്ങൾ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ്‌ വെള്ളാട്ടം നടത്തുന്നത്‌. തെയ്യത്തിന്റെ കൗമാരപ്രായമാണ്‌ വെള്ളാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്. തെയ്യത്തിന്റെ ചെറിയ രൂപമായ 'തോറ്റം' എല്ലാ തെയ്യങ്ങൾക്കും പതിവില്ല. അത്തരം തെയ്യങ്ങൾക്കും തിറകൾക്കും 'വെള്ളാട്ട'മാണ് പതിവ്. 'വെള്ളാട്ട'ത്തിന് 'തോറ്റ' വേഷത്തേക്കാൾ ഉടയാടകളും മെയ്യലങ്കാരങ്ങളും ഉണ്ടാകും. മുഖത്തുതേയ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീദേവതകൾക്കെല്ലാം 'തോറ്റ'മുണ്ട്. പുരുഷദേവതകൾക്കു മിക്കതിനും 'തോറ്റം' കാണും. എന്നാൽ വേട്ടയ്ക്കൊരുമകൻ, ഊർപ്പഴച്ചി, പൂമാരുതൻ, വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, പുലികണ്ടൻ, ബാലി, വൈരജാതൻ, പുലിയൂരുകണ്ണൻ, കന്നിക്കൊരുമകൻ, വടവീരൻ, അങ്കക്കാരൻ, വീരഭദ്രൻ, പൂളോൻ ദൈവം എന്നീ 'കോല'ങ്ങൾക്കു 'വെള്ളാട്ട'മുണ്ട്. വെള്ളാട്ടമുള്ളവയ്ക്ക് 'തോറ്റ'മോ, 'തോറ്റ'മുള്ളവയ്ക്ക് 'വെള്ളാട്ട'മോ സാധാരണ പതിവില്ലെങ്കിലും, കൂടുതൽ നാളുകളിൽ തെയ്യാട്ടം നടത്തപ്പെടുമ്പോൾ, ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളാട്ടവും തോറ്റവും മാറിമാറി കാണാറുണ്ട്.

തുടരും.....

No comments:

Post a Comment