ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2019

കൈരളിയുടെ ശാസ്ത്ര പാരമ്പര്യം [ഭാഗം - 01]

കൈരളിയുടെ ശാസ്ത്ര പാരമ്പര്യം

ഭാഗം - 01

പതിനാലാം നൂറ്റാണ്ടില്‍ ജനിച്ച സംഗമഗ്രാമ മാധവന്‍ ഭാരതീയ ഗണിത-ജ്യോതിശാസ്ത്ര പൈതൃകത്തിന്റെ ഉപജ്ഞാതാവാണ്. ഐസക് ന്യൂട്ടനും ജി.വി. ലെബ്‌നിസ്സും എല്ലാം കാല്‍ക്കുലസ് കണ്ടെത്തുന്നതിനും രണ്ടര നൂറ്റാണ്ട് മുമ്പ് സംഗമഗ്രാമ മാധവനും ശിഷ്യപരമ്പരയും ഈ മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ ലോകത്തിന് നല്‍കിയിരുന്നുവെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ജോര്‍ജ് ഗീവര്‍ഗ്ഗീസ് ജോസഫ് പറയുന്നു. Crest the Peakcock- The non-European roots of Mathematics)-  എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവാണ് ഇദ്ദേഹം. സംഗമഗ്രാമ മാധവന്റെ ഗണിത സിദ്ധാന്തങ്ങളെ മാധവ-ന്യൂട്ടണ്‍, മാധവ-ലെബ്‌നിസ്, മാധവ-ഗ്രിഗറീസ് എന്നെല്ലാമാക്കി പുനര്‍നാമകരണം ചെയ്ത വിവരം ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സംഗമഗ്രാമമായ ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകരക്കടുത്തുള്ള ഇരിങ്ങാടപ്പള്ളി മനയിലാണ് മാധവന്‍ ജനിച്ചതെന്ന് കരുതുന്നു. സ്വന്തം നാട്ടുകാര്‍ക്ക് സംഗമഗ്രാമ മാധവന്‍ അജ്ഞാതനാമമായി തുടരുമ്പോഴും പാശ്ചാത്യ ശാസ്ത്രലോകം അദ്ദേഹത്തിന്റെ മഹത്വത്തെ അനുദിനം പ്രശസ്തമാക്കിക്കൊണ്ടിരിക്കുന്നു. ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ്സ് തുടങ്ങിയ സിദ്ധാന്തങ്ങള്‍ സംഗമഗ്രാമ മാധവന്റെ സംഭാവനകളാണ്. ഗണിതശാസ്ത്രത്തിലെന്നപോലെ ജ്യോതിശാസ്ത്ര രംഗത്തും അദ്ദേഹത്തിന്റേതായ സംഭാവനകള്‍ നിരവധിയാണ്. ദ്വിഗ്ഗണിതത്തിന്റെ കര്‍ത്താവായ വാടശ്ശേരി പരമേശ്വരന്‍, സൂര്യകേന്ദ്രീകൃത സൗരയൂഥത്തെപ്പറ്റി പഠിച്ച നീലകണ്ഠ സോമയാജിപ്പാട്, മലയാളത്തിലെ പ്രഥമ ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജ്യേഷ്ഠദേവന്‍ തുടങ്ങിയവരെല്ലാം സംഗമഗ്രാമ മാധവന്റെ ശിഷ്യരായിരുന്നു. അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങള്‍ വിവിധ വിദേശ സര്‍വകലാശാലകളില്‍ പഠനവിഷയമാണെങ്കിലും വേണ്വരോഹം, ചന്ദ്രാഖ്യയനി തുടങ്ങിയ കൃതികള്‍ മാത്രമാണ് മലയാളത്തില്‍ ലഭ്യമായിട്ടുള്ളത്. ചന്ദ്രാഖ്യയനി എന്ന കൃതിയില്‍, സംഗമഗ്രാമ മാധവന്‍ തന്റെ ഉപാസനാമൂര്‍ത്തിയായ ഇരിങ്ങാടപ്പള്ളി മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിലെ നമസ്‌കാരശിലയില്‍ മലര്‍ന്നുകിടന്ന് ചന്ദ്രനെ നിരീക്ഷിച്ചു തയ്യാറാക്കിയ വിവരങ്ങളാണ് ഉള്‍ക്കൊണ്ടിട്ടുള്ളത്. കൊ.വ. 1116 ലെ കൊടുങ്കാറ്റില്‍ ഇരിങ്ങാടപ്പള്ളി മനയിലെ ഒരു മാളിക തകരുകയും ഒട്ടേറെ താളിയോലഗ്രന്ഥങ്ങള്‍ നശിക്കുകയും ചെയ്തു. വിദേശമിഷണറിമാരിലൂടെ അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും പാശ്ചാത്യലോകത്ത് എത്തുകയുമുണ്ടായി. ഗണിത-ജ്യോതിശാസ്ത്രരംഗത്ത് സുവര്‍ണ്ണകാലം സൃഷ്ടിച്ച സംഗമഗ്രാമ മാധവനെക്കുറിച്ച് മലയാളികള്‍ ഏറെക്കുറെ അജ്ഞരാണ്.

No comments:

Post a Comment