ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2019

കൈരളിയുടെ ശാസ്ത്ര പാരമ്പര്യം [ഭാഗം - 02]

കൈരളിയുടെ ശാസ്ത്ര പാരമ്പര്യം

ഭാഗം - 02

നിത്യ വ്യവഹാരിക ഗണിതത്തില്‍ നിന്നും അപരിമേയഗണിതത്തിലേക്കുള്ള ചുവടുമാറ്റമാണ് ആധുനിക ഗണിതത്തിന്റെ ഉദയം കുറിച്ചത്. കലനഗണിതവും അനന്തശ്രേണികളും ആധുനിക ഗണിതത്തിലെ സുപ്രധാന പടവുകള്‍ ആയിരുന്നു. ന്യൂട്ടോണിയന്‍ യുഗപ്പിറവിയോടെയാണ് ആധുനിക ഗണിതം ഉദയം ചെയ്തത് എന്നാണ് പൊതുവിശ്വാസം. അതും യൂറോപ്പില്‍! 1669 മുതല്‍ 1701 വരെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര പ്രൊഫസര്‍ എന്നനിലയില്‍ സര്‍ ഐസക് ന്യൂട്ടണ്‍ സേവനമനുഷ്ഠിച്ചത് ശാസ്ത്രരംഗത്ത് അദ്ദേഹത്തിന്റെ ആദരവ് പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കി. ഗണിതത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹം തന്റെ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട് എന്നത് മറന്നുകൂടാ. എന്നാല്‍ അതോടെ അദ്ദേഹത്തിനുമുമ്പേ ആധുനിക ഗണിതത്തിന്റെ ദുര്‍ഘട വീഥിയിലൂടെ യൂറോപ്പിന് പുറത്ത് സഞ്ചരിച്ചവര്‍ അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. ഭാരതമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നടന്ന ഗണിതശോധനത്തിന്റെ യൂറോപ്പിലേക്കുള്ള വിനിമയം മറക്കപ്പെടുകയോ പരമപുച്ഛത്തോടെ നിരാകരിക്കുകയോ ചെയ്തു. അത്ര പ്രബലമായിരുന്നു യൂറോ കേന്ദ്രീകൃത ശാസ്ത്രവീക്ഷണം. 1825 ല്‍ തന്നെ ഗണിതശാസ്ത്രത്തില്‍ പാശ്ചാത്യ ഗണിതകാരന്മാരുടെ മുന്‍ഗാമികളായി മിന്നിമറഞ്ഞ ഭാരതീയ ഗണിതജ്ഞരെ പ്രത്യേകിച്ച് കേരളീയ പാരമ്പര്യത്തെക്കുറിച്ച് ചാള്‍സ് വിഷിന്റെ ലേഖനത്തിലൂടെ അന്താരാഷ്ട്ര ശാസ്ത്രവേദികളില്‍ അവതരിക്കപ്പെട്ടിരുന്നു. വിഷിന്റെ സുഹൃത്തും വടക്കേ മലബാറിലെ കോലത്തുനാട്ടിലെ ഇളയരാജാവും ഗണിതപണ്ഡിതനുമായ ശങ്കരവര്‍മന്റെ (1774-1839) ശ്രമഫലമായാണ് ഇങ്ങനെ ഒരു ഇടപെടല്‍ നടന്നത്. എന്നാല്‍ അന്നത്തെ കൊളോണിയല്‍ അജണ്ടക്ക് ഒട്ടുനിരക്കാത്തതായിരുന്നതിനാല്‍ അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. ഇക്കാലത്തെ പാശ്ചാത്യ പണ്ഡിതരുടെ 'നിഷ്പക്ഷത' വെളിവാക്കുന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണ് 19-ാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായി ഗണിക്കുന്ന ബെന്റ്‌ലി (1823) ബ്രഹ്മസ്ഫുട സിദ്ധാന്തത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനം. ബ്രഹ്മസ്ഫുട സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷ കണ്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമാണ്. ''ഇപ്പോഴിതാ ഒരു പുതിയ കള്ളത്തരം കൂടി. ബ്രഹ്മസ്ഫുടസിദ്ധാന്തം. അതിന്റെ രചയിതാവിനെ എനിക്കറിയാം. ഈ കൃത്രിമത്വത്തിന്റെ ഉദ്ദേശമാകട്ടെ അക്ബറിന്റെ കാലത്തുണ്ടായിരുന്ന വരാഹമിഹിരനെ അതിപൗരാണികനാക്കുക എന്നതാണ്.'' വരാഹമിഹിരനും അക്ബര്‍ ചക്രവര്‍ത്തിയും ജീവിച്ചിരുന്നത് എഡി 505 ലും 1550ലും ആണെന്ന് അറിവില്ലാഞ്ഞിട്ടായിരിക്കില്ല അദ്ദേഹം അങ്ങനെ പറഞ്ഞത്. അധിനിവേശം നടത്തേണ്ട രാജ്യത്ത് അഭിമാനകരമായി ഒന്നുമില്ലെന്ന് സ്ഥാപിക്കാന്‍ മാത്രമായിരുന്നു. അത് തന്നെയാണ് വിഷിന്റെ ശ്രമങ്ങള്‍ക്കും തിരിച്ചടിയായത്. പതിനാലാം നൂറ്റാണ്ടില്‍ ഇരിങ്ങാലക്കുടയില്‍ ജീവിച്ചിരുന്ന സംഗമഗ്രാമ മാധവന്‍ എന്ന വിഖ്യാത ജ്യോതിശാസ്ത്രം-ഗണിതശാസ്ത്ര പണ്ഡിതനില്‍ നിന്ന് ആരംഭിച്ച മുന്നൂറ് വര്‍ഷത്തില്‍ അധികം നീണ്ടുനിന്ന ഗണിത ഗവേഷണ സപര്യയുടെ ചരിത്രമാണ് ചാള്‍സ് വിഷിലൂടെ അന്ന് ലോകത്തെ അറിയിക്കാന്‍  ശങ്കരവര്‍മ്മ ശ്രമിച്ചത്. അപരിമേയ സംഖ്യകളെക്കുറിച്ച് പരിമേയമായ ശ്രേണികളിലും വില കണ്ടെത്താനുള്ള അനന്തശ്രേണികളുടെ ഉപജ്ഞാതാവ് എന്ന രീതിയില്‍ മാത്രമല്ല, നീണ്ടകാലം നിലനിന്ന ഒരു ഗണിത ഗവേഷണ പാരമ്പര്യം-ഗുരുശിഷ്യ പരമ്പരക്ക് തുടക്കം കുറിച്ചതു കൂടിയാണ് ആധുനിക ഗണിത ചരിത്രത്തില്‍ സംഗമഗ്രാമ മാധവന്റെ അദ്വിതീയ സ്ഥാനം. രാഷ്ട്രീയ സംവിധാനം അങ്ങേയറ്റം വിലോമകരമായ സ്ഥിതിയിലാണ് മാധവനിലൂടെ കേരളം ഒരു ഗണിത സുവര്‍ണയുഗം രചിച്ചത്. ഇന്നത്തെ ഇരിങ്ങാലക്കുടക്കടുത്ത് 1340നും 1425നും ഇടയില്‍ മാധവന്‍ ജീവിച്ചിരുന്നു എന്നാണ് അനുമാനിക്കുന്നത്. തൊട്ടടുത്തുള്ള കൊടുങ്ങല്ലൂരിന്റെ വിദ്യാപാരമ്പര്യമാകാം മാധവനിലെ പ്രതിഭയെ തൊട്ടുണര്‍ത്തിയത്. മഹോദയപുരത്തെ നക്ഷത്ര ബംഗ്ലാവും (വാനനിരീക്ഷണ കേന്ദ്രം) ആര്യഭടന്റെ സ്വാധീനവും നേരിട്ട് മാധവനില്‍ കണ്ടെത്താന്‍  കഴിയില്ലെങ്കിലും അത് വായിച്ചെടുക്കാന്‍ പ്രയാസമില്ല. തന്റെ 'വേണ്വാരോഹം' എന്ന കൃതിയില്‍ നടത്തുന്ന ആത്മാംശബോധമുള്ള പരാമര്‍ശത്തില്‍നിന്നുമാണ് മാധവന്റെ കാലവും സ്ഥലവും അനുമാനിക്കപ്പെട്ടിരിക്കുന്നത്. മാധവന്റെ കൃതികളായി പല പേരുകളും പറഞ്ഞുകേള്‍ക്കുന്നു. ഗോളവാദം, മധ്യമനയനപ്രകരം, മഹാജ്ഞാനയാനപ്രകരം, ലഗ്നപ്രകരണം, വേണ്വാരോഹം, സ്ഫുടചന്ദ്രാപ്തി, അഗണിത ഗ്രഹചാര, ചന്ദ്രവാക്യാനി തുടങ്ങിയവ മാധവന്റെതാണെന്ന് കെ.വി.ശര്‍മ്മ സമര്‍ത്ഥിക്കുന്നു. എന്നാല്‍ വേണ്ടത്ര ഗവേഷണങ്ങളോ ചരിത്ര അന്വേഷണങ്ങളോ താളിയോല ഗ്രന്ഥങ്ങളുടെ സൂക്ഷ്മ പരിശോധനയോ നടന്നിട്ടില്ലാത്തതിനാല്‍ ഇന്നും ഈ വശം ഇരുളടഞ്ഞ് കിടക്കുന്നു. വേണ്വാരോഹം മാത്രമാണ് ഇന്ന് കണ്ടെത്തി പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്. അതും സര്‍ക്കാര്‍ ഇതര ശാസ്ത്രപ്രസ്ഥാനമായ സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെ ശ്രമഫലമായി. മാധവാചര്യന്റെ മൗലിക കൃതികളെക്കുറിച്ച് സൂചന ലഭിക്കുന്നത് അദ്ദേഹത്തെ ഉദ്ധരിക്കുന്ന ശിഷ്യപരമ്പരയിലെ ഗ്രന്ഥാവലികളില്‍ നിന്നുമാണ്. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സമീപത്ത് കല്ലേറ്റുംകര ഗ്രാമത്തിലെ ഇരിങ്ങാടപ്പള്ളി മനയാണ് മാധവന്റെ ജന്മഗൃഹമെന്ന് കരുതാനാണ് ഈ രംഗത്ത് അന്വേഷണം നടത്തിയവരുടെ നിഗമനം. തന്റെ ഗൃഹനാമത്തെക്കുറിച്ച് പറയുന്നിടത്ത് ഇരഞ്ഞി (ബകുളം)നിന്ന പള്ളി(വിഹാരം) എന്ന് ആചാര്യന്‍ സൂചിപ്പിക്കുന്നുണ്ട്. സംഗമഗ്രാമ മാധവന്‍ എന്ന വിഖ്യാതനായ അദ്ദേഹം സംഗമഗ്രാമത്തിലെ ആണെന്ന് നിശ്ചയം. സംഗമഗ്രാമം എന്നാല്‍ സംഗമേശ്വര ഗ്രാമം-ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുടക്ക് സമീപപ്രദേശത്ത് നിരവധി നമ്പൂതിരി-ബ്രാഹ്മണ കുടുംബങ്ങള്‍ ജ്യോതിഷ പാരമ്പര്യം ഇന്നും തുടരുന്നവരാണ്. അതില്‍ ഇരിങ്ങാറപള്ളി എന്ന കുടുംബം ഒരു നൂറ്-നൂറ്റമ്പത് വര്‍ഷം മുമ്പ് വരെ വളരെ പ്രമുഖസ്ഥാനം നിലനിര്‍ത്തിപോന്നവരായിരുന്നു. അതിനാലാണ് കല്ലേറ്റ്ക്കരയിലെ ഈ പുരാതന ഇല്ലത്തെ ആധുനിക ഗണിതശാസ്ത്രജ്ഞന്റെ ഉപജ്ഞാതാവായ മാധവന്റെ ജന്മഗൃഹമാകാനുള്ള സാധ്യതയിലേക്ക് പണ്ഡിതര്‍ എത്തിയത്. പുരാതന ഇല്ലത്തിന് സമീപം രണ്ട് ക്ഷേത്രങ്ങളാണ് ഉള്ളത്. ഒന്ന് ഇരിങ്ങപ്പള്ളി  ഭഗവതി ക്ഷേത്രം. മറ്റൊന്ന് മാധവന്‍ തന്നെ ഉപാസന നടത്തിയിരുന്നതായി കരുതപ്പെടുന്ന ശ്രീകൃഷ്ണ ക്ഷേത്രം. ക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിന്റെ തറയില്‍ 'വട്ടെഴുത്തിലുള്ള' ചില ലിഖിതങ്ങള്‍ കാണാം. എന്നാല്‍ അത് വായിച്ചെടുക്കാനുള്ള ചരിത്രാന്വേഷണ ത്വര ഇതുവരെ ആരും കാണിച്ചിട്ടില്ലെന്ന് ക്ഷേത്രത്തിലെ പൂജാരിയും മാധവന്റെ പരമ്പരയില്‍പ്പെട്ട അംഗവുമായ രാജ്കുമാര്‍ പറയുന്നു. ഈ ക്ഷേത്രത്തില്‍ ആചാര്യന്‍ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് നെടിയ ശിലാപാളികള്‍ കാണാം. ഏത് കാലത്താണ് അത് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്  എന്ന് അറിഞ്ഞുകൂടാ. കാലപ്പഴക്കംകൊണ്ടും വേണ്ടത്ര സംരക്ഷിക്കപ്പെടാത്തതിനാലും അതില്‍ നടത്തിയിരിക്കാനിടയുള്ള ഒരു അടയാളങ്ങളും വ്യക്തമല്ല. ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തുള്ള വലിയ കുളവും വിശാലമായ വയലും ആചാര്യന്റെ വാനനിരീക്ഷണ കേന്ദ്രങ്ങള്‍ ആയിരുന്നിരിക്കും. ഇന്ന് എല്ലാം അവഗണനയില്‍. ക്ഷേത്ര ഭൂമി മിക്കതും അന്യാധീനപ്പെട്ടു പോയിട്ടുണ്ട്. മാധവന്റെ പിന്മുറക്കാര്‍ ഇന്ന് രണ്ട് പ്രധാന താവഴികളിലാണ് വരുന്നത്. രണ്ടിലും ജ്യോതിഷ പാരമ്പര്യം പിന്‍തുടരുന്നവര്‍ ഉണ്ട്. താരങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് താരമായിത്തീര്‍ന്ന ആചാര്യന്‍ തങ്ങളുടെ പൂര്‍വികനാണെന്ന് അറിയുമ്പോള്‍ ഇവരുടെ കണ്ണുകളില്‍ 'നിസംഗമായൊരു അഭിനിവേശം' മിന്നിമറയുന്നത് കാണാം. ആചാര്യനെ ലോകം അംഗീകരിച്ച് കഴിഞ്ഞിട്ടും നമ്മുടെ ഭരണസംവിധാനങ്ങള്‍ക്ക് പൂര്‍ണനിസംഗത! അല്ലെങ്കില്‍ അടിമത്തഭാരം അടിച്ചേല്‍പ്പിച്ച അപകര്‍ഷതാ ബോധം. അനന്തതക്ക് അഗ്രഗണ്യമായ സ്ഥാനം കല്‍പ്പിച്ച് ഗണിതശാസ്ത്രപഠനത്തിന് വേറിട്ടൊരു പാത തെളിച്ച, ആധുനിക ഗണിതത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവായ സംഗമഗ്രാമ മാധവന്‍ വിസ്മൃതിയില്‍നിന്നും അവഗണനയില്‍നിന്നും ഉയര്‍ന്നുവരേണ്ടത് ഈ നാടിന്റെ പുനര്‍ജീവനത്തിന്റെ അനിവാര്യതയാണ്. ആചാര്യന്റെ കണ്ടെത്തലുകള്‍ രണ്ട്-മൂന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം കണ്ടെത്തിയ പാശ്ചാത്യ പണ്ഡിതരായ ഐസക് ന്യൂട്ടനേയും (1642-1727) ലിബിനിറ്റ്‌സും (1646-1716) ജയിംസ് ഗ്രിഗറിയും (1638-1675) അടിസ്ഥാന വിദ്യാഭ്യാസം നേടിയ ലോകത്തെ ഏതൊരാള്‍ക്കും അറിയാവുന്നവരായി മാറിയപ്പോഴാണ് ആചാര്യന്റെ പേരും മഹത്വവും സ്വന്തം ജന്മനാട്ടില്‍ പോലും ആരും അറിയാതെ പോകുന്നു. മാധവന്റെ മഹിത ചൈതന്യത്തിന്റെ കനലിനെ കണ്ടറിഞ്ഞ് അതിനെ ആവരണം ചെയ്തിരിക്കുന്ന ചാരത്തെ ആത്മധൈര്യത്തിന്റെ പ്രവാഹശക്തികൊണ്ടും നീക്കി, ആത്മസമര്‍പ്പണത്തിന്റെ യജ്ഞകുണ്ഡത്തില്‍ സ്ഫുടം ചെയ്ത് വീണ്ടെടുക്കാനുള്ള പ്രയത്‌നമാണ് ഗണിതകുതുകികളും പൈതൃകപ്രേമികളും ഒരുമിക്കുന്ന മാധവഗണിതകേന്ദ്രം.

No comments:

Post a Comment