കൈരളിയുടെ ശാസ്ത്ര പാരമ്പര്യം
ഭാഗം - 04
വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉപനിഷത്തുകളിലുമുള്ള ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് ഭാരതസംസ്‌കാരത്തിന്റെ മഹത്തായ സമ്പാദ്യമാണ്. മലയാള മണ്ണില്‍ ഗണിതം വേരൂന്നിയപ്പോള്‍ അതിന് തേജസ്സ് പകര്‍ന്നുനല്‍കിയത് സംഗമേശ്വരന്റെ നാടായ ഇരിങ്ങാലക്കുടയുടെ ഗണിതപൈതൃകമായിരുന്നു.
ഭാരത ഋഷിമാര്‍ ശാസ്ത്രഗവേഷണത്തിന്റെ സിരാകേന്ദ്രങ്ങളായ ഗണിതവും ജ്യോതിഷവും ആയുര്‍വേദവും പര്‍ണ്ണശാലകളില്‍ ചര്‍ച്ച ചെയ്തിരുന്നത്രെ. ഗണിതശാസ്ത്രം ആരംഭിച്ചത് ഇവിടെനിന്നാെണന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ശുല്‍ബ സൂത്രങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രഗണിത ഗ്രന്ഥങ്ങള്‍ ഈ ഋഷിമാരുടെ സംഭാവനകളാണ്. അനേകം ഋഷിമാര്‍ ശുല്‍ബ സൂത്രം എഴുതിയതായി യജുര്‍വേദത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശുല്‍ബം എന്നാല്‍ ‘ചരട്.’ ചരട് ഉപയോഗിച്ച് അളന്നുതിട്ടപ്പെടുത്തുന്ന ഗണിതശാഖയാണ് ശുല്‍ബ സൂത്രങ്ങള്‍. ഇന്നത്തെ ഭാഷയില്‍ പറയുന്ന ക്ഷേത്രഗണിതം അഥവാ ജ്യാമിതിയാണ് ഇതിലെ പ്രതിപാദ്യവിഷയം.
ഏറ്റവും മഹത്തായ ബൗധായന ശുല്‍ബ സൂത്രത്തില്‍ മട്ടത്രികോണത്തിന്റെ വശങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. പൈതഗോറസിനുമുമ്പേ പൈതഗോറസ് സിദ്ധാന്തം ഗണിതത്തില്‍ ശുല്‍ബ സൂത്രങ്ങളിലൂടെ സ്ഥാനംപിടിച്ചിരുന്നു എന്നു വ്യക്തം. ഋഗ്വേദസംഹിത, തൈത്തരീയ ബ്രാഹ്മണം എന്നീ അതിപുരാതന ഗ്രന്ഥങ്ങളില്‍ ജ്യാമിതീയരൂപം, അപരിമേയ സംഖ്യകള്‍ തുടങ്ങിയ ഗണിത വിഭാഗങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്.
വേദകാലം മുതല്‍ ഭാരതം ഗണിത ശാസ്ത്രപഠനമേഖലയുടെ ഈറ്റില്ലമായിരുന്നു. പുരാണേതിഹാസങ്ങളില്‍ ഉടനീളം ഗണിതത്തിന്റെ സ്വാധീനം വ്യക്തമായി കാണാം. ബി.സി. എട്ടാം നൂറ്റാണ്ട് മുതല്‍ ബി.സി. ആറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആപസ്തംബന്‍, കാത്യായനന്‍, ബൗധായനന്‍ എന്നീ ഗണിതഗവേഷകര്‍ തുടങ്ങി എ.ഡി. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശങ്കരവര്‍മ്മന്‍വരെ നീളുന്ന ആചാര്യശൃംഖല മറ്റൊരു രാജ്യത്തെ സംസ്‌കാരത്തിലും കാണാന്‍ കഴിയില്ല.
ഭാരതീയ ഗണിതപാരമ്പര്യത്തിന്റെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടതാണ് കേരളീയസരണി. എ.ഡി. 844-855 കാലഘട്ടം കേരളഗണിതം വളരെയേറെ പുരോഗമിച്ചിരുന്നു എന്നതിന്റെ തെളിവാണ് ‘ശങ്കരനാരായണീയം.’ മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന സ്ഥാണുരവിയുടെ കാലത്ത് ശങ്കരനാരായണന്‍ രചിച്ച ഗ്രന്ഥമത്രേ ‘ശങ്കരനാരായണീയം’. ഭാരതത്തിലെ ഗണിതശാസ്ത്രജ്ഞന്മാരില്‍ പ്രഥമസ്ഥാനീയനായ ആര്യഭട്ടന്‍ എ.ഡി. 476 ല്‍ കേരളത്തിലാണ് ജനിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
ആര്യഭട്ടനില്‍ ആരംഭിച്ച ഗണിത ഗവേഷണം എ.ഡി.1114 ല്‍ ഭാസ്‌കരാചാര്യന്‍ വരെ അനുസ്യൂതം തുടര്‍ന്നു. 12-ാം നൂറ്റാണ്ടു മുതല്‍ 13-ാം നൂറ്റാണ്ടുവരെ നിശ്ചലമായി. 14-ാം നൂറ്റാണ്ടില്‍ പൂര്‍വ്വകാല പ്രസരിപ്പോടെ ഉണര്‍ന്നെഴുന്നേറ്റ കേരളഗണിതത്തെ അതിശയിപ്പിക്കുന്ന ഔന്നത്യത്തിലേക്ക് ഉയര്‍ത്തികൊണ്ടുവന്നത് അമാനുഷിക പ്രതിഭകളായ പരമേശ്വരന്‍, മാധവന്‍, നീലകണ്ഠന്‍, പുതുമന ചോമാതിരി എന്നീ ഗണിത ശാസ്ത്രജ്ഞന്‍മാരായിരുന്നു. ഇവരില്‍ ഏറ്റവും പ്രധാനം ‘കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്’ എന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്ന സംഗമഗ്രാമ മാധവന്‍ തന്നെ. സംഗമപുരി എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട ഗ്രാമത്തെ ജ്യോതിശാസ്ത്ര- ഗണിതശാസ്ത്ര സര്‍വ്വകലാശാലയാക്കി മാറ്റിയ സംഗമഗ്രാമ മാധവനെ പൗരസ്ത്യ ലോകം തിരിച്ചറിഞ്ഞില്ല.
ഇരിങ്ങാലക്കുടയിലെ കൊച്ചുഗ്രാമമായ കല്ലേറ്റുംകരയില്‍ ഇരിഞ്ഞാറപ്പിള്ളി ഇല്ലത്താണ് മാധവന്‍ നമ്പൂതിരി ജനിച്ചത്. സംഗമേശ്വരന്റെ നാട്ടില്‍ പിറന്നതുകൊണ്ടാകാം സംഗമഗ്രാമ മാധവനെന്ന പേരില്‍ അറിയപ്പെട്ടത്. ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അദ്ദേഹത്തിന്റെ ‘കേരള സാഹിത്യ’ത്തില്‍ മാധവന്‍ നമ്പൂതിരിയെ സംഗമഗ്രാമമാധവന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നു. 1325-1450 കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും പ്രസിദ്ധമായ ‘വേണ്വാരോഹ’ത്തില്‍ ജന്മഗൃഹത്തെക്കുറിച്ചും നാമത്തെക്കുറിച്ചും ആചാര്യന്‍ പറയുന്നു:
”ബകുളാധിഷ്ടിതത്വേന
വിഹാരോ യോ വിശേഷ്യതേ
ഗൃഹനാമിനി സോയം സ്യാത്
നിജനാമാനി മാധവഃ”
അര്‍ത്ഥം: ബകുള (ഇരഞ്ഞി) ത്തിന്റെ അധിഷ്ഠിതത്വംകൊണ്ട് വിശേഷിപ്പിക്കപ്പെട്ടത് ഏതു ഗൃഹമാണോ, അതാണ് എന്റെ വീടിന്റെ നാമം. എന്റെ പേര്‍ മാധവന്‍ എന്നാകുന്നു.
ആധുനിക ഗണിതശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്, സംഖ്യാഗണത്തില്‍ അനന്തം എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ശാസ്ത്രജ്ഞന്‍, അപരിഹൃദ ശ്രേണികള്‍ മുഖേന വൃത്തത്തിന്റെ പരിധി നിര്‍ണ്ണയിക്കാന്‍ സൂത്രം കണ്ടുപിടിച്ച പ്രതിഭ, ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ് തുടങ്ങിയ ഗണിതസിദ്ധാന്തങ്ങള്‍ക്ക് രൂപംനല്‍കിയ മഹാന്‍, കടപയാദി സമ്പ്രദായത്തില്‍ സൈന്‍ പട്ടിക തയ്യാറാക്കിയയാള്‍ തുടങ്ങി സംഗമഗ്രാമ മാധവന് വിശേഷണങ്ങള്‍ ഏറെയാണ്.
അനന്തതയ്ക്ക് അഗ്രഗണ്യമായ സ്ഥാനം നല്‍കി ഗണിതശാസ്ത്ര പഠനത്തിന് വേറിട്ടൊരു പാത വെട്ടിത്തെളിച്ച സംഗമഗ്രാമ മാധവന്‍ എന്ന ആചാര്യന്‍ ഈ മാര്‍ഗ്ഗം കണ്ടുപിടിച്ചു എന്ന് അഭിമാനിക്കുന്ന പാശ്ചാത്യ ഗണിതശാസ്ത്രജ്ഞന്‍മാരായ ജെയിംസ് ഗ്രിഗറി (1638-1675) ലിബ്‌നിറ്റ്‌സ് (1640- 1716) ഐസക്ക് ന്യൂട്ടന്‍ (1642-1727) തുടങ്ങിയവരുടെ കാലഘട്ടത്തിന് മൂന്നു നൂറ്റാണ്ടുകള്‍ക്കു മുന്‍പായി ജീവിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം.
ഗണിതശാസ്ത്ര രംഗത്ത് മഹാത്ഭുതമായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 ദേശീയ ഗണിതദിനമായി പ്രഖ്യാപിച്ചത് 2012 ല്‍ ആണ്. അന്യംനിന്നുപോയ ഗണിത സംസ്‌കാരത്തെ ആധുനിക വൈജ്ഞാനിക മണ്ഡലത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും, കേരളീയ ഗണിത സാമ്രാജ്യത്തിന്റെ മകുടമായി വിചാരിക്കുന്ന സംഗമഗ്രാമ മാധവനെ തൊട്ടറിയുവാനും 2012 ല്‍ ഇരിങ്ങാലക്കുടയില്‍ മാധവഗണിത കേന്ദ്രം രൂപംകൊണ്ടു. 2012 മുതല്‍ വര്‍ഷംതോറും ദേശീയഗണിതദിനം മാധവ അനുസ്മരണ ദിനമായി ആചരിച്ചുപോരുന്നു. ഗണിതം കൈകാര്യം ചെയ്യുന്ന പ്രമുഖ വ്യക്തികള്‍ക്ക് മാധവ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്ത് മാധവ മണ്ഡലത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
പതിനാലാം നൂറ്റാണ്ടില്‍ സംഗമപുരിയില്‍ ജന്മമെടുത്ത ഗണിതചൈതന്യത്തെ ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ എത്തിക്കാനുള്ള മാധവഗണിത കേന്ദ്രത്തിന്റെ ശ്രമം അഞ്ചുവര്‍ഷം പിന്നിട്ടിരിക്കയാണ്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെയും, മാധവഗണിത കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2016 ലെ ഗണിത ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മഹാസമ്മേളനത്തിന്റെ തുടക്കംകുറിച്ച് ഡിസംബര്‍ 22 ന് സംഗമഗ്രാമമാധവന്റെ ഗൃഹത്തില്‍നിന്ന് ആരംഭിച്ച മാധവജ്യോതിപ്രയാണം സംഗമശ്വര സന്നിധിയില്‍ വമ്പിച്ച ജനാവലിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
നൂറ്റാണ്ടുകള്‍ക്കുമുന്‍പേ ഗണിതവും ജ്യോതിഷവും കൈകാര്യം ചെയ്തിരുന്നവര്‍ മാധവശബ്ദം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും മാധവഗണിത കേന്ദ്രത്തിന്റെ വരവോടെയാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ പ്രചാരത്തിലായത്. കൊച്ചി സര്‍വ്വകലാശാലയിലെ ഗണിതജ്യോതിശാസ്ത്ര പഠനകേന്ദ്രത്തിലും, ഇരിങ്ങാലക്കുടയിലെ മാധവഗണിത കേന്ദ്രത്തിലും നടന്നുവരുന്ന ചര്‍ച്ചാക്ലാസ്സുകളും സമ്മേളനങ്ങളും പുതിയ തലമുറയ്ക്ക് സംഗമഗ്രാമ മാധവനെ അടുത്തറിയാന്‍ വഴിയൊരുക്കി.
വിസ്മൃതിയില്‍ ആണ്ടുപോയ കേരളഗണിതപാരമ്പര്യത്തെ തട്ടിയുണര്‍ത്തി മാധവനില്‍ ആരംഭിച്ച ഗുരുശിഷ്യ പരമ്പരയുടെ അനന്യസാധ്യതകള്‍ സ്വായത്തമാക്കി ഗണിത സരണിയെ നയിക്കാന്‍ യുവതലമുറ ജാഗ്രതയോടെ മുന്നോട്ടുവരിക. വിശ്വം മുഴുവന്‍ നമിക്കേണ്ടുന്ന ഋഷിതുല്യനായ സംഗമഗ്രാമ പുത്രനെ സ്വന്തം നാട്ടില്‍ മാത്രമല്ല, ലോകം മുഴുവന്‍ ആധുനിക ഗണിത-ജ്യോതിശാസ്ത്രത്തിന്റെ പിതാവായി അംഗീകരിക്കാന്‍ ഇടവരട്ടെ.
No comments:
Post a Comment