ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 April 2018

അഗ്നി മഹത്ത്വം

അഗ്നി മഹത്ത്വം

വേദങ്ങളില്‍ മുഖ്യമായി പ്രകീര്‍ത്തിക്കപ്പെടുന്ന ദേവന്മാരിലൊരാളാണ്‌ അഗ്നി. 'അഗ്നിമീളേ... പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ അനേകം സൂക്തങ്ങളില്‍ അഗ്നിയുടെ മഹത്വം വര്‍ണിക്കപ്പെടുന്നു. യാഗത്തിന്റെ അംശങ്ങളെ ദേവന്മാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നവനും ദേവന്മാരുടെ സന്ദേശഹരനുമാണ്‌ അഗ്നി എന്നും ഒരു വിശ്വാസമുണ്ട്‌. അഗ്നിയുടെ മൂന്നു രൂപങ്ങളെക്കുറിച്ചും വേദങ്ങളില്‍ പറയുന്നു. ഭൂമിയുള്ള സാധാരണ അഗ്നി, അന്തരീക്ഷത്തിലെ മിന്നല്‍, ആകാശത്തിലെ സൂര്യന്‍ എന്നിവയാണവ. സൂര്യന്‍ വൈകുന്നേരം തന്റെ തേജസ്‌ ഭൂമിയിലെ അഗ്നിയില്‍ നിക്ഷേപിക്കുമെന്നും അഗ്നി അത്‌ പുലര്‍കാലത്ത്‌ സൂര്യന്‌ തിരിച്ചുകൊടുക്കുമെന്നും ഋഗ്വേദത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. അതില്‍ നിന്നുതന്നെ ഇരു സന്ധ്യകളിലും ദീപം തെളിയിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നു. ചില ഭവങ്ങളില്‍ അസ്തമയത്തിന്‌ മുമ്പുമുതല്‍ പിറ്റേന്ന്‌ ഉദയശേഷം വരെ ദീപം കെടാതെ സൂക്ഷിക്കാറുണ്ട്‌. ഈ ഭവനങ്ങളില്‍ എല്ലാവധി ഐശ്വര്യവുമുണ്ടാകുമെന്നാണ്‌ വിശ്വാസം നമ്മുടെയെല്ലാം പ്രത്യക്ഷദൈവം ആദിത്യനാണ്‌. ആദിത്യന്റെ പ്രതിനിധി അഗ്നിയും. അതുകൊണ്ടുതന്നെ സകല ദേവതാപൂജകളിലും നിവേദ്യം തുടങ്ങിയ ഘട്ടങ്ങളിലും ദേവതയെ അഗ്നിജ്വാലയായി അര്‍ച്ചകന്‍ സങ്കല്‍പിക്കുന്നു. അഗ്നിയുടെ മഹത്വമാണ്‌ ഇവിടെ വെളിവാകുന്നത്‌. ഹൈന്ദവരുടെ ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള സകല കര്‍മ്മങ്ങളും അഗ്നിസാക്ഷികമായാണ്‌ നടക്കുന്നത്‌. ഭൂരിപക്ഷം ഹൈന്ദവരും ശവസംസ്കാരം അഗ്നിയില്‍ ദഹിപ്പിച്ച്‌ നടത്തുന്നു. എല്ലാവിധ ഉപാസനകളിലും അഗ്നിക്ക്‌ മുഖ്യപങ്കാണുള്ളത്‌. അഗ്നി സ്പര്‍ശിക്കുന്നതെന്തും പരിശുദ്ധമായിത്തീരുന്നു. 
ഭൂതപ്രേതാദിബാധകളില്‍ നിന്നും മനുഷ്യരെയും ദേവന്മാരെയും രക്ഷിക്കുന്നതും അഗ്നിയാണ്‌. നമ്മുടെ ഏത്‌ കര്‍മ്മങ്ങളും അഗ്നിസാക്ഷികമായി ചെയ്യുമ്പോള്‍ അതിന്‌ ഒരു പവിത്രത കൈവരുന്നുവെന്നാണ്‌ വിശ്വാസം. അനിഷ്ടങ്ങളുടെ പരിഹാരത്തിനും ഇഷ്ടസിദ്ധിക്കുമായി അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കണമെന്ന്‌ വിധിയുണ്ട്‌. ഇത്തരത്തിലൊക്കെ മഹത്വമുള്ള അഗ്നിയുടെ സാന്നിധ്യമാണ്‌ ഇരു സന്ധ്യകളിലും ദീപം തെളിയിക്കുന്ന വീടുകള്‍ ദുഷ്ടശക്തികള്‍, ദുര്‍മൂര്‍ത്തികള്‍ തുടങ്ങിയവയ്ക്ക്‌ അപ്രാപ്യമാകുന്നു. നിലവിളക്കില്‍ ദീപം ജ്വലിക്കുന്നത്‌ ഒരു താന്ത്രിക കര്‍മ്മം തന്നെയാണെന്ന്‌ ജോണ്‍ വുഡ്‌റോഫ്‌ അഭിപ്രായപ്പെടുന്നുണ്ട്‌. കത്തിനില്‍ക്കുന്ന ദീപം കുണ്ഡലിന്യഗ്നിയുടെ ഒരു പ്രതീകമായി കാണാം.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ജ്യോതിസ്സുകളാണ്‌. ഈ ജ്യോതിസ്സുകള്‍ക്കെല്ലാം ജ്യോതിസ്സായ പ്രപഞ്ച ജ്യോതിസ്സ്‌ അഥവാ ഈശ്വരന്റെ പ്രതീകമാണ്‌ ദീപജ്യോതിസ്‌ എന്ന്‌ പത്മപുരാണം പറയുന്നു. ബുദ്ധി, ശുഭം, നന്മ, ആരോഗ്യം, ഐശ്വര്യം എന്നിവ കൈവരുന്നതിനായി ദീപജ്യോതിസിനെ നമസ്കരിക്കുക എന്നും ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. സര്‍വമംഗളങ്ങളുടെയും അടിസ്ഥാനം ജ്യോതിസ്സാണ്‌. ആ ജ്യോതിസ്സുള്ളിടത്ത്‌ സര്‍വമംഗളങ്ങളും ഭവിക്കുകയും ചെയ്യുന്നു.

- ഡോ. കെ.ബാലകൃഷ്ണവാര്യര്‍

No comments:

Post a Comment