ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2016

ആകൃതവ്രണൻ

ആകൃതവ്രണൻ

ഹിന്ദു പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന സദ്ഗുണ സമ്പന്നനായ മഹർഷിയാണ് ആകൃതവ്രണൻ. ഇദ്ദേഹം പരശുരാമന്റെ അനുചരനായ മഹർഷിയായിരുന്നുവെന്ന് പുരാണങ്ങൾ ഘോഷിക്കുന്നു. രാമായണത്തിലും, മഹാഭാരതത്തിലും, പദ്മ പുരാണത്തിലും, വിഷ്ണു പുരാണത്തിലും അദ്ദേഹത്തിനെപറ്റി പ്രതിപാദിക്കുന്നുണ്ട്. 

സപ്തർഷിമാർക്കൊപ്പം തന്നെയുള്ള സ്ഥാനം ഇദ്ദേഹത്തിനും കൊടുത്തിരുന്നു. പാണ്ഡവരുടെ വനവാസക്കാലത്തും കുരുക്ഷേത്ര യുദ്ധാവസാനത്തും പാണ്ഡവർ ഇദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ചിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നുണ്ട്. 

പേർ ലഭിച്ചതിനു പിന്നിൽ
പരശുരാമന്റെ സമകാലികനായിരുന്നു ആകൃതവ്രണമഹർഷി. ഒരിക്കൽ പരശുരാമൻ ഭഗവാൻ ശിവനെ പ്രസാദിപ്പിച്ച് ദിവ്യാസ്ത്രങ്ങൾ വാങ്ങി തിരിച്ചുവരുന്ന സമയത്ത്, ഹിമാലയ സാനുക്കളിൽ വെച്ച്, ഒരു ബ്രാഹ്മണബാലൻ കടുവയുടെ ആക്രമണത്തിനിരയാകുന്നതു കണ്ടു. പരശുരാമൻ കടുവയെ ഒരസ്ത്രമെയ്ത് കൊല്ലുകയും ആ ബ്രാഹ്മണ ബാലനെ കടുവയിൽ നിന്നും രക്ഷിക്കുകയും ചെയ്തു. പരശുരാമന്റെ അമ്പേറ്റ് നിലം‌പതിച്ച കടുവ ഒരു ഗന്ധർവനായി സ്വർഗ്ഗം പൂകി. കടുവയിൽ നിന്ന് വ്രണം ഉണ്ടാകാതെ രക്ഷപ്പെട്ടതുകൊണ്ട് ആ ബാലന് ആകൃതവ്രണൻ എന്ന പേരു ലഭിച്ചുവത്രെ. അന്നുമുതൽ പരശുരാമശിഷ്യനായി ആകൃതവ്രണൻ തുടർന്നു പോന്നു. തുടർന്ന് നിരവധിക്കാലം ആകൃതവ്രണൻ പരശുരാമന്റെ സന്തതസഹചാരിയായി തുടർന്നു പോന്നു.

👉 പരശുരാമന്റെ ശിഷ്യനായി
പരശുരാമനൊപ്പമുള്ള കാലയളവിലാണ് രാമന്റെ പിതാവായ ജമദഗ്നി മഹർഷിയെ മഹിഷ്മതീപതിയായ കാർത്തവീര്യാർജ്ജുനൻ ജമദഗ്നി മഹർഷിയുടെ ഹോമ പശുവിനേയും കുട്ടിയേയും മോഷ്ടിക്കുന്നതും പരശുരാമൻ കാർത്തവീരനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിക്കുന്നതും. യുദ്ധം ചെയ്യുന്നതിനുമുമ്പ് പരശുരാമൻ കാർത്തവീരന്റെ കൊട്ടാരമായ മാഹിഷ്മതിയിലേക്ക് ദൂതനായി ആകൃതവ്രണനെയാണ് നിയോഗിച്ചത്. പിന്നീടുണ്ടായ യുദ്ധത്തിലാണ് കാർത്തവീരനേയും സഹോദരങ്ങളേയും, തുടർന്നു വീണ്ടും യുദ്ധത്തിൽ കാർത്തവീരന്റെ പുത്രന്മാരേയും പരശുരാമൻ വധിക്കുന്നത്.

👉 അംബയോടുള്ള അനുകമ്പയും ഭീഷ്മയുദ്ധവും

കാശിപുത്രിയായ അംബയെ തന്റെ കാമുകനായിരുന്ന സ്വാലനും, സ്വയംവര സദസ്സിൽ നിന്നും ഏവരേയും തോൽപ്പിച്ച് ഹസ്തിനപുരിയിൽ കൊണ്ടുവന്ന ഭീഷ്മരും ഉപേക്ഷിക്കുകയുണ്ടായി. ഭീഷ്മരെ ആരാലും തോല്പിക്കപ്പെടാതെ വന്നപ്പോൾ അംബ പരശുരാമനെ കാണുകയും ആകൃതവ്രണന്റെ സഹായത്താൽ പരശുരാമനെ ഭീഷ്മരുമായി യുദ്ധം ചെയ്യിപ്പിക്കുകയും ഉണ്ടായി. ഇരുപത്തിയെട്ടു ദിവസങ്ങൾ നീണ്ടുനിന്ന ഭീഷ്മരുമായുള്ള യുദ്ധം ചെയ്യുവാൻ പരശുരാമനെ പ്രേരിപ്പിച്ചത് ആകൃതവ്രണനായിരുന്നു.

👉 മഹേന്ദ്രഗിരി
പാണ്ഡവർക്ക് വനവാസക്കാലത്ത് മഹേന്ദ്രഗിരിയിൽ വെച്ച് ആകൃതവ്രണമുനി പരശുരാമന്റേയും അദ്ദേഹം ഇരുപത്തിയൊന്ന് വട്ടം ക്ഷത്രിയവംശം മുഴുവനും ഒടുക്കിയതിനുശേഷം മഹേന്ദ്രഗിരിയിൽ വന്നു തപസ്സു ചെയ്ത കഥകളും പറഞ്ഞു കൊടുത്തു. തുടർന്ന് അവർക്ക് പരശുരാമദർശനം കിട്ടാൻ സഹായിക്കുകയും ചെയ്തു. പാണ്ഡവരിൽ സംപ്രീതനായ രാമൻ നിരവധി അനുഗ്രഹാശിസുകൾ നൽകിയതായി മഹാഭാരതം ആരണ്യപർവ്വത്തിൽ വിവരിച്ചിട്ടുണ്ട്. 

👉 കുരുക്ഷേത്രയുദ്ധം
കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷ‌ത്തുനിന്ന് വിദുരോപദേശത്താൽ പാണ്ഡവപക്ഷത്തായ യുയുത്സുവിന്റെ സാരഥിയായി ആകൃതവ്രണൻ പ്രവർത്തിച്ചതായി മഹാഭാരതത്തിൽകാണുന്നു. ധൃതരാഷ്ട്രർക്ക് വൈശ്യസ്ത്രീയിൽ ജനിച്ച പുത്രനായിരുന്നു യുയുത്സു. അതുപോലെതന്നെ യുദ്ധാവസാനത്തിൽ ഭീഷ്മപിതാമഹനെ സന്ദർശിക്കാൻ കുരുക്ഷേത്ര ഭൂമിയിൽ എത്തിയ സപ്തർഷിമാർക്കൊപ്പം ആകൃതവ്രണനുമുണ്ടായിരുന്നു. 






No comments:

Post a Comment