ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 April 2018

സുബ്രഹ്മണ്യന്റെ വൈദികരഹസ്യം

സുബ്രഹ്മണ്യന്റെ വൈദികരഹസ്യം

സുബ്രഹ്മണ്യനെക്കുറിച്ച് ആദ്യമായി പറയുന്നത് വേദങ്ങളിലാണ്. ഋഗ്വേദത്തില്‍ പലയിടത്തും ദേവസേനാനിയായ സുബ്രഹ്മണ്യനെക്കുറിച്ച് പറയുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്:

”അഗ്നിയെപ്പോലെ തേജസ്വിയും ദുഷ്ടന്മാരെ കരയിപ്പിക്കുന്ന ശക്തിയുമായ രുദ്രന്റെ പുത്രനായ മരുത്ത് – മഹാശക്തിശാലി – ആര്‍ക്കും തന്നെ എതിര്‍ത്തുപറയാന്‍ കഴിയാത്തത്ര ആജ്ഞാശക്തിയുടെ അധിപതി, സിംഹത്തെപ്പോലെ ഗര്‍ജിച്ച് സര്‍വദാതാവായി സര്‍വജ്ഞാതാവായി എല്ലാം കീഴടക്കുന്നു” (3.26.5). ഇവിടെ അഗ്നിയെപ്പോലെ എന്ന പ്രയോഗം ഏറെ പ്രാധാന്യമുള്ളതാണ്. ഈശ്വരന്റെ അഗ്നിഗുണമാണ് സുബ്രഹ്മണ്യതത്ത്വം പ്രകടമാക്കുന്നത്. ഈ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദം ആരംഭിക്കുന്നതുതന്നെ. അഗ്നി എന്നാല്‍ കേവലം തീ എന്നല്ല അര്‍ഥം. ‘അഗ്നിഃ കസ്മാത് അഗ്രണീര്‍ഭവതി’ എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ പറയുന്നു. അതായത് മുന്നോട്ടു നയിക്കുന്ന ഈശ്വരന്റെ നാമമാണ് അഗ്നി. അത് ഈശ്വരന്റെ നേതൃപാടവത്തെക്കുറിക്കുന്നു.

അഗ്നി, മയില്‍ വാഹനമാണെന്നും വൈദികസാഹിത്യത്തില്‍ പറയുന്നുണ്ട്. ”ശീഖീന്‍… മയൂരഃ അഗ്നിഃ കുക്കുടഃ” (ശബ്ദകല്പദ്രുമം). അഗ്നിജ്വാല അഗ്നിയുടെ ശിഖകളാണ്. ശിഖകളുള്ളത് ശിഖി. ശിഖിക്ക് മയില്‍ എന്നും പേരുണ്ട്. എന്നു മാത്രമല്ല, സുബ്രഹ്മണ്യന്‍ പാമ്പിനു മുകളില്‍ ചവിട്ടിയാണ് നില്‍ക്കുന്നത്. ഇക്കാര്യവും അഥര്‍വവേദത്തിലുണ്ട്. ”സൂര്യന്റെ അടയാളവും അരുണവര്‍ണമായ കൊടിയുമുള്ള ദേവസേനന്‍ സര്‍പ്പത്തെ അമര്‍ത്തിച്ചവിട്ടി നില്‍ക്കുന്നു.”
അഥര്‍വമന്ത്രമിങ്ങനെ:

”ഉത്തിഷ്ഠത സം നഹ്യധ്വമുദാരാഃ 
കേതുഭിഃ സഹ.
സര്‍പാ ഇതരജനാ രക്ഷാംസ്യമിത്രാനനു ധാവത. (11.10.1)

സൂര്യനാണ് കൊടി. (‘ഏതാ ദേവസേനാ സൂര്യകേതവഃ’ (അഥര്‍വം 5.21.12)). പാമ്പിനെ ചവിട്ടി സൂര്യനെ കൊടിയാക്കി എന്നതിന്റെ ശരിയായ അര്‍ഥമെന്തെന്നു നാം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ കുണ്ഡലിനീശക്തിയെ സര്‍പ്പശക്തി എന്നാണ് വിളിക്കാറ്. അതു നമ്മുടെ മൂലാധാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂലാധാരത്തില്‍, അതായത് സുബ്രഹ്മണ്യന്റെ കാല്‍ച്ചുവട്ടിലാണ് ഈ ആഗ്നേയതത്ത്വം ഉറങ്ങിക്കിടക്കുന്നത്. അതിനെ ഉണര്‍ത്തിയാല്‍ ഏറ്റവും ഒടുവില്‍ എവിടെ ചെന്നുനില്‍ക്കും? സൂര്യന്‍ കൊടിയാകുമ്പോള്‍  കൊടിയുണ്ടാകേണ്ടത് ഏറ്റവും മുകൡലാണ് എന്നു നാം ഓര്‍ക്കണം. നമ്മുടെ ശരീരത്തിന്റെ ഏറ്റവും അടിയില്‍ സര്‍പ്പമുണ്ടെങ്കില്‍ അതിനെ ഉണര്‍ത്തി സൂര്യനെപ്പോലെ കൊടിയാക്കുന്നുവെങ്കില്‍ നാം ശിരസ്സിലാണ് ഈ സൂര്യനെ ധരിക്കേണ്ടത്. ഇതാണ് ആയിരം ഇതളുള്ള താമരയില്‍ സഹസ്രാരദളപത്മത്തില്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചുയര്‍ന്ന പ്രകാശമെന്നു പ്രാചീനഗ്രന്ഥങ്ങളില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

അങ്ങനെ മൂലാധാരം മുതല്‍ സഹസ്രാരദളപത്മം വരെ തന്റെ ഉള്ളിലെ സര്‍പ്പിളശക്തിയെ ഉണര്‍ത്തിവിടുന്നതിന്റെ ദേവനാണ് ഋഗ്വേദത്തിലും അഥര്‍വത്തിലും വിവരിക്കുന്ന ‘സുബ്രഹ്മണ്യന്‍.’ ആ ഷണ്‍മുഖനെ ഉപാസിക്കുന്നവര്‍ ദക്ഷിണേന്ത്യയില്‍ വളരെപ്പേരുണ്ട്. വേദങ്ങളിലെ ഓരോ ദേവതകളും ഈശ്വരന്റെ വിഭിന്നമുഖങ്ങളാണെന്നു മുമ്പേ പറഞ്ഞുവല്ലോ. ഈ അഗ്നിയെ സ്മരിക്കുന്നതാണ് കാവിവസ്ത്രം. പഴനിയില്‍ ഏറ്റവും പ്രധാനമായുള്ളതാകട്ടെ പഞ്ചാമൃതമാണ്. പഞ്ചാമൃതം നിവേദ്യമല്ല. മറിച്ച് അഭിഷേകദ്രവ്യമാണ്. ആയിരമിതളുള്ള താമരയില്‍ സൂര്യന്‍ കൊടിയായി നില്‍ക്കുമ്പോള്‍ ആ ശിരസ്സില്‍ അമൃതധാരയായി പ്രവഹിക്കുന്നതാണ് പഞ്ചാമൃതം. കാവടിയാകട്ടെ ഈ സഹസ്രാരപത്മത്തിന്റെ തന്നെ പ്രതീകമത്രെ. അവിടെ കുംഭത്തിലുളളതും ഈ അമൃതാധാരതന്നെ.

സുബ്രഹ്മണ്യന്റെ ജനനവുമായി ബന്ധപ്പെട്ട കഥകളില്‍ ഒട്ടേറെ ജ്യോതിഷരഹസ്യങ്ങളും അടങ്ങിയിട്ടുണ്ട്. കാര്‍ത്തികയുടെ പുത്രനായതിനാലാണ് സുബ്രഹ്മണ്യനെ കാര്‍ത്തികേയന്‍ എന്നു വിളിക്കുന്നത്. ആറു നക്ഷത്രങ്ങളോടുകൂടിയ നക്ഷത്രസമൂഹമാണ് കാര്‍ത്തിക. പ്രാചീന യജുര്‍വേദവ്യാഖ്യാനമായ ശതപഥബ്രാഹ്മണത്തില്‍ കാര്‍ത്തികാനക്ഷത്രത്തില്‍ യജ്ഞം ചെയ്യേണ്ടതിനെക്കുറിച്ച് വിവരിക്കുന്നതിന്റെ സംക്ഷിപ്തമിങ്ങനെയാണ്.

‘കൃത്തിക (കാര്‍ത്തിക) അഗ്നിയുടെ നക്ഷത്രമാകുന്നു. അതിനാല്‍ കൃത്തികാ നക്ഷത്രത്തില്‍ അഗ്ന്യാധാനം ചെയ്യേണ്ടതാകുന്നു. മറ്റുള്ള നക്ഷത്രങ്ങള്‍ കിഴക്കുദിശയില്‍ നിന്ന് അകന്നുപോകുമ്പോള്‍ കൃത്തികമാത്രം അകലാതെ നില്‍ക്കുന്നു. അതിനാല്‍ രണ്ടുതരം അഗ്നികളും (ഗാര്‍ഹപത്യവും ആഹവനീയവും) കിഴക്കില്‍ സ്ഥാപിക്കേണ്ടതാകുന്നു. എന്നാല്‍ ചിലര്‍ പറയുന്നു, കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യരുതെന്ന്, കാരണം കൃത്തിക മുന്‍പ് സപ്തര്‍ഷികളുടെ പത്‌നികളായിരുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ മൈഥുനത്തിന്റെ അഭാവമുള്ളതിനാല്‍, വടക്ക് സപ്തര്‍ഷികളുദിക്കുമ്പോള്‍ കിഴക്കാണ് കൃത്തികാ നക്ഷത്രങ്ങള്‍ ഉദിക്കുന്നത്. അതിനാല്‍ കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യരുത് എന്നാണവരുടെ പക്ഷം.

എന്നാല്‍ യഥാര്‍ഥത്തില്‍ കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യാവുന്നതാണ്. കാരണം അഗ്നി കൃത്തികയുടെ ഇണയാകുന്നു. അഗ്നിയോടുചേരുമ്പോഴേ കൃത്തികയ്ക്ക് വൃദ്ധിയുണ്ടാകുകയുള്ളൂ. അതിനാല്‍ കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യേണ്ടതാണ്.’ (ശതപഥബ്രാഹ്മണം 2.1.2.1-5)
കാര്‍ത്തിക സപ്തര്‍ഷികളുടെ പത്‌നിമാരായിരുന്നു എന്നത് ഒരു ആലങ്കാരിക വര്‍ണനയാണ്. ഏഴു നക്ഷത്രങ്ങളോടുകൂടിയ ഒരു നക്ഷത്രസമൂഹമാണ് സപ്തര്‍ഷികള്‍. അതില്‍ രണ്ടാമതിരിക്കുന്ന വസിഷ്ഠന്‍ എന്ന നക്ഷത്രത്തിന് ഒരു പ്രത്യേകത ഉണ്ട്. അതെപ്പോഴും അരുന്ധതി എന്ന മറ്റൊരു നക്ഷത്രത്തോടു ചേര്‍ന്നിരിക്കുന്നു. എപ്പോഴും ചേര്‍ന്നിരിക്കുന്ന ഇവരെ ദമ്പതികളായി ഋഷിമാര്‍ വര്‍ണിച്ചു. അപ്പോള്‍ സപ്തര്‍ഷികളില്‍ വസിഷ്ഠനൊഴികെയുള്ള മറ്റ് ആറു നക്ഷത്രങ്ങള്‍ തങ്ങളുടെ പത്‌നിമാരെ ഉപേക്ഷിച്ചവരാണെന്നു വരുന്നു. ഈ ഉപേക്ഷിക്കപ്പെട്ട (അരുന്ധതി ഒഴികേയുള്ള) ആറു നക്ഷത്രങ്ങളെയാണ് അവര്‍ കാര്‍ത്തിക നക്ഷത്രസമൂഹത്തിലെ ആറു നക്ഷത്രങ്ങളായി വര്‍ണിച്ചത്. ഇതില്‍നിന്നുമാണ് കാര്‍ത്തികേയന്റെ ജന്മകഥ രൂപംകൊള്ളുന്നത്.

മഹാഭാരതം വനപര്‍വത്തില്‍ കടന്നുവരുന്ന കഥയില്‍ സ്വാഹാ എന്ന സ്ത്രീ സപ്തര്‍ഷിമാരുടെ പത്‌നികളുടെ രൂപം കൈക്കൊള്ളുകയും, അങ്ങനെ അവരില്‍ അഗ്നിക്കു പിറന്ന സന്തതിയായാണ് കാര്‍ത്തികേയനെ വിവരിക്കുന്നത്. എന്നാല്‍ അവിടെ അരുന്ധതിയുടെ പാതിവ്രത്യംകൊണ്ട് സ്വാഹായ്ക്ക് അരുന്ധതീരൂപം ധരിക്കാന്‍ കഴിയാതെ വരികയും മറ്റ് ആറ് പത്‌നിമാരുടെ രൂപത്തില്‍ സ്വാഹാ അഗ്നിയെ സമീപിക്കുകയും ചെയ്യുന്നു. ആറു സ്ത്രീരൂപത്തില്‍ നിന്നുണ്ടായതിനാല്‍ ആറുമുഖനായി (ഷണ്‍മുഖനായി) ആ പുത്രന്‍ ജനിക്കുകയും ചെയ്തുവത്രേ. എന്നാല്‍ ഇതറിഞ്ഞ സപ്തര്‍ഷികള്‍ തങ്ങളുടെ (അരുന്ധതി ഒഴികെയുള്ള) പത്‌നിമാരെ തെറ്റിധരിക്കുകയും അവരെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കഥ. ഇങ്ങനെ അഗ്നിയുടെ ഇണകളും സപ്തര്‍ഷികളാല്‍ ഉപേക്ഷിക്കപ്പെട്ട പത്‌നികളുമായ കാര്‍ത്തികമാരും അവരുടെ സന്തതിയായ, അഗ്നിരൂപിയായ കാര്‍ത്തികേയനുമെല്ലാം പ്രാചീന ഭാരതത്തിന്റെ ജ്യോതിശ്ശാസ്ത്രമഹിമയെയും വിളിച്ചോതുന്നു.

No comments:

Post a Comment