ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 June 2016

വൈദ്യര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് ദുര്‍നിമിത്തമാണോ?

വൈദ്യര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് ദുര്‍നിമിത്തമാണോ?

  രോഗവിവരം പറയാന്‍ എത്തുമ്പോള്‍ വൈദ്യര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് ദുര്‍നിമിത്തങ്ങളുടെ പട്ടികയില്‍ ഉള്ളതാണെന്നാണ് കണക്കാക്കിപ്പോരുന്നത്.

  രോഗി അവശനിലയിലാണെങ്കില്‍ രോഗം അറിയിക്കാനെത്തുന്ന ആളിനെ ദൂതനായി സങ്കല്‍പ്പിച്ച് ദൂതലക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യര്‍ രോഗിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന പതിവുണ്ട്. അതുപോലെ തന്നെ വൈദ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ രോഗിയുടെ ആള്‍ക്കാര്‍ രോഗിയുടെ മരണം നിര്‍ണ്ണയിക്കുന്ന രീതിയും നിലനിന്നിരുന്നു. അക്കൂട്ടത്തില്‍പ്പെട്ടതാണ് വൈദ്യരുടെ ഭക്ഷണം കഴിക്കല്‍.

  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വൈദ്യരെ കണ്ടാല്‍ ഇനി രോഗവിവരം പറഞ്ഞിട്ട് പ്രയോജനമില്ലയെന്നും രോഗി മരിക്കുമെന്നും ഉറപ്പിച്ച്, യാതൊന്നും പറയാതെ മടങ്ങിപ്പോകുന്ന ദൂതന്മാര്‍ വരെ ഉണ്ടാരിന്നുവെന്നതിന് ഉദാഹരണമായി പ്രാചീന കേരളത്തിലെ നാടോടിക്കഥകള്‍ പരിശോധിച്ചാല്‍ മതിയാകും.

  വൈദ്യരുടെ ഭക്ഷണവും രോഗിയുടെ ആരോഗ്യവും തമ്മിലെന്തു ബന്ധമാണുള്ളതെന്ന് ആശ്ചര്യപ്പെടാമെങ്കിലും രോഗവും സമയവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആധുനിക ലോകത്തിനു പോലും സംശയമില്ല.

  ഭക്ഷണം കഴിക്കുന്നതിന് ചില ചിട്ടവട്ടങ്ങളും മര്യാദകളുമൊക്കെ ഭാരതീയത വിഭാവനം ചെയ്യുന്നുണ്ട്. അതിലൊന്ന് ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്നതാണ്. മറ്റൊന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ മറ്റെന്ത് അത്യാവശ്യം വന്നുപെട്ടാലും കഴിച്ച് തീര്‍ന്നിട്ടേ എഴുന്നേല്‍ക്കാവു എന്നതാണ്.

  ഇത്തരത്തിലുള്ള ആചാരമര്യാദകള്‍ പാലിക്കുന്നതില്‍ വൈദ്യന്മാര്‍ പിന്നിലല്ല. ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ തീര്‍ന്നിട്ടേ വൈദ്യര്‍ എഴുന്നേല്‍ക്കൂ എന്നുള്ളതുകൊണ്ടാണ് രോഗം അറിയിക്കാനെത്തുമ്പോള്‍, അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാല്‍ ദുര്‍നിമിത്തം ആണെന്ന വിശ്വാസം ബാലപ്പെട്ടത്. ചികിത്സയ്ക്ക് അത്രയുംകൂടെ കാലതാമസം വരുമെന്ന് ചുരുക്കം.

No comments:

Post a Comment