ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 April 2018

ഊർമ്മിള രാമായണം - ചില പാഠങ്ങൾ

ഊർമ്മിള രാമായണം - ചില പാഠങ്ങൾ

പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം രാമ ലക്ഷ്മണന്മാർ സീതാദേവിയോടു കൂടെ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാ നിവസികൾ എല്ലാവരും അവരെ കാണുവാൻ കൊതിച്ച് ഓടിയെത്തി.

എന്നാൽ ഊർമ്മിളയെ മാത്രം കണ്ടില്ല. ലക്ഷ്മണൻ തന്റെ പത്നിയെ തേടി ചെന്നപ്പോൾ ഊർമ്മിള അടുക്കളയിൽ എല്ലാവർക്കും ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു.

തന്റെ പതിയെ കണ്ടീട്ടും പ്രത്യേകിച്ച് ഒരു ഭാവഭേദവും ഊർമ്മിളയിൽ കണ്ടില്യ. പതിയുടെ പാദങ്ങളിൽ നമിച്ച് തന്റെ ജോലി തുടർന്നു.

വനവാസത്തിനു കൂടെ കൂട്ടാഞ്ഞതിൽ ഉള്ള പരിഭവമോ അതോ ഇത്രയും കാലം പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ വിരക്തിയോ എന്നോർത്ത് ലക്ഷ്മണൻ അസ്വസ്ഥനായി.

രാത്രിയിൽ ലക്ഷ്മണൻ നോക്കുമ്പോൾ രാമൻ ഊർമ്മിളയുടെ അന്തപുരത്തിലേക്ക് പോകുന്നത് കണ്ടു. മര്യാദാപുരുഷോത്തമനായ ജേഷ്ഠൻ തന്നെയോ ഇത് എന്ന് ലക്ഷ്മണൻ സംശയിച്ചു.

രാമനറിയാതെ പുറകെ ചെന്നു നോക്കുമ്പോൾ ശ്രീരാമ ദേവൻ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ പാദങ്ങൾ തൊട്ടു ശിരസ്സിൽ വയ്ക്കുന്നു.

ആ കരസ്പർശം ഏറ്റപ്പോൾ ദേവി ഞെട്ടി എഴുന്നേറ്റു. രാമദേവനെ കണ്ടു അതിശയത്തോടെ ചോദിച്ചു.

" രമാദേവാ അങ്ങ് എന്താണ് ഈ ചെയ്തത്? എല്ലാവരാലും പൂജിക്കപ്പെടുന്ന മഹാപ്രഭു എന്റെ കാൽ തൊട്ടു വന്ദിക്കുന്നോ? "

രാമൻ പറഞ്ഞു.

"ദേവി സ്ഥാനം കൊണ്ട് എന്റെ അനുജത്തിയണെങ്കിലും ആ ത്യാഗത്തിനു മുൻപിൽ ഞാൻ കേവലം ശിശുവാണ്.

ഈ പാദത്തിൽ നമിക്കാൻ മാത്രമേ എനിക്ക് സാധികുകയുള്ളൂ. ഭവതിയുടെ ത്യാഗം ഒന്ന് കൊണ്ട് മാത്രമാണ് എന്റെ കർമ്മങ്ങൾ കൃത്യമായി ചെയ്തു തീർക്കനായത്.

ദേവിയും സീതയെപ്പോലെ പതിയുടെ കൂടെ വരുവാൻ ഒരുങ്ങിയിരുന്നുവെങ്കിൽ ലക്ഷമണന് ഇത്ര നന്നായി എന്നെ പരിപാലിക്കാൻ കഴിയില്ലായിരുന്നു.

മാത്രമല്ല ദേവി ഇവിടെ ഉള്ളതുകൊണ്ട് മാതാവ്‌ കൌസല്യയെ വേണ്ടപോലെ ശുശ്രൂഷിച്ചു കൊള്ളും എന്ന സമാധാനവും എനിക്ക് ഉണ്ടായി.

ഏതു കർമ്മവും കൃത്യനിഷ്ടയോടും സമാധാനത്തോടും നിർവ്വഹിക്കുവാൻ ആദ്യം ഗൃഹത്തിൽ സമാധാനം വേണം.

എല്ലാം മനസ്സിലാക്കി വേണ്ടത് പോലെ ഗൃഹം പരിപാലിക്കാൻ ഉത്തമയായ ഗൃഹസ്ഥക്കു മാത്രമേ സാധിക്കുകയുള്ളൂ.

ഇതുകൊണ്ടെല്ലാമാണ്‌ ഞാൻ ദേവിയെ നമിച്ചത്. പകല സമയത്തായാൽ ലക്ഷ്മണനും ദേവിയും ഇതിനു അനുവദിക്കില്ല എന്നറിയാവുന്നത്കൊണ്ടാണ് ഞാൻ ഈ രാത്രിയിൽ വന്നത്. "

ഇതെല്ലാം കേട്ട ഊർമ്മിള പറഞ്ഞു.

" ശ്രീരാമചന്ദ്ര പ്രഭോ! അങ്ങയുടെ അനുഗ്രഹത്താൽ ഒന്നുകൊണ്ടു മാത്രമാണ് എനിക്കിതെല്ലാം സാദ്ധ്യമായത്.

വനവാസത്തിനു പോകുമ്പോൾ അങ്ങയോടുള്ള അതിരറ്റ ഭക്തി മൂലം എന്റെ പതി കൂടെ പോരുവാൻ തീരുമാനിച്ചപ്പോൾ എന്റെ വിരഹ ദുഖത്തെ പറ്റി അദ്ദേഹം ഒട്ടും തന്നെ ചിന്തിച്ചില്ല. എന്നാൽ ദേവാ ആ സമയത്തും അങ്ങ് എന്റെ അടുത്ത് എത്തി എന്നെ സമാധാനിപ്പിച്ചു.

അപ്പോൾ ഞാൻ അങ്ങയോടു ഒരു വരം ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും എന്റെ പതിയെ പിരിഞ്ഞിരിക്കുന്നു എന്ന വിഷമം എനിക്കുണ്ടാവരുത്.

സാദാ പതിയോടു കൂടി സന്തോഷത്തോടെ ഇരിക്കുന്ന അനുഭവത്തെ എനിക്ക് വരമായി തരണം എന്ന്. അങ്ങ് തന്ന ആ വരമാണ് എന്നെ സർവ്വ കർമ്മങ്ങളും ച്യുതിയില്ലാതെ അനുഷ്ടിക്കാൻ പ്രപ്തയാക്കിയത്.

പതിയോടു കൂടി ആനന്ദത്തോടെ ഇരിക്കുന്ന പതിവൃതയായ പത്നിക്കു മാത്രമേ നല്ല ഗൃഹസ്ഥയാവാൻ കഴിയൂ. "

ഇതെല്ലാം കേട്ട് നിന്ന ലക്ഷ്മണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

No comments:

Post a Comment