ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 April 2018

അഷ്ടമച്ചാല്‍ ഭഗവതിക്ഷേത്രം

അഷ്ടമച്ചാല്‍ ഭഗവതിക്ഷേത്രം

ചരിത്രാതീത കാലം തൊട്ടു തന്നെ പേരു കൊണ്ടും പെരുമകൊണ്ടും പ്രസിദ്ധമാണ്‌ പയ്യന്നൂര്‍ തെരുവിലെ ശ്രീ അഷ്ടമച്ചാല്‍ ഭഗവതിക്ഷേത്രം. മഹാക്ഷേത്രമല്ലെങ്കിലും മഹാക്ഷേത്ര സങ്കല്‌പത്തിലുള്ളതാണ്‌ ഇവിടുത്തെ ആരാധാനാസമ്പ്രദായങ്ങള്‍. പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വലതുഭാഗത്ത്‌ സുമാര്‍ അരകിലോമീറ്റര്‍ തെക്കോട്ടുമാറി പയ്യന്നൂര്‍ തെരുവില്‍ ശാലിയ സമുദായത്തിന്റെ പരദേവതയായി സര്‍വ്വവിധ പ്രതാപങ്ങളോടും കൂടി ഭഗവതി വാണരുളുന്നു . കേവലം ഒരു സമുദായ ക്ഷേത്രമാണെങ്കിലും പേരു കൊണ്ടും, പെരുമകൊണ്ടും, വ്യത്യസ്തമായ ആരാധനാസമ്പ്രദായങ്ങള്‍ കൊണ്ടും ശ്രീ അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം മറ്റു കഴക ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്നു.

ദേശാധിപനായ പയ്യന്നൂര്‍ പെരുമാളുടെ ആജ്ഞാനുവര്‍ത്തിയായി, പയ്യന്നൂര്‍ അമ്പലത്തിന്റെ കീഴ്‌ദേവാലയങ്ങളില്‍ അഗ്രവര്‍ത്തിയായി അഷ്ടമച്ചാല്‍ ഭഗവതിക്ഷേത്രം പയ്യന്നൂര്‍ തെരുവില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

ഐതിഹ്യം
ॐ➖➖➖➖ॐ➖➖➖➖ॐ
കോലത്തിരി രാജാവിന്റെ ഭരണകാലത്ത്‌ പട്ടു വാണിഭത്തിനുവേണ്ടി പരദേശത്ത്‌ നിന്നും തന്തുപായര്‍ എന്നുകൂടി അറിയപ്പെടുന്ന നെയ്‌ത്തുകാര്‍ ചിറയ്‌ക്കല്‍ രാജാവിന്റെ കൊട്ടാരം പരിസരത്ത്‌ താവളം ചെയ്‌ത്‌ കച്ചവടം നടത്തി, അവിടെ നിന്ന്‌ കാലങ്ങൾക്ക്‌ ശേഷം വടക്കോട്ട്‌ പ്രയാണം തുടങ്ങിയ ഇവര്‍ മൂഷിക രാജവംശത്തിന്റെ ആധിനതയിലുള്ള ഏഴുമലയുടെ ചെരുവില്‍ (കുന്നരു) പുതിയ താവളം കണ്ടെത്തി, തന്തുപായ പെരുമ കേട്ടറിഞ്ഞ്‌ പയ്യന്നൂരധീശന്മാര്‍ പെരുമാള്‍ക്ക്‌ നിത്യകോടി നിര്‍മ്മിക്കുവാന്‍ വേണ്ടി പ്രസ്‌തുത കച്ചവട സംഘത്തില്‍ നിന്നും. ഒരു കുടുംബത്തെ പയ്യന്നൂര്‍ ഗ്രാമത്തില്‍ കൊണ്ടുവന്ന്‌ താമസിപ്പിച്ച്‌, വസ്‌ത്രനിര്‍മ്മാണത്തിനും, കച്ചവടത്തിനും വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്‌തുകൊടുത്തു.

പയ്യന്നൂര്‍ ഗ്രാമത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി അന്നത്തെ നാടുവാഴിയായിരുന്ന കാരളി മനയില്‍ തമ്പുരാന്‍ കോലത്തിരി സ്‌രൂപത്തിന്റെ അധിപതിയായ ശ്രീ കോലസ്വരൂപത്തിന്‍ങ്കല്‍തായി പരദേവതയുടെ മൂലാരുഢസ്ഥ്‌നമായ തിരുവര്‍ക്കാട്ട്‌ കാവില്‍ (മാടായിക്കാവ്‌) ആണ്ടുഭജനം ഇരിക്കുന്നതിനുവേണ്ടി പരിവാരസമേതം എത്തിച്ചേര്‍ന്നു. തന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിച്ച തമ്പുരാന്‍ നിറഞ്ഞ മനസ്സോടെ സ്വന്തം നാട്ടിലേക്ക്‌ തിരിക്കവേ ഭക്തന്റെ ആത്മാര്‍ത്ഥമായ ഭക്തിയില്‍ ആകൃഷ്ടയായ ഭഗവതി ഒരു കന്യാകുഞ്ഞിന്റെ രൂപത്തില്‍ തമ്പുരാന്റെ യാത്രാസംഘത്തില്‍ ചേര്‍ന്നു. അപ്പോഴൊന്നും ആ കുട്ടിയെ ആരും ശ്രദ്ധിച്ചില്ല. വളരെ ദൂരം പിന്നിട്ട യാത്രാസംഘം പയ്യന്നൂരിന്റെ അതിര്‍ത്തി പ്രദേശമായ ചങ്കുരിച്ചാല്‍ പുഴയ്‌ക്ക്‌ സമീപമെത്തി. സമയം മദ്ധ്യാഹ്നം , പുഴക്കരയില്‍ കടത്തുകാരന്‍ ഉണ്ടായിരുന്നില്ല. പുഴയില്‍ നല്ല വേലിയേറ്റം. പുഴ കരകവിഞ്ഞൊഴുകുന്നു. എന്തുചെയ്യണമെന്നറിയാതെ തമ്പുരാനും പരിവാരങ്ങളും നദീ തീരത്ത്‌ നില്‍ക്കുമ്പോള്‍ ഒരശരീരി എന്നപോലെ കൂടെയുള്ള കന്യകയില്‍ നിന്നും ഒരു മൊഴിയുണ്ടായി. തമ്പുരാനെ ശങ്കിക്കേണ്ട, ഇറങ്ങി നടന്നോളൂ. ആ മൊഴി കേട്ട തമ്പുരാന്‍ ഒന്നു ശങ്കിച്ചു. അതു മനസ്സിലാക്കിയ കന്യക മുന്നിലായി പുഴയില്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി അതേ തുടര്‍ന്ന്‌ യാത്രാസംഘവും പിന്നാലേ പുറപ്പെട്ടു.
അപ്പോള്‍ പുഴയില്‍ നടക്കാന്‍ പാകത്തിലുള്ള വെള്ളം മാത്രമേ അവർ‌ക്ക്‌ അനുഭവപ്പെട്ടുള്ളു. പുഴ കടന്ന സംഘം അത്‌ഭുതാദരങ്ങളോടെ യാത്രതുടര്‍ന്നു. കുറെ ദൂരം വഴി പിന്നിട്ടപ്പോള്‍ കന്യക ദാഹശമനാര്‍ത്ഥം വെള്ളം ആവശ്യപ്പെട്ടു. തമ്പുരാന്റെ നിര്‍ദേശാനുസരണം കാര്യസ്ഥന്‍ അടുത്തുള്ള കുത്തൂര്‍ വീട്ടില്‍ചെന്ന്‌ അല്‍പം പാല്‍ ആവശ്യപ്പെട്ടു. അസമയമാണെന്നും കന്ന്‌ കുടിച്ചുപോയെന്നും ഗൃഹനാഥന്‍ പറഞ്ഞു. അതുകേട്ട കന്യക സാരമില്ല കന്നിനെ കെട്ടി കറന്നോളുമെന്ന്‌ മൊഴിഞ്ഞു. തമ്പൂരാന്റെ അപ്രീതി വേണ്ടെന്നു കരുതി മുളം കുറ്റിയുമായി കരക്കയില്‍ കയറി പശുവിനെ കറക്കാന്‍ തുടങ്ങി. ആ സമയത്ത്‌ പശുവിന്റെ അകിടു നിറഞ്ഞ്‌ പാല്‍ ഒഴുകുകയായിരുന്നു.
തന്റെ കയ്യിലുള്ള മുളംകുറ്റി നിറയെ നിമിഷനേരം കൊണ്ടു തന്നെ പാല്‍ കറന്നെടുത്തു കുട്ടിയുടെ മുമ്പില്‍ കൊണ്ടു വെച്ചു. പാല്‍ കുടിച്ച്‌ സംതൃപ്‌തയായ കുട്ടി പാല്‍ കുറ്റി അവിടെ കമഴ്‌ത്തി. ആ കുറ്റി പിന്നീട്‌ തളിർത്ത്‌ ഒരു മുളം കാടായി മാറി. ആ കാടിനെ കരക്കാവ്‌ എന്ന്‌ പിന്നീട്‌ അറിയപ്പെടുന്നു. പാല്‍കൊടുത്ത ആളിനെ കുത്തുര്‍ മണിയാണിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിലെ കലശോത്സവനാളില്‍ മണിയാണിയുടെ കുത്തൂര്‍ വീട്ടില്‍ നിന്ന്‌‌ പശുവിനെ കറന്ന്‌ ഒരു കുറ്റി പാല്‍ കൊണ്ടു വന്ന്‌ മണിയാണി ക്ഷേത്ര ശ്രീകോവിലില്‍ കയറി ഭഗവതിക്കു മുമ്പില്‍ സമര്‍പ്പിക്കുന്ന ചടങ്ങ്‌ ഇന്നും നിലനില്‍ക്കുന്നു. ശാലിയ സമുദായത്തിന്റെ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ കടന്ന്‌ ഒരിതര സമൂദായഗം ദേവന്‌ നിവേദ്യം സമര്‍പ്പിക്കുക എന്ന ചടങ്ങ്‌ ആദരണീയവും അപൂര്‍വ്വമാണെന്ന്‌ പറയേണ്ടതില്ല.

കന്യകയുടെ ദാഹശമനത്തിന്‌ ശേഷം തമ്പുരാനും സംഘവും വടക്കോട്ട്‌‌ വീണ്ടും യാത്ര തുടര്‍ന്നു. സായഹ്നത്തോടെ സംഘം പയ്യന്നൂര്‍ പെരുമാളുടെ സവിധത്തിലെത്തി അവിടെയുള്ള ഒരു ഇലഞ്ഞി മരച്ചുവട്ടില്‍ വിശ്രമിച്ചു. യാത്രാസംഘം പിരിയാന്‍ സമയമായി. അപ്പോഴാണ്‌ കൂടെയുള്ള കന്യകയെ എന്തുചെയ്യണമെന്ന ചിന്തയുണ്ടായത്‌.
തമ്പുരാന്‌ ഒരു ബുദ്ധി തോന്നി. അവിടെ അടുത്തുള്ള, തമ്പുരാന്‍ നേരത്തെ കുടിയിരുത്തിയ നെയ്‌ത്ത്‌ കുടുംബത്തില്‍ കന്യകയെ തല്‍ക്കാലം താമസിപ്പിക്കുവാന്‍ കല്‌പനയുണ്ടായി. അത് അനുസരിച്ച്‌ കന്യകയെ ആ ശാലിയ കുടിലില്‍ ഏൽ‌പ്പിച്ചു. വളരെയധികം സന്തോഷത്തോടുകൂടി അവിടുത്തെ കാരണവര്‍ കുട്ടിയെ ഒരു നിധിപോലെ സ്വീകരിച്ചു. തമ്പുരാന്‍ കല്‍പ്പിച്ചനുവദിച്ചുതന്ന ഒരു നവരത്‌ന കനിയാണ്‌ എന്ന ബോധത്തോടെ വീട്ടുകാര്‍ കുട്ടിയെ പരിചരിച്ചു. 
തന്റെ കുല പരദേവതായ ശ്രീ കൂര്‍മ്പാഭഗവതിയെ ആരാധിച്ചു, പയ്യന്നൂര്‍ പെരുമാളുടെ നിത്യമവസ്‌ത്രം നിര്‍മ്മിച്ചു കഴിഞ്ഞുവന്നിരുന്ന ശാലിയകുടുംബത്തില്‍ കന്യകയുടെ ആഗമനത്തിനു ശേഷം എന്തെന്നില്ലാത്ത ഐശ്വര്യവും, സന്തോഷവും കളിയാടി. അവിടുത്തെ എല്ലാ കാര്യങ്ങള്‍ക്കും എന്തെന്നില്ലാത്ത വേഗതയും അനുഭവപ്പെട്ടു. കന്യക കുടുംബവുമായി വളരെ വേഗത്തില്‍ ലയിച്ചു ചേരുകയും, അവരുടെ കുലത്തൊഴിലില്‍ അതിശീഘ്രം പ്രാവണ്യം നേടുകയും ചെയ്‌തു.

അങ്ങിനെയിരിക്കെ ഒരു നാള്‍ കന്യക ഒരു പിടി നൂലുമായി അയല്‍പക്കത്തുള്ള ഒരു പൊതുവാള്‍ കുടിലില്‍ കയറി ആ സമയത്ത്‌ അവിടെ ഒരു അമ്മയും കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളു. ശാലിയ കുടിലിലെ കുട്ടി തന്റെ വീട്ടില്‍ക്കയറി തീണ്ടി അശുദ്ധമാക്കിയെന്ന മുറവിളിയോടെ തൊട്ടില്‍ കിടന്ന കുട്ടിയെ എടുത്ത്‌ വടക്ക്‌ ഭാഗത്തേക്ക്‌ വാതില്‍ തുറന്ന്‌ അതുവഴി തന്റെ തറവാട്ടിലേക്ക്‌ ഓടിപ്പോയി വിവരമറിഞ്ഞ ഗ്രാമവാസികള്‍ ഓടിക്കൂടി എന്നാല്‍ അകത്തുകയറിയ കുട്ടിയെ പിന്നെ ആരും കണ്ടില്ല. അന്നേദിവസം തമ്പുരാനും പല ദിവ്യ ദര്‍ശനങ്ങളും അരുൾപ്പാടുകളും ഉണ്ടായി. പിറ്റേദിവസം പയ്യന്നൂരിന്റെ ഭരണാധിപന്‍മാരായ പത്തുവീട്‌, പതിനാറുമന, നായര്‍ തറാവാടുകള്‍ എന്നിവ സമ്മേളിച്ചു. ദൈവജ്ഞാനെ വരുത്തി ചിന്ത ചെയ്‌തു. അവിടെ ഒരു വിധിയുണ്ടായി. തമ്പുരാന്റെ കൂടെവന്ന കന്യക കേവലം ഒരു മനുഷ്യ സ്‌ത്രിയല്ല. ആയതു കോലസ്വരൂപത്തിങ്കല്‍തായി പരദേവതയായ സാക്ഷാല്‍ തിരുവാര്‍ക്കാട്ട്‌ ഭഗവതിയമ്മയാണ്‌. കാരാളി മനയില്‍ തമ്പുരാന്റെ ആത്മാര്‍ത്ഥമായ ഭക്തിയില്‍ ആകൃഷ്ടയായ ഭഗവതി, തമ്പുരാന്റെ തട്ടകത്തില്‍ അധിവസിക്കുന്നതിന്‌ വേണ്ടി ആഗ്രഹിക്കുന്നു. സ്ഥലവും സ്ഥലവാസികളും തനിക്ക്‌ ഇഷ്ടപ്പെട്ടവരാണെന്നും, തന്നെ കുടുംബാംഗമാക്കിയ ശാലിയ താറവാട്ടില്‍ തന്റെ പരിചരണസ്ഥാനം ഏല്‌പിക്കണമെന്നും തീര്‍പ്പുണ്ടായി.
നാട്ടുകാരും നാടുവാഴികളും വളരെയധികം സന്തോഷിച്ചു. തുടര്‍ന്നുള്ള കാര്യങ്ങളുടെ നടത്തിപ്പ്‌ പത്തു വീട്ടുകാര്‍ ഏറ്റെടുത്തു. പയ്യന്നൂര്‍ പെരുമാളുടെ സമ്മതത്തോടുകൂടി പെരുമാളുടെ വലതുഭാഗത്ത്‌ എടച്ചേരി പൊതുവാളുടെ പടിഞ്ഞാറ്റയില്‍ കാളകാട്ട്‌ തന്ത്രിയെകൊണ്ട്‌ ഭഗവതിയെ പ്രതിഷ്‌ഠിച്ചു. നിത്യനിദാന കാര്യങ്ങള്‍ നേരത്തെ പറഞ്ഞ ശാലിയ തറവാട്ടിലെ കാരണവരെ അധികാരപ്പെടുത്തുകയും ചെയ്‌തു . ശാലിയ സമുദായത്തിലെ ആദ്യത്തെ കുടുംബമെന്ന നിലയില്‍ പ്രസ്‌തുത കുടുംബത്തെ മുരുട്‌ (മൊരന്‍േ) എന്ന്‌ അറിയപ്പെടുന്നു. 

കാലങ്ങള്‍ കഴിഞ്ഞു നേരത്തെ സമുദായം ആരാധിച്ചുവന്ന ശ്രീ കൂര്‍മ്പഭഗവതിയും രാമത്‌ എഴുന്നള്ളിയ തിരുവാര്‍ക്കാട്ട്‌ ഭഗവതിയും തമ്മില്‍ മൂപ്പിളമയുടെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ആയത്‌ ദേശവാസികളില്‍ പലതരത്തിലുള്ള അനിഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. കാര്യങ്ങള്‍ മനസ്സിലാക്കിയ പ്രദേശവാസികള്‍ കാരാളി അമ്മോനെ വിവരങ്ങള്‍ ധരിപ്പിച്ചു. പ്രശ്‌നപരിഹാരത്തിനുവേണ്ടി തന്റെ കുലദേവതയായ കാരാളി അമ്മയുടെ സവിധത്തില്‍ തമ്പുരാന്‍ സങ്കടനിവര്‍ത്തിക്കുവേണ്ടി യാചിച്ചു. സംപ്രീതയായ കാരാളിയമ്മ സാക്ഷാല്‍ ശ്രീ ഭദ്രകാളി, തന്റെ സാനിദ്ധ്യം കൊണ്ട്‌ തര്‍ക്കങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നതിനു വേണ്ടി കാരാളണ്ടി അമ്മോനെ കൂടെ പുറപ്പെട്ടു. മുരന്‍േ തറവാട്ടിലെത്തിയ കാരാളി അമ്മോനെ തറവാട്ടിലെ കാരണവര്‍ എഴുന്നേറ്റ്‌ തന്റെ ഇരിപ്പിടം നല്‍കി ആദരിച്ചു. സ്വസ്ഥാനത്തുനിന്ന്‌ എഴുന്നേറ്റ്‌ തല്‍സ്ഥാനം അനുവദിച്ചു കൊടുത്തതിലൂടെ മുന്‍സ്ഥാനത്തിന്‌ അര്‍ഹത നേടിയ തമ്പുരാനെ അനുഗമിച്ച ഭഗവതിയെ പിന്നീട്‌ സാക്ഷാല്‍ ശ്രീ അഷ്ടമച്ചാല്‍ ഭഗവതി എന്ന്‌ അറിയെപ്പെട്ടു.
പുതുതായി വന്നതും, മുമ്പേ ഉണ്ടായിരുന്നതുമായ ദേവതകളെയെല്ലാം തന്നെ ഒരു പീഠത്തില്‍ പ്രതിഷ്‌ഠിച്ചുകൊണ്ടും, ഒരു കൊടിയിലയില്‍ നിവേദ്യം സമര്‍പ്പിച്ചുകൊണ്ടുള്ള ആരാധനയാണ്‌ ഇവിടെ ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. വൃശ്ചിക മാസത്തിലെ പാട്ടുപൊയ്‌ത്ത്‌, മീനമാസത്തിലെ പൂരം, മേടത്തില്‍ കലശം എന്നിങ്ങനെ നാലുവേലകളാണ്‌ കല്‌പിച്ച ഉത്സവങ്ങള്‍, മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരോത്സവം ആരംഭിക്കും. പൂരം നാളിലെ പുരംകളി മഠത്തുംപടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിലാണ്‌. ഉത്രം നാളിലെ പൊറാട്ടിന്‌ ശേഷം തിടമ്പ്‌ നൃത്തത്തോടുകൂടി (ആറാട്ട്‌) പൂരോത്സവം അവസാനിക്കും. 

മേട മാസത്തിലാണ്‌ കലശോത്സവം. ഏഴുദിവസം നീണ്ടുനില്‍ക്കും. വിഷു പുലരിയില്‍ നടയില്‍ പ്രശ്‌നംവെച്ച്‌ ചാര്‍ത്തി വേണം കലശം കല്‍പ്പിക്കാന്‍, മാടായിക്കടവ്‌, കാരളി അമ്പലം, പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നു ദീപം കൊണ്ടു വന്ന്‌ കലശം തുടങ്ങുന്നു. മമ്പലം ക്ഷേത്ര പരിസരത്തുള്ള കലശപ്പുരയില്‍ നിന്നാണ്‌ കലശം കൊണ്ടുവരേണ്ടത്‌. ആയതിന്‌ നാട്ടിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന്‌ അവകാശികളുണ്ട്‌. തിരുവര്‍കാട്ട്‌ ഭഗവതി, ക്ഷേത്രപാലകര്‍, വേട്ടയ്‌ക്കൊരുമകന്‍, വീരഭദ്രന്‍ എന്നീ തെയ്യക്കോലങ്ങള്‍ വിവിധ ദിവസങ്ങളില്‍ കെട്ടിയാടിക്കും.

മീനമൃത്
ॐ➖➖➖➖ॐ➖➖➖➖ॐ
മീനമൃത്‌ ഉത്സവമാണ്‌ പ്രധാനം. സമുദായത്തിലെ പുരുഷാരം ഒന്നായി കവ്വായി പുഴയില്‍ചെന്ന്‌ ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ മത്സ്യം പിടിച്ച്‌ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ചടങ്ങാട്‌ മീനമൃത്‌. അതിന്റെ ആരവവും ആഢംബരവും വര്‍ണ്ണനാതീതമാണ്‌.

ആചാരപ്പൊലിമ ചോർന്നു പോകാതെ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ ആർപ്പുവിളിയുമായി ആബാലവൃദ്ധം പുരുഷാരം മീനമൃത് ചടങ്ങിൽ അണിനിരക്കുന്നു. പല ഭാവ സങ്കൽപത്തിലുള്ള ദേവീ ചൈതന്യമടങ്ങിയ ഉത്സവ ചടങ്ങുകൾ കൊണ്ട് പെരുമയാർജിച്ച തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിലെ കലശ ഉത്സവ ഭാഗമായാണ് ക്ഷേത്രത്തിൽ കൂടേണ്ട മുഴുവൻ പുരുഷന്മാരും ഒത്തുചേർന്ന് മീനമൃത് ചടങ്ങ് നടത്തുന്നത്.

പെരുങ്കണിശൻ കുറിച്ച മുഹൂർത്തത്തിലാണ് ഈ ക്ഷേത്രത്തിലെ കലശോത്സവം നടക്കുന്നത്. ഏഴ് ദിവസങ്ങളിലായി നടക്കുന്ന കലശോത്സവത്തിൽ ആദ്യ രണ്ടു ദിവസം എഴുന്നള്ളത്താണ്. തുടർന്ന് രണ്ടു ദിവസവും വേട്ടയ്ക്കൊരുമകൻ തിറയുത്സവവും. അഞ്ചാം ദിവസമാണ് കലശത്തിലെ പ്രധാന ചടങ്ങായ മീനമൃത് അരങ്ങേറുന്നത്. തെരു ഉണർന്നത് മീനമൃതിന്റെ അറിയിപ്പോടുകൂടിയുള്ള പെരുമ്പറ മുഴക്കത്തിലൂടെയാണ്.

ഉച്ചവരെ വിവിധ ചടങ്ങുകൾക്കായി ഒൻപത് തവണ പെരുമ്പറ മുഴങ്ങി. നട്ടുച്ച നേരത്ത് മീനമൃതിനുള്ള പുറപ്പാട്.

പുരുഷാരം ഒന്നടങ്കം ചൂരല്‍ വടിയും വലയുമായി തോര്‍ത്തുമുണ്ടുടുത്ത് ക്ഷേത്രതിരുമുറ്റത്ത് ഒത്തുകൂടിയ  ആബാലവൃദ്ധം പുരുഷാരത്തെ ക്ഷേത്രം മൂത്ത ചെട്ടിയാർ ഭഗവതിയുടെ തിരുമൊഴി ചൊല്ലിക്കേൾപ്പിച്ചു. ആ തിരുമൊഴി ഏറ്റുവാങ്ങി പുരുഷാരം ആർപ്പുവിളികളോടെ മൂന്ന് പ്രാവശ്യം ക്ഷേത്രത്തെ വലം വച്ച് പടിഞ്ഞാറെ ദിക്ക് ലക്ഷ്യമാക്കി നടന്നുനീങ്ങും.

പാദരക്ഷകൾ ഒഴിവാക്കി ചുട്ടുപൊള്ളുന്ന വെയിലത്ത് മനസ്സിൽ ദേവിയെ മാത്രം ധ്യാനിച്ച് കിലോമീറ്ററുകൾ നടന്നുതാണ്ടിയ ഈ പുരുഷാരം കവ്വായി പുഴ നീന്തിക്കയറി മടപ്പള്ളി താഴത്ത് വലവച്ച് മത്സ്യം പിടിച്ചു. പിടിച്ചെടുത്ത മത്സ്യം ക്ഷേത്ര വിധി പ്രകാരം 21 കോവകെട്ടി വിജയഭേരി മുഴക്കി സന്ധ്യയോടെ പുരുഷാരം മീനാ ഹോയ്... മീനാ ഹോയ്... വിളികളുമായും ചീനിക്കുഴൽ, മദ്ദളം, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു.

ക്ഷേത്രത്തിലെത്തിയ മീനമൃത് ക്ഷേത്രേശന്മാർ അരിയും കുറിയുമിട്ട് സ്വീകരിച്ച് മടപ്പള്ളിയിൽ സമർപ്പിക്കുന്നു. മീനമൃത് ക്ഷേത്രത്തിലെ അവകാശികൾക്കും മറ്റുള്ളവർക്കുമായി വീതിച്ചു നൽകും.

ആറാമത്തെ ദിവസമാണ്‌ രാക്കലശം. വര്‍ഷത്തില്‍ അന്നേദിവസംമാണ്‌ വടക്കേ തിരുനട തുറന്ന്‌ ദേവീദര്‍ശനം നല്‍കുന്നത്‌. പ്രസ്‌തുത ദിവ്യദര്‍ശനത്തിന്‌ ആയിരങ്ങള്‍ തന്നെ സാക്ഷികളാകും. ഏഴാം ദിവസത്തെ ഊര്‍ബലിക്ക്‌ നടക്കുന്ന ഗുരൂതിയോടുകൂടി ഉത്സവം സമാപിക്കുന്നു. 

ഊര്‍ബലി
ॐ➖➖➖➖ॐ➖➖➖➖ॐ
ഉത്സവത്തിന്റെ ഏഴാം നാള്‍തിരുവര്‍ക്കാട്‌ ഭഗവതി മാടായിപാറയില്‍ നിന്ന്‌ പുറപ്പെടുമ്പോള്‍ അമ്മയെ അകമ്പടി സേവിച്ച്‌ അംഗരക്ഷകനായ ഭുതഗണങ്ങള്‍ കൂടെ വന്നിരുന്നു. അവര്‍ ഭഗവതിക്ക്‌ പയ്യന്നൂര്‍ പെരുമാള്‍ അനുവദിച്ചുകൊടുത്ത ഊര്‍ബലിക്ക്‌ അതിര്‍ കാവലായി നിലയുറപ്പിച്ചുവെന്നാണ് ‌ഐതിഹ്യം അവര്‍ക്ക് ‌വാര്‍ഷികമായി നല്‍കുന്ന വിരുന്നാണ്‌ ഊര്‍ബലി.

രണ്ട്‌ കോലധാരികളും ക്ഷേത്രത്തിലെ അഞ്ച് ‌ഊരാളന്മാരുടെ പ്രതിനിധികളുമായി 5 വാലിയക്കാരും അടങ്ങുന്ന ഊര്‍ബലിക്കാരാണ്‌ ഊര്‍ബലി നടത്തുന്നത്‌. 
ഉച്ചസമയത്ത്‌ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട്‌ പോകുന്ന ഇവര്‍ ചങ്കൂരിച്ചാല്‍, മുത്തങ്ങള്‍പ്പുഴ, കരിങ്കല്‍ മോത്ത്‌, നാരങ്ങത്തോട്‌, എന്നിവിടങ്ങളില്‍ ബലിനടത്തുന്നു. ഈ സ്ഥലങ്ങള്‍ ക്ഷേത്രത്തിന്റെ ഏകദേശം 15 കി. മീറ്റര്‍ ചുറ്റളവിലാണ്‌. സന്ധ്യാസമയത്തോടെ ബലിതര്‍പ്പണം കഴിഞ്ഞ്‌ ക്ഷേത്രത്തിലേക്ക്‌ തിരിച്ചെത്തുന്നു. ദക്ഷയാഗസങ്കല്‍പ്പത്തിലാണ്‌ ഇനിയുള്ള ചടങ്ങുകള്‍ ദക്ഷനാല്‍ അപമാനിതയായ സതിദേവിയുടെ ഭാവത്തിലുള്ളതാണ്‌ ഈ ദിവസത്തെ ആരാധന ദക്ഷനെ വധിക്കുന്നതിന്ന്‌ പുറപ്പെട്ട വീരഭദ്രന്‍ യാഗശാല സങ്കല്‍പമായികലശതട്ട്‌ തകര്‍ക്കുന്നു. അരിശം തീരാഞ്ഞ്‌ ദക്ഷപ്രജാപതിയുടെ നാശത്തെ കുറിക്കുന്ന അറവ്‌ പുത്തൂരുത്തി താവളത്തില്‍ വെച്ച്‌ നിര്‍വ്വഹിക്കുന്നു. അറുത്തെടുത്ത തല ക്ഷേത്ര തിരുമുറ്റത്ത്‌ സമര്‍പ്പിക്കുന്നു. തുടര്‍ന്ന്‌ ഗുരുതര്‍പ്പണം എരിഞ്ഞിക്കല്‍ താവളത്തിലുള്ള ഗുരുജിയോടുകൂലി ഏഴ്‌ പകലും, ഏഴ് ‌രാവുകളും നീണ്ടുനില്‍ക്കുന്ന ഭഗവതിയുടെ പെരുംങ്കലശം സമാപിക്കുന്നു.

ഏഴു ക്ഷേത്രേശന്മരാണ്‌ ക്ഷേത്രത്തിലുള്ളത്‌. പ്രധാന കര്‍മ്മിയെ മൂത്തചെട്ട്യാന്‍ എന്നും, രാമത്തെ കര്‍മ്മിയെ എളയചെട്ട്യാന്‍ എന്നും അറിയപ്പെടും. ബാക്കിയുള്ളവര്‍ കാരണവന്മാരാണ്‌. നാല്‌ കോമരങ്ങള്‍ ക്ഷേത്രത്തിലുണ്ട്‌. അഷ്ടമച്ചാല്‍ ഭഗവതി, തിരുവര്‍ക്കാട്ട്‌ ഭഗവതി, ഉച്ചഭ്രാന്തന്‍, ഭുതനാഥന്‍ എന്നീ ദേവീദേവന്മാരെ പ്രതിനിധീകരിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ദേവാലയമാണ്‌ പയ്യന്നൂര്‍ തെരു ശ്രീ അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം. അതുകൊണ്ടുതന്നെ പതിനൊന്ന്‌‌ ക്ഷേത്രേശന്മാരും ബോര്‍ഡിന്റെ ജീവനക്കാരാണ്‌. 
സമുദായികള്‍, ഭരണസമിതി, വികസന സമിതി, ആഘോഷകമ്മിറ്റി, വനിതാകമ്മിറ്റി എന്നീ നിലകളില്‍ വിവധ ഭരണസംവിധാനങ്ങള്‍ ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 

No comments:

Post a Comment