ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 March 2019

തെയ്യം ഭാഗം - 09

തെയ്യം

ഭാഗം - 09

തെയ്യത്തിന്റെ നടനം

വാദ്യം, ഗീതം (തോറ്റംപാട്ട്) എന്നിവ ചേർന്നുള്ള അനുഷ്ഠാന നടന കലാരൂപമാണ് തെയ്യം. ചെണ്ട, ഇലത്താളം, ചീനിക്കുഴൽ തുടങ്ങിയ വാദ്യങ്ങളുടെ താളമേളങ്ങൾക്കനുഗുണമായാണ് തെയ്യങ്ങൾ ആടുന്നത്. പുലയരും മാവിലരും തുടി ഉപയോഗിക്കും. ഓരോ തെയ്യത്തിന്റെയും ഓരോ തോറ്റത്തിന്റെയും നടനരീതിക്ക് വ്യത്യാസം കാണാം. നർത്തനങ്ങൾക്കു പ്രത്യേക താളക്രമമുണ്ട്. ഉറഞ്ഞുതുള്ളുക, കാവിന്റെ (സ്ഥാനത്തിന്റെ) തിരുമുറ്റത്ത് പ്രത്യേക രീതിയിൽ ആടുക, നർത്തനം ചെയ്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുക, പള്ളിയറയ്ക്കു നൃത്തപ്രദക്ഷിണം ചെയ്യുക, കലശത്തറയ്ക്കു ചുറ്റും നർത്തനം ചെയ്യുക, കലശമെഴുന്നള്ളിക്കുമ്പോൾ ലാസ്യം ചെയ്തുകൊണ്ട് നീങ്ങുക, വിവിധ കലാശങ്ങൾ ചവിട്ടുക എന്നീ പ്രകാരം വിവിധ നർത്തനരീതികൾ തെയ്യാട്ടത്തിൽ പതിവുള്ളതാണ്. നർത്തനത്തിന്റെ താളവട്ടങ്ങൾ വായ്ത്താരിയായി പഠിക്കാറുണ്ട്. ദീർഘകാല പരിശീലനംകൊണ്ടു മാത്രമേ നല്ലൊരു കോലക്കാരനാകുവാൻ സാധിക്കൂ. തെയ്യങ്ങളുടെ നൃത്തകലാശാദികൾ ചില പ്രത്യേക ആശയങ്ങളെ പ്രതിരൂപാത്മകമായി പ്രതിഫലിപ്പിക്കുന്ന സന്ദർഭങ്ങൾ വിരളമല്ല. ഭഗവതി, കാളി, ഭദ്രകാളി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന തെയ്യങ്ങൾക്ക് 'അസുരാട്ടക്കലാശം' എന്ന നർത്തനവിശേഷം പൊതുവേയുള്ളതാണ്. അസുരാന്തകിമാരാണ് ആ ദേവതമാരെന്നാണ് അതിന്റെ പിന്നിലുള്ള സങ്കല്പം. വലിയമുടി തെയ്യങ്ങൾക്ക് ഉഗ്രതാണ്ഡവത്തെക്കാൾ ലാസ്യപ്രധാനമായ ചലനമാണ് കാണുക. തെയ്യങ്ങൾ സംഘമായും ഒറ്റയ്ക്കും ആടും. പന്തം വച്ചാടുന്ന ചില തെയ്യങ്ങളുമുണ്ട്. ഉഗ്രദേവതകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. 'മേലേരി'(തീക്കൂമ്പാരം)യിൽ വീഴുന്ന തെയ്യങ്ങളെയും കാണാം. 'ഒറ്റക്കോലം' എന്ന് വിശേഷിപ്പിക്കാറുള്ള വിഷ്ണുമൂർത്തിയും പൊട്ടൻ തെയ്യവും തീയിൽ വീഴുക പതിവാണ്. ഉച്ചിട്ട എന്ന തെയ്യം കനലിൽ ഇരിക്കും. പന്തം വച്ചാടുന്ന തെയ്യങ്ങൾ രാത്രിയുടെ അന്ത്യയാമത്തിലാണ് പ്രായേണ പുറപ്പെടുന്നത്. കൈകളിൽ പന്തങ്ങൾ വഹിച്ചുകൊണ്ടാടുന്ന തെയ്യങ്ങളുമുണ്ട്. മുച്ചിലോട്ടുഭഗവതി അതിനു തെളിവാണ്. വിരലുകളിൽ പച്ചയോല ചുറ്റി തിരിവച്ച് തീകൊളുത്തി ഉഗ്രനർത്തനം ചെയ്യുന്ന തെയ്യമാണ് പുള്ളിബ്ഭഗവതി. തിരികൾ കടിച്ചുകൊണ്ട് നർത്തനം ചെയ്യുന്ന തെയ്യമാണ് കുണ്ഡോറച്ചാമുണ്ഡി. മുഖാവരണം അണിഞ്ഞും കൈകളിൽ ഓലച്ചൂട്ടുകൾ കത്തിച്ചുപിടിച്ചും നർത്തനം ചെയ്യുന്ന തെയ്യങ്ങളാണ് മടയിൽ ചാമുണ്ഡി, കുണ്ഡോറച്ചാമുണ്ഡി തുടങ്ങിയവ. പല തെയ്യങ്ങളും ആയുധങ്ങളെടുത്തുകൊണ്ടാണ് നർത്തനം ചെയ്യുന്നത്. ഭഗവതിമാരും വീരപുരുഷ സങ്കല്പത്തിലുള്ള തെയ്യങ്ങളും വാൾ, പരിച എന്നിവ എടുക്കും. കതിവന്നൂർ വീരൻ തെയ്യത്തെപ്പോലുള്ള വീരന്മാർ പയറ്റുമുറകൾ പ്രകടിപ്പിക്കാറുണ്ട്. വാളും പരിചയും വിവിധങ്ങളായ ആകൃതികളിൽ കാണാറുണ്ട്. ശൂലമാണ് ഗുളികന്റെ ആയുധം. പൊട്ടനും കുറത്തിയും ചെറിയ കത്തി കയ്യിലെടുക്കും. നായാട്ടുധർമമുള്ള തെയ്യങ്ങൾ വില്ലും ശരവുമാണ് എടുക്കുന്നത്. വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, മുത്തപ്പൻ, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങൾ അതിൽപ്പെടുന്നു. 'ഒപ്പനപ്പൊന്തി'എന്ന ആയുധമാണ് പെരുമ്പുഴയച്ചനും പൂമാരുതനും മറ്റും എടുക്കുന്നത്. കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും ഇത്തരം ആയുധങ്ങൾ വച്ചു പൂജിക്കും. തെയ്യങ്ങൾ പുറപ്പെടുമ്പോൾ അവ 'സ്ഥാന'ത്തു നിന്നു കൊടുക്കുന്ന പതിവുണ്ട്. ഉലക്ക കൈയിലേന്തി, നെല്ലുകുത്തുന്നതുപോലെ അഭിനയിച്ചുകൊണ്ട് ആടുന്ന തെയ്യമാണ് 'മോന്തിക്കോലം'. ചാമുണ്ഡി കുണ്ഡോറപ്പന്റെ ദാസിയായിരുന്ന ഒരവസ്ഥയെ സൂചിപ്പിക്കുന്ന രംഗമത്രെ അത്. പടയ്ക്കെത്തി ഭഗവതി കൈകളിൽ ഉലക്ക, മുറം, ഏറ്റുകത്തി, അടിമാച്ചി (ചൂല്) തുടങ്ങിയ സാധനങ്ങൾ എടുക്കും. ചതുർവിധാഭിനയങ്ങളിൽ ആംഗികാഭിനയം തെയ്യാട്ടത്തിൽ കുറവാണ്. എങ്കിലും ചില തെയ്യങ്ങൾക്ക് ആംഗികാഭിനയമുണ്ട്. ബാലിതെയ്യം പുറപ്പെട്ടാൽ, ബാലിസുഗ്രീവയുദ്ധത്തെ ഓർമിപ്പിക്കുന്ന ചില അഭിനയങ്ങൾ പതിവുണ്ട്. വിഷ്ണുമൂർത്തി തെയ്യമാകട്ടെ, ഹിരണ്യകശിപുവിനെ വധിച്ച നരസിംഹമൂർത്തിയുടെ ഭാവങ്ങൾ അഭിനയിച്ചുകാട്ടും. ദക്ഷയാഗം കഥയിലെ യാഗശാല തകർക്കുന്ന രംഗമാണ് വീരഭദ്രൻ തെയ്യം അഭിനയത്തിലൂടെ കാട്ടുന്നത്.

തുടരും.....

No comments:

Post a Comment