ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2018

മണിമുഴക്കം

മണിമുഴക്കം

മട്ടാഞ്ചേരി ചെറളായി വലിയമ്പലത്തിലെ മണി ബഹുനിലകെട്ടിടങ്ങളും ശബ്ദ മലിനീകരണവും പൈതൃക കൊച്ചിയെ കീഴടക്കുന്നതിനു മുമ്പ് വരെ കിഴക്ക്  15 കിലോമീറ്റർ അകലെ തൃപ്പൂണിത്തുറ വരെയും തെക്ക് 50 കിലോമീറ്റർ അകലെ ആലപ്പുഴ വരെയും ഈ കൂറ്റൻ മണി മുഴക്കം കേൾക്കാമായിരുന്നു എന്നാണ് പഴമൊഴി...

തൃപ്പൂണിത്തുറ കൊട്ടാരത്തിലെ രാജാവ് പോലും പളളിയുറക്കം വിട്ടുണർന്നിരുന്നത് ഈ മണി നാദം കേട്ടായിരുന്നു എന്ന് കേട്ടു കേൾവി.....

ഇന്തൃയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമണികൾ കേരളത്തിലാണ്. അവയിൽ  ഭൂരിപക്ഷവും ഗൗഢ സാരസ്വത ബ്രാഹ്മണ ക്ഷേത്രങ്ങളുടെ മുതൽക്കൂട്ടുകളാണ്. 1568ൽ നടന്ന വിജയനഗര സാമ്രാജൃത്തിനുണ്ടായ പതനത്തെ തുടർന്ന്,  പോർച്ചുഗീസ് ഭരണത്തിൻ കീഴിലായ ഗോവയിൽ നിന്ന് പീഢനത്തിനത്താൽ പൊറുതി മുട്ടി , 16-ാം നൂററാണ്ടിന്റെ അന്തൃപാദത്തിൽ കൊച്ചിയിലെത്തിയ ഗൗഢ സാരസ്വത ബ്രാഹ്മണരുടെ ആദ്ധൃാത്മിക - സാമൂഹിക സ്ഥാപനമായ കൊച്ചി തിരുമല ദേവസ്വം (ഗോശ്രീപുരം), അതേ നൂററാണ്ടിൽ തന്നെ മട്ടാഞ്ചേരിയുടെ ഹൃദയഭാഗമായ  ചെറളായിയിൽ കൊച്ചി രാജാവ് ദാനമായി നൽകിയ അഞ്ചര ഏക്കർ സ്ഥലത്ത് പണികഴിപ്പിച്ച തിരുമല ദേവസ്വം അമ്പലത്തിലാണ് ഈ കൂറ്റൻ മണി ചരിത്ര സാക്ഷൃമായി കൂറ്റൻത്തൂണുകളിൽ തൂങ്ങി കിടക്കുന്നത്.
ഇന്തൃയിലെ ഏറ്റവും വലിയതും ഏഷൃയിലെ രണ്ടാമത്തെ ഏറ്റവും വലിയതുമായ മണി എന്ന ഖൃാതിയും ഈ കണ്ണഞ്ചിപ്പിക്കുന്ന മണിക്കു സ്വന്തമാണ്. ക്ഷേത്രത്തിന്റെ മുഖൃ ദേവനായ വെങ്കടാചലപതി കുടിയിരിക്കുന്ന ശ്രീകോവിലിനു മുന്നിലെ കൽത്തൂണുകളിലാണ് വെങ്കലത്തിൽ തീർത്ത ഈ മണിയെ തൂക്കിയിട്ടിരിക്കുന്നത്..
മൂന്നു ഇഞ്ച് കനവും നാലടി വൃാസവും ആറടി ഉയരവും പതിമൂന്നടി ചുറ്റളവും മൂന്നു ടൺ ഭാരവുമുളള ഈ മണിക്കായിരുന്നു 1878 ഡിസംബർ 2-ാം തീയ്യതി വരെ ഏഷൃയിലെ തന്നെ ഏറ്റവും വലിയ മണി എന്ന സ്ഥാനം.

എന്നാൽ പട്ടണവാസികളിൽ നിന്നു മാത്രമായി പിരിച്ചെടുത്ത 70 ചാക്കോളം ചെമ്പ്, വെന്കല നാണയത്തുട്ടുകൾ ഉപയോഗിച്ച് പണി കഴിപ്പിച്ച, ഫിലിപ്പൈൻസ് റോക്സാസ് സിറ്റിയിലെ സാന്റാ മോനിക്ക് ചർച്ചിലെ (പനായ് ചർച്ച്) മണി 1878 ഡിസംബർ 2ന് ആദൃ നാദം മുഴക്കിയതോടെ, കൊച്ചിയിലെ ഈ കൂറ്റൻ മണി  ഏഷൃയിലെ രണ്ടാമത്തെ ഏറ്റവും വലിയ മണി എന്ന സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. സെന്റ് മോനിക്ക ചർച്ചിലെ മണിക്ക് 10.4 ടൺ ഭാരവും ഏഴടി വൃാസവും അഞ്ചടി ഉയരവും രണ്ട് മീറ്റർ വൃാസവും ആണുളളത്.

പോർച്ചുഗീസുക്കാർ തകർത്ത ക്ഷേത്രം ഡച്ചുക്കാരുടെ ഭരണാരംഭത്തിൽ 1663 ൽ പുതുക്കി പണിയുകയാണുണ്ടായത്. അതുകൊണ്ട് തന്നെ  മണി ഗോപുരത്തിൽ ഡച്ച് വാസ്തുവിദൃ പ്രതിഫലിപ്പിക്കുന്ന രീതിയിൽ കുമ്മായവും കല്ലും ചേർത്തു പണികഴിപ്പിച്ചിട്ടുളള ബലിഷ്ഠമായ കൽത്തൂണുകൾ താങ്ങുന്ന, ഇരുപതോളം അടി ഉയരത്തിൽ സ്ഥാപിച്ചിട്ടുളള അര മീറ്ററോളം വീതിയുളള തേക്കിൻത്തടിയിൽ തീർത്ത കഴുക്കോലുകളിൽ ആണ് ഇരുമ്പു ചങ്ങലകളിൽ മണി തൂക്കിയിട്ടിരിക്കുന്നത്. മണി നാക്കിനോട് ബന്ധിച്ചിരിക്കുന്ന ഇരുമ്പ് ചങ്ങല വലിച്ചാണ് മണിയടിക്കുന്നത്. ദിവസേന ശ്രീകോവിലിൽ നടത്തുന്ന ആരതി പൂജാസമയങ്ങളിൽ പൂജയ്ക്കായെത്തുന്നവർ തന്നെയാണ് മണി മുഴക്കുന്നത്. മുസ്ളീം ദേവാലയങ്ങളിലെ ബാന്ക് വിളി പോലെ. ക്രിസ്തൃൻ ദേവാലയങ്ങളിലെ മണി മുഴക്കം പോലെ. ഒരു ദിവസം ഏഴോ എട്ടോ തവണ ഈ മണിനാക്കും  ചലിക്കും. പൂജാ വേള വിളംബരം ചെയ്യാൻ ആണ് ഇത്.

ഗൗഢ സാരസ്വത ബ്രാഹ്മണർ പൊതുവേ ഈ അമ്പലത്തിന്റെ ചുറ്റുപാടുകളിൽ തന്നെയാണ് പാർക്കുന്നത്. പക്ഷെ  ഏതാണ്ട് 1950 വരെ ഈ മണി മുഴക്കം തുറസായ സ്ഥലങ്ങൾ ധാരാളം ഉണ്ടായിരുന്നതു മൂലം ചെറളായിക്കുമപ്പുറത്തെ താമസക്കാരായ  മറ്റു സമുദായക്കാർക്കും കേൾക്കായിരുന്നു.. ശുഭസൂചകവും ആത്മീയ ചൈതനൃം നൽകുന്ന ഈ ശബ്ദതരംഗങ്ങൾ കിലോ മീറ്ററോളുകളോളം ഉന്മേഷോർജ്ജം പ്രസരിപ്പിച്ചു കൊണ്ടിരുന്നു. അതായത്
ആരാധനാലയങ്ങൾ ഏതായാലും ആ തിരുസന്നിധികളിൽ നിന്നുയരുന്ന മണിനാദങ്ങൾ ശുഭസൂചകങ്ങൾ തന്നെയാണ്. ആരാധന മുഹൂർത്തങ്ങളെ വിളംബരം ചെയ്യാനും അവ സംബന്ധിച്ച്  വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകാനും ആണ്  മണി  സാധാരണ മുഴങ്ങുന്നത്. എന്നാൽ ആരാധനാലയം നേരിടുന്ന കവർച്ച അടക്കമുളള പ്രതിസന്ധിഘട്ടങ്ങളെ കുറിച്ചും മറ്റു അപകടവേളകളെ കുറിച്ചും മുന്നറിയിപ്പും  താക്കീതും നൽകാനും അപൂർവ്വ ഘട്ടങ്ങളിൽ ഈ മണികൾ മുഴങ്ങാറുണ്ട്. 1719 ൽ വെങ്കിടാചലതി ദേവന്റെ വിശിഷ്ട വിഗ്രഹം കളവ് പോയപ്പോഴും 1791ൽ രാജഭണ്ടാരത്തിലേക്ക് ഇനാമായി അമ്പല ഭണ്ടാരത്തിൽ നിന്ന് സ്വർണ്ണവും ഫനവും (അന്നത്തെ നാണയം) കാണിക്കയായി ലഭിച്ചില്ല എന്നതിന്റെ പേരിൽ അമ്പലം രാജാവിന്റെ ആളുകൾ കൊളളയടിച്ചപ്പോഴും കൊന്കിണി വൃാപാരികളെ കഴുത്തറുത്ത് കൊല്ലാൻ ഉത്തരവിട്ടപ്പോഴും ഈ മണിനാദം അപായ സൂചന നൽകി സമുദായംഗങ്ങളെ വിളിച്ചു കൂട്ടാൻ മുഴക്കിയ ശബ്ദം തേങ്ങലിന്റെയും കണ്ണീരിന്റേതുമായിരുന്നു എന്ന് ചരിത്രം തന്നെ സാക്ഷൃപ്പെടുത്തുന്നുണ്ട്. അമ്പലത്തിന്റെ ചട്ടങ്ങളനുസരിച്ച് മാത്രമേ സന്ദർശനം അനുവദിക്കൂ എന്നത് കാഴ്ചക്കാരുടെ എണ്ണം  ഇവിടെ തുലോം പരിമിതപ്പെടുത്തുന്നുണ്ട് ..
ആലപ്പുഴ ജില്ലയിൽ ചേർത്തലയിലെ ഗൗഢ സാരസ്വത് വക ശ്രീമത് മഠം തിരുമല ദേവസ്വം അമ്പലത്തിലും ഉണ്ട് അഞ്ചടി ഉയരവും 4.8 അടി വൃാസവും 1.1 ടൺ ഭാരവും ഉളള മണി. വളരെ അടുത്തക്കാലത്ത് 2012ലാണ് ഈ മണി പണി കഴിപ്പിച്ചത്.

No comments:

Post a Comment