ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 June 2016

മഹാഗണപതിയന്ത്രം

വിഘ്‌നങ്ങള്‍ അകറ്റി തൊഴില്‍ മേന്മയും സമ്പത്തും നല്‍കുന്ന 'മഹാഗണപതിയന്ത്രം'

ഈ യന്ത്രം ആര്‍ക്കൊക്കെ ധരിക്കാം?

ഹൈന്ദവ യന്ത്രങ്ങളിലും ഗണപതിയിലും വിശ്വാസമുള്ള ഏതൊരാള്‍ക്കും ഈ യന്ത്രം ധരിക്കാം. ധരിക്കുന്ന ദിവസം മത്സ്യമാംസാദികള്‍ ഒഴിവാക്കുക. കൈ, കഴുത്ത്‌, ഭുജങ്ങള്‍ ഇതിലേതെങ്കിലും സ്‌ഥാനത്ത്‌ ഇതണിയാം.

അരയില്‍ കെട്ടരുത്‌. (കുട്ടികള്‍ക്കുപോലും അരയില്‍ കെട്ടരുത്‌). യന്ത്രം ധരിച്ചാല്‍ മാത്രം പോരാ യന്ത്രം നിര്‍മ്മിച്ചു തന്ന കര്‍മ്മിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പാലിക്കണം. അങ്ങനെ ചെയ്‌താലേ യന്ത്രത്തിന്റെ പൂര്‍ണ്ണ ചൈതന്യഫലം ലഭ്യമാകൂ.

*യന്ത്ര പരിപാലനം*

ആവശ്യം പറഞ്ഞ്‌ ഒരു യന്ത്രം നിര്‍മ്മിച്ചു ധരിച്ചാല്‍ അതോടെ എല്ലാമായി എന്ന ഒരു വിശ്വാസമാണ്‌ പലരും വച്ചു പുലര്‍ത്തുന്നത്‌.

ഒരു ദേവ ചൈതന്യമാണ്‌ യന്ത്രത്തിനകത്തുള്ളത്‌. അതിന്‌ അശുദ്ധികള്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത്‌ യന്ത്രം ധരിക്കുന്നയാളിന്റെ ചുമതലയാണ്‌.

ചില പെണ്‍കുട്ടികളും കുട്ടികളും യന്ത്രം പിടിച്ചു കടിച്ചു രസിക്കുന്നതായി കണ്ടിട്ടുണ്ട്‌. ഇത്‌ യന്ത്രത്തിന്റെ ചൈതന്യത്തെ ദോഷപ്പെടുത്തുന്ന സമ്പ്രദായമാണ്‌. കുടുംബത്തിലുണ്ടാകുന്ന പുല വാലായ്‌മകളൊന്നും തന്നെ ഏലസ്സിനെ ബാധിക്കാറില്ല.

കാരണം യന്ത്രമെഴുതി ഏലസ്സിനുള്ളില്‍ കുടിയിരുത്തുമ്പോള്‍ത്തന്നെ കര്‍മ്മി കുഴലുകളുടെ ഇരുവാതിലുകളിലും രക്ഷാമന്ത്രം കവചമന്ത്രം, ശുദ്ധിമന്ത്രം ഇവ ചൊല്ലി ബലപ്പിച്ചിരിക്കും.

അതുകൊണ്ടുതന്നെ യഥാവിധി എഴുതിയ യന്ത്രങ്ങള്‍ തദവസരത്തില്‍ അഴിച്ചുവയ്‌ക്കേണ്ടതായി വരുന്നില്ല. എന്നാല്‍ ചില കര്‍മ്മിമാര്‍ അശുദ്ധാവസ്‌ഥകളില്‍ യന്ത്രം ഊരിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അപ്രകാരം ചെയ്യുക.

*ഒരു യന്ത്രത്തിന്‌ എത്രനാള്‍ ശക്‌തി നിലനില്‍ക്കും?*

യന്ത്ര ചൈതന്യത്തെ നിങ്ങള്‍ എത്രകാലം കാത്തുസൂക്ഷിക്കുന്നുവോ അത്രയും നാള്‍ എന്നേ ഇതിന്‌ മറുപടിയുള്ളൂ. ഏഴുവര്‍ഷം ചൈതന്യം വര്‍ഷിക്കേണ്ട യന്ത്രം ധരിച്ച്‌ ഏഴാംനാള്‍ തന്നെ ചൈതന്യദോഷം സംഭവിച്ച്‌ ഗുണമേതുമില്ലാതായ സംഭവങ്ങളുണ്ടായിട്ടുണ്ട്‌.

ഹ്രസ്വകാലഫലം തരുന്നതും ദീര്‍ഘകാല (ആയുഷ്‌ക്കാലം) ഫലം നല്‍കുന്നതുമായ അനേകം യന്ത്രങ്ങളുണ്ട്‌. നിങ്ങള്‍ക്ക്‌ യന്ത്രം തയ്യാര്‍ ചെയ്‌തുതരുന്ന കര്‍മ്മിയോടു തന്നെ അത്തരം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കണം. പല യന്ത്രങ്ങളും നേരിട്ട്‌ ഭൂസ്‌പര്‍ശമേറ്റാല്‍ ബലക്ഷയം വരുന്നതാണ്‌.

*യന്ത്രങ്ങള്‍ ധരിച്ചശേഷം പൂജിക്കേണ്ടതുണ്ടോ?*

ഇതും കര്‍മ്മിയുടെ ആജ്‌ഞാനുസരണം ചെയ്യേണ്ടകാര്യമാണ്‌. പൂജിക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിന്‍പ്രകാരം ചെയ്യുക. എന്നിരിക്കിലും ക്ഷേത്രങ്ങളില്‍ കൊടുത്ത്‌ യന്ത്രം പൂജിച്ചു വാങ്ങാതിരിക്കുകയാണ്‌ ഉത്തമം.

പ്രശസ്‌തമായ പല ക്ഷേത്രങ്ങളിലും യന്ത്രം പൂജിച്ച്‌ നല്‍കാറില്ല എന്ന കാര്യവും ഓര്‍ക്കണം. ഇതിന്‌ കാരണം ക്ഷേത്രങ്ങളില്‍ യന്ത്രം പൂജിക്കാന്‍ കൊണ്ടു ചെല്ലുന്ന വ്യക്‌തി മിക്കപ്പോഴും ആ യന്ത്രത്തെക്കുറിച്ച്‌ തികഞ്ഞ അജ്‌ഞനായിരിക്കും.

ഏതോ ഒരു ദേഹരക്ഷ കര്‍മ്മി തയാര്‍ ചെയ്‌തു തന്നു. ഞാന്‍ ധരിച്ചു എന്ന മട്ടിലുള്ളതാവും മറുപടി. ഏതായാലും ഒരു ചൈതന്യം നിറഞ്ഞതാവുമല്ലോ ആ യന്ത്രം.

അത്‌ ക്ഷേത്രത്തിനുള്ളിലെ ബിംബ ചൈതന്യത്തിന്‌ ഹിതമായതാണോ അഹിതമായതാണോ എന്നറിയുവാന്‍ തരമില്ലാത്ത സ്‌ഥിതിക്ക്‌ ആ യന്ത്രത്തെ ശ്രീലകത്തേക്ക്‌ പ്രവേശിപ്പിക്കാതിരിക്കുകയാണുത്തമം.

ഉദാഹരണത്തിന്‌ ശൈവയന്ത്രങ്ങള്‍ വൈഷ്‌ണവ ക്ഷേത്രങ്ങളിലും വൈഷ്‌ണവ യന്ത്രങ്ങള്‍ ശൈവ ശ്രീലകത്തും പൂജിക്കുവാന്‍ പാടില്ലാത്തതാണ്‌.

ചില ഭക്‌തര്‍ യന്ത്രങ്ങളെക്കുറിച്ച്‌ വലിയ അറിവുള്ളവരെപ്പോലെ സംസാരിച്ചുവെന്നിരിക്കും. അത്‌ സുദര്‍ശന യന്ത്രമാണ്‌. ഇതു മൃത്യുഞ്‌ജയ യന്ത്രമാണ്‌ എന്നൊക്കെ പറയും. സുദര്‍ശനയന്ത്രം വൈഷ്‌ണവമാണല്ലോ.

വൈഷ്‌ണവ ക്ഷേത്രത്തില്‍ ഇത്‌ പൂജിക്കാം. എന്ന്‌ മേല്‍ശാന്തി ധരിക്കാന്‍ പാടില്ല. പലപ്പോഴും യന്ത്രത്തെക്കുറിച്ച്‌ ഭക്‌തനായ വിശ്വാസി പറയുന്നത്‌ ശരിയാകണമെന്നില്ല. സുദര്‍ശനയന്ത്രമാണെന്ന്‌ പറഞ്ഞ്‌ കര്‍മ്മി അയാള്‍ക്ക്‌ മറ്റൊരു യന്ത്രം കൊടുത്താലും മതിയാകും.

ഇതൊക്കെ ആരു കാണുന്നു? തുറന്നു നോക്കി മനസ്സിലാക്കാം എന്ന്‌ വിചാരിച്ചാല്‍ യന്ത്രം തയ്യാര്‍ ചെയ്‌ത കര്‍മ്മി ഇട്ടുവച്ച രക്ഷാകവചങ്ങളെല്ലാം ഭേദിക്കപ്പെടും. അതും ദോഷമാണ്‌.

അതുകൊണ്ട്‌ യന്ത്രം പൂജിക്കണമെന്ന്‌ നിര്‍ബ്ബന്ധമുള്ളവര്‍ക്ക്‌ ക്ഷേത്രമേല്‍ശാന്തി സ്വന്തം പൂജാമുറിയില്‍വച്ച്‌ പൂജിച്ചു കൊടുക്കകയാവും നല്ലത്‌.

നിലവില്‍ യന്ത്രപൂജകള്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച്‌ നടത്തുന്ന ക്ഷേത്രങ്ങളിലെ ഭാരവാഹികള്‍ ഇക്കാര്യം മനസ്സിലാക്കി തന്ത്രിയുടെ ഉപദേശത്തോടെ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്‌താല്‍ ബിംബ ചൈതന്യത്തിന്‌ കളങ്കമേല്‍ക്കാതെ കാത്തുസൂക്ഷിക്കാവുന്നതാണ്‌.

No comments:

Post a Comment