വഴിപാടുകള്‍ക്കുള്ള സ്ഥാനമെന്ത്?
ക്ഷേത്രാരാധനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വഴിപാടുകള്‍. നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിയ്ക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍വച്ച് ചെയ്യുന്ന ത്യാഗമാണിതെന്നും ഒരു വിശ്വാസമുണ്ട്. യഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ് വഴിപാടുകള്‍. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഭാഗഭാക്കാക്കിത്തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. വഴിപാടുകളിലൂടെ ഭക്തന്‍ ക്ഷേത്രദേവന്‍റെ ഒരു ഭാഗമായിത്തീരുന്നു. ഭക്തിനിര്‍ഭരമായ മനസ്സ് ദേവനില്‍ത്തന്നെ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുക്കൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണ ഫലം നല്‍കുക തന്നെ ചെയ്യും. വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടി ഫലം വഴിപാടുകള്‍ കഴിച്ചുകൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവെ നടത്തപ്പെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തരംതിരിക്കും. അര്‍ച്ചന, അഭിഷേകം, ചന്ദനംചാര്‍ത്തല്‍, നിവേദ്യം, വിളക്ക്, മറ്റുള്ളവ എന്നിങ്ങനെയാണ് ആ വിഭജനം.
മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് ദേവതയ്ക്ക് പൂജാ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാടാണ് അര്‍ച്ചന.
വിവിധ ദ്രവ്യങ്ങളെക്കൊണ്ടും മന്ത്രോച്ചാരണങ്ങളെക്കൊണ്ടും ബിംബത്തില്‍ നടത്തുന്ന അഭിഷേകങ്ങള്‍ ദേവന്‍റെ സ്ഥൂലസൂക്ഷ്മശരീരത്തെ മുഴുവന്‍ കുളിര്‍പ്പിക്കുന്നതോടൊപ്പം ഭക്തന്‍റെ ഹൃദയത്തേയും മനസ്സിനേയും ദിവ്യാനുഭൂതിയില്‍ ലയിപ്പിക്കുന്നു. ദാരു, കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ ഒഴികെ മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവയെല്ലാം അതാത് ദേവതകള്‍ക്കനുസരണമായി അഭിഷേകത്തിന് ഉപയോഗിക്കുന്നു. ശിവന് ഭസ്മവും ജലവും, വിഷ്ണുവിന് കളഭവും പാലും, മുരുകന് പഞ്ചാമൃതവും പനിനീരും വിശേഷമാണ്. നെയ്യ്, പഞ്ചഗവ്യം എന്നിവ എല്ലാവര്‍ക്കും പ്രിയങ്കരമാണ്.
ദേവബിംബങ്ങളില്‍ മുഖത്ത് മാത്രമോ പൂര്‍ണ്ണമോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണ് ചന്ദനം ചാര്‍ത്തല്‍. ഉഷ്ണരോഗശമനത്തിനും ചര്‍മ്മരോഗശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും ചന്ദനംചാര്‍ത്തല്‍ വഴിപാട് നടത്താറുണ്ട്.
പുഷപങ്ങള്‍ ചാര്‍ത്തുന്നതും ഒരു വഴിപാടാണ്. ആകാശപ്രതീകമായ പുഷ്പത്തെ സമര്‍പ്പിക്കുന്നതോടെ സര്‍വ്വഭൗതിക സുഖങ്ങളും ലഭ്യമാകുന്നു.
വിളക്കുകളില്‍ പ്രധാനം നെയ്യ് വിളക്കാണ്. ഇത് പൊതുവെ ശ്രീകോവിലിനുള്ളിലാണ് തെളിയിക്കാറുള്ളത്. എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ അകത്തും പുറത്തും വിളക്കിനായി ഉപയോഗിക്കുന്നു.. നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുകളുണ്ട്. നേത്രരോഗ ശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും നെയ്യ്വിളക്കും വാതരോഗശമനത്തിനും ശനിദോഷപരിഹാരത്തിനും എള്ളെണ്ണ വിളക്കും നീരാഞ്ജനവിളക്കും ,മനശാന്തിക്കായി ചുറ്റുവിളക്കും നടത്താറുണ്ട്.
പവിത്രമായ നിവേദ്യങ്ങള്‍ ഓരോ ദേവതാ സങ്കല്‍പമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ത്രിമധുരം, വെള്ളനിവേദ്യം, മലര്‍നിവേദ്യം, പായസനിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പ്പായസം, നെയ്പ്പായസം, കൂട്ടപ്പായസം, കടുംപായസം എന്നിങ്ങനെ പല വിധത്തിലുണ്ട്. വിഷ്ണുവിന് പാല്‍പ്പായസവും, ദേവിക്ക് കൂട്ടപ്പായസവും, സുബ്രഹ്മണ്യന് പഞ്ചാമൃതവുമാണ് വിശേഷം.
നാളികേരം അടിച്ചുടയ്ക്കുന്ന വഴിപാടു സര്‍വ്വസാധാരണമായി കണ്ടുവരുന്നത് ഗണപതി ക്ഷേത്രങ്ങളിലാണ്. ക്ഷേത്രത്തില്‍ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന ശിലയിന്മേലോ തറയിലോ നാളികേരം ആഞ്ഞടിക്കുമ്പോള്‍ അതിന്‍റെ ബാഹ്യാവരണമായ ചിരട്ടയും അകത്തെ കഴമ്പും ചേര്‍ന്ന് ഛിന്നഭിന്നമാകുകയും അന്തര്‍ഭാഗത്തുള്ള ജലം ബഹിര്‍ഗമിച്ച് ഒഴുകുകയും ചെയ്യുന്നു.. വിഘ്നവിനാശകനായ ഗണപതിഭഗവാന്‍റെ ആരാധനയ്ക്കനുയോജ്യമായ വഴിപാട് തന്നെയാണിത്.
ഈശ്വരസാക്ഷാത്ക്കാരത്തിന്‍റെ അഭിലാഷം ഉണ്ടാകുന്നതും ഈ ജഗത്തിലെ സര്‍വ്വവും ഈശ്വര സൃഷ്ടമാണെന്ന ബോധം ഉണ്ടാകുന്നതും മന്ത്രസാധനയില്‍ ചൈതന്യ സ്വരൂപമായ ദേവതയുടെ ആറംഗങ്ങളില്‍ ഒന്നായ ഫട് എന്ന അസ്ത്രമന്ത്രം കൊണ്ടാണ്. മന്ത്രയോഗത്തിലെ ഷട്കാരവും വെടി പൊട്ടിക്കുന്ന ശബ്ദവുമെല്ലാം ഉളവാക്കുന്നത് തരംഗരൂപമായ സ്പന്ദനവിശേഷത്തെയാണ്. അതുപോലെ കതിനവെടി പൊട്ടിക്കുന്നത് പ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന് കാരണമായ ശബ്ദബ്രഹ്മത്തിന്‍റെ സ്ഫോടനം എന്ന നിലയ്ക്ക് പ്രതീകാത്മകമായിട്ടാണ്.
പൂജയ്ക്കും നിവേദ്യത്തിനും മറ്റും ആവശ്യമായ പഴം, ശര്‍ക്കര, പഞ്ചസാര തുടങ്ങിയ ദ്രവ്യങ്ങളെ തുലാഭാരം നടത്തുന്നയാളിന്‍റെ തൂക്കത്തിന് ദേവങ്കല്‍ സമര്‍പ്പിക്കുന്ന ഒരു വഴിപാടാണ് തുലാഭാരം. തന്നെയും തന്‍റെ സര്‍വ്വസ്വവും ദേവപാദത്തില്‍ അര്‍പ്പിച്ച് കൃതകൃത്യത അടയുന്ന പരമഭാഗവതനായ ഭക്തന്‍റെ അനുഷ്ഠാനമാണ് തുലാഭാരം.
അര്‍ച്ചന, അഭിഷേകം, മാലയും ചന്ദനവും ചാര്‍ത്തല്‍, വിളക്ക്, നിവേദ്യം എന്നിവ കൂടാതെ എണ്ണമറ്റവഴിപാടുകള്‍ ഇനിയുമുണ്ട്. ഗണപതിഹോമം, കറുകഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയവ ഇതില്‍ ചിലതാണ്. രോഗശാന്തിക്കും മനശാന്തിക്കും ശിവന് ധാരയും ഐശ്വര്യത്തിന് നിറപറയും ദാരിദ്രദുഃഖശമനത്തിനും ഐശ്വര്യത്തിനും അന്നദാനവും വഴിപാടുകളായി നടത്താറുണ്ട്.
ഇങ്ങനെ വഴിപാടുകളും അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്. അഭീഷ്ടസിദ്ധിയ്ക്ക് മുമ്പും ശേഷവും വഴിപാട് നടത്തുന്ന പതിവുണ്ട്. വഴിപാടുകള്‍ നേരുന്നതു മുതല്‍ ഭക്തന്‍റെ ഹൃദയവും മനസ്സും ഭഗവാനില്‍ കേന്ദ്രീകരിച്ചിരിക്കും.
No comments:
Post a Comment