ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 March 2019

തെയ്യം ഭാഗം - 08

തെയ്യം

ഭാഗം - 08

തെയ്യം പുറപ്പാട്

കോലക്കാരുടെ വ്രതം

തെയ്യം കെട്ടുന്ന കോലധാരികളും നോറ്റിരിക്കുന്ന കോമരവും സ്ഥാനികരും വ്രതനിഷ്ഠയോടെയിരിക്കണം. കർമസന്നദ്ധതയ്ക്കു വേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി ശുദ്ധീകരിച്ചെടുക്കുവാൻ വ്രതാനുഷ്ഠാനങ്ങൾ സഹായിക്കുമത്രെ. കോലക്കാരൻ ദേവതാഭേദമനുസരിച്ച് മൂന്ന് ദിവസം, അഞ്ച് ദിവസം, ഏഴ് ദിവസം എന്നിങ്ങനെ നിശ്ചിതകാലം വ്രതമെടുക്കും. 'ഒറ്റക്കോലം' തുടങ്ങിയ തീക്കോലങ്ങൾക്കും ഭാരമേറിയ മുടി തലയിൽ വഹിക്കേണ്ട തെയ്യങ്ങൾക്കും മറ്റും കൂടുതൽ നാളുകൾ വ്രതമെടുത്തിരിക്കണം. വ്രതമെടുത്തിരിക്കുന്ന സമയത്ത് പ്രത്യേകം കെട്ടിയ കുടിലിൽ വസിച്ച് ശുദ്ധമായ ഭക്ഷണം കഴിക്കണമെന്നാണ് നിയമം. മത്സ്യമാംസാദികളെല്ലാം വർജ്ജിക്കണം. മദ്യം കഴിക്കുന്ന തെയ്യമാണെങ്കിൽപ്പോലും തെയ്യാട്ടത്തിന്റെ കർമാംശമായിട്ടേ മദ്യം കഴിക്കാവൂ.

തെയ്യാട്ടത്തിന് കോലധാരിയെ കുറേനാളുകൾക്കു മുമ്പേ തീരുമാനിക്കും. ആ ചടങ്ങിന് 'അടയാളം കൊടുക്കൽ' എന്നാണ് പറയുക. ദേവതാസ്ഥാനത്തിനു മുന്നിൽവച്ചാണ് ആ ചടങ്ങ് നടത്തേണ്ടത്. വെറ്റിലയും അടയ്ക്കയും പണവും കോലക്കാരന് നല്കി ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേരു പറഞ്ഞ് ഏല്പിക്കണം. വ്രതമെടുക്കേണ്ട കോലമാണെങ്കിൽ അതോടെ വ്രതാനുഷ്ഠാനവും ആരംഭിക്കണം.

വേഷം അണിയൽ

തെയ്യങ്ങൾക്ക് വേഷമണിയുവാൻ അണിയറയുണ്ടാകും. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥാനങ്ങളിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ മറകെട്ടി അണിയറയുണ്ടാക്കും. മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലുമൊക്കെ പ്രായേണ അണിയറയിൽ നിന്നുതന്നെയാണ് പതിവ്. ചെറിയ മുടിവയ്ക്കുന്ന തെയ്യങ്ങളെല്ലാം അണിയറയിൽനിന്നു കെട്ടിപ്പുറപ്പെട്ടുവരും. എന്നാൽ, വലിയ മുടി വയ്ക്കേണ്ട തെയ്യങ്ങൾ പള്ളിയറയ്ക്കു മുമ്പിൽ വന്ന ശേഷമാണ് മുടി വയ്ക്കുക. പള്ളിയറയ്ക്കു മുമ്പിൽ വന്ന് അരിയും തിരിയും വച്ച നാക്കില വാങ്ങിയശേഷം, വടക്കോട്ടു തിരിഞ്ഞ് നാക്കിലവച്ച്, 'വരവിളിത്തോറ്റം' പാടുവാൻ തുടങ്ങും. വച്ചുകെട്ടുവാൻ ശേഷിച്ച അണിയലങ്ങൾ അപ്പോൾ അലങ്കരിക്കും. മുടി അണിയിക്കുന്നതും ആ സന്ദർഭത്തിലത്രെ. ഒടുവിൽ മുകുരദർശനമാണ്. ദേവതാരൂപം കോലക്കാരൻ കണ്ണാടിയിൽ നോക്കിക്കാണുന്നു. താൻ ദേവതയായി മാറിയെന്ന ഭാവം കോലക്കാരനിൽ ജനിപ്പിക്കുവാൻ പ്രസ്തുത ചടങ്ങിനു കഴിയും. സ്ഥാനത്തു നിന്ന് കർമി അരിയെറിയുന്നതും ആ സന്ദർഭത്തിലായിരിക്കും. അതോടെ കോലക്കാരൻ തെയ്യമായി ഉറഞ്ഞുതുള്ളുവാൻ തുടങ്ങും. കുരുതിതർപ്പണം ആ സന്ദർഭത്തിൽ നടത്താറുണ്ട്. തെയ്യം കെട്ടി പുറപ്പെട്ടാൽ നർത്തനവും കലാശാദികളും നടക്കും. അതുകഴിഞ്ഞാൽ ചില തെയ്യങ്ങൾ ശകുനം നോക്കാറുണ്ട്. വെറ്റില, അടയ്ക്ക, നാളികേരം എന്നിവയെറിഞ്ഞ് അതിന്റെ ഗതിനോക്കുകയാണ് ആ ചടങ്ങ്. ചില തെയ്യങ്ങൾ പൊയ്മുഖം വെച്ചാടും. ചില തെയ്യങ്ങൾക്ക് 'കലശം' ഉണ്ട്. കലാശത്തോടൊപ്പമോ അതിനുശേഷമോ ആണ് 'കലശമെഴുന്നള്ളിപ്പ്'. മദ്യം നിറച്ച മൺകുംഭങ്ങളാണ് 'കലശം'. അനേകം കുംഭങ്ങൾ മേൽക്കുമേലെവച്ച് കുരുത്തോലകൊണ്ട് അലങ്കരിച്ചിരിക്കും. അത് ഒരുക്കി വയ്ക്കുവാൻ കലശത്തറയുണ്ടാകും. കലശം തയ്യാറാക്കുകയും അത് തലയിൽ എഴുന്നള്ളിക്കുകയും ചെയ്യേണ്ടത് തീയസമുദായത്തിൽപ്പെട്ട വ്യക്തിയാണ്. 'കലശക്കാരൻ' എന്നാണ് അയാളെ വിളിക്കുക. അത് ആചാരപ്പേരാണ്. തെയ്യത്തിനഭിമുഖമായി നിന്നുകൊണ്ട്, തെയ്യത്തിന്റെ നർത്തനത്തിനനുഗുണമായി കലശക്കാരൻ പിറകോട്ടു നീങ്ങുകയാണ് കലശമെഴുന്നള്ളിപ്പിന്റെ സ്വഭാവം. തെയ്യങ്ങൾക്ക് 'മുമ്പുസ്ഥാനം പറയുക' എന്നൊരു പതിവുണ്ട്. ദേവതകളുടെ ഉദ്ഭവചരിതങ്ങളും സഞ്ചാരകഥകളും സൂചിപ്പിക്കുന്ന സ്വഗതാഖ്യാന രീതിയിലുള്ള താളനിബദ്ധമായ ഗദ്യമാണ് മുമ്പുസ്ഥാനം. ചില തെയ്യങ്ങൾക്ക് 'കുലസ്ഥാനം', 'കീഴാചാരം' എന്നിവ പതിവുണ്ട്. മുമ്പുസ്ഥാനത്തിന്റെ മട്ടിലുള്ളവതന്നെയാണിവയും. കീഴാചാരത്തിന് ചിലേടങ്ങളിൽ 'സ്വരൂപവിചാരം' എന്നും പറയും. കേരളത്തിലെ പഴയ 'സ്വരൂപ'ങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് 'സ്വരൂപ വിചാരം'. വൈരജാതൻ, ക്ഷേത്രപാലൻ തുടങ്ങിയവയ്ക്ക് 'സ്വരൂപവിചാരം' പ്രധാനമാണ്.

അനുഗ്രഹം നൽകൽ

ഭക്തജനങ്ങൾക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യാട്ടത്തിലെ ശ്രദ്ധേയമായ മൂഹൂർത്തമാണ്. പ്രസാദമായി നല്കുന്നതാണ് 'കുറി'. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്യമുള്ള ഈ പ്രസാദം രോഗപീഡ അനുഭവിക്കുന്നവർക്ക് ഗുണം വരുത്താതിരിക്കില്ല. മുത്തപ്പൻ, വെളുത്തഭൂതം, ഊർപ്പഴച്ചി, വേട്ടയ്ക്കൊരുമകൻ തുടങ്ങിയവർ പ്രസാദമായി ഉണക്കലരിയാണ് നല്കുക. ഭൈരവാദികളായ (ശിവാംശഭൂതങ്ങളായ) ദേവതമാർ ഭസ്മം 'കുറി'യായി കൊടുക്കും. കുറികൊടുക്കുമ്പോൾ ഭക്തജനങ്ങൾ തെയ്യങ്ങൾക്ക് പണം കൊടുക്കും. 'കുറി തൊടാൻ കൊടുക്കുക' എന്നാണ് ഇതിനു പറയുക. 'ഗുണംവരട്ടെ' എന്ന് തെയ്യം അനുഗ്രഹം ചൊരിയും. ചിലപ്പോൾ കൂടുതൽ കാര്യങ്ങൾ മൊഴിഞ്ഞുവെന്നും വരാം. ഭക്തന്മാർ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും തെയ്യത്തോടുണർത്തിക്കും. അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തെയ്യം അരുളിച്ചെയ്യും. തെയ്യങ്ങളുടെ മൊഴികളെ 'ഉരിയാട്ടു കേൾപ്പിക്കൽ' എന്നും പറയാറുണ്ട്.

നേർച്ചകൾ നൽകൽ

തെയ്യങ്ങൾക്കു നേർച്ചകൾ നല്കുന്ന പതിവുണ്ട്. കണ്ണ്, മൂക്ക്, ചെവി, കൈ, കാല് മുതലായ അവയവങ്ങളുടെ രൂപങ്ങളും ആൾരൂപങ്ങളും വെള്ളികൊണ്ടോ സ്വർണംകൊണ്ടോ നിർമിച്ചുവച്ചിരിക്കും. കാവിലോ കഴകത്തിലോ കളിയാട്ടം നടക്കുമ്പോൾ ചെറിയ തുക കൊടുത്താൽ ഭക്തന്മാർക്ക് ഇവ ലഭിക്കും. അത് വാങ്ങി തെയ്യത്തിനു നേരിട്ടു സമർപ്പിക്കാം. ഏതെങ്കിലും അവയവത്തിനോ ശരീരത്തിനു മൊത്തമായോ അസുഖമുണ്ടായാലാണ് ഇത്തരം നേർച്ചകൾ സമർപ്പിക്കപ്പെടുന്നത്. സന്താനലഭ്യത്തിനുവേണ്ടി 'തൊട്ടിലും കുഞ്ഞും' (മാതൃക) സമർപ്പിക്കുന്ന പതിവുമുണ്ട്. ഭഗവതിമാർക്കു നേർച്ചയായി പട്ട് ഒപ്പിക്കൽ നടത്തുന്നു. കോഴി, ആട് എന്നിവയെ ചില രൌദ്രദേവതമാർക്കു നേർച്ചയായി കൊടുക്കാറുണ്ട്. പന്തം വച്ചാടുന്ന തെയ്യങ്ങൾക്ക് പന്തത്തിന് വെളിച്ചെണ്ണ കൊടുക്കുകയെന്നതും സാധാരണമാണ്. കോഴിയറവ് പല തെയ്യങ്ങൾക്കും പ്രധാനമാണ്. ശാക്തേയക്കാവുകളിൽ അതിനു പ്രത്യേക സ്ഥാനമുണ്ടാകും. ചില കാവുകളിൽ തെയ്യംതന്നെ കുരുതിതർപ്പണം നടത്തും. 'കോഴിയും കുരുതിയും' വേണ്ടാത്ത തെയ്യങ്ങൾക്ക് 'പാരണ'യ്ക്കുള്ള വസ്തുക്കൾ ഒരു വലിയ തട്ടിലാക്കി സമർപ്പിക്കും. 'പാരണ'യില്ലാത്ത തെയ്യങ്ങൾക്കാകട്ടെ ചന്ദനം, പണക്കിഴി, അരി, നാളികേരം, തണ്ണീനമൃത്, വെറ്റില, അടയ്ക്ക എന്നിവ ഒരു പാത്രത്തിലാക്കി സമർപ്പിക്കുകയാണു വേണ്ടത്. മദ്യപിക്കുന്ന തെയ്യങ്ങൾക്ക് മദ്യം നല്കും. മുത്തപ്പൻ, കതിവന്നൂർ വീരൻ എന്നീ തെയ്യങ്ങൾ അതിനു ദൃഷ്ടാന്തമാണ്. നായാട്ടു ദേവതകൾക്ക് തെയ്യാട്ടത്തോടനുബന്ധിച്ച് നായാട്ടു നടത്തുകയെന്ന ചടങ്ങ് നിർബന്ധമാണ്. വ്രതമെടുത്ത കുറേപ്പേർ നായാട്ടു നടത്തി കൊണ്ടുവരുന്ന മാംസം തെയ്യത്തിനു കാഴ്ചവയ്ക്കണം. പിന്നീടതു പാകം ചെയ്ത് ഭക്തജനങ്ങൾക്ക് പ്രസാദമായി നല്കാം. വയനാട്ടു കുലവൻ തെയ്യത്തിന് നായാട്ട് പ്രധാനമാണ്. ചില കാവുകളിൽ 'മീനമൃതാ'ണ് തെയ്യത്തിനു കാഴ്ചയായി സമർപ്പിക്കേണ്ടത്. വ്രതമെടുത്തു ശുദ്ധിയോടിരിക്കുന്ന കുറേപ്പേർ അടുത്തുള്ള പുഴയിൽ ആഘോഷപൂർവം ചെന്ന് മത്സ്യങ്ങളെ പിടിച്ചു കാഴ്ചയായി കൊണ്ടുവരും. കീഴറക്കോവിലകം, തിരുവർകാട്ടുകാവ്, അഷ്ടമിച്ചാൽ ഭഗവതിസ്ഥാനം എന്നിവിടങ്ങളിൽ 'മീനമൃത്' പ്രധാനമാണ്.

തെയ്യം സമാപിക്കൽ

തെയ്യം സമാപിക്കുന്ന ചടങ്ങിന് 'മുടിയെടുക്കൽ' എന്നാണ് പേര്. അതിനുമുമ്പ് 'ആത്മം കൊടുക്കും'. കോലക്കാരനിലെ ദേവതാചൈതന്യം ദേവതാസ്ഥാനത്തേക്കുതന്നെ സമർപ്പിക്കുന്നുവെന്നാണ് അതിലെ സങ്കല്പം. കർമിയോടും കോമരത്തോടും ഭക്തജനങ്ങളോടും 'ആത്മം കൊടുക്കട്ടെ' എന്ന് ചോദിച്ചതിനുശേഷമാണ് തെയ്യങ്ങൾ വിടവാങ്ങുന്നത്.

തുടരും.....

No comments:

Post a Comment