തെയ്യം
ഭാഗം - 05
തെയ്യ ചമയങ്ങൾ
മുഖത്തെഴുത്ത്, മെയ്യെഴുത്ത്, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്. അരിപ്പൊടിചാന്ത്, ചുട്ടെടുത്ത നൂറ്, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ് നിറങ്ങളെ ചാലിക്കുന്നത്. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ് ചായമെഴുത്തിനുപയൊഗിക്കുന്നത്. ചിത്രമെഴുത്തുകാരെ എഴുത്താളർ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലർ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്, മണിക്കയല്, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിർബന്ധമാണ്. കവുങ്ങിൻ (കമുകിൻ) പാളയും മറ്റും കൊണ്ടുള്ള പൊയ്‌മുഖങ്ങൾ അണിയുന്നവരും, പൊയ്‌ക്കണ്ണ് വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം. ചില തെയ്യങ്ങളുടെ മുടിയിലോ അരയ്ക്കോ തീ പന്തങ്ങളും പിടിപ്പിക്കുന്നു.
അവതരണ രീതിയും അനുഷ്ഠാന രീതിയും പ്രാദേശികമായ സമ്പ്രദായത്തെ മുൻനിർത്തിയാണ് . തീയ്യക്കാവിൽ കെട്ടുന്നതുപോലെയായിരിക്കില്ല വാണിയരുടെ കാവിലെ കെട്ട്. മുഖത്തെഴുത്ത്, മുടികൾ, അണിയാഭരണങ്ങൾ, ഉടയാടകൾ തുടങ്ങിയ ചമയങ്ങൾ തെയ്യങ്ങൾക്കു രൂപവൈവിധ്യമുണ്ടാക്കുവാൻ സഹായിക്കുന്നവയാണ്. തലച്ചമയം, അരച്ചമയം, കാൽച്ചമയം, കൈച്ചമയം എന്നിങ്ങനെ അവയെ തരംതിരിക്കാം. ലോഹനിർമിതമായവയൊഴിച്ച് ശേഷം ചമയങ്ങളെല്ലാം കലാകാരന്മാർ തന്നെയാണു രൂപപ്പെടുത്തുന്നത്.
മുഖത്തെഴുത്ത്
തെയ്യങ്ങളുടെ മുഖാലങ്കരണം മുഖത്തുതേപ്പ്, മുഖത്തെഴുത്ത് എന്നീ രണ്ടു പ്രകാരമാണ്. കൂടാതെ, മെയ്യെഴുത്തുമുണ്ട്. ദേവതകളുടെ രൂപവൈവിധ്യത്തിന് ഈ അലങ്കരണങ്ങൾ കാരണമാകുന്നു.. അരിച്ചാന്ത്, മഞ്ഞൾ, കടും ചുവപ്പു മഷി, മനയോല, ചായില്യം മുതലായവയാണ് തേപ്പിനും എഴുത്തിനും ഉപയോഗിക്കുന്നത്. കലാകാരന്മാരുടെ സാമുദായിക ഭേദമനുസരിച്ച് അലങ്കരണരീതിക്കും ഉപയോഗിക്കുന്ന വസ്തുക്കൾക്കും വ്യത്യാസം കാണും. വേലൻ, കോപ്പാളൻ തുടങ്ങിയ സമുദായക്കാരുടെ തെയ്യങ്ങൾക്കെല്ലാം മുഖത്തു തേപ്പു മാത്രമേ പതിവുള്ളൂ. വണ്ണാന്മാരുടെ മുത്തപ്പൻ തെയ്യം, കക്കരഭഗവതി, കുറുന്തിനി ഭഗവതി, പുതിയ്യോൻ തെയ്യം തുടങ്ങിയവയ്ക്ക് മുഖത്തുതേപ്പു മാത്രമേ കാണാറുള്ളൂ. എന്നാൽ, മറ്റു തെയ്യങ്ങൾക്കെല്ലാം മുഖത്തെഴുത്തുണ്ടാകും. മുഖത്തെഴുത്ത് പല പേരുകളിലാണ് അറിയപ്പെടുന്നത്. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി, പാടാർകുളങ്ങര ഭഗവതി തുടങ്ങിയ ചില തെയ്യങ്ങൾക്ക് 'കുറ്റിശംഖും പ്രാക്കും' എന്നു പറയുന്ന മുഖത്തെഴുത്താണുള്ളത്. വലിയമുടി വച്ചാടുന്ന തെയ്യങ്ങൾക്കാണ് 'പ്രാക്കെഴുത്ത്' എന്ന പേരിലുള്ള മുഖത്തെഴുത്തു വേണ്ടത്. നരമ്പിൻ ഭഗവതി, അങ്കകുളങ്ങര ഭഗവതി തുടങ്ങിയ സ്ത്രീദേവതകളായ തെയ്യങ്ങൾക്ക് 'വൈരിദളം' എന്ന മുഖത്തെഴുത്തായിരിക്കും. 'മാൻകണ്ണെഴുത്തുള്ള തെയ്യങ്ങളാണ് ചെമ്പിലോട്ടു ഭഗവതിയും മരക്കലത്തമ്മയും. 'മാൻകണ്ണും വില്ലുകുറിയും' എന്ന പേരിലുള്ള മുഖത്തെഴുത്തുള്ള തെയ്യമാണ് നാഗകന്നി. 'നരിക്കുറിച്ചെഴുത്താ'ണ് പുലിയുരുകാളി, പുളിക്കരിങ്കാളി എന്നീ തെയ്യങ്ങളുടേത്. കണ്ടനാർകേളൻ, വീരൻ തുടങ്ങിയ തെയ്യങ്ങൾക്ക് 'ഇരട്ടച്ചുരുളിട്ടെഴുത്താ'ണ് വേണ്ടത്. 'ഹനുമാൻകണ്ണിട്ടെഴുത്തു'ള്ള തെയ്യമാണ് ബാലി. പൂമാരുതൻ, ഊർപ്പഴച്ചി, കരിന്തിരി നായർ എന്നീ തെയ്യങ്ങളുടെ മുഖത്തെഴുത്ത് 'കൊടും പുരികം വച്ചെഴുത്ത്' എന്ന പേരിൽ അറിയപ്പെടുന്നു. കൊടും പുരികവും കോയിപ്പൂവും എന്ന മുഖത്തെഴുത്ത് വിഷ്ണുമൂർത്തി തെയ്യത്തിനാണു കാണുന്നത്. വയനാട്ടു കുലവൻ തെയ്യത്തിന് 'വട്ടക്കണ്ണിട്ടെഴുത്താ'ണ്. പുലിക്കണ്ടൻ, പുലിയുരുകണ്ണൻ എന്നീ തെയ്യങ്ങൾ 'കുക്കിരിവാല് വച്ചെഴുത്തു'ള്ളവയത്രെ.കതിവന്നൂർ വീരൻ, വെളുത്തഭൂതം, തെക്കൻ കരിയാത്തൻ, കന്നിക്കൊരു മകൻ തുടങ്ങിയ ചില തെയ്യങ്ങൾക്ക് ശരീരത്തിൽ അരിച്ചാന്തു തേയ്ക്കാറുണ്ട്. വയനാട്ടുകുലവൻ, പൂമാരുതൻ, ബാലി, കണ്ടനാർ കേളൻ, പുലിയുരുകാളി, പുള്ളിക്കരിങ്കാളി തുടങ്ങിയ തെയ്യങ്ങൾ മഞ്ഞളാണ് ശരീരത്തിൽ തേയ്ക്കുക. അരിച്ചാന്തും മഞ്ഞളും ചേർത്ത് ശരീരത്തിൽ പൂശുന്ന തെയ്യങ്ങളാണ് മുത്തപ്പനും തിരുവപ്പനും. പള്ളിക്കരിവേടൻ തെയ്യത്തിന് അരിച്ചാന്തും കടും ചുവപ്പും മെയ്യെഴുതാൻ ഉപയോഗിക്കും. അങ്കക്കാരനാകട്ടെ കറുപ്പും ചുവപ്പും ശരീരത്തിൽ തേയ്ക്കുന്നു. വേട്ടയ്ക്കൊരു മകൻ, ഊർപ്പഴച്ചി എന്നിവയ്ക്ക് പച്ച മനയോല, ചുവപ്പ്, കറുപ്പ് എന്നിവകൊണ്ട് ശരീരത്തിലെഴുതും. 'വരുന്തു വാലിട്ടെഴുത്ത്' എന്ന പേരിലുള്ളതാണ് ഇളം കരുമകൻ തെയ്യത്തിന്റെ മെയ്യെഴുത്ത്.
മലർന്നുകിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകൾഭാഗത്തിരുന്നാണ് മുഖമെഴുത്തു നടത്തുന്നത്. നത്തുകണ്ണു വെച്ചെഴുത്ത്, പുലിനഖം വെച്ചെഴുത്തു്, കോഴിപുഷ്പം വെച്ചെഴുത്ത് തുടങ്ങി പലതരം വെച്ചെഴുത്തുകളുണ്ട്. തലമുറ കൈമാറി വരുന്ന അറിവുകൾ ഉപയോഗിച്ചാണ് മുഖത്തെഴുത്ത് നടത്തുന്നത്.
മുടി
മുടി'യാണ് തലച്ചമയങ്ങളിൽ മുഖ്യം. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുടങ്ങുന്നതിനു പറയും.
താഴെ പറയുന്നവയാണു് ആണ് സാധാരണ മുടികൾ
1) വലിയമുടി
2) വട്ടമുടിപീലിമുടി
3) തിരുമുടി
4) പൊന്മുടി / സ്വർണ്ണമുടി
5) ചട്ടമുടികൊണ്ടൽമുടി
6) കൊടുമുടി
7) കൂമ്പുമുടി
8) കൊതച്ചമുടി
9) ഓങ്കാരമുടി
10) തൊപ്പിച്ചമയം
11) ഓലമുടി
12) ഇലമുടി
13) പൂക്കട്ടിമുടി
മുരിക്ക്, കുമിഴ് തുടങ്ങിയ കനം കുറഞ്ഞ മരങ്ങൾകൊണ്ടാണ് മിക്ക മുടികളും രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, തകിടുകൾ, പലനിറത്തിലുള്ള പട്ടുതുണികൾ, വെള്ളികൊണ്ടോ ഓടുകൊണ്ടോ നിർമിച്ച ചെറുമിന്നികളും ചന്ദ്രക്കലകളും, മയിൽപ്പീലി, ചെക്കിപ്പൂവ്, കുരുത്തോല, കവുങ്ങിൻപാള തുടങ്ങിയവ മുടികളുടെ നിർമ്മാണത്തിന് ഉപയോഗിക്കും. തലച്ചമയങ്ങളിൽപ്പെട്ടവയാണ് കുപ്പി, തലപ്പാളി, ചെന്നിമലർ, ചെന്നിപ്പത്തി, ചെയ്യാക്ക്, കൊമ്പോലക്കാത്, കൊടുവട്ടം, തെക്കൻകാത്, ചെണ്ടെടത്താങ്ങി എന്നിവ.
അരച്ചമയങ്ങൾ
അരയിലുടുക്കുന്ന വസ്ത്രങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങൾക്കെല്ലാം 'ചിറകുടുപ്പ്' എന്ന അരച്ചമയമാണ് വേണ്ടത്. 'വെളുമ്പൻ' എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളിൽ ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി എന്നിവ. വള്ളക്കരിവേടനും പുലയരുടെ ഭൈരവനും 'കാണിമുണ്ട്' ഉടുക്കുന്നു. 'വിതാനത്തറ' എന്ന അരച്ചമയം നാഗകന്നി, ക്ഷേത്രപാലൻ, മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പടക്കെത്തി ഭഗവതി, തായിപ്പരദേവത എന്നീ തെയ്യങ്ങൾക്കു കണ്ടുവരുന്നു. കമ്പുകളും പലനിറത്തിലുള്ള പട്ടുകളും തുന്നിയുണ്ടാക്കുന്നതാണത്. കുരുത്തോലകൊണ്ടുള്ള ഉടുപ്പും ഉടയും ഉള്ള തെയ്യങ്ങളുമുണ്ട്. പൊട്ടൻ തെയ്യം, ഗുളികൻ എന്നിവർക്ക് ഒലിയുടുപ്പാണ്. ചില ചാമുണ്ഡിമാർക്കും ഒലിയുടുപ്പ് കാണും. വിഷ്ണൂമൂർത്തിക്ക് വലിയ ഉട കുരുത്തോലകൊണ്ടുണ്ടാക്കും. ചില പുരുഷദേവതകൾക്ക് 'ചെണ്ടരയിൽക്കെട്ട്', 'അടുക്കും കണ്ണിവളയൻ' എന്നീ പേരുകളിലുള്ള ചെറിയ 'വട്ടൊട'കൾ കാണാം. ചില തെയ്യങ്ങൾക്ക് ഒട്ടിയാണം, കൊയ്തം, മത്താമ്മലാടി, പടിയരത്താണം തുടങ്ങിയവയും അരച്ചമയങ്ങളായി ഉപയോഗിച്ചുവരാറുണ്ട്.
കൈ-കാൽ ചമയങ്ങൾ
കടകം, വളകൾ, ചൂടകം, പൂത്തണ്ട തുടങ്ങിയ കൈച്ചമയങ്ങളും, പറ്റും പാടകവും, മണിക്കയല്, ചിലമ്പ് തുടങ്ങിയ 'കാച്ചമയ'ങ്ങളും, മാർവട്ടവും തെയ്യങ്ങൾ ധരിക്കാറുണ്ട്.
മാർച്ചമയങ്ങൾ
കഴുത്തിൽകെട്ട്, മാറും മുല, ഏഴിയരം, മേക്കെഴുത്ത് എന്നിവയാണ് മാർച്ചമയങ്ങൾ.
കഴുത്തിൽകെട്ട്: തെയ്യങ്ങളുടെ കണ്ഠാഭരണങ്ങളെയാണ് കഴുത്തിൽകെട്ട് എന്ന പറയുന്നത്. ഇത്തരം കണ്ഠാഭരണങ്ങൾ മുരിക്കും, കാക്കപ്പൊന്നിൻ തകിടോ മറ്റു വർണ്ണതകിടുകളോ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വിഷ്മുമൂർത്തി തെയ്യത്തിന്റെ കൊരലാരം ഇതിനുദാഹരണമാണ്.
മാറുംമുല: വെള്ളോടു കൊണ്ടും പാളകൊണ്ടുമാണ് മാറുംമുലച്ചമയം നിർമ്മിക്കുന്നത്. പെൺകോലങ്ങൾ മാറുംമുലച്ചമയം (മുലകളും വയറും) പ്രത്യേഗം അണിഞ്ഞിരിക്കും. ഓലകൊണ്ടോ, നൂലുകൊണ്ടോ തീർത്ത പൂണൂലുകൾ ബ്രാഹ്മണ സങ്കൽപ്പത്തിലുള്ള തെയ്യങ്ങൾ ധരിക്കാറുണ്ട്.
ഏഴിരം: ചില പെൺതെയ്യങ്ങൾ അണിയുന്ന ആഭരണണമാണ് ഏഴിയരം. ണാറും വയറും മൂടുന്നതരത്തിയുള്ള ചമയണാണ് ഏഴിരം.
മേക്കെഴുത്ത്: വയറും മാറും ആഭരണങ്ങൾകൊണ്ട് മറയ്ക്കാത്ത തെയ്യങ്ങൾക്ക് മേക്കെഴുത്തിലൂടെയാണ് ദൈവിക പരിവേഷമുണർത്തുന്നത്. മനയോല, ചായില്യം, മഷി, അരിച്ചാന്ത് തുടങ്ങിയവയാണ് മേക്കെഴുത്തിനുപയോഗിക്കുന്നത്.
മറ്റു ചമയങ്ങൾ
സ്ത്രീദേവതകളിൽ പലതും എകിറ് (ദംഷ്ട്രം) ഉപയോഗിക്കും. പുരുഷദേവതകൾക്കു 'താടി' പതിവുണ്ട്. മുത്തപ്പൻ, കണ്ടനാർകേളൻ, വയനാട്ടുകുലവൻ എന്നിവർക്ക് വെളുത്ത താടിയും പൂമാരുതൻ, കതിവന്നൂർ വീരൻ തുടങ്ങിയവർക്ക് കരിന്താടിയുമാണു വേണ്ടത്. ക്ഷേത്രപാലൻ, ഘണ്ടാകർണൻ, കുട്ടിച്ചാത്തൻ, തിരുവപ്പൻ തുടങ്ങിയ തെയ്യങ്ങൾക്കു കറുത്ത തൂക്കുതാടിയാണ്.താടിയുള്ള ഒരു അമ്മദൈവമാണ് പടക്കെത്തി ഭഗവതി, തുളുചേകവരോട് ഏറ്റുമുട്ടി തുളുത്താടിയും മീശയും കയ്യേറ്റു എന്ന് സങ്കൽപം.
പൊയ്മുഖം, പൊയ്ക്കാത്, പൊയ്ക്കണ്ണ് തുടങ്ങിയവ ചില തെയ്യങ്ങൾക്ക് ആവശ്യമാണ്. മരം, ഓട്, പാള എന്നിവകൊണ്ടാണ് പ്രായേണ പൊയ്മുഖങ്ങൾ നിർമ്മിക്കുന്നത്. ഗുളികൻ, പൊട്ടൻ എന്നീ തെയ്യങ്ങൾക്ക് ചായംകൊണ്ടു ചിത്രണം ചെയ്ത പാള (മുഖപാള)യാണ് മുഖാവരണമായി ധരിക്കുന്നത്. ഓടുകൊണ്ട് പാത്തുണ്ടാക്കുന്നതാണ് തെക്കൻ ഗുളികന്റെ പൊയ്മുഖം. കരിംപൂതത്തിന്റേതാകട്ടെ മരം കൊണ്ടുള്ളതും.
തുടരും.....
No comments:
Post a Comment