ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 April 2018

സുഖന്വേഷണം :- 2

സുഖന്വേഷണം :- 2

എന്താണ് യഥാർത്ഥത്തിൽ ഈ സുഖം? കണ്ണ് മൂക്ക് നാക്ക് ചെവി ത്വക്ക്  എന്നീ പഞ്ചേന്ദ്രിയങ്ങൾ വഴി വിഷയബോധം   മനസ്സിലെത്തുമ്പോഴുള്ള അനുഭൂതിയാണ് സുഖം. കാതിൽ കൂടി കേട്ടും,   ത്വക്കിൽക്കൂടി  സ്പർശിച്ചും, കണ്ണിൽക്കൂടി  കണ്ടും,   നാക്കിൽക്കൂടി രുചിച്ചും.  മൂക്കിൽ കൂടി മണത്തും. ഇങ്ങനെ ശബ്ദ സ്പർശ രൂപ രസ ഗന്ധങ്ങൾ ആയി   സുഖം അനുഭവപ്പെടുന്നു. എല്ലാ ഭൗതീകസുഖങ്ങളും ഈ അഞ്ചു ഇന്ദ്രിയങ്ങൾ വഴി കിട്ടുന്നതാണ്. ഈ അനുഭവം അതാതിന് ഉതകുന്ന  വസ്തുക്കളെ ആശ്രയിച്ചാണ്.  നല്ല കാഴ്ചകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു.   തൊലിക്ക് സുഖകരമായ സ്പർശമുണ്ടാകുമ്പോൾ സുഖം തോന്നുന്നു.. രുചികരമായ പ്രാദാർത്ഥങ്ങൾ നാക്കിൽകൂടി അനുഭവിക്കുന്നു. പൂക്കളിൽ നിന്നും  മറ്റുമുണ്ടാകുന്ന സുഗന്ധം  മൂക്കിൽ കൂടി സുഖമുണ്ടാക്കുന്നു. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങളിൽ കൂടി സുഖമനുഭവിക്കാൻ   വസ്തുക്കളെ ആശ്രയിക്കേണ്ടിവരുന്നു.  യഥേഷ്ഠം അനുഭവിക്കാൻ കഴിഞ്ഞാൽ  സുഖമായി എന്നു തെറ്റിദ്ധരിച്ച് അവ സമ്പാദിക്കുവാൻ മനുഷ്യൻ കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷേ വസ്തുക്കളെല്ലാം നശ്വരമായതു കൊണ്ട്  അതിൽ നിന്നും ലഭിക്കുന്ന സുഖവും നശ്വരമാണ്.   മാത്രമല്ല കാലപഴക്കങ്ങൾ കൊണ്ട് ഇന്ദ്രിയങ്ങൾ ബലഹീനമാകുന്നതോടെ  അവ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്മാകുന്നു. ഈ വക വസ്തുക്കൾ എത്ര മാത്രമുണ്ടായിരുന്നാലും  ഒരിക്കൽ അവയൊക്കെ എന്നെന്നേക്കുമായി.  വിട്ടു പിരിയത്തക്ക വിധത്തിൽ ജീവിതമവസാനിപ്പിക്കുകയും ചെയ്യുന്നു.  വസ്തുക്കളിൽ നിന്നും കിട്ടുന്ന സുഖത്തിന് പ്രാകാരഭേദമുണ്ട്.  ഒരു വസ്തുവിൽ നിന്നും ഒരാൾക്ക് സുഖമായി തോന്നുന്ന അനുഭവം മറ്റൊരാൾക്ക് സുഖമായി കൊള്ളണമെന്നില്ല. നമുക്കെല്ലാം വളരെ വെറുപ്പുണ്ടാക്കുന്ന  ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിക്കുന്ന ചില വസ്തുക്കൾ ചില ജന്തുക്കൾ ഭക്ഷിക്കുന്നതു കണ്ടീട്ടില്ലേ.  ആ ഗന്ധവും അതിന്റെ രുചിയും അവക്ക് അതു വളരെ ഇഷ്ടമായതു കൊണ്ടാണല്ലോ അവഭക്ഷിക്കുന്നത്. നാം നല്ല വസ്തുക്കൾ ഭക്ഷിക്കുമ്പോഴുണ്ടാകുന്ന അതേ അനുഭൂതി തന്നെയാണ്   അവക്കും  ആ വകവസ്തുക്കളിൽ നിന്നും ലഭിക്കുന്നത്.  അവവരുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ഇഷ്ട്പ്പെടാത്ത വസ്തുക്കൾ അവനവന് ചീത്ത,  ഇഷ്ട്പ്പെടുന്നത്  നല്ലത്.  അതായത് ഒരു ജീവിക്കിഷ്ട്പ്പെടുന്നത്  മറ്റൊരു ജീവിക്ക് ഇഷ്ട്പ്പെടുന്നില്ല.  ഇതിൽ നിന്നും  ഗുണദോഷങ്ങൾ പഞ്ചേന്ദ്രിയങ്ങളെ   ആശ്രയിച്ചാണ് എന്ന് അറിയാൻ കഴിയും. വസ്തുക്കൾക്ക് മാറ്റമുണ്ടെങ്കിലും അവയിൽ നിന്നും ലഭിക്കുന്ന  അനുഭൂതികൾ എല്ലാ ജീവികൾക്കും ഒരു പോലെയാണ്. ഇതിൽ നിന്നും സുഖം വസ്തുക്കളിലല്ല.  സ്വന്തം ഉള്ളിൽ തന്നെയാണ് എന്നു മനസ്സിലാക്കാം.

ഉള്ളിലുള്ള സുഖം കണ്ടെത്തുമ്പോഴാണ് പരിപൂർണ്ണമായ ആനന്ദമുണ്ടാകുന്നത്.  അതനശ്വരമാണ്,  വസ്തുക്കളെ ആശ്രയിക്കാതെ  ഇന്ദ്രിയാതീതമായ ആ ആനന്ദത്തിൽ എത്തിചേരുക എന്നതാണ് ജീവിത ലക്ഷ്യം.  അതിനു മനുഷ്യനു മാത്രമേ കഴിയൂ .  ഇതാണ് ഇതരജീവികളെ  മനുഷ്യനുള്ള മേന്മ.

തുടരും....

No comments:

Post a Comment