വേദാന്തം ശാസ്ത്രീയമോ?
ആധുനികകാലഘട്ടത്തിലെ സയന്‍സ്‌വാദികളും യുക്തിവാദികളും ചില ജിജ്ഞാസുക്കളും ചോദിക്കുന്ന ചോദ്യമാണ് വേദാന്തം ശാസ്ത്രീയമോ എന്നത്. ഈ ചോദ്യം യുക്തിവാദികള്‍ പലപ്പോഴും അവരുടെ പൊതുചര്‍ച്ചാവിഷയമാക്കാറുമുണ്ട്. ഈ ചോദ്യത്തിന് ഉത്തരം ആലോചിക്കുന്നതിനു മുന്‍പായി ചോദ്യത്തിന്റെ സാംഗത്യത്തെക്കുറിച്ച് ചിന്തിക്കുന്നത് യുക്തമായിരിക്കും...
എന്താണ് വേദാന്തം?
വേദാന്തമെന്നാല്‍ വേദത്തിന്റെ അന്തം അഥവാ നിര്‍ണ്ണയം എന്നാണ് അര്‍ത്ഥം. വേദം എന്നതിന് 'അനധിഗതാബാധിതാര്‍ത്ഥബോധക: ശബ്ദോ വേദ:' എന്നാണു നിരുക്തകാരന്മാര്‍ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്. അതായത് പ്രത്യക്ഷാദി പ്രമാണങ്ങളാല്‍ അറിയപ്പെടാത്തതും നിഷേധിക്കുവാന്‍ കഴിയാത്തതുമായ അര്‍ത്ഥത്തെ തത്ത്വത്തെ ബോധിപ്പിക്കുന്ന ശബ്ദമാണ് വേദം. വേദത്തിന്റെ ഷഡ്വധിലിംഗങ്ങളെക്കൊണ്ട് നിര്‍ണ്ണയിച്ചിട്ടുള്ള തത്ത്വമാണ് വേദാന്തം. ആ തത്ത്വം നിത്യശുദ്ധബുദ്ധമുക്തവും നിരതിശയവുമായ അദ്വൈതമാകുന്നു. തപോധനന്മാരായ മഹാത്മാക്കള്‍ ഇന്ദ്രിയാതീതമായ അനുഭവത്തെ തലനാരിഴകീറി ചര്‍ച്ചചെയ്ത് നിര്‍ണ്ണയിച്ചിട്ടുള്ള സിദ്ധാന്തമാണ് അ ദ്വൈതം.
യുക്തിയും അനുഭവവും കൊണ്ടാണ് അ ദ്വൈതം നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്. അനുഭവാന്തമായതിനാല്‍ ആ നിര്‍ണ്ണയം മാറപ്പെടുന്നില്ല. പൊതുവേ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് 'ശാസ്ത്രീയം' എന്നത്. ഇംഗ്ലീഷിലെ 'scientific' എന്ന പദത്തിന് തത്തുല്ല്യമായാണ് ഇന്ന് നാം ആ പദം ഉപയോഗിച്ചുവരുന്നത്.
ശാസ്ത്രീയം എന്നതിന് സാമാന്യമായി ശാസ്ത്രസംബന്ധമായത് എന്നാണു അര്‍ത്ഥം. ശാസ്ത്രം എന്നാല്‍ 'ശിഷ്യതേ അനേന' എന്ന അര്‍ത്ഥത്തില്‍ യാതൊന്നുകൊണ്ടാണോ ശിക്ഷണം ചെയ്യുന്നത് എന്നും 'ശാസ് അനുശിഷ്ടൌ' എന്ന ധാത്വര്‍ത്ഥപ്രകാരം അനുശാസിക്കുന്നത് എന്നും അര്‍ത്ഥം പറയാം.
ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം, കാമശാസ്ത്രം, മീമാംസാശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളെയും കുറിക്കുന്നതിനാണ് ശാസ്ത്രം എന്ന പദം ഭാരതത്തില്‍ ഉപയോഗിച്ചിരുന്നത്. അറിയപ്പെടേണ്ട വിഷയത്തെ യാതൊന്നുകൊണ്ടാണോ അനുശാസിക്കുന്നത് അത് ശാസ്ത്രമാകുന്നു. നിദേശമെന്നും ഗ്രന്ഥമെന്നും അമരകോശം ശാസ്ത്രത്തിനു അര്‍ത്ഥം പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അറിയപ്പെടേണ്ടതായ സത്യത്തെ നിര്‍ണ്ണയിക്കുന്നതിനു വേദാംഗങ്ങളും ഷഡ്വധിലിംഗങ്ങളും ഉപയോഗിക്കുന്നതിനാല്‍ വേദനിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗം ശാസ്ത്രീയമാണെന്ന് വ്യക്തമാണല്ലോ. ശാസ്ത്രം എന്ന പദത്തിന്റെ വ്യുത്പത്തികൊണ്ട് തന്നെ വേദാന്തം ശാസ്ത്രീയമോ എന്ന ചോദ്യത്തിന്റെ സാംഗത്യമില്ലായ്മ വെളിവാകുന്നു.
ഇനി 'scientific' എന്ന പദം നോക്കാം. ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ഈ വാക്കിനു 'Based on or characterized by the methods and principles of science' എന്ന് അര്‍ത്ഥം പറയുന്നു. ലോകത്ത് അനേകം വിജ്ഞാനധാരകളുണ്ട്. അതില്‍ ഒന്നുമാത്രമാണ് സയന്‍സ്. ആ സയന്‍സിന്റെ വഴിയും ഭാഷയും രീതികളും വളരെ വ്യത്യസ്തമാണ്.
സയന്‍സിന്റെ, അതിനു മാത്രമായ ആ വഴിയില്‍ സഞ്ചരിച്ച്, ആ രീതികള്‍ അവലംബിച്ച്, ആ ഭാഷയില്‍ സംവദിക്കുന്ന ഒരു വിജ്ഞാനപദ്ധതിയെ 'scientific' എന്നു വിളിക്കാം. വേദാന്തം 'scientific' ആണോ എന്ന ചോദ്യത്തിനുമുന്‍പ് അത് 'scientific' ആകേണ്ടതുണ്ടോ എന്നത് ചിന്തിച്ചുനോക്കാം. സയന്‍സില്‍ നിന്നും ഭിന്നമായി അറിയപ്പെടുന്ന വിജ്ഞാനശാഖയാണ് വേദാന്തശാസ്ത്രം.
ആ ശാസ്ത്രം സയന്‍സിന്റെ വഴിയില്‍ സഞ്ചരിച്ച് ആ ഭാഷയില്‍ സംവദിച്ചാലേ അതിനെ ഞങ്ങള്‍ അംഗീകരിക്കൂ എന്ന് പറയുന്നത് മലയാളത്തില്‍ സംസാരിക്കുന്ന ഒരാള്‍ ഇംഗ്ലീഷില്‍ സംസാരിച്ചെങ്കില്‍ മാത്രമേ അയാള്‍ക്ക് സംസാരശേഷി ഉണ്ടെന്നു ഞങ്ങള്‍ സമ്മതിക്കുകയുള്ളൂ എന്ന് പറയുന്നതുപോലെ ഒരു ഛലവാദം മാത്രമാണ്. വേദാന്തശാസ്ത്രത്തിനു അതിന്റേതായ ഭാഷയും വഴിയും ലക്ഷ്യവുമുണ്ട്.
No comments:
Post a Comment