ചോറ്റാനിക്കരയിലെ ചിരട്ട നിവേദ്യത്തിനു പിന്നിലെ ഐതീഹ്യം
കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. സര്‍വ്വ വരദായിനിയായ ചോറ്റാനിക്കര അമ്മയ്ക്ക് സമര്‍പ്പിക്കുന്ന നിവേദ്യമാണ് ചിരട്ട നൈവേദ്യം. അയനിക്കാട്ടുമന പുഞ്ചപ്പാടത്ത് കൊയ്ത്തിനു വന്ന സ്ത്രീകളില്‍ ഒരാള്‍ അവരുടെ അരിവാളിന് മൂര്‍ച്ച കൂട്ടുന്നതിനായി പാടത്ത് കണ്ട ഒരു ശിലയില്‍ അരിവാള്‍ ഉരച്ചു. അപ്പോള്‍ ആ ശിലയില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. ഇത് കണ്ട് പേടിച്ച സ്ത്രീകള്‍ മനയിലേയ്ക്ക് പോവുകയും അവിടുത്തെ കാരണവരായ തിരുമേനിയോട് കാര്യം പറയുകയും ചെയ്തു. വിവരം അറിഞ്ഞ് അവിടെയെത്തിയ തിരുമേനി ഈ അപൂര്‍വ്വ ശിലയില്‍ ദേവീ ചൈതന്യം കുടികൊള്ളുന്നു എന്നു തിരിച്ചറിഞ്ഞു. അതോടെ പാടത്ത് അടുപ്പു കൂട്ടി നൈവേദ്യം ഒരുക്കാന്‍ തീരുമാനിച്ചു.
അവിടെ പാത്രങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ഒരു ചിരട്ടയില്‍ നിവേദ്യം സമര്‍പ്പിച്ച് പൂജാദി കര്‍മ്മങ്ങള്‍ ചെയ്തു എന്നാണ് ഐതീഹ്യം. പിന്നീട് ശ്രീകോവിലും ചുറ്റുമതിലുമായി ക്ഷേത്രം ഉയര്‍ന്നു. വാസ്തു അനുസരിച്ച് ക്ഷേത്രം പണിയുകയും ചെയ്തു. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. ആദ്യ നൈവേദ്യം ചിരട്ടയില്‍ സമര്‍പ്പിച്ചതിനാല്‍ ഇന്നും ചോറ്റാനിക്കര ദേവിയ്ക്ക് ഉഷ പൂജയ്ക്ക് ശേഷം ചിരട്ട നിവേദ്യം സമര്‍പ്പിക്കുന്നു. കേരളത്തിലെ നൂറ്റിയെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര എന്നാണ് വിശ്വാസം.
രാവിലെ വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായും. ഉച്ചയ്ക്ക് ചുവന്ന വസ്ത്രത്തില്‍ പൊതിഞ്ഞ് ഭദ്രകാളിയായും, വൈകുന്നേരം നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുര്‍ഗ്ഗാദേവിയായും ആരാധിക്കുന്നു. കൂടാതെ മഹാലക്ഷ്മി ആയും ശ്രീ പാര്‍വതിയായും പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ അഞ്ചു ഭാവങ്ങളിലുളള ചോറ്റാനിക്കര അമ്മയെ രാജരാജേശ്വരീ സങ്കല്‍പത്തിലാണ് ആരാധിക്കുന്നത്. മാനസികരോഗങ്ങളും ദോഷങ്ങളും ചോറ്റാനിക്കര അമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നിത്യേന നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രമാണ് ചോറ്റാനിക്കര.
No comments:
Post a Comment