ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 June 2016

പ്രണയം വെളിപ്പെടുത്തിയ ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞെറിഞ്ഞത് ശരിയാണോ?

രാമായണ മാസത്തിന് മുമ്പ് ചില രാമ ചിന്തകൾ, ഒപ്പം രാമായണത്തെ കുറിച്ചുള്ള ആരോപണങ്ങളും. അവയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയാണിത്.

*ചോദ്യം :* പ്രണയം വെളിപ്പെടുത്തിയ ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞെറിഞ്ഞത് ശരിയാണോ?

*ഉത്തരം :* ശ്രീരാമനും ലക്ഷ്മണനും തന്റെ വിവാഹാഭ്യർത്ഥന നിരാകരിച്ചതിൽ കുപിതയായ ശൂർപ്പണഖ സീതയെ നോക്കി, രാമനോടായി ഇങ്ങനെ പറഞ്ഞു..

*വിരൂപാം അസതിം കരാളാം നിർണ്ണദോതരീം വൃദ്ധാം ഇമാം*
*ത്വം ഭാര്യാം അവഷ്ടഭ്യ മാം ബഹുമാന്യസേന*
*അഭയ മാനുശീം ഇമാം തവ പശ്യത: ഭക്ഷയിഷ്യാമി*
*നിസപത്നാ: ത്വയാ സഹ യഥാ സുഖം ചരിഷ്യാമി :*

ലക്ഷണമില്ലാത്തവളും വിരൂപയും ദുഷ്ടയും വൃദ്ധയും ആയ ഇവൾ ഭാര്യയായി ഇരിക്കുന്നത് കൊണ്ടല്ലേ എന്നെ സ്വീകരിക്കാത്തത്? അത് കൊണ്ട് ഇവളെ ഇപ്പോൾ തന്നെ ഞാൻ തിന്നു കളയാം. പിന്നീട് വിഭാര്യനായ അങ്ങേക്ക് എന്നോടൊപ്പം സുഖമായി വസിക്കാം എന്ന് പറഞ്ഞ് സീതയോടടുക്കുമ്പോൾ ശ്രീരാമൻ ലക്ഷ്മനനോട് പറയുന്നു,  "സ്ത്രീയായത് കൊണ്ട് കൊല്ലാതെ, അംഗഭംഗം ചെയ്തു വിരൂപയാക്കി വിടൂയിവളെ".

കാരണം സ്വന്തം ഭാര്യയെ വധിക്കാനായി ശത്രു അടുക്കുമ്പോൾ നോക്കിയിരിക്കുക എന്നുള്ളതല്ല ഭർതൃധർമം.

ഇനി നമുക്ക് വേണമെങ്കിൽ അനുജൻ ലക്ഷ്മണന്റെ ഭാഗത്ത് നിന്നും ചിന്തിക്കാം. വനവാസത്തിനായി

പോകുന്ന സമയത്ത് ലക്ഷ്മനനോട് അമ്മ സുമിത്ര പറയുന്നു..

*രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം*
*അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം"*

അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്ന് അറിഞ്ഞാലും) നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചുകൊള്ളണം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ (അമ്മയെ) വിചാരിച്ചുകൊള്ളണം.

അതായത് വനവാസത്തിൽ ലക്ഷ്മണന് സീത സ്വന്തം അമ്മക്ക് തുല്യയാണ്. ആ അമ്മയെ ആണ്, ശൂർപ്പണഖ വധിക്കാൻ ശ്രമിച്ചത്. സ്വന്തം അമ്മയെ ഒരാൾ വധിക്കാൻ ശ്രമിക്കുമ്പോൾ ആയുധപാണിയായ യോദ്ധാവായ മകൻ മിഴുങ്ങസ്യ എന്ന് നോക്കി നില്ക്കണോ? അതിനാൽ തന്നെ തീർച്ചയായും രാമലക്ഷ്മണന്മാരുടെ ഈ പ്രവർത്തി യാതൊരു വിധത്തിലും തെറ്റല്ല, മറിച്ച് ഭർത്താവായും മകനായുമുള്ള അവരുടെ കർത്തവ്യ നിർവഹണമാണ് നടന്നത്.

No comments:

Post a Comment