ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 March 2019

തെയ്യം ഭാഗം - 03

തെയ്യം

ഭാഗം - 03

തെയ്യം കെട്ടിയാടുന്ന ഇടങ്ങൾ (തെയ്യസ്ഥാനങ്ങൾ)

കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങൾ. ആദ്യസങ്കേതങ്ങൾ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങൾ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയിൽ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളിൽ കൽപീഠമോ കൽത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ചിലേടങ്ങളിൽ പള്ളിയറ (ശ്രീകോവിൽ) പണിതിട്ടുണ്ടായിരിക്കും. ദുർലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.

കാവുകൾ

കാവുകളിൽ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീൽകാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേൽക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവർകാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകൾ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊർപ്പഴച്ചിക്കാവ്, പാലോട്ടുകാവ്, അണ്ടലൂർക്കാവ് എന്നിങ്ങനെ പുരുഷദൈവങ്ങൾക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകൾ വിവിധ ഗ്രാമങ്ങളിൽ ഉണ്ടാകും. വാണിയ (ചക്കാല നായർ) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകൾ. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടൻ തുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും. കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂർ, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം, കുന്നാവ്, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാൽ, നീലേശ്വരം, ക്ണാവൂർ, ക്ളായിക്കോട്, ചെറുവത്തൂർ, ചന്തേര, കാറോൽ, തായനേരി, പയ്യന്നൂര്, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേര,  തലോറ്, കീയാറ്റൂർ, കുറുമാത്തൂർ, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടപ്പ, മുക്വത്ത് എന്നീ പ്രദേശങ്ങളിൽ മുച്ചിലോട്ടുകാവുകളുണ്ട്. ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകൾ. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കൻകൊവ്വൽ, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളിൽ പൂമാലക്കാവുകൾ കാണാം. ഈ കാവുകളിൽ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു. കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരിൽ ഒരു വിഭാഗക്കാരായ എരുവാന്മാരുടെ ആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകൾ. കണ്ണങ്ങാട്ടു ഭഗവതിയുടെആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, ഫാടനാട്ട്, കാക്കോൽ, കൂറ്റൂർ, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളിൽ കണ്ണങ്ങാട്ടുകാവുകളുണ്ട്. വസൂരി ദേവതകളായ 'ചീറുമ്പമാ'രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകൾ. തീയർ, തച്ചന്മാർ (ആശാരിമാർ), മുക്കുവർ, കരിമ്പാലൻഎന്നീ സമുദായക്കാർ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളിൽ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോൻകര (തൃക്കരിപ്പൂര്), ചെറുവത്തൂർ, പയ്യന്നൂര്, മാടായിഎന്നിവിടങ്ങളിലെ ചീറുമ്പക്കാവുകൾ ആശാരിമാരുടേതാണ്.

മുണ്ട്യകൾ

അത്യുത്തരകേരളത്തിൽ തെയ്യാട്ടം നടത്തുന്ന കാവുകളിൽ മറ്റൊന്നാണ് 'മുണ്ട്യ'കൾ. പണ്ട് ഇവ നായാട്ടു സങ്കേതങ്ങൾ കൂടിആയിരുന്നിരിക്കാം. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മൻ കൊയോൻകര, നടക്കാവ്, പുലിയന്നൂർ, കുലേരി തുടങ്ങിയ പ്രദേശങ്ങളിൽ മുണ്ട്യക്കാവുകൾ കാണാം. മുണ്ട്യകൾ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളിൽ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളിൽ വയനാട്ടുകുലവൻ ദൈവവും ഉണ്ട്.

കഴകം

തെയ്യാട്ടസ്ഥാനങ്ങളിൽ ഒരു വിഭാഗമാണ് 'കഴകം'. തീയർ, മണിയാണിമാർ തുടങ്ങി പല സമുദായക്കാർക്കും 'കഴക'ങ്ങളുണ്ട്. ഓരോ കഴകത്തിന്റെ കീഴിലും അനേകം കാവുകളും സ്ഥാനങ്ങളും കാണും. കുറുവന്തട്ട, രാമവില്യം, നെല്ലിക്കാത്തുരുത്തി, പാലക്കുന്ന് തുടങ്ങിയ കഴകങ്ങൾ തീയരുടേതാണ്. കാപ്പാട്ടുകഴകം, കല്യോട്ടുകഴകം, മുളയന്നൂർകഴകം, കണ്ണമംഗലംകഴകം തുടങ്ങിയവ മണിയാണിമാരുടെ വകയാണ്. 'കഴക'ങ്ങളിൽ 'കഴകി'യായ ഭഗവതിക്ക് മുഖ്യസ്ഥാനമുണ്ട്. മറ്റനേകം ദേവതമാരും അവിടെ ആരാധിക്കപ്പെടുന്നു.

കോട്ടം

ഗ്രാമക്കൂട്ടമായ 'കഴകം' തന്നെയാണ് കോട്ടം. ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതൻകോട്ടം, പൊട്ടൻ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകൻകോട്ടം എന്നിങ്ങനെയുള്ള കോട്ടങ്ങളിൽ തെയ്യാട്ടം പതിവുണ്ട്.

കൂലോം

തെയ്യാട്ടസ്ഥാനങ്ങളായ ചില ആരാധനാലയങ്ങളെ 'കുലോം' (കോവിലകം) എന്നു പറയും. മടിയൻ കുലോം, ഉദിയന്നൂർ കുലോം, പെരട്ടു കുലോം, വടക്കുമ്പാടു കുലോം, കീഴറ കുലോം എന്നിവ പ്രഖ്യാതങ്ങളാണ്. ഇത്തരം കോവിലകങ്ങൾ ചില പ്രത്യേക ദേവതകളുടെ ആരാധനാലയങ്ങളായതിന്റെ പിന്നിൽ പുരാസങ്കല്പങ്ങളുണ്ട്.

മടപ്പുര

മുത്തപ്പൻ ദൈവത്തിന്റെ സ്ഥാനമാണ് പൊടിക്കുളവും മടപ്പുരയും. മടപ്പുര വിപുലമായ ആരാധനാസങ്കേതമാണ്.പ്രധാനമയും കണ്ണൂരിലാണ് മടപ്പുരയും പൊടിക്കളവും ഉള്ളത്. ഏറ്റവും പ്രധാനപെട്ടത്‌ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും കണ്ണപുരം മടപ്പുരയും ഒപ്പം കുന്നത്തൂർപാടിയും ആണ്.

തുടരും.....

No comments:

Post a Comment