ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2019

കാളി

കാളി

സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് (ആദിശക്തി) എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും പിന്നീടത് പാർവതിയുടെ താമസിക ഭാവമായി തീരുകയായിരുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ചു ഭദ്രകാളി സംഹാരത്തിന്റെ ദേവതയായാണ് അറിയപ്പെടുന്നത്. ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് "മഹാകാളി". വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു. ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു.

പുരാണങ്ങൾ പ്രകാരം മധുകൈടഭൻമാർ, ചണ്ഡമുണ്ഡൻമാർ, രക്തബീജൻ, ദാരികൻ തുടങ്ങിയവരെ നിഗ്രഹിക്കുവാൻ അവതരിച്ച ഉഗ്രരൂപിയാണ് കാളിക. കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി" എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയതിന്റെ) ഭഗവതിയാണ് കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. "ഭദ്രമായ കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം.

ആദിശക്തി മഹാകാളി, ശിവപുത്രി ഭദ്രകാളി, അഥർവാണ ഭദ്രകാളി എന്നിവ കാളിയുടെ മൂന്ന് ഭാവങ്ങൾ ആണ്. അതിരൗദ്രഭാവത്തിലുള്ള (ശിവന്റെ തൃക്കണ്ണിൽനിന്ന് അഗ്നിയായ് പിറന്നഭാവം) കാളീസങ്കൽപ്പം മട്ടന്നൂർ ശ്രീഭദ്രകാളീ കലശസ്ഥാനത്താണ്. രൗദ്രഭാവത്തിലുള്ള (ശിവന്റെ തൃക്കണ്ണിൽനിന്ന് അഗ്നിയായ് പിറന്നഭാവം) കാളീസങ്കൽപ്പം മട്ടന്നൂർ ശ്രീഭദ്രകാളീ കലശസ്ഥാനത്താണ്.കേരളത്തിലെ ആദ്യ കാളീക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. ഇവിടെനിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. ഇതുപോലെ വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായിക്കാവിൽ നിന്നും ദേവിയെ ആവാഹിച്ച് കൊണ്ടുപോയി ഇരുത്തിയ അനേകം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.

വെള്ളായണി മുടിപ്പുരയിലെ തങ്കത്തിരുമുടി ആണ് ലോകത്തിലെ ഏറ്റവും വലിയ കാളി വിഗ്രഹം. കൊടുങ്ങല്ലൂർ കഴിഞ്ഞാൽ പിന്നെ അടുത്ത വന്ന കാളി ക്ഷേത്രം ആണ് ദേവി ദാരിക നിഗ്രഹം കഴിഞ്ഞു നേരിട്ടു വന്നു വെള്ളയാണിയിൽ ഇരുന്നു എന്നാണ് വിശ്വാസം ആയതു കൊണ്ട് ദേവി ദാരികനെ നിഗ്രഹിക്കാൻ സൂര്യനെ മറച്ചു ഇരുട്ടു പരത്താൻ ദേവിയുടെ മുടി ഉപയോഗിച്ചു ആയതിനാൽ വെള്ളയാണിയിൽ ദേവിയുടെ മുടി ആണ് പൂജിക്കുന്നത് അതും പ്രേതെയ്ക തരം മന്ത്ര വിദ്യകൾ ആണ് ഇവിടുത്തെ പൂജരീതി ഇന്നുവരെയും ഒരു ക്ഷേത്രത്തിലും കണ്ടു വന്നിട്ടില്ല ഇവിടത്തെ പൂജാരിമാർ വാത്തിമാർ(ദേവിയെ ആദ്യമായി വാഴ്ത്തിയ കൊല്ലന്മാർ) ആണ് തിരുവനന്തപുരത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു

ആറ്റുകാൽ, തിരുമാന്ധാംകുന്ന്, പനയന്നാർകാവ്, ചെട്ടിക്കുളങ്ങര, കാട്ടകാമ്പാൽ എന്നിവ കേരളത്തിലെ പ്രമുഖ ഭദ്രകാളീ ക്ഷേത്രങ്ങൾ ആണ്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലും കാളീ സങ്കൽപ്പത്തിന് പ്രാധാന്യമുണ്ട്. കൽക്കട്ടയിലെ കാളിഘട്ട്, ഉജ്ജയിനിയിലെ ഭദ്രകാളീ ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാന കാളീ ക്ഷേത്രങ്ങൾ ആണ്. കാളിദാസൻ, ശ്രീരാമകൃഷ്ണപരമഹംസർ തുടങ്ങിയവർ കാളി ഉപാസകർ ആയിരുന്നത്രേ.

തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയെ (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. ഭഗവതീപൂജക്ക്‌ ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. കേരളത്തിൽ മീനഭരണി, കുംഭഭരണി, മകരച്ചൊവ്വ, നവരാത്രി എന്നിവ പരാശക്തിക്ക് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്. ദേവീഭാഗവതം, ദേവീമാഹാത്മ്യം, കാളികാപുരാണം തുടങ്ങിയവ കാളീകഥകളും സ്തുതികളും ഉൾപ്പെടുന്ന ഗ്രന്ഥങ്ങൾ ആകുന്നു.

ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ഭദ്രകാളി പിറക്കുകയും ചെയ്തു.

ദേവീപുരാണങ്ങൾ പ്രകാരം രക്തബീജനെ വധിക്കാൻ പാർവ്വതി എടുത്ത തമോഗുണഭാവം ആണ് മഹാകാളി (കാളരാത്രി). കാളികാപുരാണത്തിൽ കാളി സാക്ഷാൽ ആദിപരാശക്തി ആകുന്നു. തിരുമാന്ധാംകുന്ന്, ആറ്റുകാൽ , കരിക്കകം ചാമുണ്ഡി ക്ഷേത്രങ്ങളിൽ കാളി സങ്കല്പം ശിവ പത്‌നി ആയ മഹാകാളി (പാർവ്വതി, ദുർഗ്ഗ) സങ്കല്പമാണ്.

"ഭദ്രോൽപ്പത്തി പ്രകരണത്തിൽ" ശിവപാർവതി പുത്രി എന്നൊരു ഭദ്രകാളി സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ചവൾ ആണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളാരൂഢയാണ് ഭഗവതി. ഇതാണ് കേരളത്തിൽ ആരാധിക്കപ്പെടുന്ന കാളി.

മധുകൈടഭ വധത്തിന് മഹാവിഷ്ണുവിനെ സഹായിക്കാൻ വേണ്ടി ആണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. ചണ്ഡമുണ്ഡന്മാരെ വധിക്കാൻ ചണ്ഡികാ പരമേശ്വരിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡി". സഹസ്രമുഖരാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. നരസിംഹമൂർത്തിയുടെ കോപമടക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും നാരസിംഹിയായി കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിദേവി. ദശമഹാവിദ്യമാരിലെ താര, ചിന്നമസ്ത തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു.

സപ്തമാതാക്കളിൽ ചാമുണ്ഡ, നവദുർഗ്ഗമാരിൽ കാളരാത്രി, തമിഴ്നാട്ടിൽ മാരിയമ്മൻ, ശ്രീകുരുംബ, ഭൈരവി, പരാശക്തി, ബാലഭദ്ര, സുമുഖീകാളി, ദക്ഷിണകാളി, കരിംകാളി, പ്രത്യംഗിരി, മഹാകാളി, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, ചണ്ഡിക, കൊറ്റവൈ തുടങ്ങിയവ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്.

ഇന്ന് മേർഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേർഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കാർഷികഗ്രാമങ്ങളിൽ നിന്നാണ് ഇന്ത്യയിൽ ആദ്യമായി സ്ത്രീ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകൾ ലഭിക്കുന്നത്.

സംഘകാലത്ത് മറവരുടെ ദൈവമായിരുന്നു കൊറ്റവൈ (പാർവതി). ചേരരാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് കൊറ്റവൈക്ക് ബലി അർപ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈയാണ് പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു. ജൈനരുടെ ദേവതകളായ മംഗളാ ദേവിയും അംബികയും പലയിടങ്ങളിൽ കാളിയായും ദുർഗ്ഗയായും രൂപാന്തരപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്.

ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും. അമ്മദൈവത്തിന് കാളി, ഭഗവതി, ദുർഗ, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്.

കാളീരൂപ സങ്കല്പം
➖➖➖➖➖➖➖➖➖
കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. ബാലഭദ്ര, സുമുഖീകാളി എന്നീ സൗമ്യഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ ആപത്താണ് എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം. ആദിശക്തി, മഹാകാളി, ഭദ്രകാളി, ചാമുണ്ഡി, പ്രകൃതി, പരമാത്മാവ്, ബാലത്രിപുര, കാളരാത്രി, പ്രത്യംഗിര എന്നിവ ഈ ദേവിയുടെ അവതാരങ്ങൾ തന്നെ.

ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.

ഇന്ത്യയില്‍ പല രൂപത്തിലും ഭാവത്തിലുമുള്ള ദേവീ- ദേവസങ്കല്പങ്ങളുണ്ട്. പ്രത്യേകിച്ചും ഭഗവതിമാരുടെ കാര്യത്തില്‍ ഈ വൈവിധ്യം വളരെ പ്രകടമാണ്. ചില ഋഷികളും യോഗികളും പ്രത്യേകമായ ഉദ്ദേശ്യത്തോടുകൂടി പ്രത്യേകഭാവങ്ങളോടു കൂടിയ ദേവീരൂപങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അവയില്‍ ചിലത് സൗമ്യസുന്ദരമാണ്. വേറെ ചിലത് രൗദ്രഭാവത്തിലുള്ളതാണ്. അതിശയകരമായ ചൈതന്യം പ്രസരിപ്പിക്കുന്ന വിഗ്രഹങ്ങളും അവര്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിലെ ഓരോരോ സന്ദര്‍ഭങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും. ഭക്തരുടെ മാനസികനിലക്കും അനുരൂപമായിട്ടാണ് ഈ ദേവീഭാവങ്ങളൊക്കെ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോന്നും വ്യത്യസ്തമായ ഓരോരോ ഉപാധികള്‍ എന്നേ ഞാന്‍ പറയൂ.

ഉദാഹരണത്തിന്. ഇന്നത്തെ വിദ്യാഭ്യാസ മേഖലയില്‍ വൈവിധ്യമാര്‍ന്ന എത്രയെത്ര ശാഖകളാണുള്ളത്! എന്നാല്‍ പഴയകാലത്ത് വിദ്യാഭ്യാസ സമ്പ്രദായം വേറൊരു തരത്തിലായിരുന്നു. എല്ലാവരും എല്ലാം പഠിക്കുക എന്നതായിരുന്നു രീതി. ഇഷ്ടമുള്ളതു മാത്രം പഠിക്കുക, മറ്റുള്ളതെല്ലാം ഒഴിവാക്കുക എന്ന സമ്പ്രദായമുണ്ടായിരുന്നില്ല. ഇന്ന് അവനവന് ആവശ്യമുള്ളതും താല്പര്യമുള്ളതുമായ വിഷയങ്ങള്‍ മാത്രമാണല്ലോ നമ്മുടെ കുട്ടികള്‍ പഠിക്കുന്നത്. അതു പോലെ യോഗിവര്യന്മാരും ഊര്‍ജ്ജത്തെ വിവിധ ഭാവങ്ങളില്‍ പ്രതിഷ്ഠിച്ചു. അതിന്‍റെ പ്രയോജനം സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരു പോലെ ലഭ്യമാകണം എന്നായിരുന്നു അവരുടെ സങ്കല്‍പം. ജീവിതത്തിലെ ഓരോരോ ഘട്ടത്തില്‍ ഓരോരോ അളവിലാണല്ലോ നമുക്ക് ഊര്‍ജ്ജം ആവശ്യമായി വരിക. ആവശ്യങ്ങള്‍ നിറവേറ്റിത്തരാനുള്ള ശക്തിയുടെ സ്രോതസ്സുകളാണ് അവ ഓരോന്നും. അതിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങളും നമ്മുടെ പൂര്‍വികരായ യോഗികള്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇങ്ങനെയൊരു സംവിധാനം ദക്ഷിണ അമേരിക്കയിലും പ്രചാരത്തിലുണ്ടായിരുന്നു എന്നാല്‍ അതു ഇത്രയും തന്നെ വികാസം പ്രാപിച്ചതായിരുന്നില്ല. അവര്‍ അധികവും ശക്തി സ്രോതസ്സുകളായി മൃഗങ്ങളെയാണ് രൂപകല്പന ചെയ്തിരുന്നത്. അവയുടെ ആരാധനയിലൂടെയാണ് അവര്‍ കരുത്തു നേടിയിരുന്നത്. എന്നാല്‍ ഭാരതീയ പാരമ്പര്യത്തിലെ സൃഷ്ടികള്‍ വളരെ ശസ്ത്രീയവും. പരിഷ്‌കൃതവുമായിരുന്നു. ആവശ്യമായ ആത്മശക്തിയും ശാസ്ത്രജ്ഞാനവുമുണ്ടെങ്കില്‍ നമുക്ക് ഈ ശക്തിസ്രോതസ്സുകളെ ഉണര്‍ത്താനാകും. ആ ശക്തിയുടെ സഹായത്തോടെ അത്ഭുതകരമായ സിദ്ധികള്‍ നേടാനുമാവും.

കാളി എന്ന ഉഗ്രരൂപിണി

വളരെ രൗദ്രമാണ് കാളിയുടെ ഭാവരൂപങ്ങള്‍. അങ്ങനെയുള്ള ഒരു സ്ത്രീയെ വശത്താക്കണമെങ്കില്‍ സാമാന്യം കഴിവുപോര. പ്രത്യേകമായി നൈപുണ്യം തന്നെ വേണം. പറഞ്ഞു വരുമ്പോള്‍ മറ്റു മൂര്‍ത്തികളേക്കാള്‍ എളുപ്പമാണ് കാളിയെ പ്രസാദിപ്പിക്കാന്‍. അതേസമയം അവള്‍ അങ്ങേയറ്റം ഉഗ്രപ്രകൃതക്കാരിയുമാണ്. അറിയാമല്ലൊ......... രൗദ്രമൂര്‍ത്തികളുമായി ഇടപഴുകുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചുവടൊന്നു പിഴച്ചാല്‍ അവര്‍ നിങ്ങളെ അപ്പാടെ വിഴുങ്ങിക്കളയും. ഇതിലും രൗദ്രസ്വഭാവമുള്ളവര്‍ വേറെയുണ്ട്. യോഗികളും രൗദ്രസ്വാഭാവമുള്ളവരാണ്. ശാന്തസ്വരൂപിണികളോടൊപ്പം അവര്‍ക്ക് കഴിയാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് അവര്‍ ഇങ്ങനെയുള്ളവരെ സൃഷ്ടിച്ചത്. തികച്ചും വന്യമായ പ്രകൃതമുള്ളവര്‍.

ഇതു മാതിരിയുള്ള രൗദ്രസ്വരൂപങ്ങള്‍ ചില പ്രത്യേകം സാധനാവിധികള്‍ക്ക് പെട്ടെന്ന് വശംവദരാകും... ഉഗ്രശക്തിയെ ആവാഹിക്കാന്‍ ഈ സാധനകള്‍ക്ക് പ്രത്യേകം കഴിവുണ്ട്. കാളിയെ കേവലം ഒരു വിഗ്രഹമായി കാണരുത്. നിങ്ങള്‍ക്ക് ആരാധിക്കാനും വിശ്വാസമര്‍പ്പിക്കാനുമുള്ള ഒരു സങ്കല്‍പവുമല്ല. അവള്‍ക്ക് നിങ്ങളുടെ ഉള്ളില്‍ യഥാര്‍ത്ഥത്തിലുള്ള ശക്തിയായി തെളിയാനാകും. അതേ ചൈതന്യസ്വരൂപമായി നിങ്ങളുടെ മുന്നില്‍ നടക്കാനാനുമാവും കാരണം, ഒരു ശക്തി പ്രഭാവത്തെ സൃഷ്ടിച്ചുകഴിഞ്ഞാല്‍ അതിനനുയോജ്യമായ ഒരു ഭൗതീക രൂപത്തേയും തന്ത്രവിദ്യയിലൂടെ നിര്‍മ്മിക്കാനാവും.

ഉദാഹരണത്തിന് ധ്യാനലിംഗത്തെ എടുക്കാം. ഏറ്റവും ഉന്നതനിലയിലുള്ള ജീവചൈതന്യത്തിന്‍റെ ഊര്‍ജ്ജസ്വരൂപമാണ് ധ്യാനലിംഗം. തത്വത്തില്‍ അതിന് അനുയോജ്യമായ ഒരു ഭൗതികശരീരം സൃഷ്ടിക്കാനാവും. പക്ഷെ അതിന് കഠിനാദ്ധ്വാനം ആവശ്യമാണ്. അവസാനം അത്രക്കൊരു പ്രയോജനവും ഉണ്ടാകില്ല. വേറൊരു മനുഷ്യനെ സൃഷ്ടിക്കുന്നതു കൊണ്ടുള്ള ഗുണമെന്നാണ്? ദാ.....ഇപ്പോള്‍....... യഥാര്‍ത്ഥത്തിലുള്ള എന്നെ നിങ്ങള്‍ യഥാവിധി മനസ്സിലാകുന്നില്ല. കാരണം ഞാന്‍ ഭൗതിക ശരീരത്തിനുള്ളിലാണ്. ഞാന്‍ നിങ്ങളുടെ പോലെ സംസാരിക്കുന്നു..... പെരുമാറുന്നു.... മറ്റൊരു രൂപത്തിലായിരുന്നു ഞാന്‍ എങ്കില്‍ ജനങ്ങള്‍ക്ക് അത് കൂടുതല്‍ സൗകര്യമായേനെ. ഒരാളെ ഒരു മനുഷ്യനായി കണ്ടു കഴിഞ്ഞാല്‍ പിന്നെ എല്ലാ കാര്യങ്ങളിലും നമ്മള്‍ അയാളെ യുക്തിയുടെ അളവുകോല്‍വെച്ച് അളക്കാന്‍ ശ്രമിക്കും. സ്വന്തം യുക്തിക്കു നിരക്കുന്നതല്ല അയാളുടെ വ്യക്തിപ്രഭാവമെങ്കില്‍ അയാളെ നിങ്ങള്‍ ഒരു ജ്ഞാനിയായോ വൃദ്ധനായോ കാണുകയില്ല. അയാള്‍ ഒരു ഭ്രാന്തനാണെന്നേ നിങ്ങള്‍ കരുതൂ. അതു കൊണ്ടാണ് നേരത്തേ സൂചിപ്പിച്ചത്. ഒരു ഭൗതികശരീരം. സൃഷ്ടിക്കുന്നതുകൊണ്ട് വിശേഷിച്ച് ഗുണമൊന്നും ഇല്ല എന്ന്.

ധ്യാനലിംഗം എല്ലാ മാനങ്ങളും ഉള്‍കൊള്ളുന്നതാണ്. എന്നാല്‍ കാളി ഊര്‍ജ്ജത്തിന്‍റെ സവിശേഷമായ ഒരു തലമാണ്. പ്രാചീന കാലത്തെ യോഗികള്‍ ആ രൂപം സൃഷ്ടിച്ച് അതിനെ സ്വന്തന്ത്രമായി വിട്ടു. പല ദിക്കുകളിലും പല പ്രത്യേകരീതിയില്‍ അതിനെ കുടിയിരുത്തിയിട്ടുണ്ട്. അതു പ്രപഞ്ചത്തിലെ അത്യധികം ശക്തിമത്തായ ഒരു ഊര്‍ജ്ജസ്രോതസ്സാണ്. ആര്‍ക്കു വേണമെങ്കിലും അതിനെ സമീപിക്കാം.

കാളി ഒന്നല്ല പല കാളികളുണ്ട്. അവ എല്ലാം തന്നെ യോഗപാരമ്പര്യത്തിന്‍റേയും ചരിത്രത്തിന്‍റേയും ഭാഗവുമാണ്. പ്രത്യേകിച്ചൊരു ലക്ഷ്യം സാധിക്കാന്‍ വേണ്ടി പ്രയത്‌നിക്കുന്നവര്‍ക്കാണ് ആ സവിശേഷശക്തിയുടെ ആവശ്യം വരിക. കേവലം മോക്ഷം മാത്രം. ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ വരേണ്ട ആവശ്യമേയില്ല. ഇങ്ങനെയുള്ള ഇടങ്ങള്‍ സ്വതവേ പല സങ്കീര്‍ണ്ണതകളും, നിഗൂഢതകളുമുള്ള സ്ഥലങ്ങളാണ്. സ്വയം പ്രപഞ്ചസ്രഷ്ടാവായി അഭിനയിക്കുന്നതിനു തുല്യം. അതു മോശമായ കാര്യമാണ്. എന്ന് ധരിക്കരുത്. പക്ഷെ പിച്ചവെച്ചു നടക്കാന്‍ തുടങ്ങുന്ന ഒന്നിനെ മുതിര്‍ന്നവരുടെ വലിയ ഓട്ടപ്പന്തയത്തിലേക്കു തള്ളി വിടുന്നതുപോലെയാകും എന്നുമാത്രം. അതു കുഞ്ഞിന് തന്നെ ദോഷകരമായി തീരുകയും ചെയ്യും. വേണ്ടത്ര പ്രാപ്തി നേടാതെ ഇറങ്ങി ചുറ്റപ്പെട്ടാല്‍ ഏറ്റവും നല്ല കാര്യവും ഏറ്റവും ഹാനികരമായി ഭവിക്കും എന്ന് അനുഭവം പഠിപ്പിച്ചു തരുന്നു.

No comments:

Post a Comment