മഹിഷാസുരമര്ദ്ദിനി സ്തോത്രം
വ്യാഖ്യാനം :-
"അയി ഗിരിനന്ദിനി നന്ദിതമേദിനി
വിശ്വവിനോദിനി നന്ദിനുതേ
വിശ്വവിനോദിനി നന്ദിനുതേ
ഗിരിവരവിന്ധ്യശിരോധിനിവാസിനി
വിഷ്ണുവിലാസിനി ജിഷ്ണുനുതേ
വിഷ്ണുവിലാസിനി ജിഷ്ണുനുതേ
ഭഗവതി ഹേ ശിതികണ്ഠകുടുംബിനി
ഭൂരികുടുംബിനി ഭൂരികൃതേ
ഭൂരികുടുംബിനി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി
രമ്യകപര്‍ദ്ദിനി ശൈലസുതേ."
രമ്യകപര്‍ദ്ദിനി ശൈലസുതേ."
അയി = അല്ലയോ അമ്മേ
ഗിരിനന്ദിനി = ഹേ ശ്രീപാര്‍വ്വതീ
നന്ദിതമേദിനി = ഭൂമിയെ ധര്‍മ്മസംസ്ഥാപനംവഴി ആനന്ദിപ്പിക്കുന്നവളേ
വിശ്വവിനോദിനി =വിശ്വത്തിലുള്ള സകല ജീവികളേയും സന്തോഷിപ്പിക്കുന്നവളേ
നന്ദിനുതേ =നന്ദികേശ്വരനാല്‍ സ്തുതിക്കപ്പെട്ടവളേ
*(നന്ദനുതേ=നന്ദഗോപരാല്‍ സ്തുതിക്കപ്പെട്ടവളേ)
ഗിരിവരവിന്ധ്യ ശിരോധി നിവാസിനി = പര്‍വ്വത ശ്രേഷ്ഠനായ വിന്ധ്യനില്‍ അധിവാസം ചെയ്യുന്നവളേ
വിഷ്ണുവിലാസിനി= വിഷ്ണുഭഗവാന്റെ ശക്തിയായി നിന്ന് ലീലയാടി വിലസുന്ന അമ്മേ
ജിഷ്ണുനുതേ =അര്‍ജ്ജുനനാല്‍ സ്തുതിയ്ക്കപ്പെട്ട രണചണ്ഢികേഹേ
ഭഗവതി=ഐശ്വര്യം,യശസ്സ്,ധര്‍മ്മം,ശ്രീ,ജ്ഞാനം, വൈരാഗ്യം ഇവ തികഞ്ഞവളേ
ശിതികണ്ഠകുടുംബിനി =ശിവന്റെ പത്നിയായവളേ
ഭൂരികുടുംബിനി = ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടെ പത്നിയായിരിക്കുന്നവളേ
ഭൂരികൃതേ = ബ്രഹ്മവിഷ്ണുമഹേശ്വരാദികളുടെ തേജ:പുഞ്ജത്തില്‍നിന്ന് പ്രകടയായവളേ
ഹേ മഹിഷാസുരമര്‍ദ്ദിനി =അല്ലയോ മഹിഷനാശിനി
രമ്യകപര്‍ദ്ദിനി = മനോഹരമയ ജടാഭാരത്തോടുകൂടിയവളേ
ശൈലസുതേ = ഹേ ഹിമാലയപുത്രിജയ
ജയ = അവിടുന്ന് ജയിച്ചാലും
അര്‍ത്ഥം:-
ഹേ ശ്രീപാര്‍വ്വതീ,വിശ്വത്തിലുള്ള സകല ജീവന്മാരേയും ആനന്ദിപ്പിക്കുന്ന അമ്മേ,നന്ദഗോപരാല്‍ സ്തുതിക്കപ്പെട്ട ദുര്‍ഗ്ഗാദേവി, വിന്ധ്യാചലവാസിനി, ഹേ മഹാലക്ഷ്മി, ശ്രീകൃഷ്ണനിര്‍ദ്ദേശമനുസരിച്ച് മഹാഭാരതയുദ്ധാരംഭത്തില്‍ അര്‍ജ്ജുനനാല്‍ സ്തുതിയ്ക്കപ്പെട്ട രണചണ്ഢികേ, ഹേഭഗവതി, സദാശിവജായേ, ത്രിമൂര്‍ത്തികളുടേയും ശക്തിയായി വിലസുന്നവളേ,സകല ജീവന്മാരുടേയും തേജോരാശിയില്‍നിന്ന് പ്രകടയായവളേ, മനോഹരമായ തലമുടിയോടുകൂടിയവളും, പര്‍വ്വതരാജകുമാരിയുമായ മഹിഷാസുരമര്‍ദ്ദിനി, അമ്മേ അവിടുന്ന് ജയിച്ചാലും, ജയിച്ചാലും.
No comments:
Post a Comment