ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 April 2018

ജയവിജയന്മാരുടെ മുക്തി

ജയവിജയന്മാരുടെ മുക്തി

ശാപത്തിലൂടെപോലും പരന്മാരെ അനുഗ്രഹിക്കുന്നവരാണ് ജ്ഞാനികൾ. വൈകുണ്ഠത്തിലെ ദ്വാരപാലകരായിരുന്ന ജയവിജയന്മാർക്ക് മൂന്നേ മൂന്നു ജന്മങ്ങളിലൂടെ മുക്തിയുടെ പരമപദം കാണിച്ചുകൊടുത്ത ഋഷീശ്വരന്മാരുടെ കഥയിതാ:

ഒരിക്കൽ സപ്തർഷിമാർ ലോകനൻമയ്ക്കായി ഒരു മഹായജ്ഞം നടത്താൻ നിശ്ചയിച്ചു. അതിനായി അവർ ത്രിമൂർത്തികളായ ബ്രഹ്മാവിനെയും, മഹാവിഷ്ണുവിനെയും പരമശിവനെയും കണ്ട് അനുഗ്രഹാശിസ്സുകൾ വാങ്ങാൻ നിശ്ചയിച്ചു. ആദ്യം ബ്രഹ്മാവിനെയും പിന്നെ മഹേശ്വരനെയും കണ്ട് അനുഗ്രഹങ്ങൾ വാങ്ങി. മഹാവിഷ്ണുവിന്റെ അനുഗ്രഹം വാങ്ങാൻ വൈകുണ്ഠത്തിലെത്തി.

ദിവ്യമായ ഏഴു കവാടങ്ങൾ കടന്നു വേണം മഹാവിഷ്ണുവിന്റെ അടുത്തെത്താൻ. നാരായണമന്ത്രം ഉരുവിട്ട് മഹർഷിമാർ ആറ് കവാടങ്ങളും പിന്നിട്ടു. ഒടുവിൽ അവർ ഏഴാമത്തെ കവാടത്തിലെത്തി. വിഷ്ണുവിന്റെ ഏറ്റവും വിശ്വസ്തരായ ദ്വാരപാലകൻമാരായിരുന്നു ഏഴാമത്തെ കവാടത്തിന്റെ കാവൽക്കാർ. അവർ സപ്തർഷിമാരെ അകത്തുകടക്കാൻ അനുവദിച്ചില്ല. സപ്തർഷിമാർ കാര്യം പറഞ്ഞെങ്കിലും, ദ്വാരപാലകന്മാർ ഒട്ടും വഴങ്ങിയില്ല.

അതോടെ സപ്തർഷിമാരിലൊരാളായ മാരീചി കോപത്താൽ ഇങ്ങനെ ശപിച്ചു. "ധിക്കാരികളെ, ഭഗവാന്റെ അനുഗ്രഹം തേടിവന്ന ഞങ്ങളെ തടഞ്ഞ നിങ്ങൾ മഹാവിഷ്ണുവിന്റെ ശത്രുക്കളായിത്തീരട്ടെ". മഹർഷിമാരുടെ ശാപം കേട്ട് ദ്വാരപാലകന്മാർ ഞെട്ടിപ്പോയി. അവർ മഹാർഷിമാരുടെ കാൽക്കൽ വീണ് ശാപമോക്ഷത്തിനായി അപേക്ഷിച്ചു. അപ്പോഴേക്കും മഹാവിഷ്ണുവും അവിടെയെത്തി. "ആരെയും അകത്തു കടത്തിവിടരുതെന്ന് ഞാനാണ് ഇവരോട് പറഞ്ഞത്. അതിന് കാരണം, ഞാനും ദേവിയും ഓരോ തവണ പകിട കളിക്കാനിരിക്കുമ്പോൾ ആരെങ്കിലും തടസ്സപ്പെടുത്താനെത്തും. ദേവി പരിഭവിക്കുകയും ചെയ്യും. ഇന്ന് പകിട കളിക്കുമ്പോൾ ആരും തടസ്സപ്പെടുത്താൻ എത്തില്ല എന്ന് ഞാൻ ദേവിക്ക് ഉറപ്പുനൽകുകയും, അതിൻപ്രകാരം ദ്വാരപാലകന്മാരോട് നിർദ്ദേശിക്കുകയും ചെയ്തു. അതിങ്ങനെ കലാശിക്കുമെന്ന് ഞാൻ കരുതിയില്ല". മഹാവിഷ്ണു പറഞ്ഞു.

മാരീചി മഹർഷി പറഞ്ഞു, "എന്ത് ചെയ്യാം, കൊടുത്ത ശാപം തിരിച്ചെടുക്കാനാവില്ല. എന്തായാലും ശാപത്തിൽ ചെറിയൊരു മാറ്റം വരുത്താം. ദ്വാരപാലകന്മാരെ, ഒന്നുകിൽ നിങ്ങൾക്ക് ഭൂമിയിൽച്ചെന്ന് എഴുയുഗങ്ങളിൽ ഭഗവാന്റെ ഭക്തന്മാരായി ജീവിക്കാം. അല്ലെങ്കിൽ മൂന്നു യുഗങ്ങളിൽ അദ്ദേഹത്തിന്റെ ശത്രുക്കളായി ജീവിക്കാം. ഏതു വേണമെന്ന് സ്വയം തീരുമാനിച്ചോളൂ".

ഏഴു യുഗങ്ങൾ ഭഗവാനെ പിരിഞ്ഞിരിക്കാനും വയ്യ: അതെ സമയം ഭഗവാന്റെ ശത്രുക്കളാകാനും തയ്യാറല്ല. ഒടുവിൽ മഹർഷിയുടെ മുന്നിലെത്തി, മൂന്നു യുഗങ്ങൾ ഭഗവാന്റെ ശത്രുക്കളായി കഴിയാൻ അവർ തീരുമാനിച്ചു. മഹർഷിമാർ ദ്വാരപാലകന്മാരെ യാത്രയാക്കുകയും ചെയ്തു.

ആദ്യത്തെ യുഗത്തിൽ ദ്വാരപാലകന്മാർ ഹിരണ്യാക്ഷനും ഹിരണ്യകശിപുമായി ഭൂമിയിൽ ജന്മമെടുത്തു. അസുരന്മാരായ അവരെ മഹാവിഷ്ണു നരസിംഹാരാവതാരമെടുത്ത് വധിച്ചു.

രണ്ടാമത്തെ യുഗത്തിൽ രാവണനും കുംഭകർണനും ആയിട്ടാണ് അവർ ജനിച്ചത്. മഹാവിഷ്ണു ശ്രീരാമനായി അവതരിച്ച് ആ അസുരന്മാരെയും വധിച്ചു.

മൂന്നാമത്തെ യുഗത്തിൽ അവർ ശിശുപാലനും ദാന്താവക്രനും ആയിട്ടാണ് ഭൂമിയിൽ ജനിച്ചത്. മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ച് അവരെ നിഗ്രഹിച്ചു. അങ്ങനെ ദ്വാരപാലകന്മാർക്ക് ശാപമോക്ഷം ലഭിച്ചു.

No comments:

Post a Comment