വലിയ ചന്ദ്രനെ വരുത്തല്‍
കോലോത്തുനാട്ടിലുള്ള ഒരാചാരമാണിത്. കാസര്‍ഗോഡു ഭാഗത്തെ ബ്രാഹ്മണരുടെ ഇടയിലാണ് ഈ അനുഷ്ഠാനം. സ്ത്രീകളാണ് കര്‍മ്മികള്‍. വേറിട്ട ഈ മഹാബലിപൂജയുടെ ആചാരത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ഇല്ല. തുലാമാസവാവിനോടനുബന്ധിച്ചാണ് ഈ മഹാബലിപൂജ അരങ്ങേറുന്നത്. പാതാളത്തിലേക്കാണല്ലോ മഹാബലി പോയത്. ചടങ്ങില്‍ പാതാളത്തില്‍ നിന്ന് മഹാബലിയെ ആവാഹിക്കുന്ന സങ്കല്‍പ്പമാണ് കാണുന്നത്. വാവ് തുടങ്ങുന്നതിന് മുമ്പ് കിണറ്റില്‍ നിന്ന് വെള്ളമെടുത്ത് സൂക്ഷിച്ചുവെച്ച് വാവ് ആകുമ്പോള്‍ സ്ത്രീകള്‍ പൂജ ആരംഭിക്കും. പിറ്റേന്ന് പൂജ കഴിഞ്ഞാല്‍ വെള്ളം കിണറ്റിലേക്ക്തന്നെ ഒഴിക്കുകയും ചെയ്യും. ഉദ്ധ്വസിക്കലും പാതാളത്തിലേക്ക് തന്നെയാണ്. പൂജയ്ക്ക് കളമിടുന്നത് ചുവന്നകല്ല്, മണ്ണോട് എന്നിവ അരച്ച ചാന്ത് ഉപയോഗിച്ചാകുന്നു. കളത്തില്‍ മഹാവിഷ്ണുവും മഹാബലിയുമാണെനാണ് സങ്കല്പം. മത്തങ്ങകൊണ്ട് ഉണ്ടാക്കിയ അപ്പമാണ് പ്രധാന നിവേദ്യദ്രവ്യം. കൂടാതെ പുന്നെല്ലരി ചോറും പാലും ഉണ്ടായിരിക്കും. വാവിനോട് അനുബന്ധിച്ചാകയാല്‍ പിതൃബന്ധം എവിടെയോ ഒളിഞ്ഞുകിടപ്പില്ലേയെന്നും തോന്നിപ്പോകുന്നു.
No comments:
Post a Comment