ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2019

ദുർഗ്ഗ

ദുർഗ്ഗ

ശാക്തേയ സമ്പ്രദായമനുസരിച്ചു ആദിപരാശക്തിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. ശൈവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ പൂർണ്ണരൂപമാണ് ദുർഗ്ഗ. ദുർഗ്ഗമാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്ന് വിശ്വാസം. മഹിഷാസുരമർദ്ദിനി (മഹാലക്ഷ്മി, പാർവ്വതി, സരസ്വതി ഭാവം) ആയും ആരാധിക്കപ്പെടുന്നു."സ്കന്ദ പുരാണം അനുസരിച്ച് ശ്രീ പാർവതിദേവി ആണ് മഹിഷാസുരനെ വധിച്ചത്". പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും ശക്തിയുടെ പ്രതീകവുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. സർവദേവതകളും ദുർഗ്ഗയിൽ കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം. ദുഃഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാഭഗവതി എന്ന് ദേവിഭാഗവതം പറയുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് പ്രധാനഭാവങ്ങളും ദേവിക്കുണ്ട്. കർമം ചെയ്യാനുള്ള പ്രചോദനമായ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് ഭഗവതിയുടെ മൂന്ന് രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിൽ ആദിശക്തിയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". പിന്നേയും പത്ത് രൂപങ്ങളിൽ ഭഗവതിയെ താന്ത്രികർ സങ്കല്പിക്കാറുണ്ട്. ഇവരാണ് "ദശമഹാവിദ്യമാർ". വേറെ ഏഴു ഭാവങ്ങളിലും ദേവിയെ ആരാധിക്കാറുണ്ട്. ഇതാണ് "സപ്തമാതാക്കൾ". ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രരൂപമായി ഭദ്രകാളിയെ അവതരിപ്പിച്ചിരിക്കുന്നു. "മഹാമായ, പരാശക്തി, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, മുത്തുമാരി, അമ്മൻ, കാളിക, അന്നപൂർണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനിശക്തി, ലളിതാ ത്രിപുരസുന്ദരി " തുടങ്ങി പല പേരുകളിലും ദുർഗ്ഗ അറിയപ്പെടുന്നു. ദേവീമാഹാത്മ്യം, ദേവീഭാഗവതം തുടങ്ങിയവ ഈ ഭഗവതിയെ സ്തുതിക്കുന്ന പ്രധാന ഗ്രന്ഥങ്ങൾ ആകുന്നു. സ്ത്രീ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പം എന്ന നിലയ്ക്കാണ് ഭഗവതിയെ കണക്കാക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ പരാശക്തിയെ ആരാധിച്ചതെങ്കിലും ശൈവമതത്തിന്റെ വളർച്ചയുടെ അത് പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.

രുരുവിന്റെ പുത്രനായി ദുർഗ്ഗമൻ എന്നൊരു അസുരനുണ്ടായിരുന്നു. അവൻ ചിന്തിച്ചു . ദേവന്മാർക്ക് ആശ്രയം വേദമാണ്. വേദത്തിനു നാശമുണ്ടായാൽ യജ്ഞങ്ങൾക്കും ധർമ്മത്തിനും നാശമുണ്ടാകും. അതോടെ ദേവന്മാർ മുടിയും. ഈ ചിന്തയോടെ ദുർഗ്ഗമൻ ബ്രഹ്‌മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി വരം ചോദിച്ചു. മടിയോടെയെങ്കിലും ബ്രഹ്‌മാവ്‌ ദുർഗ്ഗമന് ഇഷ്ടവരം നൽകി. അസുരൻ വേദങ്ങൾ ഏറ്റുവാങ്ങിയതോടെ മഹർഷിമാർ മന്ത്രം മറന്നു. സ്നാനം ജപം തർപ്പണം ഹോമം തപം എന്നിവയെല്ലാം അപ്രത്യക്ഷമായി . അധർമ്മം നടമാടിയതോടെ അസുരന്മാർ മഹാബലവാന്മാരും ദേവന്മാർ ദുർബലരുമായിത്തീർന്നു. ലോകത്തെല്ലാം അരാജകത്വവും മഹാക്ഷാമവും പിടികൂടി. ദേവന്മാർ ഗുഹകളിൽ ഓടിയൊളിച്ചു. ഭൂമി കരിഞ്ഞുണങ്ങി. വൃക്ഷലതാദികൾ നശിച്ചു. നൂറുകൊല്ലം മഴയില്ലാതിരുന്നു. പക്ഷി -മൃഗാദികളും മനുഷ്യരും ചത്തു വീണു. കുളം, കൂപം, തടാകങ്ങൾ, പുഴകൾ എന്നിവ വറ്റി വരണ്ടു. വേനലിൽ നീറി നീറി ഭൂമി നൂറ്റാണ്ടുകൾ നിന്നു.

ലോകം ഇത്തരത്തിലായപ്പോൾ ദേവന്മാർ ഹിമാലയസാനുക്കളിലെത്തി ആദിപരാശക്തിയെ സ്തുതിച്ചു. ഒടുവിൽ ജഗദംബിക പാർവതി നീലനിറത്തിലുള്ള മനോഹരമായ കണ്ണുകളോടും തൃക്കയ്യിൽ വില്ലും ശരങ്ങളും ധരിച്ചുകൊണ്ടും ദേവന്മാർക്കു പ്രത്യക്ഷയായി. തുടർന്നു ഭഗവതി മനോഹരമായ ആയിരം കണ്ണുള്ളവളായി മനോഹരമായ കണ്ണുകളിൽ നിന്നും അമൃതമയമായ ജലം വർഷിച്ചു തുടങ്ങി. ദേവി വർഷിച്ച ജലത്താൽ ഭൂമിയിൽ സസ്യങ്ങൾ കിളിർക്കുകയും ലോകത്തിലെ ചരാചരങ്ങൾ സുഖം പ്രാപിക്കുകയും ചെയ്തു. ഇത് കാരണം പരാശക്തിക്ക് ശക്താക്ഷി എന്ന് പേരുണ്ടായി. തുടർന്ന് തന്റെ കയ്യിലുള്ള അക്ഷയമായ ഫലമൂലങ്ങൾ നൽകി ദേവി ജീവികളുടെ വിശപ്പ് തീർത്തു, പ്രാണരക്ഷ ചെയ്തു. ഇത്തരത്തിൽ ശാകം (ഫലമൂലങ്ങൾ) നൽകി ഭരിക്കുകയാൽ മഹാദേവിക്ക് ശാകംഭരി എന്നും പേരുണ്ടായി .

ദുർഗ്ഗമൻ ഇതറിഞ്ഞു അവിടെയെത്തി. തുടർന്ന് ലോകമാതാവായ ദേവി അസുരന്മാരുമായി യുദ്ധമാരംഭിച്ചു. ഘോരമായ യുദ്ധത്തിൽ ദുർഗ്ഗമനെ നിഗ്രഹിച്ചു. വേദങ്ങളെ വീണ്ടെടുത്ത് ദേവന്മാർക്കും മുനിമാർക്കും നല്കിയനുഗ്രഹിച്ചു. ദുർഗ്ഗമനെ വധിക്കുകയാൽ ദേവിക്ക് ദുർഗ്ഗ എന്നു പേരുണ്ടായി .

അതിനു ശേഷം മഹാമായ വേദങ്ങൾ തന്റെ ശരീരമാണെന്നും അതിനാൽ അവയെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു കൊള്ളണമെന്നും മുനിമാർക്കു നിർദ്ദേശം നൽകിയിട്ട് അപ്രത്യക്ഷയായി .[ദേവീ ഭാഗവതം , സപ്തമസ്കന്ധം , അദ്ധ്യായം 28].

No comments:

Post a Comment