ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2016

അർജുനന്റെ രഥത്തിന്‍റെ രഹസ്യം

മഹാഭാരതയുദ്ധത്തിൽ അർജുനന്റെ രഥത്തിന്‍റെ രഹസ്യം ശ്രീകൃഷ്ണന്‍റെ വാക്കുകള്ളിൽ :-

പാണ്ഡവരുംകൌരവരും തമ്മിലുണ്ടായ മഹാഭാരതയുദ്ധത്തിൽ പാണ്ഡവർ വിജയികളായി. ശ്രീകൃഷ്ണനായിരുന്നു പാണ്ഡവരുടെ വിജയശിൽപ്പി. അടർക്കളത്തിൽ നിന്നും യാത്രയാകുംമുമ്പ് ശ്രീകൃഷ്ണൻ അർജുനനെ അടുത്തുവിളിച്ച് പറഞ്ഞു. "പാർത്ഥാ, യുദ്ധത്തിൽ ജയിച്ചവർ ഒരു രാത്രി തോറ്റവരുടെ താവളത്തിൽ കഴിയണമെന്നുണ്ട്. അതുകൊണ്ട് നമുക്ക് കൌരവരുടെ താവളത്തിലേക്ക് പോവാം". അർജുനൻ അത് സമ്മതിച്ചു. താമസിയാതെ ശ്രീകൃഷ്ണന്റെ നേതൃത്വത്തിൽ പാണ്ഡവർ കൌരവരുടെ താവളത്തിലേക്ക് യാത്രയായി. അർജുനന്റെ രധത്തിലായിരുന്നു യാത്ര.കൌരവരുടെ താവളത്തിലെത്താറായപ്പോൾ ശ്രീകൃഷ്ണൻ പാണ്ഡവരെയെല്ലാം അടുത്തുവിളിച്ചു. പിന്നീട് അർജുനനോട് ഗാണ്ഡീവവും മറ്റു ആയുധങ്ങളുമെടുത്ത് താഴെയിറങ്ങാൻ ശ്രീകൃഷ്ണൻ ആവശ്യപ്പെട്ടു. താവളത്തിലെത്താൻ കുറച്ചു ദൂരം കൂടിയുണ്ട്. പിന്നെ എന്തിനാണാവോ ശ്രീകൃഷ്ണൻ തന്നോട് രഥത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുന്നത്? അർജുനന് സംശയമായി. അർജുനൻ മനസ്സില്ലാമനസ്സോടെ രഥത്തിൽ നിന്നിറങ്ങി. മറ്റുള്ളവരും താഴെയിറങ്ങി. തൊട്ടുപിന്നാലെ അതുവരെ രഥം തെളിച്ചിരുന്ന ശ്രീകൃഷ്ണനും, ചമ്മട്ടിയും കടിഞ്ഞാണുമായി രഥത്തിൽ നിന്നും താഴെയിറങ്ങി. പെട്ടന്ന് ഒരത്ഭുതം കണ്ട് പാണ്ഡവർ വിസ്മയിച്ചുപോയി. രഥത്തിന്‍റെ കൊടിയിലുണ്ടായിരുന്ന ഹനുമാൻ അതാ ആകാശത്തേക്കുയരുന്നു. അടുത്ത നിമിഷത്തിൽ രഥം കത്തിക്കരിഞ്ഞ് ഒരുപിടി ചാരമായി മാറി. ആ കാഴ്ചകണ്ട്‌ അർജുനന്റെ കണ്ണുനിറഞ്ഞു. ഖാണ്ഡവദാഹത്തിനും മഹാഭാരതയുദ്ധത്തിനും തന്നെ സഹായിച്ച രഥവും കുതിരകളുമല്ലേ കത്തിക്കരിഞ്ഞു പോയത്........ "കൃഷ്ണാ എന്താണിത്....?. അഗ്നിദേവൻ എനിക്ക് സമ്മാനിച്ച തേരാണിത്. ദിവ്യമായ ആ തേര്......". പാർത്ഥന്റെ കണ്ഠമിടറി.
ശ്രീകൃഷ്ണൻ അർജുനന്റെ അടുത്തുചെന്നിട്ട് ഇപ്രകാരം പറഞ്ഞു. "പാർത്ഥാ, രഥം അതിന്‍റെ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞു. യുദ്ധത്തിനിടയിൽ എത്രയോ ദിവ്യാസ്ത്രങ്ങളെയാണ് നിന്‍റെ രഥം തടഞ്ഞു നിർത്തിയത്. ബ്രഹ്മാസ്ത്രത്തിനുപോലും അതിനെ തകർക്കാൻ കഴിഞ്ഞോ?".
"അതെ അർജുനാ, ഓരോ സൃഷ്ടിക്കും ഓരോ ലക്ഷ്യമുണ്ട്. എന്‍റെയും നിന്റെയുമെല്ലാം കാര്യം അതുപോലെയാണ്. ലക്‌ഷ്യം നിറവേറിക്കഴിഞ്ഞാൽ ലോകത്ത് അവയെ ആവശ്യമില്ല. അതുകൊണ്ട് നഷ്ടപ്പെട്ട രധത്തെയോർത്ത് നീ വിഷമിക്കണ്ട". ശ്രീകൃഷ്ണൻ അർജുനനെ ആശ്വസിപ്പിച്ചു. ശ്രീകൃഷ്ണന്‍റെ വാക്കുകൾ അർജുനന് ആശ്വാസമായി. മാത്രമല്ല, ജീവിതത്തിലെ വലിയൊരു പാഠം പാർത്ഥൻ പഠിക്കുകയും ചെയ്തു.

No comments:

Post a Comment