ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 June 2016

ജാതികളും ഉപജാതികളും..

കേരളത്തിലെ ജാതികളും ഉപജാതികളും.. കുലത്തൊഴിലും

ആധുനിക ചരിത്രകാരന്മാർ എന്തെഴുതിയാലും, വർത്തമാനകാല യാഥാർത്ഥ്യം എന്തായിരുന്നാലും ശരി, അടിസ്ഥാനപരമായി (പിന്നീട് ജാതിയായി മാറിയ) വർണ്ണങ്ങളെ തിരിച്ചത് ഭഗവത്ഗീതയിൽ പറയുന്നത് പോലെ കർമ്മാടിസ്ഥാനത്തിലായിരുന്നു എന്നത് സത്യം. ഇനി അഥവാ വർത്തമാനയാഥാർത്ഥ്യങ്ങൾ വച്ച് വർണ്ണങ്ങൾ (ജാതികൾ) തീരുമാനിക്കപ്പെട്ടത് അങ്ങനെയല്ല എന്ന് വാദിക്കുന്നവർ ഒരു പരിധി വരെ വിജയിച്ചെക്കാമെങ്കിലും, ജാതികളിലെ ഉപജാതികൾ സൃഷ്ടിക്കപ്പെട്ടത് ചെയ്യുന്ന തൊഴിലിന് അനുസരിച്ചായിരുന്നു എന്നുള്ളത് ഒരു തരത്തിലും ഖണ്ഡിക്കാൻ പറ്റാത്ത വസ്തുതയാണ് താനും. ഉദാഹരണത്തിന് കേരളത്തിലെ എല്ലാ ജാതികളിലുമുള്ള നൂറ് കണക്കിനുള്ള ഉപജാതികളെല്ലാം തന്നെ തൊഴിലടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിട്ടുള്ളത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളതായി കണക്കാക്കപ്പെടുന്ന ജാതി മുതൽ ഏറ്റവും താഴെയുള്ള ജാതിയിൽ വരെ വിവിധതരത്തിലുള്ള ഉപജാതികൾ, തൊഴിലടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരുന്നു എന്നതാണ് യാഥാർത്ഥ്യം. അങ്ങനെയാണ് നമ്പൂതിരിമാരിലും, നായന്മാരിലും ഈഴവരിലും തുടങ്ങി അടിസ്ഥാന വർഗ്ഗത്തിലും വരെ പരസ്പരം അടുപ്പിച്ചും അകറ്റിയും നിർത്തേണ്ട (അയിത്തം) അനേകം ഉപജാതികളും സമൂഹങ്ങളും ഉണ്ടായത്.
........................................
കേരളത്തിലെ ജാതികളും ഉപജാതികളും
............................
അമ്പലവാസികൾ

ക്ഷേത്രത്തിലെ ദാസ്യ വൃത്തി കുലകർമ്മവും ധർമ്മവുമായി കണക്കാക്കി ജോലി ചെയ്യുന്നവർ. ബ്രാഹ്മനർക്കും നായന്മാർക്കും ഇടയിലുള്ള വിഭാഗം. ഇതിൽ തന്നെ ഓരൊ വിഭാഗത്തിനും വ്യത്യസ്ത കർമ്മവും അതിനനുസരിച്ച് ജാതിനാമങ്ങളുമുണ്ട്. അകപ്പൊതുവാൾ, പുറപ്പൊതുവാൾ, പൊതുവാൾ, അടികൾ, കുരുക്കൾ, ചാക്യാർ, തീയാട്ടുണ്ണി, നമ്പ്യാർ, പട്ടരുണ്ണി, പിടാരൻ, പിഷാരടിമാർ, പുഷ്പകനമ്പ്യർ, പ്ലാപ്പിള്ളി, മാരാൻ, വാര്യന്മാർ എന്നിങ്ങനെ പൂണൂലുള്ളവരും ഇല്ലാത്തവരുമായി അമ്പലവാസികൾ നിരവധി.
......................................
ഈഴവർ/തീയർ

ആയുണ്ടാളങ്ങൾ, ചാന്നാനും അതിലെ വിഭാഗങ്ങളും, കാവുതീയർ, കുണ്ടൻ, വടക്കൻ എന്നിവരും, തീയരുടെ മരണാനന്തര കർമ്മങ്ങളും, ക്ഷുരകപ്രവർത്തിയും നടത്തുന്ന കാവുതീയർ.
........................................
കമ്മാളർ

ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ എന്നിവരുൾപ്പേടുന്ന ജാതിവിഭാഗം. ഇതിൽ തന്നെ ഈർച്ചക്കൊല്ലൻ (തടിയറുക്കുന്നവർ), ഐങ്കമ്മാളർ (ആശാരി, മൂശാരി, കരുവാൻ, തട്ടാൻ, കൊല്ലൻ). പിന്നെ തോൽക്കൊല്ലനും ചെമ്പുകൊട്ടിയും. അതോടൊപ്പം തന്നെ ഓടായിമാരും (ഉരു നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവർ) ഒരുപജാതിയാണ്. ഇതിൽ ഓടായിമാർക്ക് അവരുടെ സമൂഹത്തിൽ കുലീനമായ സ്ഥാനമാണ്` കൽപ്പിച്ചിരുന്നത്. അവർക്കിരിക്കാൻ കൊടുത്തിരുന്ന പായുടെ മുകളിൽ ഒരു പലക കൂടി വച്ച് ബഹുമാനിചിരുന്നു.

പിന്നെയുമുണ്ട് ഉപജാതികൾ.
കഞ്ചാരന്മാർ - പിച്ചളപ്പണീക്കാർ.
കടച്ചിക്കൊല്ലൻ - കടച്ചിൽ പണി ചെയ്യുന്നവർ
കന്നാന്മാർ - (ആറന്മുള കണ്ണാടി നിർമ്മിക്കുന്നവർ കന്നാന്മാരാണ്)
കള്ളാടികൾ - കല്ല് വെട്ട് നടത്തുന്നവർ
തക്ഷൻ - തടിയിലും ഭിത്തിയിലും കടച്ചിൽ പണി ചെയ്യുന്നവർ
തോൽക്കുറുപ്പ് അഥവാ തോൽക്കൊല്ലൻ . ഇതിൽ തന്നെ ചായക്കൊല്ലൻ, പലിശക്കൊല്ലൻ എന്നിവരുമുണ്ട്.
നാട്ട് കല്ലൻ - നാട്ടിൻ പുറത്തുള്ള കൽപ്പണിക്കാർ.
............................................
ചെട്ടികൾ :

കുടുമിച്ചെട്ടികൾ - കൊങ്കണി ബ്രാഹ്മണരുടെ ദാസ്യ പ്രവർത്തി ചെയ്യുന്നവർ

കോണകച്ചെട്ടി - കോണകം നെയ്യുന്നവർ

ചെട്ടിയാർ - ചെട്ട് (കച്ചവടം) ചെയ്യുന്നവർ

പപ്പടച്ചെട്ടികൾ - പപ്പടം ഉണ്ടാക്കുന്ന പണ്ടാരങ്ങൾ
..............................................
ധീവരർ:

അരയൻ - കടലോരവാസികൾ. മുക്കുവരിലെ ശംഖൻ വിഭാഗത്തിൽ പെടുന്ന ഇവർ ധീവരരിലെ വാലൻ സമുദായത്തെക്കാൾ താഴ്ന്നവരായി കണക്കക്കപ്പെടുന്നു

കണിയാൻ - ജ്യോതിഷം, മന്ത്രവാദം, വൈദ്യം മതലായവ കുലത്തൊഴിലായി സ്വീകരിച്ചിരിക്കുന്ന വിഭാഗം.

ഭരതർ - അയോദ്ധ്യ മൂലകുടുംബമായി സങ്കൽപ്പിക്കപ്പെടുന്നവർ

മരയ്ക്കാൻ - മുസ്ലീം വിഭാഗത്തിലെക്ക് പരിവർത്തനം ചെയ്യപ്പെട്ട ധീവരർ.

മുക്കുവൻ - കടലിൽ നിന്ന് മുക്തം അഥവാ മുത്ത് വാരുന്നവർ.

വാലന്മാർ - കടത്തു പണിയും മീൻപിടുത്തവുമാണ് പ്രധാന തൊഴിൽ
....................................................
നായന്മാർ :

കിരിയത്തിൽ നായർ - നായന്മാരിൽ ഏറ്റവും ഉയർന്ന ജാതി. നാടുവാഴികളും രാജാാക്കന്മാരുടെ മന്ത്രിസ്ഥാനം വഹിക്കലും തൊഴിൽ.

അകത്തൂട്ട് പരിഷ - സാമൂതിരിയുടെ മക്കളുടെ സന്താനപരമ്പരകളിൽ പെട്ടവർ

അഞ്ഞൂറ്റാൻ - തെയ്യം കെട്ടുന്ന വിഭാഗം

അത്തിക്കുരിശി നായർ - നായന്മാരുടെ ശവസംസ്കാര ചടങ്ങുകളിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നവർ.

ആന്തൂർ നായർ - ക്ഷേത്ര ആവശ്യങ്ങൾക്കായി മൺ പാത്രങ്ങൾ ഉണ്ടാക്കുന്നവർ

ഇടച്ചേരി നായർ - പശുപരിപാലനം ചെയ്യുന്നവർ

ഇല്ലത്ത് നായർ - ബ്രാഹ്മണരുടെ ഇല്ലത്ത് വേല ചെയ്യുന്നവർ

ഉലുമ്പന്മാർ - ഗുജറാത്തിൽ നിന്ന് വന്ന പശുപാലക സമൂഹം. കൊട്ടിയൂർ, തിരുമങ്ങാട്, കോട്ടയം ക്ഷേത്രങ്ങളിൽ പാൽ, നെയ്യ് എന്നിവ നൽകുന്നത് ഇവരുടെ അവാാശമാണ്. മാത്രമല്ല ഏതമ്പലത്തിലും കുളിക്കാതെ പാൽ കൊടുക്കാൻ അവകാശമുള്ളവർ കൂടിയാണ് ഇവർ.

എഴുത്തശൻ - എണ്ണയാട്ട് കുലത്തൊഴിലായി സ്വീകരിച്ചിരുന്നവർ. കുടിപ്പള്ളിക്കൂടത്തിലെ അധ്യാപനം ഇവരുടെ തൊഴിലായിരുന്നു

ഓടത്ത് നായർ - ഓട് ഉണ്ടാക്കുന്നവർ

ചെമ്പ് കൊട്ടി നായർ - ക്ഷേത്രങ്ങൾ , ഇല്ലങ്ങൾ എന്നിവിടങ്ങളിലെക്ക് വേണ്ട ചെമ്പ് നിർമ്മിച്ചിരുന്നവർ

പള്ളിച്ചൻ നായർ - ബ്രാഹ്മണ, ക്ഷത്രിയ വിഭാഗങ്ങളുടെ പല്ലക്ക് ചുമക്കുന്നവർ

മണിയാണി നായർ - യാദവ വംശരെന്ന് വിശ്വസിക്കപ്പെടുന്ന ഇവരുടെ കുലത്തൊഴിൽ പശുപാലനവും കൃഷിയുമായിരുന്നു.

മാരാർ - ക്ഷേത്രങ്ങളിൽ ചെണ്ട കൊട്ടുന്നവർ

പാദമംഗലം നായർ - ക്ഷേത്രങ്ങളിൽ ദേവന്മാരെ എഴുന്നള്ളിക്കുന്ന ഘോഷയാത്രകളിൽ അകമ്പടി സേവിക്കുന്നവർ

യോഗിഗുരുക്കൾ - എഴുത്താശാന്മാർ. മന്ത്രവാദവും കുലത്തൊഴിൽ

രാവരി നായർ - വ്യാപാരികൾ

വട്ടക്കാട്ട് നായർ - ക്ഷേത്രങ്ങളിലേക്കുള്ള എണ്ണ ആട്ടി കൊടുക്കുന്നവർ

വലച്ചി നായർ - പമ്പാനദിയിൽ വല വീശി ഉപജീവനം ചെയ്യുന്നവർ

സരൂപത്ത് നായർ - ക്ഷത്രിയ ദാസ്യം കുലത്തൊഴിലാക്കിയ വിഭാഗം.
....................................................
ബ്രാഹ്മണർ:

അക്കരദേശി - എമ്പ്രാന്മാരിലെ ഒരു വിഭാഗം

അക്കിത്തിരി - യജ്നം ചെയ്യുന്ന വിശിഷ്റ്റ നമ്പൂതിരി

അടിത്തിരി - യാഗങ്ങളിൽ ആദ്യ ഭാഗമായ ആധാനം ചെയ്യുവാൻ അവകാശപ്പെട്ടവർ

അഷ്ടഗൃഹത്തിൽ ആഢ്യന്മാർ അഥവാ നമ്പൂതിരിപ്പാട് - തപസ്, വേദവേദാംഗങ്ങളുടെ അർത്ഥജ്നാനം, പ്രഭുത്വം, ധർമ്മശീലത്വം എന്നിങ്ങനെ നാല് സ്ഥാനമുള്ളവർ. യാഗം ചെയ്യാതെ തന്നെ യാഗ ഫലം സിദ്ധിക്കുന്നവർ കൂടിയാണിവ്ർ

ആര്യപ്പട്ടന്മാർ - ക്ഷത്രിയ സ്ത്രീകളെ വിവാഹം കഴിച്ചിരുന്ന നമ്പൂതിരിമാർക്ക് സ്ഥാന മഹിമ കുറവായത് കൊണ്ട് അതിന് തയാറായി വരുന്ന പരദേശിബ്രാഹ്മണർ.

ആശ്വാലയന്മാർ - ഋഗ്വെദികളിൽ പെടുന്ന കേരള ബ്രാഹ്മനർ

ഇളയത് - നായന്മാരുടെ മരണാനന്തര കർമ്മങ്ങൾ നടത്തുന്ന ബ്രാഹ്മണ ഉപജാതി

കുട്ടിപ്പട്ടർ - ഇല്ലങ്ങളിലും കൊട്ടാരങ്ങളിലും അടുക്കള പണി ചെയ്യുന്ന പരദേശി ബ്രാഹ്മനർ

ചേല നമ്പൂതിരി - നിർബന്ധപൂർവം ചേലാകർമ്മം ചെയ്യപെട്ട് മുസ്ലീം ആയി മാറുകയും പിന്നീട് തിരികെ വരുകയും ചെയ്ത നമ്പൂതിരിമാർ.

ചോമാതിരി - യജ്നത്തിൽ അഗ്നിഷ്ടോമം അഥവാ യാഗം ചെയ്യുന്ന നമ്പൂതിരിമാർ

ജാതിമാത്രന്മാർ - വേദാധ്യായനത്തിന് അവകാശമില്ലാത്തവർ.
അഷ്ടവൈദ്യന്മാർ, ആയുധമെടുത്തവർ, ദാരിദ്ര്യം കൊണ്ട് വേദാധ്യായനം ഉപേക്ഷിച്ചവർ, രാഗദ്വെഷങ്ങൾ കൊണ്ട് ദുഷ്ടന്മാരായി തീർന്നവർ എന്നിവരുടെ സമൂഹം

തന്ത്രി - ബ്രാഹ്മണ ആചാര്യന്മാർ

തമ്പ്രാക്കൾ - നമ്പൂതിരിമാരിൽ ഏറ്റവും ഉന്നതരായവർ .

തമിഴ് ബ്രാഹ്മനർ - കേരളത്തിലെക്ക് കുടിയേറിയ തമിഴ് ബ്രാഹ്മനർ

തുളുനമ്പീശൻ - പരശുരാമൻ കൊണ്ട് വന്ന ആദി ബ്രാഹ്മണർ.

നമ്പിടി - അമ്പലവസികളിൽ പെട്ടവർ.

നമ്പൂതിരിമാർ - വേദാദികാരികളായ കേരള ബ്രാഹ്മണർ.

പാപിഷ്ടന്മാർ - ബ്രാഹ്മനരിലെ ഏറ്റവും താഴ്ന വിഭാഗം.

പോറ്റിമാർ - മൂന്ന് വിഭാഗം. ഇവരിൽ പ്രമുഖർ പത്മനാഭസ്വാമി ക്ഷേത്രങ്ങളിലെ ഊരാഴ്മക്കാരായ പോറ്റിമാർ.

ഭട്ടതിരിമാർ - തത്വചിന്ത, ശാസ്ത്രം എന്നിവ പഠിപ്പിക്കുന്നവർ. ഇവരിൽ തന്നെ മൂന്ന് വിഭാഗം ഉന്റ്. വാധ്യാന്മാർ, വൈദികന്മാർ, സ്മാർത്തന്മാർ എന്നിവ

മൂത്തത് - ക്ഷേത്രത്തിലെക്കുള്ള തിടമ്പ് എഴുന്നള്ളിക്കാനും, ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്നതിനും അവകാശമുള്ളവർ

മൂസ് - പന്നിയൂർ കഴകത്തിന്റെ അധിപതികൾ

മൂസത് - ബ്രാഹ്മണരിൽ അല്പം താണ നിലയിലുള്ളവർ. ഇവരിൽ തന്നെ രണ്ട് വിഭാഗം. കാവിൽ മൂസതും കറുക മൂസതും. കാവിൽ മൂസതുമാർ കാളീക്ഷെത്ര പൂജകൾ ചെയ്യും

വാധ്യാൻ - വേദപഠനശാലകളുടെ അധിപതികൾ

വിശിഷ്ഠന്മാർ - അഗ്നിഹോത്രം, ഭട്ടവൃത്തി, സന്ന്യാസം, യാഗം ചെയ്യിക്കൽ എന്നിവയ്ക്കധികാരികൾ

വൈദികർ - ജാതിയുടെ പ്രമാണങ്ങൾ വ്യാഖ്യാനിക്കുന്നവരും ധർമ്മശാസ്ത്രങ്ങളുടെ ആചാര്യന്മരും

ശാപഗ്രസ്ഥൻ - പരശുരാമനെ വിശ്വസിക്കാതിരുന്നതിനാൽ ശാപമേറ്റവർ. വേദാധികാരമില്ല. തൊഴിൽ അവേദപഠനം

സ്മാർത്തന്മാർ - സ്മ്രുതികളിൽ നിഷ്ണാതന്മാരായതിനാൽ സ്മാർത്ത വിചാരം ചെയ്യുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നു

സാങ്കേതികന്മാർ - കേരളം ഉപേക്ഷിച്ച് പോയി പിന്നീട് തിരികെ വന്നവർ

സാമാന്യ ബ്രാഹ്മണർ - വേദാഭ്യാസം, മന്ത്രവാദം, ക്ഷേത്രങ്ങളിൽ തന്ത്രം, സന്യാസം ഇവയ്ക്ക് അധികാരമുള്ളവർ.

.......................................
ഇങ്ങനെയിനിയുമിനിയും അനേകമുണ്ട് കേരളത്തിലെ ജാതിയിലും ഉപജാതിയിലും പെട്ടവർ. ഇവയെല്ലാം കർമ്മത്താൽ തിരിക്കപ്പെട്ടതാണെന്ന് ഓരൊ ജാതി/ഉപജാതി നാമങ്ങളിൽ നിന്നും അവരുടെ തൊഴിലിൽ നിന്നും വ്യക്തം. എന്നാൽ കാലാന്തരത്തിൽ കർമ്മാർജ്ജിതമായ ജാതി/ഉപജാതികൾ ജന്മാർജ്ജിതമായി എന്ന് മാത്രം.

No comments:

Post a Comment