ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2016

തുളസി മാഹാത്മ്യം

തുളസി മാഹാത്മ്യം

ഹൈന്ദവര്‍ ഏറ്റവും പവിത്രവും പുണ്യകരവുമായി കരുതി ആരാധിക്കുന്ന ഒരു ചെടിയാണ്‌ തുളസി. ലക്ഷ്മീദേവിതന്നെയാണ്‌ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത്‌ എന്നാണ്‌ ഹൈന്ദവവിശ്വാസം. ഇല, പൂവ്‌, കായ്‌, തൊലി, തടി, വേര്‌ തുടങ്ങി തുളസിച്ചെടിയുടെ സകലഭാഗങ്ങളും പവിത്രമാണ്‌. തുളസി നില്‍ക്കുന്ന മണ്ണുപോലും പാവനമായി കരുതിവരുന്നു. ദേവീഭാഗവതം, പത്മപുരാണം, സ്കന്ദപുരാണം, നാരദസംഹിത, അഗസ്ത്യസംഹിത തുടങ്ങിയവയിലെല്ലാം തുളസിയുടെ മാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌.
മഹാവിഷ്ണുവിന്റെ ഭാര്യമാരായിരുന്ന സരസ്വതിയും ഗംഗയും ലക്ഷ്മിയും പരസ്പരം കലഹിക്കുകയും ശപിക്കുകയും ചെയ്തു. ശാപഫലമായ ഗംഗയും സരസ്വതിയും ഭൂമിയില്‍ നദിയായി അവതരിച്ചു. ലക്ഷ്മിയാകട്ടെ ധര്‍മധ്വജന്റെ പുത്രിയായി ഭൂമിയില്‍ അയോനിജയായി ജനിച്ചു. വിഷ്ണുവിന്റെ അംശമായ ശംഖചൂഡന്‍ എന്ന അസുരനെയാണ്‌ തുളസി വിവാഹം ചെയ്തത്‌. വൃന്ദാ, വൃന്ദാവനി, വിശ്വപൂജിത, വിശ്വപാവനി, പുഷ്പസാര, നന്ദിനി, കൃഷ്‌യണജീവനി തുടങ്ങിയവ തുളസിയുടെ നാമങ്ങളാണ്‌ സംസ്കൃതത്തില്‍ സുഗന്ധ, ഭൂതഘ്നി, ദേവദുന്ദുഭി, വിഷ്ണുപ്രിയ തുടങ്ങിയ പേരുകളിലും തുളസി അറിയപ്പെടുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ പത്മപുരാണം 24-ാ‍ം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്‌. തുളസിയുടെ മഹാത്മ്യത്തെക്കുറിച്ച്‌ പത്മപുരാണം 24-ാ‍ം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്‌.
തുളസിയുടെ വിറകുകൊണ്ട്‌ ദഹിപ്പിക്കുന്നവരുടെ ആത്മാവിന്‌ വിഷ്ണുലോകത്തില്‍ ശാശ്വതസ്ഥാനം ലഭിക്കുന്നതാണ്‌. അഗമ്യാഗമനാദി മഹാപാപങ്ങള്‍ ചെയ്തിട്ടുള്ളവരുടെ ശരീരമാണെങ്കിലും തുളസിവിറകുകൊണ്ട്‌ ദഹിപ്പിച്ചാല്‍ പാപവിമുക്തമാകുന്നതാണ്‌. മരണസമമയത്ത്‌ ഭഗവാന്റെ നാമങ്ങള്‍ ഉച്ചരിക്കുകയും സ്മരിക്കുകയും തുളസിവിറകുകൊണ്ട്‌ ദഹിപ്പിക്കപ്പെടുകയും ചെയ്താല്‍ അവന്‌ പുനര്‍ജന്മം ഉണ്ടാകുന്നതല്ല. ഒരു കോടി പാപം ചെയ്തവനും ദഹിപ്പിക്കപ്പെടുന്ന അവസരത്തില്‍ വിറകുകളുടെ അടിയിലായി ഒരു തുളസീഖണ്ഡം ഉണ്ടായിരുന്നാല്‍ മോക്ഷം ലഭ്യമാകുന്നതാണ്‌. ഗംഗാജലം തളിച്ചാല്‍ അശുദ്ധവസ്തുക്കള്‍ പരിശുദ്ധങ്ങളാകുന്നതുപോലെ തുളസിമരം ചേര്‍ന്നാല്‍ വിറകുകള്‍ പരിശുദ്ധമായിത്തീരുന്നു. തുളസിച്ചെടികൊണ്ട്‌ ചിതയുണ്ടാക്കി ദഹിപ്പിക്കപ്പെടുന്നവനെ കണ്ടാല്‍ യമദൂതന്മാര്‍ പാഞ്ഞുപോവുകയും വിഷ്ണുദൂതന്മാര്‍, അടുത്തുവരികയും ചെയ്യുന്നു. വിഷ്ണു അവനെ കാണുന്നയുടനെ കൈയ്ക്കുപിടിച്ച്‌ സ്വഹൃഹത്തില്‍ കൊണ്ടുപോയി പാപമെല്ലാം നീക്കി സ്വര്‍ഗവാസികള്‍ കാണ്‍കെ മഹോത്സവം നടത്തുന്നു. തുളസിത്തീകൊണ്ട്‌ വിഷ്ണുവിന്‌ ഒരു വിളക്കുവച്ചാല്‍ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടും. തുളസി അരച്ച്‌ സ്വദേഹത്തില്‍ പൂശി വിഷ്ണുവിനെ പൂജിച്ചവന്‍ ഒരു ദിവസം കൊണ്ടുതന്നെ നൂറു പൂജയുടെയും നൂറു പശുദാനത്തിന്റെയും ഫലം നേടും.
വിഷ്ണുപൂജയ്ക്ക്‌ തുളസിയില അതിവിശിഷ്ടമാണ്‌. തുളസിച്ചെടിയുടെ ചുവട്ടില്‍ വെള്ളമൊഴിച്ചശേഷം അതിനെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം ചെയ്തിട്ടുവേണം തുളസിയില ഇറുത്തെടുക്കാന്‍. ദേഹശുദ്ധിയോടും മനഃശുദ്ധിയോടുംകൂടിവേണം തുളസിയെ സ്പര്‍ശിക്കാന്‍ തന്നെ.
ഭവനത്തിന്‌ മുന്നില്‍ തുളസിത്തറയില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിരക്ഷിക്കുന്നും ശ്രേയസ്കരമാണ്‌. ദിവസവും അതിന്‌ ചുവട്ടില്‍ ശുദ്ധജലമൊഴിക്കുക, സന്ധ്യയ്ക്ക്‌ തുളസിത്തറയില്‍ ദീപം തെളിയിക്കുക എന്നിവയൊക്കെ അനുഷ്ഠിക്കാവുന്നതാണ്‌. വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളുള്ളവര്‍ നിത്യവും ഭക്തിപൂര്‍വം തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത്‌ ദോഷശാന്തിയും ഐശ്വര്യലബ്ധിയും നല്‍കുന്നു. ഇവര്‍ തുളസിമാല ധരിക്കുന്നതും ഉത്തമം. വീട്ടുമുറ്റത്തെ തുളസിച്ചെടി അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതും വലിയ അളവില്‍ സഹായിക്കുന്നുണ്ട്‌. ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ പാരണവിടുന്നതിന്‌ മുന്‍പ്‌ തുളസിച്ചുവട്ടില്‍ വെള്ളമൊഴിക്കുകയും തുളസിയിലയിട്ട തീര്‍ത്ഥം സേവിക്കുകയും ചെയ്യുന്നത്‌ അതിവിശേഷമാണ്‌.
ഹിന്ദുക്കള്‍ ഭക്തിപൂര്‍വം ആരാധിക്കുന്ന മറ്റൊരു വിശുദ്ധവൃക്ഷമാണ്‌ കൂവളം. ശിവപൂജയ്ക്ക്‌ കൂവളത്തിലെ അതിവിശിഷ്ടമാണ്‌. വീടിന്റെ തെക്കുവശത്തോ പടിഞ്ഞാറുവശത്തോ കൂവളം നട്ടുവളര്‍ത്തുന്നത്‌ ശുഭകരം. അതിന്‌ ചുവട്ടില്‍ നിത്യവും ദീപം തെളിയിക്കേണ്ടതുമാണ്‌. കൂവളം വെട്ടിനശിപ്പിക്കുന്നത്‌ അതീവ ദോഷപ്രദമെന്ന്‌ പുരാണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. കൂവളത്തെ ശ്രദ്ധാപൂര്‍വ്വം പരിപാലിക്കാതരിക്കുക, അതിന്റെ പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവയും ദോഷപ്രദം. കൂവളത്തറയില്‍ നിത്യവും ദീപം തെളിയിച്ച്‌ ആരാധിക്കുന്നത്‌ ശിവപ്രീതിക്ക്‌ അതിവിശേഷമാണ്‌.



No comments:

Post a Comment