ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 June 2016

നിലവിളക്കിലെ തിരി നിലവിളക്ക് കത്തിക്കുമ്പോള്‍

നിലവിളക്കിലെ തിരി നിലവിളക്ക് കത്തിക്കുമ്പോള്‍.........

നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. ശാസ്ത്രവിധിയില്‍ നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലത്രേ! അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം.
വിളക്കിന്‍റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്നയെയും, മുകള്‍ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു. ദീപം കത്തുന്നതോടെ ഓംകാരത്തിന്‍റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന തിരിയില്‍ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരം ഉണ്ടാകുമ്പോള്‍ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നു. ഇതാണ് പ്രണവതത്വമായ ഓംകാരധ്വനി. അതുകൊണ്ട് പ്രത്യേകമായ ജപാദികര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കിലും കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്കിന്‍റെ പവിത്രമായ മന്ത്ര സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുന്നതാണ്.
രണ്ടു, അഞ്ച്, ഏഴു (ഏഴിന്റെ ഗുണിതങ്ങൾ ആയിട്ടുള്ള) തിരികളിട്ടുവേണം നിലവിളക്ക് കത്തിക്കാൻ.
കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച്‌ പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്‌. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.വിളക്കുകളില്‍ നെയ്യ്‌ വിളക്കിനാണ്‌ ഏറ്റവും മഹത്വമുള്ളത്‌. പഞ്ചമുഖനെയ്‌ വിളക്കിനുമുമ്പിലിരുന്ന്‌ അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല്‍ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. നെയ്‌ വിളക്ക്‌ മറ്റ്‌ എണ്ണ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ കൊളുത്തരുത്‌. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ്‌ എണ്ണകള്‍ ഉപയോഗിച്ച്‌ വിളക്ക്കൊളുത്തരുതെന്നാണ്‌ സങ്കല്‍പം. കരിംപുക അധികം ഉയരുന്ന എണ്ണകള്‍ ഉപയോഗിക്കുന്നത്‌ അശ്രീകരമാണ്‌.പ്രശ്നമാര്‍ഗ്ഗത്തില്‍ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്‌. ദീപം ഇടത്തുവശത്തേക്ക്‌ തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള്‍ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്‌. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്‌. സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന്‌ പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്കൊണ്ട്‌ ഊതി നിലവിളക്ക്‌ അണയ്ക്കരുത്‌. തിരി പിന്നിലേക്കെടുത്ത്‌ എണ്ണയില്‍ മുക്കിയോ അല്‍പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ്‌ വിശ്വാസം.ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക്‌ എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്‌. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത്‌ മംഗളപ്രദമാണ്‌. ഒരുപിടി പൂവ്‌ വിളക്കിന്‌ മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക്‌ കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ നാമം ജപിക്കുന്നതിന്‌ ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന്‌ അറിയുക.കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്‌. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ്‌ വിളക്ക്‌ കൊളുത്തുന്നത്‌ ഐശ്വര്യപ്രദമാണ്‌

പ്രദക്ഷിണം
-------------------
ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിക്കും നാല്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം. സ്വയം ഭൂ ആഗമനത്തില്‍ 21 പ്രദക്ഷിണം ഉത്തമമാണെന്നു പറയുന്നു. മറ്റൊരു വിധിയനുസരിച്ച് ഗണപതിക്ക് ഒന്നും ആദിത്യനും ഭദ്രകാളിക്കും രണ്ടും ശിവന് മൂന്നും വിഷ്ണുവിന് നാലും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ദുര്‍ഗ്ഗയ്ക്കും ആല്‍മരത്തിനും ഏഴും വീതം പ്രദക്ഷിണങ്ങളാകാം. സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ നടത്തുന്ന പ്രദക്ഷിണത്താല്‍ സകല ആഗ്രഹങ്ങളും സാധിക്കുന്നു എന്നാണ് വിശ്വാസം. കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്. ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു എന്ന് അംശുമതി ആഗമത്തില്‍ പറയുന്നുണ്ട്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും.
ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണത്തിനു അല്പം വ്യത്യാസമുണ്ട്. ഇവിടെ ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തൂകൂടി പ്രദക്ഷിണമായി എത്തുകയും അവിടെനിന്ന് താഴികകുടം നോക്കി വന്ദിച്ചശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തുകയും മടങ്ങി ക്ഷേത്രനടയിലെത്തുകയും ചെയ്യണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ണമാകുന്നത്. താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളാണ് ഈ വിത്യസ്തതയ്ക്കു പിന്നിലുള്ളത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്‍മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ്. ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതുകൊണ്ടാണ് ശിവാഗമത്തില്‍ സോമസൂത്രം ന ലംഘയേല്‍ എന്നു പറഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിനു സമീപമെത്തുമ്പോള്‍ സാധകന്‍തന്നെ സഹസ്രാരപത്മം വരെ എത്തുന്നു. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം.
പ്രദക്ഷിണത്തിനുശേഷം ദേവനെ ദര്‍ശിച്ചുവന്ദിക്കുന്നു. പിന്നീടാണ് നമസ്‌കാരം. സാഷ്ടാംഗ നമസ്‌കാരമാണ് ഏറ്റവും ഉത്തമം. മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി(തൊഴുകൈ), കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ എന്നിവയാണ് എട്ടംഗങ്ങള്‍. നമസ്‌കരിച്ചുകിടക്കുന്ന സമയത്ത് കാലടികള്‍, കാല്‍മുട്ടുകള്‍, മാറ്, നെറ്റി എന്നീ നാലുസ്ഥാനങ്ങള്‍ മാത്രമേ നിലത്തുമുട്ടാവൂ. അങ്ങനെ കിടന്നുകൊണ്ട് കൈകള്‍ തലക്കുമീതെ നീട്ടി തൊഴുന്നു. അഞ്ജലി കൂപ്പുന്നത് അഞ്ചാം അംഗവും ദേവസ്തുതിയാര്‍ന്ന വാക്ക് ആറാം അംഗവും ദേവനെ ദര്‍ശിക്കുന്ന കണ്ണ് ഏഴാം അംഗവും ദേവനെ ധ്യാനിക്കുന്ന മനസ്സ് എട്ടാം അംഗവും ഇങ്ങനെയാണ് സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത്. പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌കാരം എന്നിവ കഴിഞ്ഞിട്ടുവേണം തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുവാന്‍. രിക്തഹസ്തനായി ദേവദര്‍ശനം പാടില്ല. യഥാശക്തി കാണിക്കയിടുകയും വഴിപാടുകള്‍ കഴിക്കുകയും വേണം. വലം കൈകൊണ്ട് തീര്‍ത്ഥം വാങ്ങി കൈ ചുണ്ടില്‍ തൊടാതെ വിരലുകള്‍ക്കിടയില്‍ക്കൂടി നാവിലേക്കിറ്റിക്കുകയാണു വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നുള്ളതിനാല്‍ ശ്രദ്ധയോടെ മൂന്നുരു നാരായണ നാമം ജപിച്ചുവേണം തീര്‍ത്ഥം സേവിക്കേണ്ടത് എന്നാണ് പ്രമാണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്.

ക്ഷേത്രാരാധനയുടെ പൊരുള്‍

കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. ക്ഷത്രത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത് മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും. ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും. ക്ഷേത്രദര്‍ശനത്തിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവും സംതൃപ്തിയും അനിര്‍വചനീയമെന്ന് അനുഭവസ്ഥര്‍ പറയും.
""ദേഹോ ദേവാലയ പ്രോക്തു
ജീവേ ദേവ സദാശിവ''
എന്നാണ് യോഗാശാസ്ത്രഗ്രന്ഥമായ "കുളാര്‍വതന്ത്രം' പറയുന്നത്. അതായത്, ദേഹം ദേവാലയമായി സങ്കല്പിച്ചാല്‍ ജീവന്‍ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിലെങ്ങനെയാണോ ജീവന്‍ അതുപോലെയാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തുകയാണെന്ന തിരിച്ചറിവ് നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ക്കുണ്ടായിരുന്നു. മുന്‍ശ്ളോകത്തില്‍ അന്തര്‍ലീനമായ വസ്തുതയും ഇതുതന്നെ.
ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന് പ്രപഞ്ചസത്യം. സര്‍വ്വത്ര വ്യാപിച്ച ഈശ്വരചൈതന്യത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ലഭ്യമാക്കുകയാണ് ക്ഷേത്രത്തിന്റെ ധര്‍മം. കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭൗതിക, ആത്മീയ ഉയര്‍ച്ചയുടെ പ്രഭവകേന്ദ്രമായി മാറത്തക്കവിധം ഏതെങ്കിലുമൊരു ഭൗതിക വസ്തുവിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിക്കാനുള്ള കുശാഗ്രബുദ്ധി നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായി. തന്ത്രമന്ത്രങ്ങളിലൂടെ ആ വസ്തുവിന്റെ ചൈതന്യം വര്‍ധിപ്പിച്ച് ജനോപകാരത്തിന് ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഒരു നാടിന്റെ ജീവനാഡിയാണ്.
"വിഗ്രഹ'മെന്നാല്‍ വിശേഷാല്‍ ഗ്രഹിക്കുന്നതെന്നാണര്‍ത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായി പാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ ദേവചൈതന്യം കുടിയേറും. തന്ത്രി പ്രതിഷ്ഠാമന്ത്രം ചൊല്ലി വിഗ്രഹം പീഠസുഷിരത്തില്‍ ഇറക്കിവെയ്ക്കുമ്പോള്‍, പുറത്ത് ശംഖ്, മരപ്പാണി എന്നിവയുടെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. "തോ', "തൈ' എന്നീ രണ്ട് കൊട്ട് മന്ത്രത്തിന്റെ യതിസ്ഥാനത്ത് കേള്‍ക്കാം. കൃത്യമാത്രയിലെ ഈ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന വൈഖരിതരംഗത്തിലൂടെ ആചാരമന്ത്രത്തിന്റെ പ്രാണസ്പന്ദനങ്ങള്‍ വിഗ്രഹം ഏറ്റുവാങ്ങുന്നു. ഈ വൈഖരിതരംഗത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാം. ഈ തരംഗം ഒരു വസ്തുവില്‍ തട്ടുമ്പോള്‍ പുറത്തെ ഇലക്ട്രോണുകള്‍ തൊട്ടടുത്ത പഥത്തിലേക്ക് പോകുന്നു. എല്ലാ പരമാണുക്കളുടെയും ഈ അധികോര്‍ജമാണ് അനുഗ്രഹവര്‍ഷമായി വിഗ്രഹത്തില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ ഊര്‍ജം സ്വീകരിക്കുകയാണ് ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യഘടകം. ഒരു ക്ഷേത്രത്തിന് പരമാണുവിന്റെ (ആറ്റം) ഘടനയാണുള്ളത്. ന്യൂക്ളിയസ് എന്ന കേന്ദ്രബിന്ദുവും അതിനു പുറമെ ഇലക്ട്രോണുകളുടെ ഏഴ് കേന്ദ്രവൃത്തങ്ങളും കെ, എല്‍, എം, എന്‍, ഒ, പി, ക്യൂ തുടങ്ങിയ ഏഴ് ഷെല്ലുകളുണ്ട്. ഇതനുസരിച്ച് ശ്രീകോവിലിനെ "കെ' ഷെല്ലായും അന്തര്‍മണ്ഡലത്തെ "എല്‍' ഷെല്ലായും വിളക്കുമാടത്തെ "എന്‍' ഷെല്ലായും പുറത്തെ ബലിവട്ടത്തെ "ഒ' ഷെല്ലായും പ്രദക്ഷിണ വഴിയെ "പി' ഷെല്ലായും പുറമതിലിനെ "ക്യൂ' ഷെല്ലായും കണക്കാക്കുന്നു. ഇത്തരം ഊര്‍ജസവിശേഷതകള്‍ പുരാതനകാലം തൊട്ടേ ആചാര്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നത് അത്യത്ഭുതമാണ്. ഈ ശ്രമത്തില്‍ പ്രദക്ഷിണവഴിയും ചുറ്റുമതിലും അപ്രധാനമെന്ന് കണക്കിലെടുത്താല്‍ ബാക്കിയുള്ളവയെ പഞ്ചപ്രാകാരങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ പഞ്ചപ്രാകാരങ്ങളിലൂടെ ചൈതന്യം സംഭരിക്കപ്പെടുന്നു.
ഒരു മനുഷ്യന്‍ രണ്ട് കൈകളും കൂപ്പി മുകളിലേക്കുയര്‍ത്തി നില്‍ക്കുന്നതുപോലുള്ള ഘടനയാണ് ക്ഷേത്രത്തിന്റേത്. ശ്രീകോവിലില്‍ തലവെച്ചും, ചുറ്റമ്പലത്തില്‍ കരങ്ങള്‍ വെച്ചും ഗോപുരത്തിലേക്ക് പാദങ്ങള്‍ വെച്ചും കിടക്കുന്ന ഭഗവാന്റെ രൂപമായും കണക്കാക്കപ്പെടുന്നു. അതിനാല്‍ ഗോപുരം തൊട്ടുവണങ്ങിയാല്‍ ഭഗവാന്റെ പാദം തൊട്ടു വന്ദിക്കുന്നതായാണ് സങ്കല്പം.
പ്രതിഷ്ഠാസമയത്ത് സ്വയംഭൂക്ഷേത്രമല്ലെങ്കില്‍ ഷഡാധാര ക്രിയയിലൂടെയാണ് ക്ഷേത്രനിര്‍മാണവും വിഗ്രഹപ്രതിഷ്ഠയും നിര്‍വഹിക്കുന്നത്.
യോഗാനാളം നപുംസക ശിലകൊണ്ടുണ്ടാക്കിയ പീഠത്തെ തുളച്ച് വിഗ്രഹത്തെ ബന്ധിക്കുന്ന ഷഡാധാര പ്രക്രിയ ക്ഷേത്രനിര്‍മാണഘട്ടത്തിലുണ്ട്. ഒരു മനുഷ്യന്റെ നട്ടെല്ലിനകത്തുകൂടി സുഷുമ്നാ നാഡിയും അതിനു സമാന്തരമായി പോകുന്ന ഇട, പിംഗള നാഡികളും കൂടിച്ചേരുന്ന ആറ് ഗാംഗ്ളിയകളായി ഷഡാധാര പ്രക്രിയയെ ഗണിക്കാം. മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആഞ്ജ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ഈ ആറ് ഗാംഗ്ളിയകളിലൂടെയാണ് മന്ത്രധ്വനികള്‍ ദേവന്റെ കുണ്ഡലിനിശക്തിയെ സഹസ്രാധാരദളപത്മത്തിലേക്ക് ഉയര്‍ത്തുന്നത്. അനേകം കാരണങ്ങളാല്‍ ദിനം പ്രതി കുറയുന്ന ദേവചൈതന്യത്തെ വര്‍ധിപ്പിക്കുകയാണ് പൂജാരിയുടെ ധര്‍മം.
തന്ത്രിയും ക്ഷേത്രശാന്തിക്കാരനുമാണ് ചൈതന്യത്തെ സന്നിവേശിപ്പിക്കുന്നവര്‍. അമ്പലത്തില്‍ പൂജ ചെയ്യുന്നവര്‍ പ്രസാദം നല്‍കുമ്പോഴും മറ്റും അന്യസ്പര്‍ശം ഇല്ലാതിരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെ? ചൈതന്യ ലോപത്തെ കരുതിയാണിത്. സാന്ദ്രത കുറഞ്ഞ വസ്തു സാന്ദ്രതയുള്ള വസ്തുവില്‍ സ്പര്‍ശിക്കുമ്പോള്‍ കൂടിയ സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് ഒഴുകും. അതുതന്നെയാണ് ക്ഷേത്രപൂജാരി അന്യരെ സ്പര്‍ശിക്കുമ്പോഴും സംഭവിക്കുക.
ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരില്‍ കുറെ പേര്‍ക്കെങ്കിലും ദര്‍ശനം എങ്ങനെ നിറവേറ്റണമെന്നതിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകാറില്ല. കുളിച്ച് ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞ ക്ഷേത്രമതില്‍ക്കകത്ത് പ്രവേശിക്കാന്‍. കുളിയും വൃത്തിയുള്ള വസ്ത്രവും ക്ഷേത്രദര്‍ശനത്തിന്റെ പ്രഥമകാര്യമാണ്. പാദരക്ഷകള്‍ അഴിച്ച് പുറത്തുവെച്ച് കൂപ്പുകൈ നെഞ്ചോട് ചേര്‍ത്ത് അകത്തെത്തുന്ന ഭക്തന്‍ പ്രദക്ഷിണം നടത്തണം.പ്രദക്ഷിണത്തെക്കുറിച്ച് തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്.
"പ്ര' ഛിന്നതി ഭയം സര്‍വ്വേ
"ദ' കാരോ മോക്ഷസിദ്ധിദേഃ
"ക്ഷി' കാരോ ത്ക്ഷീയതേ രോഗോ
"ണ' കാരം ശ്രീ പ്രദായകം
അതായത് "പ്ര' എന്ന അക്ഷരം സര്‍വ്വ ഭയനാശത്തേയും "ദ' കാരം മോക്ഷത്തെയും "ക്ഷി' കാരം രോഗം, അപരാധം എന്നിവയുടെ ശമനത്തേയും "ണ' കാരം ഐശ്വര്യത്തേയും കുറിക്കുന്നു.
ദേവനെ കേന്ദ്രബിന്ദുവായി സങ്കല്പിച്ച് നടത്തുന്ന പ്രദക്ഷിണം ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടിവേണം. ചുറ്റുമതിലിന് പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന് അന്തര്‍മണ്ഡലത്തിലെയും ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ദേവനില്‍നിന്ന് എത്രയും അകന്ന് വലംവെച്ചാല്‍ അത്രയും നല്ലതാണെന്നര്‍ത്ഥം.
ഓട്ടപ്രദക്ഷിണം എന്ന് നമ്മള്‍ ഹാസ്യരൂപേണ പറയാറുണ്ട്. ക്ഷേത്രത്തില്‍ ഇതു പാടില്ല. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ തലയില്‍ എണ്ണക്കുടവുമായി അടിവെച്ചടിവെച്ച് നടക്കുംപോലെ വേണം പ്രദക്ഷിണം എന്ന് യോഗശാസ്ത്രങ്ങള്‍ പറയുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ചും നാമം ചൊല്ലിയും വേണം പ്രദക്ഷിണം നടത്താന്‍. ധൃതി കൂടാതെ പൂര്‍ണ്ണമനസ്സോടെ നടത്തുന്ന പ്രദക്ഷിണത്തിന് ഫലം കൂടുമത്രെ. ഓരോ ദേവനുമുണ്ട് പ്രദക്ഷിണ കണക്കുകള്‍. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, ദേവി, വിഷ്ണു, ശാസ്താവ് ~ നാല്, സുബ്രഹ് മണ്യന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് ചിട്ട.
ഒരു പ്രദക്ഷിണംകൊണ്ട് ബ്ര ഹ് മഹത്യപാപം തീരും. രണ്ടാം പ്രദക്ഷിണത്തില്‍ ദേവാരാധനക്കര്‍ഹരാകും. മൂന്നാമത്തതോടെ മുക്തിയും പ്രാപ്യമാകുമെന്നാണ് ബ്രഹ് മനാരദീയം പറയുന്നത്. പ്രദക്ഷിണവും നമസ്ക്കാരവും ചെയ്ത് തീര്‍ത്ഥവും പ്രസാദവും മൂന്നുതവണ നാരായണമന്ത്രത്തോടെ സേവിക്കണം. ഈ തീര്‍ത്ഥവും ചന്ദനവും ശരീരത്തിന് ഉന്മേഷവും ഉത്തേജനവും നല്‍കും.

ശയനവിധി
------------------
കിഴക്കോട്ടും തെക്കോട്ടും തലവെച്ച് ശയിക്കണമെന്ന് ശാസ്ത്രം പറയുന്നതിന്റെ പിന്നില് ആദ്ധ്യാത്മീയമായും ഭൗതീകമായും കാരണങ്ങളുണ്ട്. ശാസ്ത്രമനുസരിച്ച് കിഴക്ക് ദേവന്മാരും, തെക്ക്പിതൃക്കളും പടിഞ്ഞാറ് ഋഷിമാരും നില്ക്കുന്നു. വടക്കുദിക്ക് ആരുടേയും പ്രത്യേക സ്ഥാനമല്ല. അത് മനുഷ്യദിശയാണ്. കിടക്കുമ്പോള് കാല്വെയ്ക്കാന്‍ വടക്കുവശം നന്നാകുന്നു. കാരണം ആരുടേയുംസ്ഥാനമല്ലായ്കയാല്, തന്നെ നിന്ദിച്ചുവെന്നാരും കരുതുകയില്ലല്ലോ. തെക്കുദിശയില് തല വെച്ചാല് പിതൃക്കളുടെ പ്രീതി സമ്പാദിക്കാം. കിഴക്കുപടിഞ്ഞാറുകളില്, കിഴക്ക് ദേവസ്ഥാനമാകയാല്, അവിടേക്ക് കാല് വെയ്ക്കുന്നത് നിഷിദ്ധമാകുന്നു. പടിഞ്ഞാറേക്ക് കാല് വെച്ച് ശിരസ്സ് കിഴക്കു നല്കുമ്പോള് ദേവന്മാര് പ്രസാദിക്കുകയാല് ഋഷിമാര് ശാന്തരായി വര്ത്തിക്കുന്നു. കൂടാതെ ദിക്പാല വിന്യാസമെടുത്തു നോക്കിയാല് കിഴക്കിന്റെ അധിപനായ ഇന്ദ്രനും, തെക്കിന്റെ അധിപനായ യമനും, നമുക്ക് സത്ബുദ്ധി തരാന് ശക്തിയുള്ള ദേവന്മാരാകയാല്‍ ശിരസ്സ് അവരുടെ സ്ഥാനത്തേക്ക് അര്പ്പിക്കുന്നു. പടിഞ്ഞാറിന്റെ അധിപന് വരുണനും, വടക്കിന്റെ കുബേരനും സത്ബുദ്ധി പ്രദാക്കളോ, ജ്ഞാന ദാതാക്കളോ അല്ല. പകരം ഭോഗചിന്തയും, ഭോഗപ്രാപ്തിയും തരുന്നവരാണ്. ആകയാല് തല അവിടേക്ക് പാടില്ല. ഭൌതികമായി നോക്കിയാല് , പ്രപഞ്ചത്തിലെ സകലതും വലത്തുനിന്നും ഇടത്തേക്ക് സഞ്ചരിക്കുന്നതായി കാണാവുന്നതാണ്.ഇടത്തുനിന്നും വലത്തേക്ക് സഞ്ചരിക്കുന്നത് അപ്രദക്ഷിണമായിക്കാണാറുണ്ട്. അപ്രദക്ഷിണരീതി ശരീരത്തിന്റെ സന്തുലനത്തെ തെറ്റിക്കും എന്നതിനാല് വലത്തേക്കുള്ള പ്രദക്ഷിണ സൂചനയായി കിഴക്ക് തെക്ക് ദിശകള് ശിരസ്സും, പടിഞ്ഞാറ് വടക്ക് ദിശകള് പാദവും ആയി പരിഗണിക്കുന്നു. കൂടാതെ ഭൂമിയുടെ പരിക്രമണം, പടിഞ്ഞാറു നിന്ന് കിഴക്കോട്ടാകയാല്, കിഴക്ക് ശിരസ്സ് വെയ്ക്കുമ്പോള്, ശരീരത്തില് കൂടിയുള്ള ശക്തിസംക്രമണം നേര്ദിശയിലും പടിഞ്ഞാറേക്കുവെച്ചാല് വിപരീതദിശയിലും ആകുന്നു. വിപരീതദിശയില് ശയിച്ചാല് ശിരോദുര്ബ്ബലത സംഭവ്യമാകുന്നു. തലവടക്കാകുമ്പോള്, ഭൌമകാന്തിക തരംഗങ്ങള് വടക്കുനിന്നും തെക്കോട്ട് സഞ്ചരിക്കയാല് കാന്തികശക്തി തലയില്നിന്ന് കാലിലേക്ക് എത്തി ഇതേ അനുഭവം തന്നെ ഉണ്ടാകും.ചെറിയ സംഗതിയെന്നു തോന്നുമെങ്കിലും, ശിരോരോഗങ്ങള്, മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള് ഇവ പരിഹരിക്കാന് കിടപ്പിലെ നിയമങ്ങള് സഹായിക്കും. കഴിവതും കിഴക്കോ തെക്കോ ശിരസര്പ്പിച്ച് കിടക്കുക.

No comments:

Post a Comment