തോറ്റം പാട്ട്
തെയ്യങ്ങൾക്കും അവയോടനുബന്ധിച്ച് തലേന്നാൾ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളെയാണ് തോറ്റം പാട്ടുകൾ എന്ന് പറയുന്നത്. കേരളത്തിൽ തെയ്യത്തിനു പുറമേ മറ്റു പല അനുഷ്ഠാനങ്ങൾക്കും തോറ്റം പാട്ടുകൾ പാടാറുണ്ട്. വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിയാടുന്ന സമുദായങ്ങളുടെ വംശീയമായ അനുഷ്ഠാനപ്പാട്ടുകളാണ് തോറ്റം പാട്ടുകൾ. തെയ്യാട്ടത്തിന്റെ ആദിഘട്ടമാണ് തോറ്റം. ദൈവത്തെ വിളിച്ചു വരുത്താൻ ഉപയോഗിക്കുന്നതും, ദൈവചരിത്രം വർണ്ണിക്കുന്നതുമായ പാട്ടാണിത്.
തോറ്റം എന്ന പദത്തിന് സ്തോത്രം(സ്തുതി) എന്ന് അർത്ഥം പറയാറുണ്ട്. സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർത്ഥമുള്ള തോറ്റുക എന്ന ക്രിയാരൂപത്തിന്റെ, ക്രിയാനാമരൂപമാണ് തോറ്റം എന്നാണ് ഗുണ്ടർട്ട് നിഘണ്ടു പറയുന്നത്. തമിഴിൽ തോറ്റം എന്ന പദത്തിന്റെ അർത്ഥം കാഴ്ച, ഉല്പത്തി, പുകഴ്(കീർത്തി), സൃഷ്ടി, രൂപം, ഉദയം തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്. തോറ്റത്തിനു തോന്നൽ, വിചാരം എന്നും തോറ്റം പാട്ടിന് സ്തോത്രമെന്നും ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർത്ഥം നൽകുന്നു. തോന്നുക എന്ന പദത്തിന്റെ നാമമാണ് തോറ്റം. അത് അമ്മയുടെ ജനനം പരാക്രമം തുടങ്ങിയവ വിവരിക്കുന്ന പാട്ടാണെന്നു ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തോറ്റി എന്നതിൻ സൃഷ്ടിച്ച എന്നാണർത്ഥമെന്നും ചേലനാട്ട് പറയുന്നു. പൂരക്കളിപ്പാട്ടിന്റെ വ്യാഖ്യാനത്തിൽ പാഞ്ചാലിഗുരുക്കൾ തോറ്റുക-ഉണ്ടാക്കുക എന്ന അർത്ഥം നൽകിയതിനെ ഉദ്ധരിച്ച് സി.എം.എസ്. ചന്തേര,തോറ്റുക എന്നതിനു ഉണ്ടാക്കുക എന്നും അർത്ഥം കൊടുത്ത് സങ്കല്പ്പിച്ചുണ്ടാക്കുന്നതാണ് തോറ്റം എന്നു പറയുന്നു. ഉണ്ടാക്കൽ, പ്രത്യക്ഷപ്പെടുത്തൽ എന്നീ അർത്ഥങ്ങളാണ് തോറ്റത്തിനെന്ന് ഡോ.രാഘവൻ പയ്യനാട് അഭിപ്രായപ്പെടുന്നു.
എല്ലാ സമുദായക്കാരുടെയും തോറ്റം പാട്ടുകൾ ഒരേ സ്വഭാവമുള്ളവയല്ല. അവതരണസ്വഭാവവും, സന്ദർഭവുമനുസരിച്ച് മിക്ക തെയ്യത്തോറ്റങ്ങൾക്കും വിവിധ അംഗങ്ങളുണ്ട്. വരവിളിത്തോറ്റം, സ്തുതികൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റങ്ങൾ, പൊലിച്ചുപാട്ട്, ഉറച്ചിൽ തോറ്റം, മുമ്പുസ്ഥാനം, കുലസ്ഥാനം, കീഴാചാരം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഘടകങ്ങൾ തെയ്യത്തോറ്റങ്ങളിൽ കാണാം.
വരവിളി
കോലക്കാരൻ (തെയ്യം കെട്ടുന്ന ആൾ) ധരിക്കുന്ന വേഷത്തിൽ ദൈവത്തെ എഴുന്നള്ളിക്കാൻ വേണ്ടി ചൊല്ലുന്ന പാട്ടിനെയാണ് തെയ്യത്തോറ്റം എന്ന് പറയുന്നത്. വരവിളി തോറ്റത്തിലെ ഒരു പ്രധാന ഭാഗമാണ്. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർവ്വമായ വിളിയാണ് വരവിളി.
പൊലിച്ചു പാട്ട്
നാട്, നഗരം,പീഠം, ആയുധം, തറ, കാവ്, മറ്റു സ്ഥാനങ്ങൾ എന്നിവയ്ക്ക് പൊലിക, പൊലിക (ഐശ്വര്യം വർദ്ധിപ്പിക്കൽ) പാടുന്നതാണ് പൊലിച്ചു പാട്ട്. ഇതിൽ തെയ്യങ്ങളുടെ സഞ്ചാരപഥം (നടവഴി), കുടി കൊണ്ടസ്ഥാനം, തെയ്യത്തിന്റെ കഥ എന്നിവ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക, വാഴ്ക എന്ന വാഴ്ത്തു പാട്ടും ഇതിൽ ഉണ്ടാകും. തായ്പരദേവത, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ ഭഗവതിമാരുടെ പൊലിച്ചുപാട്ടിന് കൈലാസം പാടൽ എന്ന വിശേഷ പേരും ഉണ്ട്.
ഉറച്ചിൽ തോറ്റം
പൊലിച്ചുപാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ് ഉറച്ചിൽ തോറ്റം.
വരവിളി, പൊലിച്ചു പാട്ട്, ഉറച്ചിൽ തോറ്റം എന്നീ മൂന്നു ഭാഗങ്ങൾ എല്ലാ തോറ്റങ്ങളിലുമുണ്ട്.
തോറ്റം പാട്ടുകൾ തെയ്യത്തിന്റെ കഥയാണ്. ദേവനായി അവതരിച്ച് മനുഷ്യഭാവത്തിൽ ജീവിച്ചവർ, മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ, ദേവതകളായി പരിണമിച്ച ചരിത്രപുരുഷന്മാർ, മേൽലോകത്തു നിന്ന് കീഴ്‌ലോകത്തേക്കിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്തു കുടികൊള്ളുന്നവർ, ഭൂമിയിൽ ജനിച്ച് ആത്മാഹുതി ചെയ്തശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കു തന്നെ ദേവതകളായി വന്നു ചേർന്ന പുരാതന കഥാപാത്രങ്ങൾ, അഗ്നിയിൽ നിന്നും, പാൽക്കടലിൽ നിന്നും, വെള്ളത്തിൽ നിന്നും വിയർപ്പിൽ നിന്നും പൊട്ടി മുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യപ്പിറവികൾ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവതകളുടെ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു.
അനുഷ്ഠാനം
തെയ്യങ്ങൾക്കും, തിറകൾക്കും തലേന്നാൾ തോറ്റമോ, വെള്ളാട്ടമോ കെട്ടിപ്പുറപ്പെടും. കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ, സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ച് തോറ്റം പാട്ടുകൾ പാടുകയും, ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിക്കുകയും, പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞു തുള്ളി നർത്തനം ചെയ്യുകയും ചെയ്യും. അതാണ് തോറ്റം. തോറ്റത്തിന്റെ വേഷവിധാനം വളരെ ലളിതമാണ്. കാണിമുണ്ടെന്ന വസ്ത്രമുടുക്കുകയും, പട്ടും തലപ്പാളിയും തലക്കു കെട്ടുകയും ചെയ്യും. അരയിൽ ചുവപ്പ് പട്ട് ചുറ്റും. കോലക്കാരൻ പട്ടുടുത്ത് തലയിൽ പട്ടു തുണികെട്ടി കാവിന് മുമ്പിൽ വന്ന് കൈ ഉയർത്തി കൈകൂപ്പി താഴ്ന്ന് വണങ്ങുന്നു. പറിച്ച് കൂട്ടി തൊഴുക എന്നണ് ഇതിന് പറയുക. തോറ്റത്തിന് മുഖത്തുതേപ്പ് പതിവില്ല. ദേവതാസ്ഥാനത്തു നിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്‌വന്ദനം നടത്തി കൊടിയില വാങ്ങുന്നു. കർമ്മിയാണ് കൊടിയില കൊടുക്കുന്നത്. പിന്നെ വീണ്ടും നാല് ദിക്‌വന്ദനം നടത്തി കാവിനെ വലം വെച്ചു തോറ്റത്തിനു നിൽക്കും. തോറ്റത്തിൽ പ്രധാനമായി പിന്നണിയിൽ നിന്നു പാടുന്ന ആളിനെ പൊന്നാനി എന്നു പറയുന്നു. തോറ്റം പാട്ടിന്റെ അരങ്ങിന് ഏതാണ്ട് കഥകളിയിലേതിനോടു സാമ്യമുണ്ടെങ്കിലും ഇവിടെ നടനും (തോറ്റവും) പാടുന്നു.
തോറ്റം കെട്ടിയാടുന്ന കോലക്കാരനും, ഗായകസംഘവും കൂടി പാടുന്ന ഗാനമാണ് തോറ്റം പാട്ട്. തോറ്റം പാട്ട് പാടുന്ന വേഷം തോറ്റവും, തോറ്റമെന്ന വേഷം (തോറ്റക്കാരൻ) പാടുന്ന പാട്ട് തോറ്റം പാട്ടുമാണ്.
സാമൂഹിക പരാമർശങ്ങൾ
ഉത്തരകേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീനകാലത്തെ ജനജീവിതത്തിന്റെ നാനാവശങ്ങൾ അറിയാൻ തെയ്യത്തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, ആരാധാനാക്രമം, ജനനമരണപര്യന്തമുള്ള സംസ്കാരചടങ്ങുകൾ, തൊഴിൽ, ഉല്പാദനപ്രക്രിയ, വിപണനസമ്പ്രദായം, ദായക്രമം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽ നിന്നു ലഭിക്കുന്നു.
പഴയകാലത്ത് സമൂഹത്തിലുണ്ടായിരുന്ന അനാശാസ്യപ്രവണതകളും തെയ്യത്തോറ്റങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെ കൊല ചെയ്യുന്ന സഹോദരൻന്മാരെ കടവാങ്കോട് മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ് ചില തോറ്റങ്ങളിൽ ഉള്ളത്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്. ജാതിവൈകൃതത്തിന്റെയും, അയിത്താചാരങ്ങളുടെയും നിരർത്ഥകത വെളിപ്പെടുത്തുന്ന ഇതിവൃത്തങ്ങളാണ് ചില തെയ്യത്തോറ്റങ്ങളിലുള്ളത്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം ഒരു ഉദാഹരണമാണ്.
പഴയകാലത്തെ കടൽവ്യാപാരം, വിപണനരീതികൾ തുടങ്ങിയവ തോറ്റം പാട്ടുകളിൽ കാണാം. മുൻപ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും ഈ പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ വനമേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർ വീരൻ തോറ്റം, പെരുമ്പഴയച്ചൻ തോറ്റം തുടങ്ങിയവയിലൂടെ വ്യക്തമാകുന്നുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന് തെയ്യത്തോറ്റങ്ങൾ ഒരു മുതൽക്കൂട്ടാണ്. വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥലനാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെക്കുറിച്ചും കതിവന്നൂർവീരൻ തോറ്റത്തിൽ എടുത്തു പറയുന്നുണ്ട്.
തോറ്റം പാട്ടുകളിലെ ഭാഷ
തോറ്റം പാട്ടുകൾ വിവിധ സമുദായക്കരുടെ പാരമ്പര്യധാരയാണെന്നതിനാൽ ഭാഷാഭേദങ്ങൾ അവയിൽ കാണാം. ഈ പാട്ടുകളെല്ലാം ഒരേ കാലഘട്ടത്തിലുള്ളവയല്ല. സംസ്കൃതത്തിന്റെ അതിപ്രസരം ചില തോറ്റങ്ങളിൽ കാണുമ്പോൾ മറ്റു ചിലവയിൽ തുളുവിന്റെയും, തമിഴിന്റെയും സ്വാധീനം കാണാം. അത്യുത്തരകേരളത്തിലെ വ്യവഹാരഭാഷയുടെ സ്വാധീനവും തോറ്റം പാട്ടുകളിലുണ്ട്. അതേ സമയം ശുദ്ധമലയാളശൈലിയിലുള്ളവയും കാണാൻ കഴിയും.
സാഹിത്യ മൂല്യം
തെയ്യത്തോറ്റങ്ങൾ ബോധപൂർവ്വമായ സാഹിത്യരചനകളാണെന്ന് പറയാൻ കഴിയില്ലെങ്കിലും അവയിൽ സാഹിത്യമൂല്യം ഇല്ലെന്നു പറയാനാവില്ല. വർണനകളുടെ സർവാംഗണീയമായ സുഭഗത തോറ്റങ്ങളുടെ ഒരു സവിശേഷതയാണ്. ദേവതകളുടെ രൂപവർണന തോറ്റത്തിലെ മുഖ്യമായൊരു വിഷയമാണ്.
“ചെന്താമര മലർകർണികയുലർന്നപോൽ
മൂന്നയുലർന്നെഴുന്നുള്ള പൊൻ പൂക്കുല
മിന്നിമിന്നി പ്രഭാമണ്ഡലമതിന്നുടെ
വഹ്നികൾ മൂന്നായുയർന്ന കണക്കിനെ
വൃത്തവിസ്താരമായ് തെളുതേളെ വിളങ്ങിന
ചിത്രരത്നമണിയും പ്രഭാമണ്ഡലേ.......
കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളിൽ
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ”
ഈ ഭാഗം മടയിൽ ചാമുണ്ഡിയുടെ രൂപവർണ്ണനയാണ്. അകൃത്രിമവും, ആശയസമ്പുഷ്ടവുമായ അലങ്കാരങ്ങൾ ചില തോറ്റങ്ങളിൽ കാണാം.
''തെളിവൊടുചന്ദ്രക്കലയതുപോലെ
വെളുവെളെയുള്ളോരു ദംഷ്ട്രാദികളും“
പകലവനൊരു പതിനായിരമൊന്നി
ച്ചുദയം ചെയ്തതുപോലെശോഭ”
സാമാന്യജനങ്ങൾക്ക് പോലും മനസ്സിലാകുന്ന ഉപമാലങ്കാരങ്ങളുള്ള ഈ ഭാഗം രക്തചാമുണ്ഡിത്തോറ്റത്തിലേതാണ്.
തെയ്യത്തോറ്റങ്ങളിൽ രസാവിഷ്കരണങ്ങളും കാണാം. വീരരൗദ്രഭാവങ്ങൾക്കാണ് തോറ്റങ്ങളിൽ കൂടുതൽ പ്രാമുഖ്യമെങ്കിലും വികാരങ്ങളും തോറ്റം പാട്ടുകളിൽ കാണാം. മാക്കത്തോറ്റം, ബാലിത്തോറ്റം, കതുവന്നൂർവീരൻ തോറ്റം, വിഷ്ണുമൂർത്തിത്തോറ്റം തുടങ്ങിയ തോറ്റങ്ങളിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. തെയ്യത്തോറ്റങ്ങളിൽ ജ്ഞാനവും, ഭക്തിയും, സാഹിത്യവും സമ്മേളിക്കുന്നു.
തെയ്യത്തോറ്റങ്ങളിൽ ചരിത്രവസ്തുതകൾ നേരിട്ടു പ്രതിപാദിക്കുന്നില്ലെങ്കിലും, ചരിത്രപരവും, ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ മനസ്സിലാക്കാൻ ഇവ ഉപയോഗിക്കാം. തോറ്റം പാട്ടുകളെ പ്രാദേശിക ചരിത്രരചനക്ക് നിദാനമായി സ്വീകരിക്കാവുന്നതാണ്.
വകഭേദങ്ങൾ
തോറ്റത്തിന് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്നിങ്ങനെ വകഭേദമുണ്ട്. ആ പേരുകൾ തോറ്റം പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്നതാണ്. കോലക്കാരൻ പട്ട് ചുറ്റിക്കെട്ടി ദേവതാസ്ഥാനത്തിനു മുന്നിൽ ചെണ്ടയുമായി വന്നു നിന്ന് തോറ്റം പാടി അവസാനിപ്പിക്കുകയാണ് ഉച്ചത്തോറ്റത്തിൽ ചെയ്യുന്നത്. കക്കര ഭഗവതി, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ചത്തോറ്റം ഉറഞ്ഞു തുള്ളുക കൂടി ചെയ്യും. എന്നാൽ അന്തിത്തോറ്റങ്ങൾ മിക്കതും ഉറഞ്ഞുതുള്ളാറുണ്ട്. വളരെ ചുരുക്കം ചില ദേവതകളുടെ അന്തിത്തോറ്റം മാത്രമേ ഉറഞ്ഞു തുള്ളാതിരിക്കുകയുള്ളൂ. തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം ശരിയായ നർത്തനം തന്നെയാണ്.
തോറ്റം പുറപ്പെടാത്ത തെയ്യങ്ങൾക്കും തിറകൾക്കും തൽസ്ഥാനത്ത് വെള്ളാട്ടം എന്ന വേഷമാണ് പുറപ്പെടുക.