ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2019

ലക്ഷ്മി ദേവി

ലക്ഷ്മി ദേവി

ഹൈന്ദവപുരാണങ്ങളിൽ സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലേയും പത്നിയായായും ആദി പരാശക്തിയായ മഹാലക്ഷമി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീത ആയും ശ്രീകൃഷ്ണാവതാരത്തിൽ രുഗ്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു.

ആദിപരാശക്തിയുടെ അവതാരമായി മഹാലക്ഷ്മിയെ ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയായും മഹാലക്ഷ്മിയെ കണക്കാക്കുന്നു. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിക്കുന്നത് മഹാലക്ഷ്മി ആണ് എന്നും ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു.

പാലാഴിമഥനത്തിൽ പൊന്തിവന്ന ദിവ്യ വസ്തുക്കളിൽ ലക്ഷ്മി ഉൾപ്പെട്ടിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നു. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ (പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിക്ക് പ്രതിഷ്ഠയുണ്ട്. കേരളത്തിൽ എറണാകുളത്തെ ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ ആണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികയിലും ദേവിക്ക് ആരാധനയുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.

അഷ്ടലക്ഷ്മി

എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വരലക്ഷ്മീ വ്രതം, വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്.

01) ആദിലക്ഷ്മി

ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു.

നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു.

സുരഗണവന്ദിത സുന്ദരി മാധവി ചന്ദ്രസഹോദരി ഹേമമയേ
മുനിഗണവന്ദിത മോക്ഷപ്രദായിനി മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത സദ്‌ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ആദിലക്ഷ്മി ജയ പാലയമാം

02)ധനലക്ഷ്മി

സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു.

ധിമി ധിമി ധിംധിമി ധിംധിമി ധിംധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ധുമ ധുമ ദുന്ദും ദുന്ദും ദുന്ദും ശംഖനിനാദ സുവാദ്യയുതേ
വേദപുരാണിതിഹാസ സുപൂജിത വൈദികമാര്‍ഗ്ഗപ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ധനലക്ഷ്മി പാലയമാം

03) ധാന്യലക്ഷ്മി

കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി.

എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്.

അയികലി കല്‌മഷ നാശിനി കാമിനി വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്‌ഭവ മംഗളരൂപിണി മന്ത്രനിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധാന്യലക്ഷ്മി ജയ പാലയമാം

04) ഗജലക്ഷ്മി

മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. 

നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്.

ജയ ജയ ദുര്‍ഗതിനാശിനി കാമിനി സര്‍വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരഗപദാദി സമാനുത പരിജനമണ്ഡിത ലോകനുതേ
ഹരിഹരബ്രഹ്മസുപൂജിത സേവിത താപനിവാരിണി പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ഗജലക്ഷ്മി പാലയമാം

05) സന്താനലക്ഷ്മി

സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി.

ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.

അയി ഖഗവാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി സപ്തസ്വരായുധ ഗാനയുതേ
സകലസുരാസുര ദേവമുനീശ്വര മാനവവന്ദിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി സന്താനലക്ഷ്മി പാലയമാം

06) വീരലക്ഷ്മി/ധൈര്യലക്ഷ്മി

യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.

എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്.

ജയവരവര്‍ണ്ണിനി വൈഷ്‌ണവി ഭാര്‍ഗ്ഗവി മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചിനി സാധുജനാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധൈര്യലക്ഷ്മി ജയ പാലയമാം

07) വിജയലക്ഷ്മി

വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി

എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു.

ജയ കമലാസനി സദ്‌ഗതിദായിനി ജ്ഞാനവികാസിനി രാഗമയേ
അനുദിനമര്‍ച്ചിത കുങ്കുമധൂസരഭൂഷിതവാസിത വാദ്യനുതേ
കനകധരാസ്‌തുതി വൈഭവവന്ദിത ശങ്കരദേശിക മാന്യപദേ
ജയ ജയ ഹേ മധുസൂദനകാമിനി വിജയലക്ഷ്മി ജയ പാലയമാം

08) വിദ്യാലക്ഷ്മി

വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.

പ്രണതസുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കര്‍ണ്ണവിഭൂഷണ ശാന്തിസമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമലഹാരിണി കാമ്യഫലപ്രദ ഹസ്‌തയുതേ
ജയ ജയ ഹേ മധുസൂദനകാമിനി വിദ്യാലക്ഷ്മി പാലയമാം

No comments:

Post a Comment