കര്‍ക്കിടക സങ്ക്രാന്തി
സങ്ക്രമത്തിന്റെ തലേദിവസം, ഭവനം അകവും പുറവും, സാധിക്കുന്നെടത്തോളം പറമ്പ്മുഴുവനും, വെടുപ്പാക്കണം. ഈ ചടങ്ങ് ഇന്നേറെക്കുറെ വിസ്മൃതമായിക്കാണുന്നത് ഖേദകരം തന്നെ. അടിക്കാടുകളെല്ലാം അടിച്ചുകൂട്ടി ഒരു പോട്ടകലത്തിലാക്കി,നാറത്തുണികളും കീറത്തുണികളുമുണ്ടെങ്കില്‍ അതൊക്കെകൂടി ഒരു കീറപ്പായിലെടുത്തു ചുരുട്ടി, ഈ കലവും പായും കൊണ്ട് ഒരാള്‍ സങ്ക്രമ ദിനത്തിന്റെ തലേന്ന് സന്ധ്യക്ക്, ഭവനത്തിലെ ആര്‍ക്കും ശല്യമില്ലാത്ത ഏതെങ്കിലും ഒരൊഴിഞ്ഞ സ്ഥലത്തുകൊണ്ടിടണം. കലത്തില്‍ കനത്തിലൊരു പച്ചത്തിരി (എണ്ണനനയ്ക്കാത്ത തിരി) കത്തിച്ചുവചിരിക്കും. "അശ്രീകര" ത്തിന്റെ പ്രതീകമാണ് ഈ പായും കലവും. ചേട്ടാഭഗവതിയാണ് അശ്രീകരം. "ചേട്ടയെക്കളയല്‍" എന്നാണീ ചടങ്ങിന്റെ പേര്. "പൊട്ടിയെകളയല്‍" എന്നും പ്രാദേശികഭേദത്തില്‍ പ്രയോഗമുണ്ട്. ഈ യാത്രയില്‍ "ഫാ" "ഫൂ" ചേട്ടാഭഗവതി പുറത്ത്; ശ്രീഭഗവതി അകത്ത്" എന്നാര്‍ത്തുവിളിച്ചുകൊണ്ട് കുട്ടികള്‍ പിന്നാലെ കൂടും. ആശ്രിത ജനങ്ങളിലാരെങ്കിലുമാണ് ചേട്ടയെകളയുന്നതെങ്കില്‍ അവര്‍ക്ക് ഈ കൃത്യം കഴിഞ്ഞു കുളിച്ചുവന്നാല്‍ (കുളി, ആരായാലും നിര്‍ബന്ധം തന്നെ.) ഒരു കോടിമുണ്ട് കൊടുക്കും. തറവാട്ടില്‍ കാരണവത്തിയാണ് കൊടുക്കുക. കൂട്ടുകുടുംബത്തിന്റെ അഭാവത്തില്‍ ഈ വക പതിവുകളുടെ പ്രാധാന്യം കുറഞ്ഞുപോകുന്നത് സ്വാഭാവികം തന്നെ. എന്നാലും സങ്ക്രാന്തിത്തലേന്നുള്ള ശുചീകരണം അണ്കുടുംബക്കാരും ഒഴിവാക്കരുതാത്തതാണ്. മുറ്റം മുഴുവന്‍ ചാണകം മെഴുകലും ഈ ശുചീകരണത്തിന്റെ ഭാഗംതന്നെ.
കര്‍ക്കിടകമാസം മുഴുവന്‍ "ചീപോതിയ്ക്കു വയ്ക്കല്‍" എന്നൊരാചാരമുണ്ട്. ബ്രഹ്മമുഹൂര്‍ത്തത്തിലെഴുനേറ്റു കുളിച്ചുവന്നാല്‍ അഷ്ടമംഗല്യത്തിനടുത്ത് ഒരു നിലവിളക്ക് കിഴക്കോട്ടു തിരിയിട്ടു കത്തിച്ചുവയ്ക്കുന്നതാണ് 'ശ്രീഭഗവതിയ്ക്ക് വയ്ക്കലിന്റെ' ചടങ്ങ്. ഒരു കിണ്ടി വെള്ളവും വിളക്കിന്റെ അടുത്തു വയ്ക്കാറുണ്ട്.
No comments:
Post a Comment